•  2 May 2024
  •  ദീപം 57
  •  നാളം 8
കാഴ്ചയ്ക്കപ്പുറം

കുടുംബജീവിതത്തിന്റെ കാതല്‍

കുടുംബത്തെ പുതുതായി നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ് ഇന്നു ലോകത്തിന്റെ പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്നത്. ലിവിങ് ടുഗെദറില്‍ തുടങ്ങി സ്വവര്‍ഗവിവാഹത്തില്‍വരെ അത് എത്തിനില്ക്കുകയും ചെയ്യുന്നു. നമ്മുടെ നാടുപോലും അതില്‍നിന്ന് അകലംപാലിക്കുന്നില്ല. സോഷ്യല്‍മീഡിയായിലെ റീല്‍സും വീഡിയോസും നിരവധിയായ ആപ്പുകളുമെല്ലാം ഇക്കാര്യമാണു വ്യക്തമാക്കുന്നത്. 
സമൂഹത്തിന്റെ ഈ പരിണാമഘട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയാണ് കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി-ജ്യോതിക ടീമിന്റെ കാതല്‍. ജിയോ ബേബിയാണു സംവിധായകന്‍. വിവാഹിതരായി ഇരുപതുവര്‍ഷം പിന്നിട്ട ഓമന, ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടുന്നു. ഇതിലേക്കായി ഓമനയെ പ്രേരിപ്പിച്ചതാവട്ടെ ഭര്‍ത്താവിന്റെ സ്വവര്‍ഗതാത്പര്യവും. ഇക്കാലത്തിനിടയില്‍ നാലുതവണമാത്രമാണ് തങ്ങള്‍ തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തിയിരിക്കുന്നതെന്നും, മകളുണ്ടായത് തന്റെ നിര്‍ബന്ധത്താലാണെന്നുമുള്ള സത്യവാങ്മൂലം ഓമന കോടതിയെ ബോധിപ്പിക്കുന്നുമുണ്ട്.
സ്വവര്‍ഗരതി ദാമ്പത്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, അതിനെക്കാള്‍ വലിയ തകര്‍ച്ചയ്ക്കാണ് കാതല്‍ എന്ന സിനിമ കാരണമായിരിക്കുന്നത്. പുരോഗമനത്തിന്റെ പേരില്‍ ഏതറ്റംവരെ പോകാമെന്നു പ്രഖ്യാപിച്ചും സ്വവര്‍ഗവിവാഹത്തെ പ്രോത്സാഹിപ്പിച്ചുംകൊണ്ട് വിപരീതപ്രവണതകള്‍ക്ക് ഒത്താശപാടുകയും അങ്ങനെ കുടുംബവ്യവസ്ഥയെ പിടിച്ചുകുലുക്കുകയും ചെയ്യുന്നു. 
അതേ, കാതല്‍ എന്ന സിനിമ കുടുംബത്തെ തകര്‍ക്കുന്ന സിനിമയാണ്. ഇതു വിശദീകരിക്കുന്നതിനുമുമ്പ് ജിയോ ബേബിയുടെ മറ്റൊരു സിനിമകൂടി അപഗ്രഥിക്കേണ്ടതുണ്ട്. ഏതൊരാളും ചിന്തിക്കുന്നതും തങ്ങളുടെ മനസ്സില്‍ രൂപപ്പെടുന്നതുമായ ആശയങ്ങളാണ് എഴുത്തായും ദൃശ്യമായും പകര്‍ത്തുന്നത്. അത്തരം രചനകളിലെല്ലാം അവരുടെ കൈയൊപ്പുകൂടി പതിഞ്ഞിട്ടുമുണ്ടാവും. തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാനുള്ള മാര്‍ഗമാണ് അവര്‍ക്ക് ഓരോ മാധ്യമവും. ജിയോ ബേബി എന്ന സംവിധായകന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന രണ്ടു സിനിമകളിലൊന്നുമാത്രമാണ് കാതല്‍.
