•  28 Mar 2024
  •  ദീപം 57
  •  നാളം 4
പ്രണയ പാഠാവലി

ആശയവിനിമയത്തിലെ അടിയൊഴുക്കുകള്‍

ദമ്പതിമാരുടെ ആശയവിനിമയരീതി അവര്‍ക്കിടയിലുള്ള ഇഴയടുപ്പത്തെ നിശ്ചയിക്കുന്നുണ്ട്. ഭാര്യ ഭര്‍ത്താവിനോടും അയാള്‍ ഭാര്യയോടും ബന്ധപ്പെടുക മുഖ്യമായും സംസാരത്തിലൂടെയാണ്. സംഭാഷണം പൂര്‍ത്തിയാകുക, ഒരാള്‍ പറയുകയും മറ്റൊരാള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോഴാണല്ലോ. ഇതേത്തുടര്‍ന്ന് ശ്രോതാവില്‍നിന്നു പ്രതികരണവും ഉണ്ടാകാം.
ആശയവിനിമയത്തില്‍ വന്നുചേരാവുന്ന ചില അടിയൊഴുക്കുകള്‍ ബന്ധങ്ങളെ ഉലയ്ക്കാറുണ്ട്. ഇതു പലപ്പോഴും ബോധപൂര്‍വ്വമായ ഒരു ഇടപാടായിരിക്കില്ല.
സംസാരത്തിന് ഒരു വിഷയം ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ഭര്‍ത്താവ് വയ്ക്കുന്ന ഒരു നിര്‍ദ്ദേശം നോക്കുക. അനുജന്റെ സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ല. അവന്റെ മകന്റെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും സഹായം ചെയ്യണേ്ട! വിഷയം ഭാര്യ തന്നാലാവുന്നതുപോലെ മനസ്സിലാക്കുന്നു. ഒരു തീരുമാനം അറിയിക്കുകയും ചെയ്യുന്നു. ഈ തീരുമാനം രൂപപ്പെടുന്ന സമയത്ത്, ഒട്ടനവധി ആന്തരികപ്രക്രിയകള്‍ അവളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. ഈ പ്രക്രിയകളുടെ ആകത്തുകയാണ് അവള്‍ നല്‍കുന്ന പ്രതികരണം.
ഒരു കമ്പ്യൂട്ടറില്‍ പലവിധത്തിലുള്ള 'പോര്‍ട്ടു'കള്‍ ഉണ്ടാകും. ഓരോ പോര്‍ട്ടിലും ചില ''പിന്നു''കള്‍ പ്രവേശിക്കേണ്ടതുണ്ട്. പ്രഭാഷകന്റെ വിഷയം ശ്രോതാവില്‍ എത്തുന്നത് ഏതാണ്ട് പിന്‍ - പോര്‍ട്ട് രീതിയിലാണ്.
ശ്രോതാവിലെ പോര്‍ട്ടുകള്‍ എന്തൊക്കെയാണ്? അവനിലോ അവളിലോ പ്രവര്‍ത്തനക്ഷമമായിട്ടുള്ള സാത്വികഭാവങ്ങള്‍ ആദ്യ വിഭാഗത്തില്‍പ്പെടുന്നു. അവ വിവേകം, ആത്മവിശ്വാസം, ധൈര്യം, പ്രത്യാശ, വിശ്വാസം, ഉത്സാഹം, സ്‌നേഹം, മിതത്വം, സത്യസന്ധത, സര്‍വ്വോപരി കാരുണ്യം എന്നിങ്ങനെയാകുന്നു. ഇനിയുള്ളത് തമോഭാവങ്ങളാണ്. അതാകട്ടെ, കുറ്റബോധം, അപകര്‍ഷത, നിരാശ, ഭയം, അവിശ്വാസം, അലസത, പക, അസൂയ, മത്സരം, വഞ്ചന എന്നിവയാണ്. പോര്‍ട്ടുകളില്‍ മുന്നിലുള്ളത് ആന്തരികക്ഷതങ്ങളാകുന്നു. കാരുണ്യത്തിനേറ്റ കടന്നാക്രമണങ്ങള്‍! കരുതലും അംഗീകാരവും വിശ്വസ്തതയും സാമീപ്യവും കൊതിച്ച ഇടങ്ങളില്‍ സംഭവിച്ച ഉല്‍ക്കാപതനങ്ങള്‍!
ഒരു വ്യക്തിയില്‍ ഏതു മാനസികഭാവമാണ് സജീവമായിരിക്കുന്നത് എന്നതാണ് നിര്‍ണായകം. അതനുസരിച്ചായിരിക്കും, ഒരു വിഷയത്തോടുള്ള പ്രതികരണം. തമോഭാവങ്ങള്‍ക്കുമേല്‍ക്കൈയുണെ്ടങ്കില്‍, സോദ്ദേശപരമായ കാര്യങ്ങളോടുപോലും മറുതലിച്ചെന്നിരിക്കും. ആദ്യം പറഞ്ഞ ഉദാഹരണം നോക്കാം. ഭര്‍ത്താവിന്റെ പ്രണയനിരാസത്തില്‍ നിരാശപ്പെട്ടിരിക്കുന്നവളാണ് ഭാര്യയെങ്കില്‍, ആ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞെന്നിരിക്കും. തുടര്‍ന്ന് വാക്കുതര്‍ക്കങ്ങളും വഴക്കുകളുമുണ്ടാകും. തന്റെ പ്രത്യേകപദവി നഷ്ടപ്പെടുമോ എന്ന ന്യായമായ ചിന്തയാണ് അവളെ അലട്ടുക. ഭര്‍ത്താവിനോ? നിര്‍ദ്ധനനെ സഹായിക്കുക എന്ന മനുഷ്യോചിതമായ പ്രവൃത്തി തടസ്സപ്പെട്ടതിന്റെ അമര്‍ഷവും. പോര്‍ട്ട് മാറിയാണ് പിന്‍ കുത്തിയതെന്ന് അയാള്‍ അറിയുന്നില്ല.
ഭര്‍ത്താവിന്റെ പ്രണയം അവള്‍ക്ക് കരുണയാണ് സമ്മാനിച്ചിരുന്നതെങ്കിലോ? സാത്വികഭാവത്തില്‍ പ്രേരിതയായി, അവള്‍ ഇക്കാര്യം ആദ്യമേതന്നെ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിച്ചെന്നുമിരിക്കും.
പങ്കാളിയിലുള്ള മാനസികഭാവങ്ങളെ തിരിച്ചറിയുക. കരുണകൊണ്ട് സാത്വികത വളര്‍ത്തിയെടുക്കുക. തമോഭാവങ്ങളെ കഴുകി വെടിപ്പാക്കുക. വിവാഹാന്തസ്സില്‍ പ്രവേശിക്കുന്ന ഓരോരുത്തരുടെയും കര്‍ത്തവ്യമാണിത്. പിന്നെ പിന്‍ - പോര്‍ട്ട് സംവിധാനം ആയാസരഹിതമായി പ്രവര്‍ത്തിച്ചുകൊള്ളും.

 


(തുടരും)

 

Login log record inserted successfully!