•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാഴ്ചയ്ക്കപ്പുറം

ഒരേ കഥ, ഒരേ കഥാപാത്രങ്ങള്‍, മൂന്നു സിനിമകള്‍

ന്യഭാഷാസിനിമകളില്‍ കാണപ്പെടുന്നതുപോലെ മലയാളത്തില്‍ പ്രണയസിനിമകള്‍ അധികം പുറത്തിറങ്ങാറില്ല. പുറത്തിറങ്ങിയാല്‍ത്തന്നെ അവ സൂപ്പര്‍ഹിറ്റുകളാകാറുമില്ല. എന്നിട്ടും ഓരോ കാലത്ത്, അതതുകാലത്തെ അടയാളപ്പെടുത്തുന്നവിധത്തിലുള്ള  പ്രണയസിനിമകള്‍ മലയാളത്തിലും ഇറങ്ങാറുണ്ട്.  പക്ഷേ, മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, അനിയത്തിപ്രാവ്, നിറം, നഖക്ഷതങ്ങള്‍ എന്നിങ്ങനെ എണ്ണം പറഞ്ഞ സിനിമകള്‍മാത്രമാണ് അവയില്‍ സാമ്പത്തികവിജയം കരസ്ഥമാക്കിയിട്ടുള്ളത്.
മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കുന്നതും സ്ത്രീപുരുഷബന്ധത്തിനു ചാരുത പകരുന്നതുമായ വികാരമായതുകൊണ്ടാവാം പ്രണയസിനിമകളോടു പൊതുവെ പ്രേക്ഷകര്‍ക്കു താത്പര്യമുണ്ട്; അതും കൗമാരക്കാരുടെ പ്രണയങ്ങളോട്. ഒരുപക്ഷേ, തങ്ങള്‍ പിന്നിട്ടുവന്ന കാലത്തിന്റെ ഓര്‍മയുണര്‍ത്തുന്നതുകൊണ്ടും പിന്നിലേക്കു സഞ്ചരിക്കാനുള്ള മാര്‍ഗമെന്ന നിലയിലുമായിരിക്കാം മുതിര്‍ന്ന തലമുറകള്‍പോലും കൗമാരപ്രണയസിനിമകള്‍ കാണാനെത്തുന്നത്. അങ്ങനെ മുതിര്‍ന്നവര്‍കൂടി ചേര്‍ന്നു വിജയിപ്പിച്ചെടുത്ത സമീപകാലസിനിമകളാണ് തണ്ണീര്‍മത്തന്‍ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നിവ.
ഈ മൂന്നു  സിനിമകള്‍ക്കും പറയത്തക്ക ഇതിവൃത്തമൊന്നുമില്ല എന്നതാണു  ശ്രദ്ധേയം. വളരെ സംഘര്‍ഷാത്മകമായ കഥാപുരോഗതിയില്ല. ആരും വിചാരിക്കാത്തവിധത്തിലുള്ള പരിണാമഗുപ്തിയുമില്ല.   ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത, വക്കില്‍ രക്തം പുരണ്ടിരിക്കുന്ന എന്ന മട്ടിലുള്ള വിപ്ലവാത്മകതയും തീവ്രതയും ഈ സിനിമകള്‍ക്കില്ല. എന്നാല്‍, മനോഹരമായും കാലോചിതമായും പ്രണയത്തെ ഈ സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.  മൂന്നു സിനിമകളും ഒരേ കഥ പറയുന്നു. മൂന്നു സിനിമകളിലും ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍! പ്രത്യേകിച്ച്, നായകനും നായികയും പ്രതിനായകനും ആവര്‍ത്തിച്ചുവരുന്നു. പക്ഷേ, മേക്കിങ്ങിലെ വ്യത്യസ്തത ചിത്രത്തെ പുതുമയുള്ളതാക്കി മാറ്റുന്നു.
