ബാഹ്യമായി നോക്കുമ്പോള്‍ രക്ഷപ്പെടാന്‍ തക്ക യാതൊരു സാധ്യതകളുമില്ല. എല്ലാ പ്രതീക്ഷകള്‍ക്കും മീതെയായി അവസാനത്തെ ആണി അടിച്ചുകയറുന്നതിന്റെ ശബ്ദംകൂടി ആ സമയത്തു കാതുകളില്‍ കേള്‍ക്കാം. അങ്ങനെ കഴിയുമ്പോഴാണ് എവിടെനിന്ന് എന്നറിയാതെ പ്രതീക്ഷയുടെ ഒരു തുണ്ടുവെളിച്ചം, അല്ലെങ്കില്‍ ഒരു ശബ്ദം എത്തുന്നത്. പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ അതിലായി. അതില്‍ പിടിച്ചുപിടിച്ചു ജീവിതത്തിലേക്കു തിരികെയെത്തുമ്പോള്‍ അതൊരു രണ്ടാം ജന്മമായി മാറുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ അത്തരത്തിലുള്ള ഒരു രണ്ടാം പിറവിയുടെ കഥയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ സിനിമ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്കു ടൂര്‍ പോയ ഒമ്പതുപേരടങ്ങുന്ന സംഘത്തിലെ ഒരാള്‍ അപകടത്തില്‍പ്പെടുന്നതും അയാളെ രക്ഷിക്കുന്നതുമായ കഥയാണു പറയുന്നത്.
മഞ്ഞുമ്മല്‍ ബോയ്സ് കണ്ടിരിക്കുമ്പോള്‍ സമാനമായ ഇതിവൃത്തമുള്ള ഒരുപിടി മലയാളസിനിമകളുടെ ഓര്‍മകള്‍ മനസ്സിലേക്കു കടന്നുവരും. അതിലാദ്യത്തേത് ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി എന്ന സിനിമയാണ്. 1990 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഒരു ഗള്‍ഫുകാരന്റെ മകള്‍ കുഴല്‍ക്കിണറ്റില്‍ വീണുപോകുന്നതും ആ കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നതുമായ കഥയാണ് പറഞ്ഞത്.
ഇന്നത്തേതുപോലെ സാങ്കേതികവിദ്യ വളര്‍ന്നിട്ടില്ലാത്ത അക്കാലത്തും കുഴല്‍ക്കിണറ്റില്‍ അകപ്പെട്ടുപോയ കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നതും മറ്റുമായ ദൃശ്യങ്ങള്‍ സാങ്കേതികമികവോടുകൂടി ത്തന്നെയാണു പകര്‍ത്തിയിരുന്നത്. പക്ഷേ, അക്കാലത്ത് മാളൂട്ടിക്ക് സര്‍വൈവല്‍ ത്രില്ലര്‍ മൂവി എന്ന വിശേഷണമൊന്നും ആരും നല്കിയിരുന്നില്ല. പക്ഷേ, യഥാര്‍ഥത്തില്‍ മലയാളത്തിലെ ആദ്യത്തെ സര്‍വൈവല്‍ മൂവി മാളൂട്ടിതന്നെയാണ്.
ഒരുപക്ഷേ, സര്‍വൈവല്‍ ത്രില്ലര്‍ എന്ന വിശേഷണത്തോടെ മലയാളത്തിലിറങ്ങിയ ആദ്യ സിനിമ ഹെലന്‍ ആവാം. 2019 ല്‍ ഇറങ്ങിയ ഈ സിനിമയില്‍ ടൈറ്റില്‍ റോള്‍ ചെയ്തത് അന്നാ ബെന്‍ ആണ്. ബിഎസ്‌സി നേഴ്സിങ് വിദ്യാര്‍ഥിനിയും വിദേശത്തേക്കു ജോലിക്കു പോകാന്‍ ശ്രമിക്കുന്നവളുമായ ഹെലന്‍ ഒരു ചിക്കന്‍ ഹബില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നവള്‍കൂടിയാണ്.
ഒരു ദിവസം അവളുടെ മാനേജര്‍ അവള്‍ അകത്തുണ്ടെന്നറിയാതെ ഫ്രീസര്‍ റൂം പൂട്ടി പോവുകയും ഹെലന്‍ അതില്‍ പെട്ടുപോവുകയും ചെയ്യുന്നു. തുടര്‍ന്നുള്ള അഞ്ചുമണിക്കൂറോളം ഫ്രീസര്‍റൂമില്‍ നിന്നു പുറത്തുകടക്കാനും ജീവന്‍ പിടിച്ചുനിര്‍ത്താനും ഹെലന്‍ നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മനസ്സാന്നിധ്യം കൈവിടാതെ ഏതുവിധേനയും ജീവന്‍ നിലനിര്‍ത്താന്‍ അവള്‍ പ്രതികൂലസാഹചര്യങ്ങളോടു പോരാട്ടം നടത്തുന്നു. ആത്മധൈര്യംകൊണ്ടുമാത്രമാണ് അവള്‍ക്കു ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്.
