രാജസദസ്സ് സമ്മേളിക്കാന്‍ സമയമായിട്ടുണ്ട്. അയാള്‍ കൊട്ടാരത്തിന്റെ വലിയ വരാന്തയിലൂടെ നടന്നു.
അഞ്ചു നിമിഷത്തിനുള്ളില്‍ രാജസദസ്സ് കൂടുവാനുള്ള മണിമുഴങ്ങി.
പിടയ്ക്കുന്ന ഹൃദയത്തോടെ അങ്ങോട്ടുനടന്നു. രാജകൊട്ടാരത്തിലെ വിചാരിപ്പുകേന്ദ്രത്തിലേക്കു നേരേയങ്ങു കയറിച്ചെല്ലാനാകില്ല. അവസരത്തിനായി കാത്തുനില്‌ക്കേണ്ടിവരും.
അങ്ങോട്ടു നടക്കുമ്പോള്‍ ഷണ്ഡന്മാര്‍ എതിരേ വരുന്നത് മൊര്‍ദേക്കായി കണ്ടു. രണ്ടുകൂട്ടരും പരസ്പരം സൂക്ഷിച്ചു നോക്കി.
ചോദിക്കാതെതന്നെ മൊര്‍ദെക്കായി അവരോടു പറഞ്ഞു.
''പ്രധാന സചിവന്‍ എന്നെയും വിളിപ്പിച്ചിട്ടുണ്ട്.''
ഷണ്ഡന്മാര്‍ തലയാട്ടി ചിരിച്ചകന്നുപോയി.
മൊര്‍ദെക്കായി രാജദര്‍ബാറിന്റെ വാതില്ക്കലെത്തി. രാജസദസ്സ് ആരംഭിക്കുകയാണ്. ഉയര്‍ന്ന പീഠത്തില്‍വച്ച സുവര്‍ണസിംഹാസത്തിനടുത്തേക്ക് രാജാവ് നടന്നടുക്കുന്നു. സദസ്യരെല്ലാവരും ബഹുമാനപുരസ്സരം എഴുന്നേറ്റുനില്ക്കുന്നു.
രാജാവ് സിംഹാസനത്തില്‍ ഇരുന്നു. മറ്റുള്ളവരും ഇരുന്നുകൊള്ളാന്‍ രാജാവ് ആംഗ്യംകാണിച്ചു. തലകുനിച്ച് ആചാരം പ്രകടിപ്പിച്ചശേഷം എല്ലാവരും സ്വസ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു.
രാജ്യഭരണസംബന്ധമായ കാര്യങ്ങളാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രധാനസചിവനും മന്ത്രിമാരും സൈന്യാധിപനും മറ്റു പ്രമുഖപ്രഭുക്കന്മാരുമെല്ലാം സജീവമായി ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു.
പരാതിക്കാരുടെ ഊഴം വന്നപ്പോള്‍ മൊര്‍ദെക്കായി വാതിലിന്റെ മറവില്‍നിന്നും മുഖംകാണിച്ചു. രാജാവ് തന്റെ സ്വര്‍ണച്ചെങ്കോല്‍ അയാളുടെ നേരേ നീട്ടി.
മൊര്‍ദെക്കായി രാജസദസ്സിലേക്കു കടന്നു. മഹാരാജാവിനെ താണുവണങ്ങി. അയാള്‍ പതുക്കെ പരാതിക്കാര്‍ വന്നുനില്ക്കാറുള്ള സ്ഥലത്തുവന്നുനിന്നു വീണ്ടും കുമ്പിട്ടു നമസ്‌കരിച്ചു.
''മഹാരാജാവ് നീണാള്‍ വാഴട്ടെ. അടിയനു തിരുമുമ്പില്‍ ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട്. അതീവ രഹസ്യമാണ്.''
അയാള്‍ ഉദ്വേഗത്തോടെ വിവരിച്ചു.
''എന്താണത് വേഗം പറയൂ.''
രാജാവ് കല്പിച്ചു.
എന്നാല്‍, അയാള്‍ മടിച്ചുമടിച്ച് ചുറ്റിലും നോക്കി. മഹാരാജാവിനു കാര്യം മനസ്സിലായി. കുറച്ചുനേരത്തേക്ക് പ്രധാനസചിവന്‍ ഒഴിച്ചുള്ള എല്ലാ പ്രമുഖരെയും രാജാവ് സദസ്സില്‍നിന്ന് ഒഴിവാക്കി.