ജിയോ ബേബിയെ സംവിധായകനെന്ന നിലയില്‍ അടയാളപ്പെടുത്തിയത് കൊവിഡ് കാലത്ത് ഒടിടിയായി പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയായിരുന്നു. അന്യഭാഷകളിലേക്കുപോലും റീമേക്ക് ചെയ്യാന്‍മാത്രം എന്തായിരുന്നു ഈ സിനിമയുടെ പ്രത്യേകത?
ഒരു സാധാരണ ഭാരതീയസ്ത്രീയുടെ അടുക്കളജീവിതം ആവിഷ്‌കരിച്ചതായിരുന്നോ അതിനു കാരണം? ഒരിക്കലുമല്ല. മറിച്ച്, കുടുംബവ്യവസ്ഥയെ തകര്‍ത്തുകൊണ്ട് പുറത്തേക്കോടിപ്പോകുന്ന നായികയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. (കെ. ജി. ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമയിലെ സ്ത്രീകള്‍ സ്വാതന്ത്ര്യം നേടുന്ന കാഴ്ചകളും അതിന് അവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളുംകൂടി  ഇവിടെ ഓര്‍മയിലുണ്ടെങ്കില്‍ നല്ലതാണ്.) സദ്യ കെങ്കേമമാക്കാനുള്ള ഉപദംശങ്ങള്‍പോലെയായിരുന്നു ചിത്രത്തിലെ മറ്റു ഘടകങ്ങളെല്ലാം. ഭര്‍ത്താവിന്റെ മുഖത്തേക്കു ചെളിവെള്ളം കോരിയൊഴിച്ച് ഓടിപ്പോകുന്ന നായികയുടെ സ്വാതന്ത്ര്യപ്രാപ്തിയെക്കുറിച്ചാണ് അന്നുതൊട്ടിന്നോളം മാധ്യമങ്ങളെല്ലാം  വാഴ്ത്തിപ്പാടുന്നത്.
ശരിയാണ്, ഭര്‍ത്താവില്‍നിന്ന് ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളോ ഉദ്ദീപനങ്ങളോ അവള്‍ക്കുണ്ടാകുന്നില്ല. അവള്‍ വേണ്ടവിധം പരിഗണിക്കപ്പെടുകയോ സ്നേഹിക്കപ്പെടുകയോ ചെയ്യുന്നുമില്ല. മാത്രവുമല്ല, അവള്‍ക്കു തന്റേതായ സ്വപ്നങ്ങളും പദ്ധതികളുമുണ്ടുതാനും. ഇതിനുപുറമേ, നായിക വിവാഹിതയായി കടന്നുവരുന്നതോടെ ആ വീടിന്റെ കണക്കുകളിലേക്കു മോള്‍ഡ് ചെയ്യപ്പെടുന്നുണ്ട് എന്നതു വാസ്തവമാണ്. അത് ജനിച്ചുവളര്‍ന്ന വീടും, കെട്ടിക്കയറി വന്ന വീടും തമ്മിലുള്ള വ്യത്യാസമാണ്. ആ വ്യത്യാസങ്ങളെ മനസ്സിലാക്കുകയും ഇരുഭാഗത്തുനിന്നും വിട്ടുവീഴ്ചകള്‍ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് കുടുംബജീവിതം വിജയിക്കുന്നത്. പക്ഷേ, മഹത്തായ ഭാരതീയ അടുക്കളയില്‍ അതു സംഭവിക്കുന്നില്ല. താന്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കു ഭര്‍ത്താവിന്റെ മുഖത്ത് ചെളിവെള്ളം കോരിയൊഴിച്ച് ഓടിപ്പോവുകയാണ് ഉചിതമെന്ന് നായിക തെറ്റിദ്ധരിക്കുന്നു. സത്യത്തില്‍, ഭര്‍ത്താവിന്റെയോ പുരുഷന്റെയോ മുഖത്തല്ല ആ ചെളിവെളളം വീണത്; കുടുംബവ്യവസ്ഥയുടെ മുഖത്താണ്.
