''മേഡം, വളരെ ഗൗരവമുള്ള ഒരു പരാതി നമുക്കെതിരേ പോയിട്ടുണെ്ടന്ന് രഹസ്യവിവരം കിട്ടി. ഐ.ജി.ക്കും ഡി.ജി.പി.ക്കും ഹോം മിനിസ്റ്റര്‍ക്കുംവരെ കംപ്ലയിന്റ് കൊടുത്തിരിക്കുന്നു.'' എസ്.പി. താണസ്വരത്തില്‍ പറഞ്ഞു.
''ആരാ പരാതിക്കാരന്‍? എന്താ വിഷയം?'' സലോമിക്ക് ഉദ്വേഗമായി.
''പുഴക്കര വക്കച്ചന്‍. നമ്മള്‍ അയാളുടെ വീട്ടില്‍ചെന്ന് ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റത്തിനു ശ്രമിച്ചെന്നുമാ കംപ്ലയിന്റ്.''
''അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ലല്ലോ.''
''പരാതി ശരിക്കും കള്ളമാണ്. നമ്മളെ കുടുക്കാനും കെട്ടിടം പൊളിക്കാതിരിക്കാനുമുള്ള ഒരു തന്ത്രം.''
''നമുക്കെതിരേ കള്ളപ്പരാതിയൊന്നും നിലനില്ക്കുകേലല്ലോ. എസ്.പി. ഇതോര്‍ത്താണോ വെപ്രാളപ്പെടുന്നത്.''
''കാര്യം കരുതുന്നതുപോലെ നിസ്സാരമല്ല സാര്‍. വളരെ സമര്‍ത്ഥമായ കരുക്കളാണ് വക്കച്ചന്‍ നീക്കുന്നത്. മറ്റേതോ ബുദ്ധികേന്ദ്രം പിറകിലുണെ്ടന്നു തോന്നുന്നു. വക്കച്ചന്റെ ഏക മകളിപ്പോള്‍ ഹോസ്പിറ്റലിലെ ഐ.സി.യു.വിലാ.''
''എസ്.പി. എന്താ പറഞ്ഞു വരുന്നത്? എനിക്കു മനസ്സിലാകുന്നില്ല.''
''വിശദമായി പറയാം സാര്‍, പുഴക്കരവക്കച്ചന് സന്തതിയായിട്ട് ഇരുപത്തിരണ്ടുവയസ്സുള്ള ഒരു മകള്‍ മാത്രമേയൂള്ളൂ. ഒരു മകനുണ്ടായിരുന്നെങ്കിലും പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചുപോയി. മകള്‍ക്ക് അരയ്ക്കു കീഴ്‌പ്പോട്ടു സ്വാധീനമില്ല. ബെഡ്ഡിലും വീല്‍ചെയറിലുമാണതിന്റെ ജീവിതം. ആ പെണ്ണ് ആകാശത്തുനിന്ന് ചന്ദ്രനെ പിടിച്ചുകൊടുക്കണമെന്നു പറഞ്ഞാല്‍ വക്കച്ചന്‍ അപ്പഴേ ഏണി അന്വേഷിക്കും. അവളുടെ സന്തോഷത്തിനുവേണ്ടിയാ കായലോരത്ത് ഈ വലിയ വീട് അയാള്‍ പണികഴിപ്പിച്ചത്. അതു പൊളിച്ചുകളയുകാന്നു പറഞ്ഞാല്‍ വക്കച്ചന് അയാളെ കുഴീലോട്ടു വയ്ക്കുന്നപോലെയാ.'' എസ്.പി. പറഞ്ഞു.
''മിസ്റ്റര്‍ എസ്.പി, പുഴക്കര വക്കച്ചനു വയ്യാത്ത മകളുണെ്ടന്നുകരുതി നമുക്ക് നിയമം നടപ്പാക്കാതിരിക്കാനാവില്ലല്ലോ.''
''അയാള്‍ ഇതൊരു സെന്റിമെന്റ്‌സ് പ്രശ്‌നമാക്കുകയാണ്, സാര്‍. കളക്ടര്‍ പോലീസുമായി വീട്ടില്‍ച്ചെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ മാനസികസമ്മര്‍ദ്ദംകൊണ്ട് രോഗിയായ മകള്‍ അപകടാവസ്ഥയിലായെന്നുമൊക്കെയാണ് പരാതി.''
''നമ്മള്‍ ആ വീടിനകത്തു കയറുകയോ അയാളുടെ മകള്‍ കേള്‍ക്കെ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലല്ലോ?''
