•  2 May 2024
  •  ദീപം 57
  •  നാളം 8
കാഴ്ചയ്ക്കപ്പുറം

ബയോപിക് സിനിമകളും ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസും

യോപിക് സിനിമ എന്ന വിശേഷണം ഇന്നു മലയാളികള്‍ക്കു സുപരിചിതമാണ്. ഒരുപക്ഷേ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിലുള്ള ആഭിമുഖ്യം ബയോപിക്‌സിനിമകളോടു പ്രേക്ഷകരും സിനിമാലോകവും കാണിക്കുന്നുമുണ്ട്.
ജീവചരിത്രസിനിമയാണ് ബയോപിക് സിനിമയെന്ന് ഒറ്റവാക്കില്‍ പറയാം. സാങ്കല്പികമല്ലാത്തതും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ ഒരു വ്യക്തിയുടെ ജീവിതത്തെ നാടകീയമായി അവതരിപ്പിക്കുന്ന സിനിമകള്‍. ഡോക്യുഡ്രാമകളില്‍നിന്നും മറ്റും ഇത്തരം സിനിമകള്‍ അമ്പേ വ്യത്യസ്തമാണ്. കാരണം, അത്തരം  സിനിമകള്‍ ആ വ്യക്തികളുടെ ജീവിതകഥയോ അല്ലെങ്കില്‍ അവരുടെ ജീവിതത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളോ യഥാതഥം ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബയോപിക് വാസ്തവികതയെയും സങ്കല്പങ്ങളെയും കൂട്ടുപിടിക്കുന്നു. ഒരു സംഭവത്തെയോ വ്യക്തിയെയോ അതേപടി പകര്‍ത്താതെ അതില്‍ ഭാവനകൂടി കലര്‍ത്തുന്നു. എന്നാല്‍, ആ ഭാവനകള്‍ വാസ്തവങ്ങളോടു മറുതലിക്കുന്നുമില്ല.
ഒരു വ്യക്തിയുടെ ജീവിതത്തെ മുഴുവനായി എല്ലായ്‌പോഴും ബയോപിക് ചിത്രങ്ങള്‍ ചിത്രീകരിക്കണമെന്നുമില്ല. ചിലപ്പോഴെങ്കിലും വ്യക്തിയുടെ, ചരിത്രപുരുഷന്റെ ജീവിതത്തിലെ ഏതെങ്കിലും നിര്‍ണായകസന്ദര്‍ഭത്തെമാത്രമായിരിക്കും ബയോപിക്‌സിനിമയ്ക്ക് ഇതിവൃത്തമാക്കുക.
ജോവാന്‍ ഓഫ് ആര്‍ക്ക് (1990),           ദ സ്‌റ്റോറി ഓഫ് ദ കെല്ലി ഗാങ്(1906), ബീഥോവന്‍സ് മൂണ്‍ലൈറ്റ് സൊണാറ്റ(1909) എഡ്ഗര്‍ അലന്‍ പോ (1909) തുടങ്ങിയവ ഇത്തരത്തില്‍ പ്രശസ്തമായ ബയോപിക് ചിത്രങ്ങളാണ്.
മറ്റു പല ഭാഷാസിനിമകളുടെയും സ്വാധീനമെന്നതുപോലെ മലയാളത്തിലും  ബയോപിക് സിനിമകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇതിലേറ്റവും ശ്രദ്ധേയമായി തോന്നിയത് മലയാളസിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ.സി. ദാനിയേലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ് ആണ്. 2013 ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. സംവിധാനം കമലും.
രാജാരവിവര്‍മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മകരമഞ്ഞ് എന്ന ലെനിന്‍ രാജേന്ദ്രന്‍ സിനിമ 2010 ല്‍ പുറത്തിറങ്ങിയിരുന്നുവെങ്കിലും സാധാരണപ്രേക്ഷകരുടെ ഹൃദയം വശീകരിക്കാന്‍ പ്രസ്തുത സിനിമയ്ക്കു കഴിഞ്ഞില്ല. എന്നാല്‍, ഇതേ സംവിധായകന്‍തന്നെ സ്വാതിതിരുനാള്‍ എന്ന സിനിമയിലൂടെ ലോകപ്രശസ്ത സംഗീതജ്ഞനായ സ്വാതിതിരുനാളിന്റെ ജീവിതം അവതരിപ്പിച്ചു വിജയം വരിക്കുകയും ചെയ്തു.