നായകനെക്കാള്‍ ബോള്‍ഡും പ്രായോഗികതയുമുള്ളവരാണ്  ഇതിലെ നായികമാരെല്ലാം. പുറമേയ്ക്കു നല്ലവരെപ്പോലെ തോന്നിപ്പിച്ച് എന്നാല്‍ തനിക്കു ലഭിക്കില്ലെന്നറിയുമ്പോള്‍ സൈക്കോസ്വഭാവം പുറമേ പ്രകടിപ്പിക്കുന്നവരാണ് പ്രതിനായകന്മാരെല്ലാം.  തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വ്യാജ അധ്യാപകനായ രവി പത്മനാഭനും സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനും  പ്രേമലുവിലെ ആദിയും ഇതേവിഭാഗത്തില്‍പ്പെടുന്നവരാണ്. എല്ലാം തികഞ്ഞവരെന്നു പെണ്‍കുട്ടികള്‍ക്കു മതിപ്പു തോന്നത്തക്കവിധത്തില്‍ ആകാരഭംഗിയും സാമ്പത്തികഭദ്രതയും ജോലിസുരക്ഷിതത്വവുമുള്ളവരുമാണ് ഇവരെല്ലാവരും. ഒരുപക്ഷേ, നായകനെക്കാള്‍ ശാരീരികമായ ആകര്‍ഷണീയതയും ഇവര്‍ക്കുണ്ട്. (എന്നാല്‍ പുറമേക്കുള്ള ഭംഗിമാത്രമേ ഈ കഥാപാത്രങ്ങള്‍ക്കുള്ളൂ എന്നത് മറ്റൊരു വിഷയം. ആകര്‍ഷകമായ രീതിയില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഉള്ളിന്റെയുള്ളില്‍ അപകര്‍ഷതയും അസൂയയും പ്രതികാരവും മനോവൈകല്യവും കാത്തുസൂക്ഷിക്കുന്നവരാണ് രവി പത്മനാഭനും ആദിയും അജിത് മേനോനും. നിരസിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവരുടെ യഥാര്‍ഥരൂപം പുറത്തേക്കു വരുന്നത്. നന്മമരങ്ങളെന്നമട്ടില്‍ വിരാജിക്കുന്ന ഇത്തരം കഥാപാത്രങ്ങളെക്കാള്‍ നന്മയും സ്‌നേഹവും കരുതലുമുളളത് പൊതുവെ അലസരെന്ന മട്ടില്‍ ജീവിക്കുന്ന സാധാരണക്കാരായ നായകന്മാര്‍ക്കാണെന്നും ഇവിടെ പറഞ്ഞുവയ്ക്കുന്നുണ്ട്. അങ്ങനെ പരമ്പരാഗതമായ ധീരോദാത്തനായകസങ്കല്പങ്ങള്‍ പൊളിച്ചെഴുതപ്പെടുന്നു.) എന്നിട്ടും നായികമാര്‍ ഇഷ്ടപ്പെടുന്നത് തങ്ങളെക്കാള്‍പോലും ദുര്‍ബലരായ നായകരെയാണ്. അത് ജെയ്സണായാലും ദീപുവാ യാലും സച്ചിനായാലും ശരി, നായികമാര്‍ അവരെയാണു സ്‌നേഹിക്കുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ  ജെയ്സണെ പിന്നെയും വിട്ടേക്കൂ. ഇനി ഒരുപക്ഷേ, പഠിച്ച് നല്ല നിലയിലെത്താനുള്ള സാധ്യത അവനുണ്ട്. എന്നാല്‍, അതുപോലെയല്ല സൂപ്പര്‍ശരണ്യയിലെ ദീപു. കൃത്യമായ ജോലിയോ സ്ഥിരമായ വരുമാനംപോലുമോ അവനില്ല. നില്ക്കക്കള്ളിക്കുവേണ്ടി ആവശ്യത്തില്‍ കൂടുതല്‍ നുണയും പറയാറുണ്ട്. ആകസ്മികമായി എറണാകുളത്തു വച്ചു കണ്ടുമുട്ടുന്ന അവന്‍  ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുന്നത്; അതും പ്രൊഫൈല്‍ ട്രാക്കു ചെയ്ത്. അവനെപ്പോലെയുളള ഒരുവന്‍ നിനക്കു പറ്റിയതല്ലെന്നു കൂട്ടുകാരി അടിവരയിട്ടു പറഞ്ഞിട്ടും അവനുമായി പിരിയാന്‍ പോവുകയാണെന്നും യാത്രപറയാന്‍ പോവുകയാണെന്നും പറഞ്ഞുചെന്നിട്ടും അവനുമായി സംഗമിക്കുന്ന ശരണ്യയെയാണ് ചിത്രാന്ത്യത്തില്‍ പ്രേക്ഷകര്‍ കാണുന്നത്. അതായത്, ഏതുവിധേനയും അവര്‍ തമ്മില്‍ ഒരുമിക്കുന്നു. പ്രേമലുവിലെ സച്ചിന്‍ സന്തോഷ് ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്. നായികയായ റീനു റോയിയെക്കാള്‍ താഴെത്തട്ടിലുള്ളവന്‍. അവള്‍ക്കാണെങ്കില്‍ ഭേദപ്പെട്ട ജോലിയും വരുമാനവുമുണ്ട്. അവനാണെങ്കില്‍ പറയത്തക്ക ജോലിപോലുമില്ല. ആകെയുള്ള യോഗ്യത യുകെയിലേക്കു പോകാന്‍  ശ്രമിക്കുന്നുവെന്നതുമാത്രമാണ്. എന്നിട്ടും അവനെയാണ് തന്റെ ഭാവിവരനായി റീനു സ്വീകരിക്കുന്നത്. അതും അവളോടു പ്രണയമുള്ള സമ്പന്നനും സുന്ദരനുമായ ആദിയെ വേണ്ടെന്ന് വച്ച്.
