നഗരത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ ഹെല്‍ത്ത് കെയറിലാണ് മീരാ ജോര്‍ജിനെ അഡ്മിറ്റാക്കിയിരിക്കുന്നത്. പുഴക്കര വക്കച്ചന്റെ സുഹൃത്താണ് ഹോസ്പിറ്റലിന്റെ എം.ഡി. മാനുവല്‍. വര്‍ഷത്തില്‍ രണ്ടുമൂന്നു തവണ ചെക്കപ്പിനായി വക്കച്ചന്‍ മകളെ അവിടെ പ്രവേശിപ്പിക്കാറുണ്ട്. ഇപ്പോള്‍ ലക്ഷ്യം ചെക്കപ്പല്ല. കളക്ടര്‍ക്കിട്ടും എസ്.പി.ക്കിട്ടും പണി കൊടുക്കുകയാണ്. രാജകീയസൗകര്യങ്ങളുള്ള ഹോസ്പിറ്റല്‍ റൂമിലേക്ക് രാവിലെ പത്തുമണിയായപ്പോള്‍ വക്കച്ചനെത്തി. മകള്‍ക്കു കരിക്കിന്‍വെള്ളം കൊടുത്തുകൊണ്ടിരുന്ന ഫിലോമിന എഴുന്നേറ്റ് ആദരവുകാട്ടി.
''മോളേ, മീരാ, ഇവിടെ സൗകര്യങ്ങള്‍ക്കൊന്നും ഒരു കുറവുമില്ലല്ലോ?'' ബെഡ്ഡിനടുത്തെത്തി മീരയുടെ കൈത്തണ്ടയില്‍ പിടിച്ചുകൊണ്ടു വക്കച്ചന്‍ തിരക്കി.
''ഒരു കുറവുമില്ല പപ്പാ, ഫുഡ്ഡൊക്കെ നല്ലതാ. എന്നാലും ഇപ്പഴിങ്ങോട്ടു വരണ്ടായിരുന്നു. നമ്മള് ചെക്കപ്പ് കഴിഞ്ഞിട്ട് ഒരു മാസംപോലുമായിട്ടില്ലല്ലൊ?''
''ഇത് ചികിത്സയ്ക്കു വന്നതല്ല മോളെ. നമ്മുടെ വീട് രക്ഷിക്കാനുള്ള ഒരു ആക്ഷനായിട്ടു കരുതണം.''
''വീട് അവര് ഇന്ന് ഇടിച്ചുനിരത്തുമോ, പപ്പാ.''
''ഏയ്. ഇല്ല. ഒരിക്കലുമില്ല. ഇന്നലെ കളക്ടറും എസ്.പി.യുമൊക്കെ വന്ന കാര്യം ഞാന്‍ മോളോടു പറഞ്ഞില്ലേ?''
''പറഞ്ഞു.''
''കളക്ടറ് ഒരു പെണ്ണാ. ഒരു കാലത്ത് നമ്മുടെ പണിക്കാരനും ഡ്രൈവറുമൊക്കെയായിട്ടു നടന്ന കാലന്‍ മാത്തന്റെ മകള് കളക്ടറായിരിക്കുന്നു. മാത്തന്റെ മകളാണോ അതോ അമ്മ വേറേ സമ്പാദിച്ചതാണോ അവളെയെന്ന് എനിക്കു സംശയമുണ്ട്.''
''ഇങ്ങനെയൊക്കെ പറയാതിച്ചായാ. അവരിന്നലെ വന്നപ്പം എന്തെല്ലാം പറഞ്ഞ് ആക്ഷേപിച്ചു. ആ പറച്ചിലുകൊണ്ടു ഗുണമല്ല, ദോഷമേ ഉണ്ടായിട്ടുള്ളൂ.'' ഫിലോമിന ഇടയ്ക്കുകയറി പറഞ്ഞു.
''നീ മിണ്ടരുത്. ഞാനാ വൃത്തികെട്ടവളെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കണമായിരുന്നെന്നാണോ? തികഞ്ഞ അഹങ്കാരിയാ. അതല്ലേ ചാര്‍ജെടുത്തതേ ഇങ്ങോട്ടു കെട്ടിയെടുത്തത്. തിന്ന ചോറിന് നന്ദിയില്ലാത്ത നായ.'' വക്കച്ചന്‍ വിറകൊണ്ടു.
''പപ്പാ, മമ്മിയോടു ദേഷ്യപ്പെടാതെ. സലോമിയെക്കുറിച്ച് ഇന്നലെ പത്രത്തിലൊക്കെയുണ്ടായിരുന്നു. എന്തെല്ലാം ദുരിതങ്ങള്‍ അനുഭവിച്ചാ ആ കുട്ടി ഇത്ര വലിയ സ്ഥാനത്തെത്തിയത്. നമ്മുടെ വീട്ടില്‍ വന്നപ്പം കയറിയിരിക്കാന്‍ പറയാമായിരുന്നു. ചിലപ്പോള്‍ എന്നെക്കാണാന്‍ എന്റടുത്തു വരുമായിരുന്നു.'' മീര പ്രതികരിച്ചു.