''കോടതിയിലിരിക്കുന്ന വിഷയമാണെന്നും അതില്‍ നടപടി സ്വീകരിക്കാന്‍ നമുക്കവകാശമില്ലെന്നുമാണയാളുടെ വാദം. പരാതിയില്‍ നമ്മള്‍ വീട്ടില്‍ കയറിയെന്നും ഭാര്യയെയും മകളെയുമൊക്കെ ഭയപ്പെടുത്തിയെന്നുമുണ്ട്. സാക്ഷികള്‍ ആ വീട്ടിലുള്ളവരാണ്.''
''അങ്ങനെയൊരു വ്യാജപരാതി നിലനില്‍ക്കുമോ എസ്.പി?''
''അന്വേഷണറിപ്പോര്‍ട്ട് നമുക്കനുകൂലമായേക്കും. പക്ഷേ, ഇവിടെ ആരെ എങ്ങനെ നാറ്റിക്കാമെന്നു തിരഞ്ഞുനടക്കുന്ന കുറെ പത്രക്കാരും ചാനലുകാരുമുണ്ട്. വികലാംഗയായ പെണ്ണിനെ ഉപദ്രവിച്ചെന്നുവരെ അവരു പ്രചരിപ്പിച്ചെന്നിരിക്കും. ചാനലില്‍ അങ്ങനെ ഒരൊറ്റ ഫ്‌ളാഷ് വന്നാല്‍ എന്റെ കാര്യം പോയില്ലേ സാര്‍?''
''ഇങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടിയാല്‍ നമ്മളെങ്ങനെ ഒരു ജോലി ചെയ്യും? എന്തു വന്നാലും നേരിടാനുള്ള തന്റേടം എന്നേക്കാള്‍ കൂടുതല്‍ എസ്.പി.ക്കല്ലേ വേണ്ടത്?''
''ഞാന്‍ അത്രയ്ക്കു ഭീരുവൊന്നുമല്ല, സാര്‍. പക്ഷേ, ഈ പ്രശ്‌നം അല്പം അവധാനതയോടെ ചെയ്താല്‍ പരുക്കില്ലാതെ നമുക്കു രക്ഷപ്പെടാം.''
''എന്താ ഉദ്ദേശിക്കുന്നത്?''
''ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുന്നുണേ്ടായെന്നു നോക്കീട്ട് നടപടിയെടുക്കുന്നതല്ലേ നല്ലത്?''
''എസ്.പി, ഇവിടെ പുറമ്പോക്കുകയ്യേറ്റം കൃത്യമായി തെളിഞ്ഞിട്ടുള്ളതാണ്. ഒഴിപ്പിക്കാനും സ്ഥലം പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടു മാസങ്ങളായി. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ഞാന്‍ സമാധാനം ബോധിപ്പിക്കേണ്ടിവരും. സുപ്രീംകോടതിയില്‍ പെറ്റീഷന്‍ കൊടുത്തിട്ടുണെ്ടന്നുകരുതി അതിന്റെ തീരുമാനം വരാന്‍ കാത്തിരിക്കണ്ട കാര്യമില്ല.'' സലോമി പറഞ്ഞു.
''മേഡത്തിന് പുഴക്കര വക്കച്ചനോടു വ്യക്തിവൈരാഗ്യമുണെ്ടന്ന് അയാള്‍ കൊടുത്ത പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.''
''പരാതി കിട്ടിയവര്‍ അതന്വേഷിക്കട്ടെ. നാളെ അയാളുടെ വീടുപൊളിക്കാനൊന്നും നമ്മളില്ല. വേണ്ട സമയത്ത് അതു ചെയ്തിരിക്കും.''
''ശരി. സാര്‍. ഞാന്‍ വരട്ടെ.'' എസ്.പി. മഹേഷ് ചന്ദ്രന്‍ കളക്ടറെ സല്യൂട്ട് ചെയ്ത് സ്ഥലംവിട്ടു.