ഇപ്പോഴത്തെ ഭൂരിപക്ഷം പെണ്‍കുട്ടികളുടെയും മനഃശാസ്ത്രമാണ് ശരണ്യ, റീനു എന്നീ കഥാപാത്രങ്ങളിലൂടെ  അനാവൃതമാകുന്നത്. പ്രേമലുവിലെ റീനുവിന്റെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍, സച്ചിന്‍ കൂടെയുണ്ടാവുമ്പോള്‍ പഴയ പത്താംക്ലാസിലെയും പ്ലസ്ടുവിലെയും ക്ലാസ് റൂം അനുഭവമുണ്ടാകുന്നു. റിലാക്സ്ഡാകുന്നു. ചിരിക്കാന്‍ സാധിക്കുന്നു. ഒപ്പം പരിഗണിക്കുന്ന, മേല്‍ക്കോയ്മ  ഇല്ലാത്ത, കൂട്ടുകൂടാന്‍ കഴിയുന്ന ഭര്‍ത്താവിനെയാണ് പുതിയകാലത്തെ പെണ്‍കുട്ടികള്‍ക്കാവശ്യം.
വെല്‍ സെറ്റില്‍ഡായ, ജോലിയുള്ള ഒരുവനെമാത്രമേ വിവാഹം കഴിക്കൂ എന്നു ദൃഢപ്രതിജ്ഞയെടുത്തിരുന്ന റീനുവാണ് സച്ചിനെ കാണുമ്പോള്‍, അവനുമായി ഇടപഴകുമ്പോള്‍, അവന്‍ പ്രണയാഭ്യര്‍ഥന നടത്തുമ്പോള്‍ മനസ്സു മാറ്റുന്നത്. വിവാഹം കഴിയുമ്പോള്‍ ഭാര്യയെ ഭര്‍ത്താവു പരിരക്ഷിക്കേണ്ടതുകൊണ്ട് അവനു നല്ല ജോലി വേണം, സാമ്പത്തികസുരക്ഷിതത്വം വേണം എന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ തിരുത്തിയെഴുതിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമ എന്നുകൂടി ഓര്‍ത്തുപോകുന്നു. അതിലെ നായിക കല്യാണിയുടെ കഥാപാത്രം, തന്റെ പ്രേമത്തിന് എതിരുനില്ക്കുന്ന അച്ഛനോടു ചോദിക്കുന്ന ചോദ്യം തന്നെ ഇതിനു തെളിവാണ്: എന്തിനാണ് അവന്‍ എന്നെ നോക്കുന്നത്, എന്നെ നോക്കാന്‍ എനിക്ക് അറിയാമല്ലോ, വേണമെങ്കില്‍ ഞാന്‍ അവനെയും നോക്കും. ഇതാണ് ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ പൊതുരീതി. പ്രായോഗികതയുളള പെണ്‍കുട്ടികളെക്കാള്‍ ഇത്തരക്കാരാണ് കൂടുതല്‍. അതുകൊണ്ടാണ് മുന്‍ പിന്‍ നോക്കാതെ അവര്‍ പ്രണയത്തിന്റെ പേരില്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുന്നത്.
