സഹോദരര്‍ ഒരേ മനസ്സോടെ ജീവിക്കുന്നത് എത്രയോ സന്തോഷപ്രദമായ അനുഭവമാണെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷേ, പറയുംപോലെ നമ്മുടെ സഹോദരബന്ധങ്ങള്‍ അത്രയ്ക്കും ആഴത്തിലുള്ളതും തീവ്രവും സ്ഥിരമായി നില്ക്കുന്നതുമാണോ?
ശരിയാണ്, ഒരേ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണ്. ഒരേ പാത്രത്തില്‍നിന്നു കഴിച്ചും ഒരേ പായയില്‍ ഉറങ്ങിയും ജീവിച്ചവരാണ്. എന്നിട്ടും കാലം അവരുടെ ഇടയില്‍ മതിലുകള്‍ ഉയര്‍ത്തുന്നു. അകലം തീര്‍ക്കുന്നു. അതോടെ രക്തബന്ധങ്ങള്‍ അറ്റുപോകുന്നു.
തക്കതായ കാരണംമുതല്‍ നിസ്സാരകാരണങ്ങള്‍വരെ രക്തബന്ധങ്ങളുടെ അകല്‍ച്ചയ്ക്കും വേര്‍പിരിയലിനും നിത്യശത്രുതയ്ക്കും കാരണമാകുന്നതായാണ് പല സംഭവങ്ങളും പറഞ്ഞുതന്നിട്ടുള്ളത്. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സഹോദരബന്ധങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് മികച്ചതും കണ്ണുനിറച്ചതുമായ ഒരുപിടി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.
സഹോദരബന്ധങ്ങളുടെ കഥ പറയുന്ന മലയാളസിനിമകളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു നടന്‍ മമ്മൂട്ടിയാണ്. മമ്മൂട്ടി അഭിനയിച്ചിട്ടുള്ള സഹോദരവേഷങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്ക്കുന്നവയും ഹൃദയം ആര്‍ദ്രമാക്കുന്നവയുമാണ്. വെറുതെയല്ല, അദ്ദേഹം മലയാളസിനിമയുടെ വല്യേട്ടനായി മാറിയത്.
വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍നായര്‍മുതല്‍ ഏറ്റവും ഒടുവിലായി ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പവരെയുളള കഥാപാത്രങ്ങളിലൂടെ കുടുംബങ്ങളുടെ രക്ഷകനും കൂടപ്പിറപ്പുകളുടെ സംരക്ഷകനുമായി എത്രയെത്ര വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയിട്ടുള്ളത്! കണ്ണൂര്‍ സ്‌ക്വാഡിലെ എഎസ്‌ഐ ജോര്‍ജിന് കുടുംബമില്ലെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ലീഡര്‍മാത്രമല്ല ഒരു കൂടപ്പിറപ്പുകൂടിയാണെന്നത് ഓര്‍മിക്കേണ്ടതുണ്ട്. ഇത്രത്തോളം കരുതലും ശ്രദ്ധയും കൂടെയുള്ളവര്‍ക്കു നല്കുന്നവിധത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റൊരു നടന്‍ മലയാളത്തിലുണ്ടോയെന്നും സംശയിക്കണം.
സഹോദരനെ പഠിപ്പിച്ചു വക്കീലാക്കണമെന്നാഗ്രഹിച്ച മേലേടത്ത് രാഘവന്‍നായര്‍ക്ക് (വാത്സല്യം) ഒടുവില്‍ മേലേടത്ത് തറവാട്ടില്‍നിന്നു വെറുംകൈയോടെ ഇറങ്ങിപ്പോരേണ്ടിവരുന്നു. അനിയന്റെ പരിഷ്‌കാരിയായ ഭാര്യയ്ക്ക് രാഘവന്‍നായരെയും ഭാര്യയെയും കുട്ടികളെയും ഇഷ്ടപ്പെടാതെ വരുന്നിടത്തുനിന്നാണ് രാഘവന്‍നായരും അനിയനും തമ്മിലുള്ള ബന്ധംപോലും താറുമാറാകുന്നത്. സമ്പന്നയും നഗരവാസിയുമായ ഭാര്യയെ തൃപ്തിപ്പെടുത്താനും സന്തോഷവതിയാക്കാനുമുള്ള ശ്രമത്തില്‍, ചേട്ടന്‍ കുടുംബത്തിനുവേണ്ടി ചെയ്ത അധ്വാനവും ത്യജിച്ച സ്വപ്‌നങ്ങളും അനിയന്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കുടുംബത്തിനുവേണ്ടി ജീവിച്ചിട്ട് അവസാനം കറിവേപ്പിലപോലെ വലിച്ചെറിയപ്പെടുന്ന ഇത്തരം ചേട്ടന്മാര്‍ ഇന്നും നമുക്കിടയിലുണ്ട് എന്നതാണ് രാഘവന്‍നായരുടെ സ്ഥാനം ശ്രദ്ധേയമാക്കുന്നത്.