സലോമി മേശപ്പുറത്തെ ഗ്ലാസില്‍നിന്ന് വെള്ളമെടുത്തു കുടിച്ചു. ടവ്വല്‍കൊണ്ട് മുഖം തുടച്ചു. കുറെയേറെ ഫയലുകള്‍ നോക്കാനും തീര്‍പ്പുകല്പിക്കുവാനുമുണ്ടായിരുന്നു. ഏഴുമണി കഴിഞ്ഞപ്പോഴാണ് വീട്ടിലേക്കു മടങ്ങാന്‍ പറ്റിയത്. കളക്ടറേറ്റില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ഔദ്യോഗികവസതി. ട്രാഫിക് ജാമുണ്ടായതിനാല്‍ ഏറെ നേരമെടുത്തു അവിടെയെത്താന്‍. വേഷം മാറി ലിവിംഗ് റൂമിലെത്തിയപ്പോള്‍ സുമലത ചൂടുകാപ്പിയുമായെത്തി. സലോമി പുഞ്ചിരിയോടെ അതു വാങ്ങി കുടിച്ചു.
''ഇന്നെന്താ സാറേ ഇത്രയും വൈകിയത്?'' സുമലത പരിഭവത്തോടെ ചോദിച്ചു.
''സുമേച്ചീ, കളക്ടര്‍ജോലി സമയം വച്ചുള്ളതല്ല. അതിന് രാത്രിയും പകലുമെന്നും ഭേദമില്ല. ജില്ലയില്‍ എന്തെങ്കിലും വലിയ അപകടമോ, വഴക്കോ പ്രകൃതിക്ഷോഭമോ ഉണ്ടായാല്‍ അപ്പഴവിടെ ഓടിയെത്തണം.''
''ഭഗവാനേ, അതൊക്കെ എങ്ങനെയാ? സാറൊരു പെണ്ണല്ലേ?'' സുമലത അതിശയിച്ചു.
''പെണ്ണും ആണിനെപ്പോലെതന്നെ മനുഷ്യനാ. ആണുചെയ്യുന്ന ഏതു ജോലിയും പെണ്ണിനും ചെയ്യാം. പേടിക്കരുത്. നല്ല ധൈര്യം വേണം.'' സലോമി പറഞ്ഞു.
സുമലത ചെരിഞ്ഞ് ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ള കാലന്‍ മാത്തന്റെ ഫോട്ടോയിലേക്കു നോക്കി. പെട്ടെന്നുതന്നെ കണ്ണുപിന്‍വലിച്ചു. അവള്‍ക്കു പേടി തോന്നി.
ജീവന്‍ വച്ച് ഫോട്ടോയില്‍നിന്നിറങ്ങി വന്നേക്കുമെന്നു തോന്നിക്കുംവിധം ഭീകരമായിരുന്നു ആ മുഖം.
''സാറ്... പിന്നെ ആ ഫോട്ടോയില്‍ കാണുന്നയാളിന്റെ മകളല്ലേ. നല്ല ധൈര്യം കാണും.'' സുമലത പറഞ്ഞു.
സലോമി പെട്ടെന്ന് അപ്പനെയോര്‍ത്തു. ജില്ലയുടെ കളക്ടറായ തന്നെ തരംതാഴ്ത്താന്‍ ഒത്തിരിപ്പേര്‍ അപ്പന്റെ ജീവചരിത്രം വലിച്ചിടുന്നു. മാളിയേക്കല്‍ തോമസ് എന്ന കാഞ്ഞിരപ്പള്ളിക്കാരന്‍ പക്ഷേ, അപ്പനെ ഉപമിച്ചത് ദൈവത്തോടാണ്. അപ്പന്റെ കാരുണ്യംകൊണ്ടാണത്രേ അയാളിന്നു ജീവിക്കുന്നത്. കാലന്‍ മാത്തന്റെ മകളാണെന്നറിഞ്ഞു തന്റെ പഠനച്ചെലവ് വഹിക്കാനും ആ മനുഷ്യന്‍ തയ്യാറായി. യഥാര്‍ത്ഥത്തില്‍ തോമസ് എന്ന മനുഷ്യനിലൂടെ സ്വന്തം മകളുടെ പഠനച്ചെലവുകള്‍ അപ്പന്‍ നല്കുകയായിരുന്നില്ലേ? അങ്ങനെ ചിന്തിച്ചപ്പോള്‍ സലോമിയുടെ കണ്ണുകള്‍ നിറഞ്ഞുവന്നു.
''മോള് എന്താ, കരയുകയാണോ? ഞാനങ്ങനെ പറഞ്ഞതുകൊണ്ടാണോ?'' സുമലത അതുകണ്ട് വേവലാതിപ്പെട്ടു.
''ഒന്നുമില്ല സുമേച്ചീ. അപ്പനെയോര്‍ത്തപ്പോള്‍... കുഞ്ഞുന്നാളില്‍ കഴുത്തിലിരുത്തി ചായക്കടയില്‍ കൊണ്ടുപോകുന്ന കാര്യമൊക്കെ മനസ്സില്‍ വന്നു.'' സലോമി കൈയിലെ ടവ്വല്‍കൊണ്ടു മുഖം തുടച്ചു.