''ഇനി പറയൂ.''
രാജശബ്ദം മുഴങ്ങി.
''അടിയന്‍.''
മൊര്‍ദെക്കായി വിക്കി.
''തിരുമനസ്സിനെ വധിക്കാന്‍ രണ്ടുപേര്‍ രഹസ്യമായി ആലോചിക്കുന്നത് അടിയനറിഞ്ഞു.''
മഹാരാജാവ് പെട്ടെന്ന് ഞെട്ടിപ്പോയി.
പക്ഷേ, അതു പറഞ്ഞുതീരും മുമ്പുതന്നെ വാളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോപാക്രാന്തനായി ഹാമാന്‍ പാഞ്ഞടുത്തു.
''എന്തു പറഞ്ഞെടാ രാജദ്രോഹീ!''
എന്നാല്‍, സംയമനം വീണ്ടെടുത്ത ചക്രവര്‍ത്തി ഹാമാനെ തടഞ്ഞു.
''ഹാമാന്‍, താനെന്തിനാണ് ഇയാളോടു കലഹിക്കുന്നത്?''
പ്രധാന സചിവന്‍ പെട്ടെന്നുനിന്നു.
''കേള്‍ക്കാന്‍ പാടില്ലാത്തതു കേട്ടപ്പോള്‍ പരിസരം മറന്നുപോയി മഹാരാജന്‍.''
''അയാള്‍ പറയട്ടെ.''
മഹാരാജാവ് കല്പിച്ചു, ഹാമാന്‍ അയാളുടെ ഇരിപ്പിടത്തിലേക്കു മടങ്ങിപ്പോയി.
''സത്യം വെളിപ്പെടുത്തുമ്പോള്‍ അടിയനെ കുറ്റപ്പെടുത്തരുത് തിരുമനസ്സേ. കൊട്ടാരം ജോലിക്കാരായ രണ്ടുപേരാണു പ്രതികള്‍.''
നിശ്ശബ്ദത തളംകെട്ടി. രാജാവും മന്ത്രിയും സ്തബ്ധരായിപ്പോയി. പക്ഷേ, ഹാമാന്‍ ഹൃദയത്തില്‍ പരിഭ്രമിക്കുന്നുണ്ടെന്ന് അയാളുടെ മട്ടും മാതിരിയും കണ്ടാല്‍ ബോധ്യപ്പെടും.
''നമ്മെ വധിക്കാന്‍ കോപ്പുകൂട്ടിയ നീചന്മാര്‍ ആരാണ്? നാമതറിയട്ടെ.''
രാജകോപം മുഴങ്ങി.
''ധൈര്യത്തോടെ ഉണര്‍ത്തിച്ചോളൂ, നിന്നെ ആരും ഒന്നും ചെയ്യില്ല. ഇത് അഹസ്വേരുസ് ചക്രവര്‍ത്തിയുടെ വാക്കാണ്.''
മൊര്‍ദെക്കായി വളരെ പതിഞ്ഞ സ്വരത്തില്‍ വെളിപ്പെടുത്തുവാന്‍ തുടങ്ങി.
''കൊട്ടാരവാതില്‍ കാവല്‍ക്കാരായ ബിഗ്താനും തേരെഷുമാണവര്‍.''
ഇതു കേട്ടതേ രാജകോപം ഇരമ്പിയാര്‍ത്തു.
''ആരവിടെ?''
വളരെ വേഗത്തില്‍ രണ്ടു ഷണ്ഡന്മാരും തിരുമുമ്പില്‍ ഹാജരാക്കപ്പെട്ടു പട്ടാളക്കാര്‍ അവരുടെ കൈകള്‍ പുറകോട്ടുവലിച്ചു കെട്ടിയിട്ടുണ്ട്. ദര്‍ബാറില്‍ പ്രവേശിച്ചതോടെ കാര്യമെല്ലാം അവര്‍ക്കു വ്യക്തമായി. അവര്‍ ക്രൂരമായി മൊര്‍ദെക്കായിയെ നോക്കി.
ഷണ്ഡന്മാര്‍ സദസ്സിലേക്കു പ്രവേശിച്ച ഉടന്‍ കാറ്റിന്റെ വേഗത്തിലാണ് ഹാമാന്‍ അവരുടെ മുന്നിലെത്തിയത്.