പ്രകൃതിദുരന്തങ്ങളുടെയും ഉരുള്‍പൊട്ടലുകളുടെയും പശ്ചാത്തലത്തിലാണ് മലയന്‍കുഞ്ഞ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലെ അനിയന്‍കുട്ടന്‍ എന്ന നായകന്റെ പോരാട്ടം വിലയിരുത്തപ്പെടേണ്ടത്. ഉരുള്‍പൊട്ടലില്‍ വീടോടെ മണ്ണിനടിയിലായിപ്പോവുകയാണ് അയാള്‍. പക്ഷേ, ബോധം വീണ്ടുകിട്ടിയപ്പോള്‍ വീണ്ടും ജീവിതത്തിലേക്കു തിരികെവരാനുള്ള പോരാട്ടം അയാള്‍ ആരംഭിക്കുന്നു. ആ പോരാട്ടത്തിനിടയില്‍ ഒന്നോ രണ്ടോ മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെകൂടി ജീവന്‍ രക്ഷിച്ചുകൊണ്ടാണ് അനിയന്‍കുട്ടന്‍ ജീവിതത്തിലേക്കു തിരികെവരുന്നത്.
കേരളത്തെ നടുക്കിക്കളഞ്ഞ മഹാപ്രളയകാലത്ത് കേരളം ഒന്നാകെയുള്ള അതിജീവനത്തിന്റെ കഥയാണ് ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമ പറഞ്ഞത്. മറ്റെല്ലാ അതിജീവനവും വ്യക്തികള്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ സംഭവിക്കുന്ന ഒന്നാണെങ്കില്‍ 2018 ലെ അതിജീവനത്തിനു കൂട്ടായ്മയുടെ മുഖവും അനുഭവവുമായിരുന്നു.
മേല്പറഞ്ഞ സിനിമകളില്‍നിന്നു വ്യത്യസ്തമാണെങ്കിലും അതിജീവനംതന്നെയാണ് ഗദ്ദാമ എന്ന സിനിമയിലെ ഇതിവൃത്തവും. 2011 ല്‍ കമല്‍ സംവിധാനം ചെയ്തതാണ് ഈ ചിത്രം.
അറബിനാട്ടില്‍ വേലക്കാരിയായി ജോലി ചെയ്യാന്‍ വരുന്ന അശ്വതിക്കു തൊഴിലിടത്തില്‍ നേരിടേണ്ടിവരുന്നത് കൊടിയ പീഡനങ്ങളാണ്. അപരിചിതമായ ഭാഷയും ആളുകളുമുള്ള ഗള്‍ഫ് മണലാരണ്യത്തില്‍നിന്നു രക്ഷപ്പെടാനുള്ള അവളുടെ ശ്രമങ്ങളും അതിന്റെ വിജയവുമാണ് ഈ ചിത്രം പറയുന്നത്.
മലയാളിപ്രേക്ഷകര്‍മാത്രമല്ല, സിനിമാസ്വാദകര്‍ ഒന്നാകെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ വന്നിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം: ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ സിനിമ.
ഗദ്ദാമയിലെ അശ്വതിയെപ്പോലെതന്നെ മണലാരണ്യത്തില്‍ അകപ്പെട്ടുപോയ നജീബിന്റെ ജീവിതവും അതിജീവനവുമാണ് പ്രസ്തുത ചിത്രം പറയുന്നത്.
ആത്മധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബീജങ്ങളാണ് മേല്പറഞ്ഞ സിനിമകള്‍ പങ്കുവയ്ക്കുന്നത്. എല്ലാം നഷ്ടപ്പെട്ടുവെന്നു കരുതുമ്പോഴും ആത്മവിശ്വാസത്തോടെ പൊരുതാനും ആത്മവീര്യത്തോടെ നേരിടാനും കഴിയുമെങ്കില്‍ ഒരു അദ്ഭുതം എല്ലാവരെയും കാത്തിരിക്കുന്നുണ്ടെന്നാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. അതോടൊപ്പംതന്നെ ഇത്തരം ചില പ്രതിസന്ധികളില്‍ അകപ്പെട്ടുപോകുമ്പോള്‍ ജീവന്‍ തിരിച്ചുപിടിക്കാന്‍ അവര്‍ക്കു പ്രേരണയാകുന്ന ചില ഘടകങ്ങള്‍കൂടിയുണ്ട്. മഞ്ഞുമ്മല്‍ ബോയ്സില്‍ തൊള്ളായിരത്തിലേറെ അടിയില്‍ ചെകുത്താന്‍ കിച്ചണില്‍ അകപ്പെട്ടുപോയ സുഭാഷിന് ജീവന്റെ തുമ്പു നല്കിയത് മുകളില്‍നിന്നുള്ള സുഹൃത്തിന്റെ ചങ്കുപൊടിഞ്ഞുള്ള കരച്ചിലാണ്. (അതോടൊപ്പം സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറായ കുട്ടന്‍ എന്ന ആത്മസ്‌നേഹിതന്റെ ത്യാഗവുംകൂടിയാണ്. ഇതു രണ്ടുംകൂടിച്ചേര്‍ന്നപ്പോഴാണ് സുഭാഷിനു ജീവന്‍ തിരിച്ചുകിട്ടുന്നത്.)