വക്കച്ചന്‍ മകളുടെ വാക്കുകള്‍ക്കു മുമ്പില്‍ അല്പം തണുത്തു.
''മോളേ, മീരാ, നീ കരുതുന്നപോലെയല്ല ആ പെണ്ണ്. അവള്‍ക്ക് എന്നോടും ഈ കുടുംബത്തോടും വൈരാഗ്യമുണ്ട്. മാത്തനെ ഞാന്‍ കൊല്ലിച്ചതാന്ന് നാട്ടിലൊരു വര്‍ത്തമാനമുണ്ട്. അതവളുടെ ചെവിയിലുമെത്തീട്ടുണ്ട്. പദവി കിട്ടിയതേ അവള് പകരം വീട്ടാനിറങ്ങിയിരിക്കുകാ.''
''എനിക്കൊന്നുമറിയില്ല, പപ്പാ.'' മീര ദീനമായി പുഞ്ചിരിച്ചു.
വക്കച്ചന്‍ മകള്‍ക്കരികെ കസേര വലിച്ചിട്ടിരുന്നു.
''മോളേ, കളക്ടറെ ഒതുക്കാതെ നമ്മുടെ വീട് രക്ഷിക്കാനാവില്ല. ഇത്രയും മനോഹരമായ ഒരു വീട് ഈ കേരളക്കരയില്‍ ത്തന്നെ വേറേ കാണില്ല. ജനാലയിലൂടെ കായലും അതിലെ കാഴ്ചകളും കാണാന്‍ എന്റെ മോള്‍ക്കുവേണ്ടി മാത്രം തീര്‍ത്തതല്ലേ?''
''എനിക്കതറിയാം പപ്പാ.'' ഒത്തിരി പണം മുടക്കി. ബുദ്ധിമുട്ടി. നമ്മുടെ വീടിനെ ഞാനൊത്തിരി ഇഷ്ടപ്പെടുന്നുണ്ട്. സ്‌നേഹിക്കുന്നുണ്ട്. മറ്റുള്ളവരെപ്പോലെ ഈ ഭൂമിയില്‍ ഓടിച്ചാടി നടക്കാന്‍ വയ്യാത്ത എനിക്ക് ഇതൊക്കെയായിരുന്നു ഒരു സന്തോഷം.''
''വീടിടിച്ചുനിരത്താന്‍ വന്നാല്‍ സമ്മതിച്ചുകൊടുക്കുന്നതെങ്ങനെ? മോളേ, ഞാന്‍ കളക്ടര്‍ക്കും എസ്.പി.ക്കുമെതിരേ ആഭ്യന്തരമന്ത്രിക്കും, ഐ.ജി.ക്കും ഒരു കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്. എന്റെ സ്വാധീനം ഉപയോഗിച്ചിട്ടുമുണ്ട്. അന്വേഷണത്തിന് ഉന്നതതലസംഘം ഇന്നോ നാളയോ ഹോസ്പിറ്റലിലെത്തും. അപ്പോള്‍ മീരമോളുടെ സഹായം വേണം.'' വക്കച്ചന്‍ പറഞ്ഞു.
അതുകേട്ട് ഫിലോമിനയും മീരയും അന്തിച്ചുപോയി.
''ഇച്ചായനിതെന്തു വെളിവുകേടൊക്കെയാ കാണിക്കുന്നെ? അതിനുവേണ്ടി മോളെക്കൂടി വെഷമിപ്പിക്കാനാണോ ഭാവം?'' ഫിലോമിന വിഷമത്തോടെ പറഞ്ഞു.
''ഫിലോമിനാ, നീയീക്കാര്യത്തില്‍ അധികം ഇടപെടണ്ട. ഒരു കേസു ജയിക്കണമെങ്കില്‍ പല തന്ത്രങ്ങളും പയറ്റേണ്ടിവരും. ഇതൊക്കെ വക്കീലിനോടു ചോദിച്ചിട്ട്, ഞാന്‍ ചെയ്യുന്നതാ.'' വക്കച്ചന്‍ വിരല്‍ചൂണ്ടി ശാസിച്ചു.
''ഈ ദയനീയാവസ്ഥയിലുള്ള ഞാന്‍ എന്തു ചെയ്യണമെന്നാ പപ്പാ പറയുന്നത്?'' മീര ദയനീയമായി വക്കച്ചനെ നോക്കി.