സഹോദരിമാരില്‍നിന്നു നിഷ്‌കാസിതനാകുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നവനാണ് ഹിറ്റ്‌ലറിലെ മാധവന്‍കുട്ടി. അമ്മ മരിക്കുകയും അച്ഛന്‍ രണ്ടാമതു വിവാഹം കഴിക്കുകയും ചെയ്തപ്പോള്‍ അനാഥമായിപ്പോയ കുടുംബത്തെയും അഞ്ചു സഹോദരിമാരെയും ചേര്‍ത്തുപിടിച്ച് ഒന്നുമില്ലായ്മയില്‍നിന്ന് ഉയിര്‍ത്തെണീറ്റവനാണ് മാധവന്‍കുട്ടി. ഒരു കഴുകന്‍നിഴല്‍പോലും സഹോദരിമാരുടെ മീതെ പതിയരുതെന്നു നിഷ്‌കര്‍ഷയും നിഷ്ഠയുമുള്ളവന്‍. എന്നിട്ടും ഒരു തെറ്റുധാരണയുടെ പേരില്‍, സ്വാര്‍ഥതയുടെ പേരില്‍ സഹോദരിമാരെല്ലാം അയാളെ വിട്ടുപേക്ഷിച്ചുപോകുന്നു. നിങ്ങളെയെനിക്കു ഭയമാണെന്നുവരെ അവരില്‍ ചിലര്‍ അയാളുടെ മുഖത്തുനോക്കി പറയുന്നു. ഏതു വേനലിലും പെങ്ങന്മാര്‍ക്കു കുടയായി നില്ക്കുന്ന അയാളെ സംബന്ധിച്ച് അതെത്രയോ വേദനാജനകമായിരുന്നു.
'അരയന്നങ്ങളുടെ വീട്ടി'ലും സഹോദരന്റെ കുതന്ത്രങ്ങള്‍ക്കിരയായി തെറ്റിദ്ധരിക്കപ്പെട്ടു പലായനം ചെയ്യുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്.
മഹാഭാരതകഥയിലെ യുധിഷ്ഠിരന്റെ ജീവിതത്തെ വര്‍ത്തമാനകാലത്തിലേക്കു പറിച്ചുനട്ട് പുതിയൊരു പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിച്ച വല്യേട്ടന്‍ സിനിമയിലൂടെയാണ് മമ്മൂട്ടിയുടെ സഹോദരവേഷം കൃത്യമായും വല്യേട്ടനായി മാറിയത്. അണ്ണന്‍തമ്പി, രാജമാണിക്യം എന്നിങ്ങനെ എത്രയോ വേഷങ്ങള്‍ വേറെയുമുണ്ട്.
മോഹന്‍ലാലിന്റെ സഹോദരവേഷങ്ങളില്‍ ഏറ്റവും മികച്ചുനില്ക്കുന്നത് പവിത്രത്തിലെ ചേട്ടച്ഛന്‍തന്നെയാണ്. അകാലത്തില്‍ ഗര്‍ഭിണിയായി പ്രസവത്തോടെ അമ്മ മരണമടഞ്ഞപ്പോള്‍ കുഞ്ഞനിയത്തിക്ക് ഒരേ സമയം അച്ഛനും ചേട്ടനുമായി ജീവിച്ചതിന്റെ കഥയാണ് പവിത്രം പറഞ്ഞത്. അനിയത്തിക്കുവേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതംപോലും അയാള്‍ക്കു നഷ്ടമാകുന്നു. ഒടുവില്‍ അനിയത്തിയുടെ വഴിതെറ്റലില്‍ മനസ്സിന്റെ സുബോധം ഇല്ലാതാകുന്നവിധത്തിലേക്കുവരെ കാര്യങ്ങള്‍ എത്തുന്നു. ഉസ്താദ്, നാടുവാഴികള്‍, നരസിംഹം, മാമ്പഴക്കാലം, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലും മോഹന്‍ലാലിന്റെ സഹോദരവേഷങ്ങള്‍കൂടിയാണ് നാം കണ്ടത്. സഹോദരങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു അവയെല്ലാം.