ജാതിബോധവും വര്‍ഗീയചിന്തകളുമായി കഴിഞ്ഞുകൂടുന്ന മലയന്‍കുഞ്ഞിലെ അനിയന്‍കുട്ടനു ജീവിതത്തിലേക്കുള്ള പിന്‍വിളിയാകുന്നത്, ഇന്നലെ വരെ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്ന അയല്‍വീട്ടിലെ പിഞ്ചുകുഞ്ഞിന്റെ കരച്ചിലാണ്. ആ കരച്ചില്‍ ഇപ്പോള്‍ അയാളെ സംബന്ധിച്ചിടത്തോളം ജീവാമൃതബിന്ദുവാകുന്നു.
ഹെലനെ രക്ഷപ്പെടുത്താനുള്ള വഴികള്‍ എളുപ്പമാക്കിയത് മാളിലെ സെക്യൂരിറ്റിക്കാരന്റെ മൊഴിയാണ്. ഹെലന്‍ അന്നേ ദിവസം പുറത്തുപോയിട്ടില്ലെന്ന് അയാള്‍ ഉറപ്പിച്ചുപറയാന്‍ കാരണം അന്നു വൈകുന്നേരം അയാള്‍ക്ക് അവളുടെ പുഞ്ചിരി കിട്ടിയില്ലെന്നതാണ്. ദിവസവും ആയിരക്കണക്കിനു പേര്‍ വന്നുപോകുന്ന ആ മാളില്‍ വരുമ്പോഴും പോകുമ്പോഴും അയാളെ നോക്കി ചിരിച്ചുകാണിക്കുന്നത് ഹെലന്‍മാത്രമായിരുന്നു. ഇന്നാവട്ടെ അയാള്‍ക്ക് അവളുടെ ചിരി കിട്ടിയില്ല. അതുകൊണ്ട് അയാള്‍ തീര്‍ത്തുപറയുന്നു, അവള്‍ ചിക്കന്‍ഹബില്‍ത്തന്നെയുണ്ടെന്ന്.
ഗദ്ദാമയിലെ അശ്വതിക്കും ആടുജീവിതത്തിലെ നജീബിനും മോചനവാതില്‍ തുറന്നുകൊടുക്കുന്നതും ദൈവദൂതരെപ്പോലെയുള്ള ചില മനുഷ്യരാണ്.
ഏതൊക്കെയോ കുഴികളില്‍ അകപ്പെട്ടുപോയവരായിരിക്കാം നമ്മള്‍. ഇനിയൊരിക്കലും അവിടെനിന്നു രക്ഷപ്പെടാന്‍ കഴിയുകയില്ലെന്ന ഭയപ്പെടുന്നുമുണ്ടാവും. പക്ഷേ, പ്രിയപ്പെട്ട ഒരാളുടെ ഒരു സ്വരം അത് ജീവിതത്തിലേക്കു നമ്മെ തിരികെക്കൊണ്ടുവരാന്‍ സഹായിക്കും.
മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ്, അപകടത്തില്‍പ്പെടുന്നതിനുമുമ്പ് ടാക്സി ഡ്രൈവറോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ''എന്താണു ദൈവം?'' അതിനു ഡ്രൈവര്‍ നല്കുന്ന മറുപടി മുകളില്‍നിന്നു വരുന്ന ഒരു വെളിച്ചമാണ് ദൈവം എന്നാണ്.
അതേ, എല്ലാ പ്രതീക്ഷകളും അവസാനിക്കുകയും ചുറ്റിനും ഇരുട്ടു നിറയുകയും ചെയ്തുകഴിയുമ്പോള്‍ എവിടെനിന്ന് എന്നറിയാതെ കടന്നുവരുന്ന പ്രകാശത്തിന്റെ പേരാണ് ദൈവം. ആ വെളിച്ചം നമുക്കു രണ്ടാമതും ഒരു ജീവിതം തരുന്നു. ഒരു ഉയിര്‍പ്പ് എല്ലാവര്‍ക്കും സാധ്യമാണെന്നു പറഞ്ഞുതരുന്നു.