ഇനി, കാതലിലേക്കു വരാം. കാതല്‍ ചര്‍ച്ച ചെയ്യുന്നത് സ്വവര്‍ഗപ്രണയത്തെയും അനുരാഗത്തെയുംകാള്‍ സ്വവര്‍ഗവിവാഹം എന്ന ആശയമാണ്. എനിക്കുമാത്രം രക്ഷപ്പെട്ടാല്‍ മതിയോ, മാത്യൂസിനും ആഗ്രഹിച്ചതുപോലെയുളള ഒരു ജീവിതം വേണ്ടേയെന്നാണ് ഓമനയുടെ ചോദ്യം. നിയമപരമായി വിവാഹമോചനം നേടി ഭാര്യയെ പൂര്‍വകാമുകന്റെ അടുക്കലെത്തിക്കുന്ന മാത്യൂസ് ചെന്നടുക്കുന്നത്  തങ്കന്റെ അടുക്കലേക്കാണ്. തങ്കനാവട്ടെ, മാത്യൂസിന്റെ ജീവിതത്തിന്റെ ഇനിയുള്ള നിയന്ത്രണം മുഴുവന്‍ ഏറ്റെടുത്ത് അയാളുടെ ഡ്രൈവിങ് സീറ്റിലിരിക്കുകയുമാണ്. ഇരുവരുംകൂടി മുന്നോട്ടുള്ള യാത്രയ്ക്ക് സര്‍വ്വവിധമംഗളങ്ങള്‍ ആശംസിക്കുകയും അങ്ങനെയൊരു യാത്ര വിജയകരമാണെന്ന് അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഒന്നായിരുന്ന കുടുംബത്തെ രണ്ടായി പിളര്‍ത്തുന്നു. ഓമനയും മാത്യൂസൂം ഒരുമിച്ചുനയിച്ച കുടുംബജീവിതം രണ്ടായി പിരിയുന്നു. ഓമന പൂര്‍വകാമുകനുമൊത്തു ജീവിക്കുമ്പോള്‍ മാത്യൂസ് തങ്കനുമൊത്തു ജീവിക്കുന്നു. അവരുടെ മകള്‍ക്ക് എന്തു സംഭവിക്കുന്നു? അല്ലെങ്കില്‍ എന്തെല്ലാം സംഭവിക്കാം? അതേക്കുറിച്ച് സംവിധായകനു ചിന്തയില്ല. മാത്രവുമല്ല, പത്തൊമ്പതുകാരിക്കു സ്വന്തം വീട്ടിലിരുന്ന് മദ്യപിക്കാനുള്ള അവസരം അമ്മാച്ചന്‍തന്നെ ഒരുക്കിക്കൊടുക്കുന്നതിലൂടെ അവള്‍ ചെന്നുചേരുന്ന സ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ച് പ്രേക്ഷകന് യാതൊരു സംശയവുമില്ല. അപ്പന്റെ സ്വവര്‍ഗപ്രണയത്തെയും അമ്മയുടെ ഡിവോഴ്സിനെയും ഉള്‍ക്കൊള്ളാന്‍കൂടി കഴിയുന്നവളാണ് മകളെന്നുകൂടി വരുമ്പോള്‍ അവള്‍ വലിയ പുരോഗമനവാദിയാണല്ലോ. പക്ഷേ, അമ്മ സ്വന്തം വീട്ടിലേക്കു മടങ്ങുകയും അപ്പൂപ്പന്റെ അടുക്കല്‍ ഒറ്റയ്ക്കാകുകയും ചെയ്യുമ്പോള്‍ അവളുടെ കുനിഞ്ഞ മുഖവും നിറഞ്ഞ കണ്ണുകളും ചിലതു പറയുന്നുണ്ട്.