വിവാഹിതരാകുന്നതോടെ ഭാര്യമാരുടെ തലയണമന്ത്രം കേട്ടു പരസ്പരം പോരടിക്കുന്ന സഹോദരങ്ങളെയാണ് സ്വന്തമെവിടെ ബന്ധമെവിടെ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയനും ലാലു അലക്സിന്റെ ചേട്ടനും അവതരിപ്പിച്ചത്. ഇന്നും രക്തബന്ധങ്ങളെ അകറ്റുന്നതില്‍ ഭാര്യമാരായി കടന്നുവരുന്ന പെണ്ണുങ്ങള്‍ മുഖ്യപങ്കു വഹിക്കുന്നുണ്ടെന്ന കാര്യവും അവഗണിക്കപ്പെടാവുന്നവയല്ല. രക്തബന്ധങ്ങളെ പരസ്പരം ശത്രുക്കളാക്കുന്ന ഇതേതന്ത്രം സത്യന്‍ അന്തിക്കാടിന്റെ തലയണമന്ത്രം എന്ന സിനിമയും മറ്റൊരു വിധത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
അനിയന്‍ബാവ ചേട്ടന്‍ ബാവ എന്ന സിനിമ പറഞ്ഞത് ബാവാസഹോദരങ്ങളുടെ സ്‌നേഹവും പെണ്‍മക്കളുടെ പ്രണയത്തിനുവേണ്ടി അവര്‍ സാഹോദര്യം മറക്കുന്നതുമായ കഥയായിരുന്നു. സ്വന്തം കാര്യംവരുമ്പോള്‍ രക്തബന്ധങ്ങള്‍ ഇല്ലാതെയാകും എന്ന സത്യത്തെ ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അടിവരയിടുകയാണ് ഈ ചിത്രം ചെയ്തത്.
ഈ പുഴയും കടന്ന്, കന്മദം തുടങ്ങിയ ചിത്രങ്ങളില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കൂടപ്പിറപ്പുകള്‍ക്കുവേണ്ടി ജീവിക്കുന്നവരുടേതായിരുന്നു. പുരുഷനൊത്ത കരുത്തും ധൈര്യവും കാട്ടി വിപരീതാനുഭവങ്ങളോടു പടവെട്ടി ജീവിതം കരുപ്പിടിപ്പിക്കുന്ന പ്രസ്തുതചിത്രങ്ങളിലെ അഞ്ജലിയും ഭാനുമതിയും അവിസ്മരണീയകഥാപാത്രങ്ങളായിരുന്നു. ഒറ്റപ്പെട്ടുപോയവരായിരുന്നു ഈ സിനിമയിലെ സഹകഥാപാത്രങ്ങളെല്ലാം. അവര്‍ക്കു ജീവിതം നേടിക്കൊടുക്കുന്നതില്‍മാത്രമായിരുന്നു അഞ്ജലിയുടെയും ഭാനുവിന്റെയും ശ്രദ്ധ. അതിനിടയില്‍ തനിക്ക് ജീവിതം ഇല്ലാതെപോകുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല. രണ്ടാംവരവില്‍ ഓര്‍ത്തുവയ്ക്കാന്‍ ഭേദപ്പെട്ട ഒരു കഥാപാത്രംപോലും ഇല്ലാതിരുന്നിട്ടും മഞ്ജുവിനെ ആളുകള്‍ ഇഷ്ടപ്പെടുന്നത് പ്രസ്തുത കഥാപാത്രങ്ങള്‍ നീക്കിവച്ച സ്നേഹംകൊണ്ടുതന്നെയാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.
