പോലീസുകാര്‍ക്ക് ഈ വീട്ടിലെന്താ കാര്യം എന്ന് ഉറക്കെച്ചോദിച്ചു ചിരിപ്പിച്ചത് ഇന്നസെന്റാണ്. ചിത്രം അഴകിയ രാവണന്‍. പോലീസുകാര്‍ക്ക് വീട്ടില്‍ കാര്യമുണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും നാട്ടില്‍ അവര്‍ക്കു കാര്യമൊക്കെയുണ്ട്. അതു വ്യക്തമാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ നായകന്റെ ഡയലോഗ്.
സാധാരണക്കാരുടെ കോടതിയാണ് പോലീസ് സ്റ്റേഷന്‍ എന്നായിരുന്നു എസ്‌ഐ ബിജു പൗലോസിന്റെ ഡയലോഗ്.
പോലീസിനോടുള്ള ഭൂരിപക്ഷംപേരുടെയും കാഴ്ചപ്പാട് അത്ര ഗുണകരമാണെന്നു പറയാനാവില്ല. അവരെ അഴിമതിക്കാരും കൈക്കൂലിക്കാരും തെമ്മാടികളുമായി കാണാനാണ് നമുക്കു താത്പര്യവും. അതുകൊണ്ടുതന്നെയാണ് പോലീസ് എങ്ങനെയായിരിക്കണമെന്ന മലയാളിയുടെ സങ്കല്പങ്ങളെ അടിവരയിട്ടുറപ്പിക്കുന്ന വിധത്തിലുള്ള ചില കഥാപാത്രങ്ങളെ നമ്മള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത്.
പോലീസെന്നാല്‍ ഇങ്ങനെയായിരിക്കണം എന്നു കൈയടിച്ചു പാസാക്കുകയും ചെയ്തു. ഏതൊക്കെയായിരുന്നു ഈ പോലീസ് കഥാപാത്രങ്ങള്‍? മമ്മൂട്ടി അവതരിപ്പിച്ച ഇന്‍സ്‌പെക്ടര്‍ ബല്‍റാമും സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രന്‍ ഐപിഎസും. യഥാക്രമം 1986 ലും 1994 ലും ആണ് ഈ സിനിമകള്‍ പുറത്തിറങ്ങിയത്. ഭരണാധികാരികളുടെ മടിക്കുത്തിനും കോളറിനുംവരെ കയറിപ്പിടിച്ച് വീരസ്യം പ്രകടമാക്കുകയും അനീതിക്കാരെയും അഴിമതിക്കാരെയും വിറളിപിടിപ്പിക്കുകയും ചെയ്ത ഈ കഥാപാത്രങ്ങള്‍ മലയാളിയുടെ പോലീസ്‌സങ്കല്പങ്ങള്‍ക്കു നല്കിയ പ്രതീക്ഷകള്‍ നിസ്സാരമൊന്നുമായിരുന്നില്ല. പോലീസെന്നാല്‍ ബല്‍റാമും ഭരത്ചന്ദ്രനും ആയിരിക്കണമെന്നു നമ്മള്‍ വിധിയെഴുതി. പക്ഷേ, നിത്യജീവിതത്തില്‍ ഇതൊക്കെ എത്രത്തോളം സംഭവ്യമാകും എന്ന യാതൊരുവിധത്തിലുള്ള പ്രായോഗികചിന്തയും അധികമാരെയും ഭാരപ്പെടുത്തിയുമില്ല.