അയാള്‍ അരയില്‍നിന്നു വാള്‍ വലിച്ചൂരിക്കൊണ്ട് ആക്രോശിച്ചു:
''മൊര്‍ദെക്കായി പറഞ്ഞത് സത്യമാണോടാ?''
''സത്യമെങ്കില്‍ നിന്റെയൊക്കെ കുടുംബം കുളംതോണ്ടും, ഓര്‍ത്തോളൂ.''
അതൊരു മുന്നറിയിപ്പാണെന്ന് ഷണ്ഡന്മാര്‍ക്കു വ്യക്തമായി. ഹാമാന്‍ എന്ന പ്രധാനസചിവന്റെ പേര് അറിയാതെയെങ്ങാന്‍ നാവില്‍നിന്നു വീണുപോയാല്‍ അവര്‍ മാത്രമല്ല വീടും വീട്ടുകാരും കുഞ്ഞുങ്ങളും എല്ലാം കൊലചെയ്യപ്പെടും എന്ന മുന്നറിയിപ്പ്.
ഷണ്ഡന്മാര്‍ രണ്ടുപേരും ഒരക്ഷരം ഉരിയാടാതെ തലകുനിച്ചുനിന്നു. രാജാവിന്റെ വിസ്താരക്കോടതി അവരുടെ ഗൂഢാലോചന ശരിവച്ചു. രാജവധത്തിനു രഹസ്യപദ്ധതി ആസൂത്രണംചെയ്ത അവരെ രണ്ടുപേരെയും പരസ്യമായി തൂക്കിലേറ്റാന്‍ വിധിച്ചു.
ഹാമാന്റെ ഉള്ളിലെ തീയണഞ്ഞു.
അഹസ്വേരുസ് ചക്രവര്‍ത്തി മൊര്‍ദേക്കായിക്ക് പണക്കിഴി സമ്മാനമായി നല്കി.
''നീ ഇനി മുതല്‍ കൊട്ടാരത്തിനുള്ളില്‍ സേവനം ചെയ്യുക.''
മഹാരാജാവ് കല്പിച്ചു.
അങ്ങനെ പുറംപണിക്കാരനായിരുന്ന മൊര്‍ദെക്കായി അന്നുമുതല്‍ പേര്‍ഷ്യാമഹാരാജാവിന്റെ അന്തഃപുരവിചാരിപ്പുകാരനായി ഉദ്യോഗക്കയറ്റത്തോടെ നിയമിതനായി. എങ്കിലും വധശ്രമവാര്‍ത്തയില്‍ ആകെ അസ്വസ്ഥനായിത്തീര്‍ന്ന മഹാരാജാവ് അന്നു നടന്നവമുഴുവന്‍ വിശദമായി ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിവയ്ക്കാന്‍ എഴുത്തുകാരോടു നിര്‍ദേശിച്ചിട്ട് സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റു.
*****
അനേകദിവസങ്ങള്‍ അത്രമാത്രം സൂക്ഷ്മതയോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഒരു യഹൂദന്‍ തകര്‍ത്തുകളഞ്ഞത്. പടിവാതില്‍ക്കല്‍ കുടമുടച്ചതുപോലെ, അവസാനദിവസം പദ്ധതി അരങ്ങേറുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ്.
ആ ഷണ്ഡന്മാരെ ലഭിച്ചതുതന്നെ ഭാഗ്യമായിരുന്നു. എത്രയോ പ്രലോഭനങ്ങളുടെ ആപ്പിള്‍ക്കുട്ടകളാണ് അവര്‍ക്കുനേരേ നീട്ടിയത്. എല്ലാം വളരെ കൃത്യമായി നടന്നതുമാണ്. പക്ഷേ, ആഗ്രഹങ്ങളെല്ലാം തകര്‍ന്നുതരിപ്പണമായി. എങ്കിലും ഒരാശ്വാസം, തന്റെ പേര്‍ എങ്ങും ഉയര്‍ന്നില്ല. അവസാന സമയത്തെ ഭീഷണി കുറിക്കുകൊണ്ടു. മണ്ടന്‍മാര്‍ ചത്തുപോയെങ്കിലെന്ത്?
സ്വന്തം സ്ഥാനത്തിന് ഒരിളക്കവും വന്നിട്ടില്ലല്ലോ.