ലളിതം സുന്ദരം എന്ന പേരില്‍ മഞ്ജുവാര്യര്‍ നിര്‍മിക്കുകയും സഹോദരന്‍ മധുവാര്യര്‍ സംവിധാനം ചെയ്യുകയും ചെയ്ത സിനിമയിലും കേന്ദ്രപ്രമേയം സാഹോദര്യമാണെന്നതു യാദൃച്ഛികമായിരിക്കാം. മൂന്നു സഹോദരങ്ങള്‍, മൂന്നു സാഹചര്യങ്ങള്‍. രണ്ടുപേര്‍ ജീവിതത്തില്‍ ഉയര്‍ച്ചയില്‍ നില്ക്കുമ്പോഴും വേണ്ടത്ര ശോഭിക്കാന്‍ കഴിയാതെ പോയ മൂത്തസഹോദരന്‍ പലപ്പോഴും പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. ഒപ്പത്തിനൊപ്പം നില്ക്കാന്‍ കഴിവില്ലെങ്കില്‍ സഹോദരങ്ങളാണെങ്കില്‍പ്പോലും ബന്ധത്തിനു യാതൊരു വിലയുമില്ലെന്നാണ് ഈ ചിത്രം പറഞ്ഞുതന്നത്.
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ രൂപമെടുത്ത പ്രകാശന്‍ പറക്കട്ടെയെന്ന സിനിമയിലുള്ളതും ചേട്ടാനുജന്മാര്‍ തമ്മിലുള്ള സ്‌നേഹമാണ്. പ്ലസ് ടുക്കാരനായ ചേട്ടനും യുപി യില്‍ പഠിക്കുന്ന അനിയനും. ചേട്ടന്റെ കൈയബദ്ധംമൂലം അനിയന് ഒരു അപകടമുണ്ടാവുന്നു. അനിയന്‍ കൂടുതല്‍ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതില്‍ അതിനു മുമ്പുവരെ അസ്വസ്ഥനായിരുന്ന ചേട്ടന്‍കഥാപാത്രം ഇതോടെ കുറ്റബോധത്തില്‍ അകപ്പെടുന്നു. അമ്മ അവനെ വെറുക്കുന്നു. സ്വന്തം ജീവിതം നേടിയെടുക്കാനായി മറ്റൊരിടത്തേക്ക് അവന്‍ യാത്രയാകുന്നിടത്താണു ചിത്രം അവസാനിക്കുന്നത്.
കൊവിഡ് കാലത്ത് ഇറങ്ങിയ ജോ ആന്റ് ജോ ഒന്നോ രണ്ടോ വയസ്സു വ്യത്യാസമുള്ള ജോമോളുടെയും ജോമോന്റെയും കഥയായിരുന്നു പറഞ്ഞത്. ഇരുവര്‍ക്കുമിടയിലുള്ള വീറും വാശിയും കരുതലും സ്‌നേഹവും അധികം കളര്‍ ചേര്‍ക്കാതെ ഇന്നത്തെ രീതിയനുസരിച്ചു പറയാന്‍ സാധിച്ചുവെന്നതായിരുന്നു അതിന്റെ പ്രത്യേകത. ഹൃദ്യവും സ്വാഭാവികവുമായ ചിത്രീകരണമായിരുന്നു പ്രസ്തുത സിനിമയിലുണ്ടായിരുന്നത്.
പുതിയകാലത്തെ സിനിമകളില്‍ കുടുംബവും അച്ഛനമ്മമാരും ഇല്ലാതായതോടെ സ്വാഭാവികമായും സഹോദരങ്ങളും ഇല്ലാതായി. സുഹൃത്തുക്കളും കാമുകീകാമുകന്മാരും അടിയും പിടിയും തല്ലും കുത്തും മാത്രമായി മാറിക്കഴിഞ്ഞ സിനിമയുടെ ലോകത്ത് മണ്ണില്‍ തറഞ്ഞുനില്ക്കുന്ന മനുഷ്യരുടെയും അവരുടെ സ്‌നേഹഹൃദയസാഹോദര്യബന്ധങ്ങളുടെയും കഥകള്‍ പുനര്‍ജനിക്കുമോ?