സെല്ലുലോയ്ഡിന്റെ വിജയം പ്രചോദനമായി സ്വീകരിച്ച് കമല്‍ ചെയ്ത മറ്റൊരു ബയോപിക് സിനിമയായിരുന്നു  2018 ല്‍ പുറത്തിറങ്ങിയ ആമി. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതമായിരുന്നു പ്രമേയം. മഞ്ജുവാര്യര്‍ അവതരിപ്പിച്ച സിനിമ സമ്മിശ്രപ്രതികരണമാണു നേടിയത്.
 എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന അനശ്വരപ്രതിഭയുടെ ജീവിതകഥ പറഞ്ഞ ക്ലിന്റ് (2017), ടികെ പദ്മിനി എന്ന ചിത്രകാരിയുടെ ജീവിതം പറഞ്ഞ പത്മിനി (2018), മഹാരാജാസ് കോളജിലെ കലാപരാഷ്ട്രീയത്തിന്റെ ഇരയായി മാറിയ അഭിമന്യുവിന്റെ കഥ പറഞ്ഞ നാന്‍ പെറ്റ മകന്‍ (2019), കവി പി. കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള ഇവന്‍ മേഘരൂപന്‍ (2012), ക്യാപ്റ്റന്‍ വി.പി. സത്യനെക്കുറിച്ചുള്ള ക്യാപ്റ്റന്‍ (2018),  മൊയ്തീന്‍ - കാഞ്ചനമാല പ്രണയം ഇതിവൃത്തമാക്കിയ എന്ന് നിന്റെ മൊയ്തീന്‍ (2015), കലാഭവന്‍ മണിയെക്കുറിച്ചുള്ള ചാലക്കുടിക്കാരന്‍ ചങ്ങാതി(2018) എന്നിവയാണ് മലയാളത്തിലെ ബയോപിക് സിനിമകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മയിലേക്കു കടന്നുവരുന്നത്.
എന്തിന്, പ്രതിനായകനെക്കുറിച്ചുപോലും ബയോപിക് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കുറുപ്പ് (2021) ആണ് ഈ  ചിത്രം. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ളതായിരുന്നു പ്രസ്തുത സിനിമ. ചാള്‍സ് ശോഭരാജ് എന്ന അധോലോകനായകനെക്കുറിച്ചും മലയാളത്തില്‍ സിനിമ ഇറങ്ങിയിട്ടുണ്ട്. ശശികുമാര്‍ - മോഹന്‍ലാല്‍ ടീം ആയിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്.
 ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് മലയാളത്തിന്റെ അനശ്വരനടന്‍ സത്യനെക്കുറിച്ചുള്ള ബയോപിക് മൂവി വരുന്നുവെന്നതാണ്. ക്യാപ്റ്റനും വെള്ളത്തിനുംശേഷം ഒരു യഥാര്‍ത്ഥനായകനെ അവതരിപ്പിക്കാനുള്ള നിയോഗമാണ് ഇതിലൂടെ ജയസൂര്യയ്ക്കു ലഭിക്കുന്നത്.
ഇങ്ങനെ പലതരത്തിലും സ്വഭാവത്തിലുമുള്ള ബയോപിക് സിനിമകളുടെ ശ്രേണിയിലേക്കാണ് ഏറ്റവും ഒടുവിലായി വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് എന്ന മള്‍ട്ടിലിംഗ്വല്‍ സിനിമ ഇടംപിടിച്ചിരിക്കുന്നത്. എന്താണ് ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയമെന്ന് ഒരുപക്ഷേ, ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും അറിയാമായിരിക്കും.