ഒരുപക്ഷേ, നമ്മള്‍ ജീവിച്ചിരുന്ന അന്നത്തെ കാലഘട്ടവും യാഥാര്‍ഥ്യബോധമുള്ള വര്‍ത്തമാനകാലവും തമ്മിലുള്ള വ്യത്യാസംതന്നെയായിരിക്കും ഇതിനു കാരണം. അല്ലെങ്കില്‍, നിത്യജീവിതത്തില്‍ ചെയ്യാന്‍ കഴിയാത്തതിനെ ആദര്‍ശവത്കരിച്ചും പര്‍വതീകരിച്ചും അഭ്രപാളികളില്‍ ചിത്രീകരിക്കപ്പെട്ടതു കണ്ട് നാം ആത്മസംതൃപ്തി കൈവരിക്കുകയുമായിരുന്നിരിക്കാം. മുകളില്‍ പരാമര്‍ശിച്ച ചിത്രങ്ങള്‍ ബോക്സോഫീസ് ഹിറ്റുകളും പ്രസ്തുത കഥാപാത്രങ്ങള്‍ക്ക് തുടര്‍ച്ചകളും (ഇന്‍സ്പെക്ടര്‍ ബല്‍റാം, ഭരത്ചന്ദ്രന്‍ ഐപിഎസ്) ഒക്കെ ഉണ്ടായെങ്കിലും കാലം മാറിയപ്പോള്‍ ഈ കഥാപാത്രങ്ങളോടുള്ള നമ്മുടെ സമീപനത്തില്‍ പ്രകടമായ അന്തരം വന്നുവെന്നതു നിഷേധിക്കാനാവില്ല. വെളിച്ചത്തെടുത്ത് ഇരുട്ടത്തു കാണിക്കുന്ന തട്ടിപ്പാണ് സിനിമയെന്നതിനെ സാധൂകരിക്കുന്നവിധത്തിലുള്ള ഈ പോലീസ് വേഷങ്ങളുടെ അയഥാര്‍ഥമുഖം നമുക്കു മനസ്സിലായിത്തുടങ്ങി. പക്ഷേ, അപ്പോഴും ഒരു യഥാര്‍ഥ പോലീസിനെയോ പോലീസ് സ്റ്റേഷനെയോ സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ടായിരുന്നില്ല.
2016 വരെ നാം അതിനായി കാത്തിരിക്കേണ്ടിവന്നു. എബ്രൈഡ് ഷൈന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിവിന്‍പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലായിരുന്നു സാധാരണക്കാര്‍ക്കു റിലേറ്റ് ചെയ്യാന്‍ പറ്റുന്നവിധത്തിലുള്ള ഒരു പോലീസ് സ്റ്റേഷനും പോലീസുകാരും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഭരത്ചന്ദ്രനും ബല്‍റാമും നേരിടേണ്ടിവരുന്നതുപോലെയുള്ള സങ്കീര്‍ണമായ പ്രശ്നങ്ങളോ അഴിമതിക്കാരായ ഭരണാധികാരികളോടുള്ള നെടുങ്കന്‍ ഡയലോഗുകളോ അവരെ താറടിക്കുന്നവിധത്തിലുള്ള പെരുമാറ്റങ്ങളോ ഇല്ലാതെ ബിജു പൗലോസ് സാധാരണക്കാരുടെ ജീവിതത്തോടു ചേര്‍ന്നുനിന്നു, ഒപ്പം, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും. സാധാരണക്കാരുടെ വിഷയങ്ങളായിരുന്നു നാം അവിടെ കണ്ടുമുട്ടിയത്. അത് കൈകാര്യം ചെയ്ത സമീപനത്തിലൂടെ ബിജു പൗലോസ് നമ്മുടെ ഹീറോയുമായി. ആക്ഷന്‍ ഹീറോയില്‍ തുടങ്ങിവച്ച പോലീസ് മാറ്റം ഇപ്പോള്‍ എത്തിനില്ക്കുന്നത് കണ്ണൂര്‍ സ്‌ക്വാഡിലാണ്.
ഈ മാറ്റത്തിന്റെ ഇടയിലുണ്ടായ ഭൂരിപക്ഷപോലീസ് സിനിമകളും റിയലിസത്തിന്റെ പാത പിന്തുടര്‍ന്നതും പോലീസുകാരെ അവരുടെ അതിമാനുഷികപരിവേഷത്തില്‍നിന്നു മോചിപ്പിച്ചെടുത്തവയുമായിരുന്നു. പോലീസുകാര്‍ സാധാരണമനുഷ്യരാണെന്നും സിനിമയില്‍ കാണുന്നതുപോലെയുള്ള ഊതിവീര്‍പ്പിച്ച നായകന്മാരല്ല അവരെന്നും ഇത്തരം സിനിമകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. പോലീസുകാരുടെ വീരസ്യങ്ങളെക്കാള്‍ അവരുടെ ആത്മസംഘര്‍ഷങ്ങളിലേക്കും കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അവര്‍ നേരിടുന്ന പ്രതിസന്ധികളിലേക്കുമായിരുന്നു ക്യാമറ തിരിച്ചുവച്ചത്.
തീവ്രവാദപശ്ചാത്തലമുള്ള ഒരു സ്ഥലത്ത് ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന പോലീസുകാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയായിരുന്നു ഖാലിദ് റഹ്‌മാന്റെ ഉണ്ട. വെടിവയ്പ്പിനെ ഭയപ്പെടുന്നവരും സൂപ്പര്‍ ഹീറോ അല്ലാത്തവരുമായ പോലീസുകാരായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ അവതരിപ്പിച്ച ഇതിലെ കഥാപാത്രങ്ങളെല്ലാവരും. ഇതിന്റെ എക്സ്റ്റന്‍ഷന്‍ എന്നു പറയാവുന്ന വിധത്തിലാണ് കണ്ണൂര്‍ സ്‌ക്വാഡും അവതരിപ്പിക്കപ്പെട്ടത്.