''എന്റെ മോള് ഒരു നുണയും പറയണ്ട. ആ എസ്.പി. വീട്ടില്‍ക്കയറി വന്ന് പേടിപ്പിച്ചെന്നും കളക്ടര്‍ വീട് പൊളിച്ചുമാറ്റുമെന്നു പറഞ്ഞെന്നും മാത്രം പറഞ്ഞാല്‍ മതി. അതു സംഭവിച്ച കാര്യമാ. രണ്ടുപേരും ഒച്ചവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുതന്നെയാ.''
''പപ്പാ... അവരെ ഞാന്‍ കണ്ടുപോലുമില്ലല്ലൊ. ഞാനിതൊന്നും കേട്ടുമില്ല.'' മീര പറഞ്ഞു.
''അങ്ങനെ പറയരുത്. പപ്പാ കുടുക്കിലാകും. നമ്മുടെ കുടുംബത്തിനുവേണ്ടി, മോളിങ്ങനെയൊരു ചെറിയ കാര്യം ചെയ്യണം. ഇവിടുത്തെ ഡോക്ടര്‍ നല്ലതരത്തില്‍ മൊഴി കൊടുക്കും. മാത്തന്റെ മകളുടെ അഹങ്കാരം തീര്‍ക്കണം. സുപ്രീംകോടതിവിധി വരുന്നവരെ അവളനങ്ങാതിരിക്കാന്‍ നമുക്കിതേ വഴിയുള്ളൂ മോളെ.''
മീരയുടെ മുഖം മങ്ങി. അവള്‍ നിശ്ശബ്ദയായി ചുമരിലേക്കു നോക്കിക്കിടന്നു. ഫിലോമിന എന്തോ പറയാന്‍ ഭാവിച്ചെങ്കിലും വേണെ്ടന്നു വച്ചു.
''മോളേ, മീരമോളെ, പപ്പാ ഓരോന്നു ചെയ്യുന്നത് നിന്റെ സന്തോഷത്തിനാ. ഇക്കാര്യത്തില്‍ പപ്പായെ മോളനുസരിക്കണം. പപ്പാ അപേക്ഷിക്കുകയാ.'' വക്കച്ചന്‍ മകളുടെ മുമ്പില്‍ കെഞ്ചിപ്പറഞ്ഞു.
''സലോമിയെ എന്തിനാ പപ്പാ ഇങ്ങനെ ദ്രോഹിക്കുന്നെ? അവള്‍ എത്ര നല്ലവളാ. എന്തു മാത്രം കഷ്ടപ്പാടുകള്‍ സഹിച്ചാ അവളിന്നീ നിലയിലെത്തിയത്. അവളുടെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ ഞാന്‍ വിളിക്കാം. വീടു പൊളിക്കാതിരിക്കാന്‍ എന്തെങ്കിലും വഴിയുണേ്ടായെന്നു ചോദിക്കാം.''
വക്കച്ചന്റെ മുഖമിരുണ്ടു. കണ്ണുകളില്‍ ക്രൗര്യം പടര്‍ന്നു.
''വേണ്ട. എന്നെയാരും സഹായിക്കണ്ട. ഒത്തിരി പ്രതീക്ഷയോടെ നടത്തിയ ആക്ഷനാ പൊളിയുന്നത്. സഹിച്ചോളാം. എല്ലാം ഞാന്‍തന്നെ സഹിച്ചോളാം. കൊടുത്ത പരാതി പിന്‍വലിക്കാം. അതേ ഇനി മാര്‍ഗ്ഗമുള്ളൂ.'' വക്കച്ചന്‍ രോഷത്തോടെ പറഞ്ഞു. അയാള്‍ പിന്നെ ചവിട്ടിക്കുലുക്കിയിറങ്ങിപ്പോയി. പാര്‍ക്കിംഗ് ഏരിയായില്‍ ചെന്ന് കാറില്‍ കയറി. ചീറിപ്പായുകയായിരുന്നു, അഡ്വക്കേറ്റ് ജയപാലിന്റെയടുത്തേക്ക്. ചില പ്രധാന കേസുകള്‍ ജൂണിയേഴ്‌സിനെ ഏല്പിച്ച് കോടതിയില്‍ പോകാതെ വക്കച്ചനെ കാത്തിരിക്കുകയായിരുന്നു പ്രമുഖ അഭിഭാഷകനായ ജയപാലന്‍. സര്‍വ്വം തകര്‍ന്നവനെപ്പോലെ ഡോര്‍ തുറന്ന് വക്കച്ചന്‍ അകത്തു കയറി.
''അച്ചായാ... വാ... വാ... വന്നിരിക്ക്.'' അഡ്വക്കേറ്റ് ജയപാലന്‍ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തു. വക്കച്ചന്റെ മുഖത്തെ ഭാവമാറ്റം അഡ്വക്കേറ്റ് ശ്രദ്ധിച്ചു.