1995 ഫെബ്രുവരി 25 ന് ഇന്‍ഡോറിലേക്കുള്ള ബസ്‌യാത്രയ്ക്കിടയില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായിരുന്ന റാണി മരിയയെ സമുന്ദര്‍ സിങ് എന്ന അക്രമി കുത്തിക്കൊല്ലുകയായിരുന്നു. 41 വയസ്സുമാത്രമായിരുന്നു അന്നു സിസ്റ്റര്‍ക്കുണ്ടായിരുന്നത്. 40 ലധികം മുറിവുകളോടെ ഈശോ എന്ന് അവസാനവാക്ക് ഉച്ചരിച്ച് സിസ്റ്റര്‍ റാണി മരിയ കണ്ണടച്ചപ്പോള്‍ അതോടെ ചരിത്രം തീര്‍ന്നുവെന്നായിരുന്നു കൊലപാതകിയും അയാളെ പറഞ്ഞയച്ചവരും കരുതിയിരുന്നത്. പക്ഷേ, അതൊരു തുടക്കമായിരുന്നു.  ജീവിച്ചിരുന്നപ്പോള്‍ എന്നതിലേറെ സിസ്റ്റര്‍ പ്രശസ്തയായത് മരണത്തിനുശേഷമായിരുന്നു. എന്തിനാണ് റാണി മരിയ കൊലചെയ്യപ്പെട്ടത്? അതിനുമാത്രം അവര്‍ ചെയ്ത കുറ്റം എന്തായിരുന്നു?
ഈ അന്വേഷണം ചെന്നുനിന്നത് ക്രൈസ്തവസന്ന്യാസിനിമാരുടെ ത്യാഗപൂര്‍ണമായ ജീവിതങ്ങളിലേക്കും ക്രിസ്തുവിനെപ്രതി അവര്‍ സഹിക്കുന്ന വേദനകളിലേക്കുമായിരുന്നു. സമൂഹത്തിനുമുമ്പില്‍ പുതിയൊരു വെളിച്ചമായി അവര്‍ മാറിയിരിക്കുന്നത് എങ്ങനെയെന്നു ലോകത്തിനു മനസ്സിലാക്കാന്‍ ഇതൊരു പുതിയ അവസരം സൃഷ്ടിച്ചു. അത് ഉണര്‍ത്തിവിട്ട അനുരണനങ്ങളും ചിന്തയും ആലോചനകളും  ചേര്‍ന്നാണ് ഷെയ്‌സണ്‍ പി. ഔസേപ്പ് എന്ന സംവിധായകനെ തന്റെ ആദ്യസിനിമയായി ആ ജീവിതം അണിയിച്ചൊരുക്കാന്‍ പ്രേരിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് എന്ന സിനിമ. മുഖമില്ലാത്തവര്‍ക്കു മുഖമായി മാറിയ റാണി മരിയയുടെ ബയോപിക് സിനിമ.
എന്താണ് ഈ സിനിമയുടെ പ്രസക്തി?  എല്ലാ ബയോപിക്കുകളും വ്യക്തികേന്ദ്രീകൃതമാണ്. ഈ സിനിമയും അങ്ങനെതന്നെ. പക്ഷേ, അതിനപ്പുറം ഒരു മാനംകൂടി ഈ സിനിമയ്ക്കുണ്ട്. അതാണ്  പ്രസ്തുത സിനിമയുടെ പ്രസക്തിയും.
കന്യാസ്ത്രീമാരെ പൊതുസമൂഹം ഇപ്പോള്‍ മുമ്പത്തെക്കാളുമേറെ ദുഷിച്ച കണ്ണോടെയാണു വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയായുടെ അതിപ്രസരംമൂലം സംഭവിച്ച വലിയ വിനകളിലൊന്ന്.  അവരുടെ നന്മകള്‍ വിസ്മരിക്കപ്പെടുകയും മനുഷ്യസഹജമായ കുറവുകളെ പര്‍വതീകരിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ സമൂഹത്തിനു ചെയ്യുന്ന, ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് ഈ ചിത്രം വഴിയൊരുക്കുന്നത്.