കണ്ണൂര്‍ സ്‌ക്വാഡിന് രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന സിനിമയുമായുള്ള അതിശയകരമായ സാമ്യവും പരാമര്‍ശിക്കാതെ വയ്യ. കുറ്റവും ശിക്ഷയും സാമ്പത്തികവിജയം നേടാതെപോയതും അധികമാരും കാണാത്തതുമാവാം, ഈ ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യം ഇതുവരെയും മുഖ്യധാരാമാധ്യമങ്ങളില്‍ വിലയിരുത്തപ്പെട്ടുകണ്ടില്ല. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ജൂവലറിമോഷണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണമാണ് കുറ്റവും ശിക്ഷയും സിനിമയുടെ പ്രതിപാദ്യം. ഉത്തരേന്ത്യയില്‍ നിന്നുള്ള മോഷ്ടാക്കളാണു പ്രതികളെന്നു മനസ്സിലാക്കി ആസിഫ് അലിയും അലന്‍സിയറും ഉള്‍പ്പെടുന്ന പോലീസ് സംഘം അവിടേക്കു യാത്രതിരിക്കുന്നു. ഉത്തരേന്ത്യന്‍ പോലീസിന്റെ അനാസ്ഥയും കേരളപോലീസ് ഒറ്റയ്ക്കുനിന്നെന്നോണം മോഷ്ടാക്കളുടെ ഗ്രാമം ആക്രമിക്കുന്നതും ഗ്രാമം ഒറ്റക്കെട്ടായി പോലീസിനെ തിരിച്ചാക്രമിക്കുന്നതും കുറ്റവും ശിക്ഷയില്‍ നാം കാണുന്നുണ്ട്. ഇതുതന്നെ കണ്ണൂര്‍ സ്‌ക്വാഡിലും കാണാന്‍ കഴിയുന്നുണ്ട്.
ഒരു കൊലപാതകത്തിന്റെ തുമ്പുപിടിച്ചുള്ള യാത്രയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ എഎസ്‌ഐ ജോര്‍ജും സഹപ്രവര്‍ത്തകരും നടത്തുന്നത്. മുകളില്‍നിന്നുള്ള ഉത്തരവുകള്‍ക്കനുസരിച്ചു കളങ്ങള്‍ മാറിച്ചവിട്ടാന്‍ നിര്‍ബന്ധിക്കപ്പെടേണ്ടിവരുമ്പോഴുണ്ടാകുന്ന നിസ്സഹായതയും ലക്ഷ്യപ്രാപ്തിക്കിടയില്‍ നേരിടേണ്ടിവരുന്ന പലതരം വെല്ലുവിളികളുമെല്ലാം ചിത്രം പകര്‍ത്തുന്നുണ്ട്. പോലീസെന്നാല്‍ മനുഷ്യരാണെന്ന് അടിവരയിടുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
ആക്ഷന്‍ ഹീറോ ബിജുവിന്റെ തുടര്‍ച്ചയായിട്ടാണ് തൊട്ടടുത്തവര്‍ഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ വന്നത്. ഇവിടെ കുറേക്കൂടി പോലീസ് സ്റ്റേഷന്‍ റിയലിസ്റ്റിക്കായിരുന്നു. ആക്ഷന്‍ ഹീറോയില്‍ കണ്ടതുപോലെയുളള എന്റര്‍ടെയ്ന്‍മെന്റ് - ഇമോഷണല്‍ എലിമെന്റുകള്‍ തീരെ കുറവുമായിരുന്നു. ഒരു യാത്രയ്ക്കിടയിലെ മാലമോഷണവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ ഗതിവിഗതികള്‍. വെളിക്കിരിക്കുന്ന പ്രതിക്ക് കാവല്‍നില്ക്കുന്നതുപോലെയുള്ള ഗതികേടുകളും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിക്കു പിന്നാലെ പാഞ്ഞ് ഓടിത്തളരുന്ന പോലീസും അതിമാനുഷികതയില്‍നിന്നു മാറ്റിനിര്‍ത്തി മണ്ണിന്റെ അടിത്തറയില്‍ ചുവടുറപ്പിച്ചു ജീവിക്കുന്ന ഇരുകാലികളുടെ ലോകമാണ് അതെന്ന് ഈ ചിത്രം പറയുന്നു.