''പൊന്നുമോളേ, ഞാനൊരു പൊട്ടിയാ. ആരോടാ, എന്താ എന്നൊന്നും ചിന്തിക്കാതെ ഓരോന്നു പറയും. ക്ഷമിക്കണേ മോളെ.''
''ഛെ! സുമേച്ചി വെഷമിക്കാനൊന്നുമില്ല. കാപ്പി ഒന്നാംതരമായിരുന്നു. പകലത്തെ എല്ലാ ക്ഷീണവും ടെന്‍ഷനും അതു കുടിച്ചപ്പോള്‍ പോയി. ഇനി ഞാനൊന്നു കുളിച്ചിട്ടുവരാം. പിന്നെ തനിയെ അല്പം പ്രാര്‍ത്ഥന. അതുകഴിഞ്ഞ് അത്താഴം.'' സലോമി പറഞ്ഞു.
സുമലത സലോമിയുടെ കൈയില്‍നിന്ന് കപ്പും സോസറും വാങ്ങി കിച്ചനിലേക്കു മടങ്ങി.
സലോമി കുളി കഴിഞ്ഞ് മുടി ടവ്വല്‍കൊണ്ട് കെട്ടിവച്ച് ചെറിയ പ്രാര്‍ത്ഥനാമുറിയിലെത്തി. സാമാന്യം വലിയ ഒരു കുരിശുരൂപവും മാതാവിന്റെ അതീവസുന്ദരമായ ചിത്രവും അവിടെ ക്രമീകരിച്ചിരുന്നു. സലോമി കുരിശുരൂപത്തിനു മുമ്പില്‍ മുട്ടുകുത്തിനിന്നു.
പ്രാര്‍ത്ഥനയായിരുന്നില്ല ഈശോയോടും മാതാവിനോടും ഓരോന്നു പറയുകയായിരുന്നു, അവള്‍. ഇല്ലായ്മയുടെ പടുകുഴിയില്‍നിന്ന് തന്നെ കൈപിടിച്ചുയര്‍ത്തിയ ദൈവത്തിനു നന്ദിയര്‍പ്പിക്കുകയായിരുന്നു. നിലയും വിലയും സ്ഥാനവും മഹിമയുമൊക്കെയുണെ്ടങ്കിലും എല്ലാറ്റിനെയും മൂടുന്ന ഏകാന്തത അവളെ വലയംചെയ്തിരുന്നു. ഒരു കുടുംബത്തിലെ സ്‌നേഹം, ഐക്യം, കൂട്ടായ്മ ഇതൊക്കെ അവള്‍ക്കന്യമാണ്. വളര്‍ന്നത് അനാഥയായിട്ടാണ്. ജീവിതത്തിന്റെ കാഠിന്യം ഒത്തിരി അനുഭവിച്ച തന്റെ പ്രിയപ്പെട്ട അമ്മ. അമ്മയടുത്തുണ്ടായിരുന്നെങ്കില്‍ വലിയ ആശ്വാസവും സന്തോഷവുമാകുമായിരുന്നു. മകളുടെ ഭാഗ്യത്തില്‍ അമ്മയ്ക്കും പങ്കാളിയാകാമായിരുന്നു. ഫോണ്‍ ശബ്ദിച്ചപ്പോള്‍ സലോമിയുടെ പ്രാര്‍ത്ഥന മുറിഞ്ഞു.
മുട്ടില്‍നിന്നെഴുന്നേറ്റു. സലോമി മൊബൈല്‍ ഫോണ്‍ എടുത്ത് ഓണാക്കി.
പരിചയമില്ലാത്ത നമ്പര്‍!
''ഹലോ.... ആരാ?''
''മേഡം ഞാനാ, ജിനേഷ്. പുഴക്കര വക്കച്ചനെതിരേ കേസ് നടത്തുന്ന ജിനേഷ്.'' പരിഭ്രാന്തമായിരുന്നു അവന്റെ ശബ്ദം.
''മനസ്സിലായി. എന്താ ജിനേഷ്?''
പെട്ടെന്ന് ജിനേഷുമായുള്ള ഫോണ്‍ ബന്ധം മുറിഞ്ഞു. സലോമി തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടി. പല തവണ അവള്‍ ട്രൈ ചെയ്തു. അവനെ ലൈനില്‍ കിട്ടിയില്ല!