ഇനിയുമുണ്ട് ധാരാളം അവസരങ്ങള്‍. കാത്തിരിക്കുക തന്നെ. എങ്കിലും ഹാമാനെ ചൊടിപ്പിച്ചത് മറ്റൊരു കാര്യമാണ്. കൊട്ടാരംമുറ്റത്ത് അല്ലറചില്ലറപ്പണികളുമായി ചുറ്റിപ്പറ്റി നടന്നിരുന്ന പ്രവാസിയായ ആ യുദ്ധത്തടവുകാരന്‍ യഹൂദന്‍.
പദ്ധതി നടക്കാതെ പോയതിനേക്കാള്‍ അലോസരപ്പെടുത്തുന്നത് അതിന്റെ ഗുണഫലം അയാള്‍ക്കു ലഭിച്ചു എന്നതാണ്.
രഹസ്യങ്ങള്‍ ഇപ്പോള്‍ പുകമറയിലാണ്. അനുകൂലമായ കാറ്റ് വീശുമ്പോള്‍ മഞ്ഞുമാറി മലകള്‍ പ്രത്യക്ഷമാവുംപോലെ രഹസ്യങ്ങളും പുറത്തുവന്നേക്കാം, ഇപ്പോഴും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്.
രാജസന്നിധിയില്‍ തന്റെപേര് വെളിപ്പെട്ടിട്ടില്ല എങ്കിലും, അഥവാ അയാള്‍ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും തന്നെക്കുറിച്ച് അയാള്‍ക്കെല്ലാം അറിയാമായിരിക്കണം.
ഇത് മനഃപൂര്‍വ്വമായ മൗനമാണ്.
അവസരം കാത്തിരിക്കുന്ന കാളസര്‍പ്പമാണയാള്‍. യഹൂദനാണ്! പൂച്ച എങ്ങനെ വന്നുവീണാലും നാലുകാലിലേ നില്‍ക്കൂ. അതുപോലെയാണ് യഹൂദന്മാര്‍ എന്നാണ് ജനസംസാരം.
ഈ ജാതിയെ വെച്ചുപൊറുപ്പിക്കാന്‍ പാടില്ല - പേര്‍ഷ്യന്‍ ജനതകള്‍ക്കിടയില്‍ കടന്നുകൂടിയ ഇത്തിള്‍ക്കണ്ണികളാണിവര്‍,
വിശ്വാസവും ദൈവവും വേറെ.
നിയമസംഹിതയും ആചാരങ്ങളും വേറെ.
പൊതുനിയമങ്ങള്‍ ഇവര്‍ക്കു ബാധകമല്ല.
മഹാരാജാവ് ഒന്നും ശ്രദ്ധിക്കുന്നില്ല.
ജീവന്‍ രക്ഷിച്ചവന്‍ എന്ന പരിഗണന നല്കിയിരിക്കുകയാണ്.
രഹസ്യങ്ങള്‍ പൂഴ്ത്തിവച്ചിരിക്കുന്ന അഗ്‌നിപര്‍വതമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സര്‍വ്വനാശത്തിന്റെ അഗ്‌നിലാവയുടെ ഭീകരമായ ഒഴുക്കില്‍ കാത്തുവച്ചവ പൂര്‍ണ്ണമായി കത്തിയമരാം.
ആജീവനാന്തം തനിക്കു ഭീഷണിയാണ് ഈ പ്രവാസി. ഇപ്പോള്‍ രാജാവിന്റെ പ്രീതിയുടെ കുടക്കീഴില്‍ സംരക്ഷണയിലാണ്.
തുച്ഛനായ ഈ പുഴുവിനെ താനെന്തിനു പേടിക്കണം? പേര്‍ഷ്യാസാമ്രാജ്യത്തിലെ മഹാസചിവനായ ഹാമാന്‍ ഈ കീടത്തെ ഭയപ്പെടുകയോ?
എങ്ങനെയെങ്കിലും ഈ തടസ്സം മുഴുവനായും തോണ്ടിയെറിഞ്ഞേ മതിയാവൂ.
ഒരിക്കലൊരു ദിവസം രാജസന്നിധിയിലേക്ക് മാെര്‍ദ്ദേക്കായി വിളിക്കപ്പെട്ടു.
(തുടരും)