നായാട്ട് എന്ന സിനിമയാണ് സമീപകാലത്തിറങ്ങിയ മറ്റൊരു പോലീസ് സിനിമ. അറിയാതെ ഒരു കുറ്റകൃത്യത്തിന്റെ ഭാഗമായ മൂന്നു പോലീസുകാരുടെ രക്ഷപ്പെടാനുള്ള ശ്രമവും അതിജീവനവും കീഴടങ്ങലുമാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പ്രസ്തുത സിനിമ പറഞ്ഞത്. ഹൃദയഭാരത്തോടെമാത്രമേ ഈ ചിത്രം കണ്ടുതീര്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ. പോലീസുകാര്‍ പോലീസുകാരാല്‍ത്തന്നെ വേട്ടയാടപ്പെടുന്നതും ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങളുടെയും ഉത്തരവുകളുടെയും ഭാഗമായി സഹപ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസ്‌സംഘം കൈകള്‍ കോര്‍ക്കുന്നതുമെല്ലാമായിരുന്നു നായാട്ടിലൂടെ നാം കണ്ടത്. നീതിനിഷേധകരെന്നു നാം കുറ്റപ്പെടുത്തുന്ന പോലീസുകാര്‍ക്കുതന്നെ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നു നമുക്കു മനസ്സിലാക്കിത്തന്ന ചിത്രം കൂടിയായിരുന്നു നായാട്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നുവല്ലോ ജോലിയിലെ സംഘര്‍ഷവും സഹപ്രവര്‍ത്തകരുടെ വേട്ടയാടലും സഹികെട്ട് ഒരു പോലീസുകാരന്‍ ആത്മഹത്യ ചെയ്തത്. പഠിച്ച് വേറേ നല്ല ജോലി നേടണം, ഒരു പോലീസുകാരനാകരുത് എന്നായിരുന്നുവല്ലോ മക്കള്‍ക്ക് അയാള്‍ മരണക്കുറിപ്പിലൂടെ നല്കിയ ഉപദേശവും. ഒരു പോലീസുകാരന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ തെളിരേഖ തന്നെയായിരുന്നു ആ മരണക്കുറിപ്പ്. ഇങ്ങനെ എത്രയെത്ര പോലീസുകാര്‍ മരിച്ചുജീവിക്കുന്നു! പോലീസ്‌സേനയോടുള്ള സമൂഹത്തിന്റെ പൊതുബോധത്തെതന്നെ പുതുക്കിയെഴുതാനാണ് റിയലിസ്റ്റിക്‌സ്വഭാവമുള്ള മേല്പറഞ്ഞ സിനിമകള്‍ സഹായകരമായത്.
അനുബന്ധം: മലയാളസിനിമയിലെ ഒട്ടുമിക്ക നായകന്മാരും പോലീസ് വേഷം കയ്യാളിയിട്ടുണ്ട്. മോഹന്‍ലാല്‍ (മുഖം, ബാബാ കല്യാണി) ജയറാം (ഞങ്ങള്‍ സന്തുഷ്ടരാണ്) പൃഥിരാജ് (പോലീസ്, സത്യം) ഇന്ദ്രജിത്ത് (നൈറ്റ് ഡ്രൈവ്) സുരാജ് വെഞ്ഞാറമ്മൂട് (ജനഗണമന) ആസിഫ് അലി (ഇത് താന്‍ടാപോലീസ്) ജോജു (ഇരട്ട) ജയസൂര്യ (ഇടി, മുംബൈ പോലീസ്, ജോണ്‍ ലൂഥര്‍) ദിലീപ് (ഇന്‍സ്പെക്ടര്‍ ഗരുഡ്) അനൂപ് മേനോന്‍ (21 ഗ്രാം) വിനീത് ശ്രീനിവാസന്‍ (കുറുക്കന്‍) ശ്രീനിവാസന്‍ (ആനവാല്‍ മോതിരം) കലാഭവന്‍ മണി (ബെന്‍ ജോണ്‍സണ്‍) ദുല്‍ഖര്‍ സല്‍മാന്‍ (സല്യൂട്ട് ) എന്നിങ്ങനെ പോകുന്നു ഈ നിര. പക്ഷേ, പോലീസ് വേഷങ്ങളില്‍ പ്രേക്ഷകരുടെ കൈയടിവാങ്ങിയതു മുഴുവന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയുമാണെന്നു പറയാതെ വയ്യ.