കഥാപാത്രവും നടനും തമ്മിലും എഴുത്തുകാരനും വ്യക്തിജീവിതവും തമ്മിലും ഏറെ അന്തരമുണ്ടെന്നു സമ്മതിക്കുമ്പോഴും നമുക്കറിയാം, മമ്മൂട്ടിയെ ഒരു ഫാമിലിമാനായിട്ടാണ് സമൂഹം കാണുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവിധത്തിലുള്ള പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും വ്യക്തിജീവിതത്തില്‍ തന്റെ മതാചാരമനുസരിച്ചു പ്രാര്‍ഥനകള്‍ നടത്തിപ്പോരുകയും കുടുംബത്തിനു പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയൊരു വ്യക്തി ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സ്വവര്‍ഗബന്ധങ്ങള്‍ക്ക് ഒത്താശ കൊടുക്കുന്നതിനു തുല്യമല്ലേ? സൂപ്പര്‍താരങ്ങളെ അന്ധമായി ആരാധിക്കുന്ന വിലോമകരമായ പ്രവണതകള്‍ ചെറുപ്പക്കാര്‍ക്കുണ്ടാകുമ്പോള്‍ കാതല്‍ അവതരിപ്പിച്ച ആശയം ഒരു ന്യൂനപക്ഷത്തെയെങ്കിലും സ്വാധീനിക്കുകയും അതിന്റെ അനുരണനങ്ങള്‍ സമൂഹത്തില്‍ അധികം താമസിയാതെ ഉടലെടുക്കുകയും ചെയ്യാം.
ലോകാരംഭംമുതല്‍തന്നെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന പ്രവണതയായിരുന്നു സ്വവര്‍ഗരതി. എന്നാല്‍, അതിനെ അസ്വാഭാവികമായിട്ടാണ് മതവും സമൂഹവും വിലയിരുത്തിയിരുന്നതും. പക്ഷേ, ഈ നൂറ്റാണ്ടിലെത്തിനില്ക്കുമ്പോള്‍ അത്തരം സഹവാസങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുയും അവയ്ക്കു നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യുന്നു. എന്നിരിക്കിലും, സ്വവര്‍ഗാനുരാഗത്തെയോ പ്രവണതകളെയോ ഇകഴ്ത്തിക്കാണുകയോ അപഹസിക്കുകയോ ചെയ്യേണ്ടതില്ല. കാരണം, ബുദ്ധിപരമായ വൈകല്യങ്ങളോടെയോ അംഗവിഹീനതകളോടെയോ ഒരാള്‍ ജനിക്കുന്നത് അയാളുടെ കുറ്റമല്ലാത്തതുപോലെതന്നെയാണ് സ്വവര്‍ഗാനുരാഗപ്രവണതകളോടെ ഒരാള്‍ ജനിക്കുന്നതും. ആര്‍ജിതസ്വവര്‍ഗാനുരാഗപ്രവണതകള്‍ അല്ലാത്തവയെല്ലാം ഇക്കാരണത്താല്‍ ന്യായീകരിക്കപ്പെടുന്നുണ്ട്.
കത്തോലിക്കാസഭ സ്വവര്‍ഗരതിയെ എതിര്‍ക്കുമ്പോഴും സ്വവര്‍ഗാനുരാഗികളോട് അനുകമ്പയാണു പുലര്‍ത്തുന്നത്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് ട്രാന്‍സെക്ഷ്വലുകള്‍ക്ക് ജ്ഞാനസ്നാനം സ്വീകരിക്കാമെന്ന വത്തിക്കാന്റെ പ്രഖ്യാപനം. സ്വവര്‍ഗരതിക്കാരായ പങ്കാളികളുടെ കുട്ടികള്‍ വാടകഗര്‍ഭപാത്രത്തില്‍നിന്നു ജനിച്ചവരാണെങ്കിലും കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തപ്പെടുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെങ്കില്‍ അത്തരം കുട്ടികള്‍ക്കു ജ്ഞാനസ്നാനം നല്കാമെന്നാണ് വത്തിക്കാന്‍ പറയുന്നത്.  ഇങ്ങനെയൊരു സാഹചര്യത്തില്‍സ്വവര്‍ഗാനുരാഗികളെ കല്ലെറിയേണ്ടതില്ല. അവരെ അവരായിത്തന്നെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുക. അതാണ് സമൂഹം ചെയ്യേണ്ടത്. അതിനപ്പുറമായ ആഘോഷങ്ങള്‍ തിന്മയ്ക്കു കുടപിടിക്കുന്നതിനു തുല്യമാണ്.