''എന്താ വക്കച്ചായാ, ഒരു വല്ലായ്മ.'' ജയപാലന്‍ തിരക്കി.
''കാര്യങ്ങള്‍ മുഴുവന്‍ അട്ടിമറിഞ്ഞു വക്കീല്‍സാറേ'' കസേരയില്‍ കടന്നിരുന്നുകൊണ്ട് പുഴക്കരവക്കച്ചന്‍ പറഞ്ഞു. മകള്‍ അനുകൂലമൊഴി നല്‍കാന്‍ വിസമ്മതിച്ച സാഹചര്യം അയാള്‍ വക്കീലിനെ അറിയിച്ചു.
അഡ്വക്കേറ്റ് ജയപാല്‍ തലയില്‍ കൈവച്ചു.
''ഇത് നമുക്കൊരിരുട്ടടിയായല്ലിച്ചായാ. അന്വേഷണസംഘത്തോട് മീര സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വാദി പ്രതിയാകും. കളക്ടര്‍ക്കും എസ്.പി.ക്കുമെതിരേ വ്യാജപരാതി നല്‍കിയതിന് ശിക്ഷ കിട്ടാനും സാധ്യതയുണ്ട്. മകളെക്കൊണ്ട് മൊഴി പറയിക്കുന്ന കാര്യമേറ്റെന്നൊക്കെ വക്കച്ചായന്‍ പറഞ്ഞതുകൊണ്ടല്ലേ ഞാനീ 'പൂഴിക്കടകന്‍' പയറ്റിയത്.
''എങ്ങനെയെങ്കിലും കൊടുത്ത പരാതി പിന്‍വലിക്കണം. നമ്മുടെ തടി രക്ഷിക്കണം.'' വക്കച്ചന്‍ പറഞ്ഞു. അഡ്വക്കേറ്റ് ജയപാലന്‍ മറുപടി പറയാതെ ഏതാനും നിമിഷം തല കുനിച്ചിരുന്നു. പിന്നെ മുഖമുയര്‍ത്തി വക്കച്ചനെ നോക്കി.
''വക്കച്ചായാ, ഞാനാണെങ്കില്‍ രണ്ടുമൂന്നു ചാനലുകാരെയും ഫ്‌ളാഷ് ന്യൂസടിക്കാന്‍ ഓപ്പറേറ്റ് ചെയ്തിട്ടുണ്ടായിരുന്നു. മകളുടെ മൊഴിയെടുത്താലുടനെ തട്ടിവിടാനായിരുന്നു പദ്ധതി. ശ്ശെ!'' വക്കീല്‍ അസ്വസ്ഥനായി.
''വഴികേടെല്ലാം എന്റെ ഭാഗത്താ. വക്കീല്‍സാറ് ക്ഷമിക്കണം. എത്രയും പെട്ടെന്ന് പരാതി പിന്‍വലിച്ച് നമുക്കു തലയൂരണം.'' വക്കച്ചന്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞു.
വക്കീല്‍ ആലോചനയിലാണ്ടു.
''വക്കച്ചായാ, എളിയ നിലയില്‍നിന്നുവന്ന കളക്ടറെ തുടക്കത്തിലേ പ്രതിസന്ധിയിലാക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് പരാതി പിന്‍വലിക്കുകയാണെന്ന് അറിയിക്കാം.''
''മതി. അതു മതി. ഒത്തിരി നന്ദിയുണ്ട് എനിക്കു വക്കീലിനോട്.''
വക്കച്ചന്‍ പിന്നെയും കൈകൂപ്പി.
''അച്ചായന്‍ ഇന്നലെ രാത്രിയില്‍ നമ്മുടെ എതിര്‍കക്ഷിയായ ജിനേഷിനെ കൈകാര്യം ചെയ്യാന്‍ ഗുണ്ടകളെ വിട്ടോ?'' വക്കീല്‍ തിരക്കി.
''വിട്ടു. അവനെയങ്ങനെ വെറുതേ വിടാന്‍ പറ്റില്ലല്ലോ. എന്നോടവന്‍ ചെയ്യുന്ന ദ്രോഹത്തിനു കണക്കില്ല.''
''അച്ചായാ, അവന്‍ എസ്.പി.ക്കും കളക്ടര്‍ക്കും പരാതി നല്‍കി. പ്രേരണക്കുറ്റം അച്ചായനെതിരേയുമുണ്ട്. ഇന്നു രാവിലെ മുതല്‍ ആ പയ്യന് പോലീസ് പ്രൊട്ടക്ഷനും നല്‍കിയിരിക്കുന്നു! അതു നമുക്ക് ക്ഷീണമുണ്ടാക്കും.'' വക്കീല്‍ പറഞ്ഞു.
വക്കച്ചന്‍ പകച്ചിരുന്നു.