പ്ലസ് ടു കാലത്തെ പ്രണയമാണ് തണ്ണീര്‍മത്തന്‍ദിനങ്ങളെങ്കില്‍  എന്‍ജിനീയറിങ് കോളജ് കാലഘട്ടത്തെ പ്രണയമാണ് സൂപ്പര്‍ ശരണ്യയിലുള്ളത്. പ്രേമലുവിലെത്തുമ്പോള്‍ അതു പഠനാനന്തരകാലത്തേതാകുന്നു. മൂന്നു സിനിമകളുടെയും സംവിധായകന്‍ ഒരാള്‍തന്നെ. ഗിരീഷ് എ.ഡി. മൂന്നു സിനിമകളും ഇഴപിരിച്ചു പരിശോധിക്കുമ്പോള്‍ കാണുന്ന സമാനതയാണ് മേല്‍വിവരിച്ചത്. പക്ഷേ, ഒരു കഥകൊണ്ട് കഥാപാത്രങ്ങളുടെ പേരും കഥാന്തരീക്ഷവും മാറ്റി മൂന്നു സിനിമയെടുക്കാനും അതു മൂന്നും വിജയിപ്പിക്കാനും അസാമാന്യമായ പ്രതിഭ വേണം. അതു ഗിരീഷിനുണ്ട്. അതേസമയം, ഇതേ കഥയുമായി സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാകൃത്ത് ഏതെങ്കിലും സംവിധായകനെ സമീപിച്ചാല്‍ പണ്ട് ബഷീറിനോടു സഹോദരന്‍ ചോദിച്ചതുപോലെ ആഖ്യയും ആഖ്യാതവും ചോദിച്ച്  പരിഹസിച്ച് പടിയിറക്കിവിട്ടേനേ. ഇതിലെവിടെയാടാ മോനേ കഥയെന്ന മട്ടില്‍. പക്ഷേ, പറയത്തക്ക ഒരു  കഥയും ഇല്ലാതിരുന്നിട്ടും വര്‍ത്തമാനകാലത്തിന്റെ എല്ലാ ഹൃദയത്തുടിപ്പും ഉള്‍ക്കൊണ്ട് വളരെ ഹൃദ്യമായും സരസമായും ഇങ്ങനെയൊരു സിനിമയെടുക്കാന്‍ കഴിവുള്ള ഗിരീഷ് എ.ഡിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അതാണ് സിനിമയിലുള്ളവരും സിനിമയിലേക്കു പ്രവേശിക്കാന്‍ പുറത്ത് ഊഴം കാത്തുനില്ക്കുന്നവരും തമ്മിലുളള വ്യത്യാസം.
പുതിയകാലത്തെ പ്രണയങ്ങളാണ് ഗിരീഷിന്റെ സിനിമകള്‍ പറയുന്നത്. അല്ലെങ്കില്‍ പ്രണയസങ്കല്പങ്ങള്‍ക്കു പുതിയൊരു  മുഖം വരച്ചുചേര്‍ക്കുകയാണ് ഈ സിനിമകള്‍. മുതിര്‍ന്ന തലമുറ കണ്ടിരുന്ന പ്രണയമോ പ്രണയഭാവങ്ങളോ പ്രണയരീതികളോ ഇതില്‍ കാണാനാവില്ല. സ്വന്തം കാര്യങ്ങള്‍ ആരെയും കൂസാതെ നടപ്പാക്കാന്‍ തക്ക ധൈര്യവും തീരുമാനവുമുള്ളവരാണ് ഈ ചെറുപ്പക്കാര്‍. വീടിനെയും വീട്ടുകാരെയും ഓര്‍ത്തു സ്‌നേഹിച്ചുകൊണ്ടുതന്നെ വേര്‍പിരിയാന്‍ തയ്യാറാവുന്ന സുധിയും മിനിയും (അനിയത്തിപ്രാവ്) ഇപ്പോഴത്തെ സിനിമകളില്‍ കാണാന്‍ കഴിയുന്നതേയില്ല. പ്രണയപരാജയത്തിന്റെ മുറിവുമായി കടാപ്പുറത്തൂകൂടി പാടിപ്പാടി നടക്കുന്ന പരീക്കുട്ടിമാരും  കുടിച്ചുമരിക്കുന്ന ദേവദാസുമാരും ഇന്നു വംശനാശം സംഭവിച്ചവരായിരിക്കുന്നു. തനിക്കു കിട്ടാത്തതു മറ്റൊരാള്‍ അനുഭവിക്കണ്ടാ എന്ന മട്ടിലുള്ള പ്രതികാരദാഹം തീര്‍ക്കുന്നവര്‍ ഏറെയുണ്ടുതാനും. തങ്ങളുടെ മനസ്സിനെ പകര്‍ത്തുന്ന സിനിമയായതുകൊണ്ടാവാം ചെറുപ്പക്കാര്‍ ഈ സിനിമകളിലേക്ക് ആകൃഷ്ടരാകുന്നത്.
പ്രണയത്തിന്റെ സ്വഭാവവും രീതികളും മാറിയെങ്കിലും പ്രണയം മനുഷ്യമനസ്സില്‍ ഉള്ളിടത്തോളം കാലം ഇനിയും പ്രണയസിനിമകള്‍ വരും. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് എന്ന മട്ടില്‍. കാത്തിരിക്കാം.. ഉള്ളിലെ പ്രണയം നഷ്ടപ്പെടാതെ സൂക്ഷിക്കുകയുമാവാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)