കാതല്‍ സ്വവര്‍ഗാനുരാഗത്തെപ്രതി കുടുംബത്തെ രണ്ടാക്കി വിഭജിക്കുമ്പോള്‍ സമാനമായ വിഷയം കൈകാര്യം ചെയ്ത മറ്റു ചില സിനിമകളിലൂടെ കടന്നുപോകുന്നതും നന്നായിരിക്കും. പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ട്ണര്‍, റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസ്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നിവയാണ് ഇവിടെ പരാമര്‍ശിക്കുന്ന ചിത്രങ്ങള്‍. ആദ്യത്തേതിലും അവസാനത്തേതിലും സ്വവര്‍ഗപ്രവണതയെത്തുടര്‍ന്ന് ആത്മഹത്യകള്‍ സംഭവിക്കുമ്പോള്‍ രണ്ടാമത്തേതില്‍ കൊലപാതകമാണു നടക്കുന്നത്. കൂട്ടുകാരന്റെ കുടുംബജീവിതവും സ്വപ്‌നങ്ങളും താന്‍മൂലം തകരരുതെന്നു കരുതിയാണ് ലൈഫ് പാര്‍ട്ട്ണറിലെ നായകന്‍ ആത്മഹത്യ ചെയ്യുന്നത്. സ്വാഭാവികമായ കുടുംബസംവിധാനം തന്റെ അസ്വാഭാവികമായ മനോവ്യാപാരംമൂലം തകരരുതെന്ന് ആഗ്രഹിക്കുകയാണ് ഈ നായകന്‍. തനിക്കു കുടുംബജീവിതം നയിക്കാനും കൂട്ടുകാരനൊപ്പം ജീവിക്കാനും കഴിയില്ലെന്നതിനാലാണ് മൂത്തോനിലെ കഥാപാത്രം ആത്മഹത്യ ചെയ്യുന്നത്. തന്റെ സ്വവര്‍ഗപ്രവണത പുറംലോകം അറിയാതിരിക്കാനാണ് മുംബൈ പോലീസിലെ ആന്റണി ഗോമസ് കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ പോലീസുദ്യോഗസ്ഥനെ കൊല്ലുന്നത്. 
മൂന്നു കാലഘട്ടങ്ങളില്‍ മൂന്നുതരത്തില്‍ സ്വവര്‍ഗപ്രണയത്തോടു പ്രതികരിച്ച മലയാളസിനിമാലോകം 2023 ലെത്തിനില്ക്കുമ്പോള്‍ ആ പതിവുവഴക്കങ്ങളെയെല്ലാം ഭേദിച്ച് സ്വവര്‍ഗബന്ധങ്ങള്‍ക്കു വിശാലമായ വീഥി തുറന്നുകൊടുക്കുകയും അതുവഴി സമൂഹത്തിന്റെ സാന്മാര്‍ഗികമൂല്യബോധങ്ങള്‍ക്കും കുടുംബവ്യവസ്ഥയ്ക്കും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിലുളള ആക്രമണം നടത്തുകയും ചെയ്തിരിക്കുന്നു. ഒരു തലമുറയ്ക്കു തെറ്റായ വഴിപറഞ്ഞുകൊടുക്കലിനെ പുരോഗമനമെന്നു പേരിട്ടു വിളിക്കുന്നതിലൂടെ ഇരുട്ടിനെ പകലെന്നു വിളിക്കുകയാണു ചെയ്തിരിക്കുന്നത്.
മക്കളെ നന്നാക്കിയെടുക്കുന്നതിന്റെ ഭാഗമായി അവരെ നിര്‍ബന്ധപൂര്‍വവും താത്പര്യമില്ലാത്തതുമായ വിവാഹങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന മാതാപിതാക്കള്‍ക്കുള്ള തിരുത്താണ് കാതല്‍ എന്ന സിനിമ. മരുന്നുകഴിച്ചോ ഷോക്കടിപ്പിച്ചോ മാറ്റാവുന്നതല്ല സ്വവര്‍ഗപ്രവണതയെന്നും അത്തരക്കാരെ കുടുംബജീവിതത്തിലേക്ക് ഉന്തിക്കയറ്റിവിടുന്നത് ആ വ്യക്തിയോടും അയാളുടെ പങ്കാളിയോടും ചെയ്യുന്ന നീതികേടും ക്രൂരതയുമാണെന്നും കാതല്‍ വ്യക്തമാക്കുന്നുണ്ട്.

 

Login log record inserted successfully!