കക്കുകളിപോലെയുള്ള നാടകാഭാസങ്ങള്‍ക്കും പിതാവിനും പുത്രനും  പരിശുദ്ധാത്മാവിനും (കന്യാസ്ത്രീകളെ അപമാനിക്കുന്നതിന്റെ പേരില്‍  പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ വര്‍ഷങ്ങള്‍ ചിലതു കടന്നുപോയപ്പോള്‍ അക്വേറിയം എന്ന പേരില്‍ പ്രദര്‍ശനത്തിനെത്താന്‍ വളഞ്ഞവഴി സ്വീകരിച്ചുവെന്നതും മറന്നുപോകരുത്) പോലെയുള്ള സിനിമാമസാലകള്‍ക്കുമുള്ള മറുപടിയും പ്രതികരണവുംകൂടിയാണ് ഈ സിനിമ. കന്യാസ്ത്രീമഠങ്ങളില്‍ ലൈംഗികദാരിദ്ര്യമാണെന്നും ദൈവവിളിയെന്നതു ഗതികേടുകൊണ്ടും വീട്ടിലെ പട്ടിണികൊണ്ടും തിരഞ്ഞെടുക്കുന്നതാണെന്നുമുള്ള പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ മുഖത്ത് കനത്ത പ്രഹരമേല്പിക്കാന്‍ റാണി മരിയയുടെ ജീവിതം പറയുന്ന ഈ സിനിമയ്ക്കു കഴിയുന്നുണ്ട്. അതുകൊണ്ടാണു പറയുന്നത് റാണി മരിയയുടെ ജീവിതകഥയായിമാത്രം ഈ സിനിമയെ പരിമിതപ്പെടുത്താനാവില്ലെന്ന്.
റാണി മരിയ ഒരു പ്രതീകവും പ്രതിനിധിയുമാണ്. ക്രിസ്തുവിനെയോര്‍ത്ത് മനുഷ്യരെപ്രതി കന്യാസ്ത്രീകള്‍ ചെയ്യുന്ന അനേകം നന്മപ്രവൃത്തികളുടെ ഒരു പ്രതിനിധി. ഒരു കന്യാസ്ത്രീയുടെ ജീവിതം എത്രത്തോളം സംഭവബഹുലമാണെന്നും അവര്‍ നേരിടുന്ന പ്രതിസന്ധികള്‍ എത്രത്തോളം വലുതാണെന്നും ഈ ചിത്രം പറഞ്ഞുതരുന്നുണ്ട്. അതുകൊണ്ട്, ലോകമെങ്ങുമുള്ള നിസ്വാര്‍ഥരായ കന്യാസ്ത്രീകള്‍ക്കെല്ലാമുള്ള ഒരു വാഴ്ത്തുകൂടിയാണ് ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് എന്ന സിനിമ. ആവര്‍ത്തിക്കട്ടെ, സിസ്റ്റര്‍ റാണി മരിയയുടെ ജീവിതമായിമാത്രം ഇതിനെ ചുരുക്കാതിരിക്കുക. അങ്ങനെയാണ് ഈ സിനിമ എല്ലാവരും കാണേണ്ട സിനിമകളിലൊന്നായി മാറുന്നതും. പ്രത്യേകിച്ച്, കന്യാസ്ത്രീകളെ പുച്ഛത്തോടെ കാണുകയും അവര്‍ക്കെതിരേ അപവാദങ്ങള്‍ പറഞ്ഞുപരത്തുകയും ചെയ്യുന്ന എണ്ണമറ്റ ക്രൈസ്തവനാമധാരികള്‍ ഉള്‍പ്പെടെയുളളവര്‍. അവര്‍ക്കെല്ലാം കണ്ണുതുറക്കലിന്റെ താക്കോലായും കണ്ണുകളില്‍ പുതുതായി എഴുതേണ്ട അഞ്ജനമായും ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് മാറട്ടെ.

 

Login log record inserted successfully!