•  2 May 2024
  •  ദീപം 57
  •  നാളം 8
കാഴ്ചയ്ക്കപ്പുറം

തങ്കമണിയില്‍ എന്താണു സംഭവിച്ചത്?

''പെണ്ണിന്റെ പേരല്ല, വെന്ത നാടിന്റെ പേരല്ലോ തങ്കമണി.''
ശരിയാണ്, വെന്ത നാടിന്റെ പേരാണ് തങ്കമണി. അതുകൊണ്ടുതന്നെയാണു മൂന്നരപ്പതിറ്റാണ്ടു പിന്നിട്ടിട്ടും  തങ്കമണിയെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരു നോവായി മലയാളികളുടെ മനസ്സിലുളളത്. 1986 ല്‍ തങ്കമണിസംഭവം അരങ്ങേറുമ്പോള്‍ കൊച്ചുകുട്ടികളായിരുന്നവര്‍ ഇപ്പോള്‍ മധ്യവയസ്സിലെത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ വാര്‍ധക്യത്തിലും. ഈ തലമുറയ്ക്കൊന്നും തങ്കമണിയെ മറക്കാനാവില്ല. ഇന്നത്തേതുപോലെ പത്രമാധ്യമങ്ങളും ചാനലുകളും വ്യാപകമല്ലാതിരുന്ന അക്കാലത്തും തങ്കമണിസംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പലരുടെയും മനസ്സിലുണ്ടാവും. മുറിവുണങ്ങാത്ത ഈ ഓര്‍മകളാണു തങ്കമണിസംഭവത്തെ ആസ്പദമാക്കി സിനിമവരുന്നുവെന്നു കേട്ടനാള്‍മുതല്‍ ഈ തലമുറ ആകാംക്ഷയോടെ കാത്തിരുന്നതിനു കാരണം. പക്ഷേ, ഈ ആകാംക്ഷകളെയും ചരിത്രത്തോടു നീതി പുലര്‍ത്തുമെന്ന പ്രതീക്ഷകളെയും അമ്പേ തകര്‍ത്തുകൊണ്ടുള്ള ഒരു ചലച്ചിത്രാഭാസമാണ് രതീഷ് രഘുനന്ദന്‍ - ദീലിപ് ടീമിന്റെ തങ്കമണി എന്ന സിനിമയെന്നാണ് ഇതേക്കുറിച്ച് ഒറ്റവാക്കില്‍  പറയാനുള്ളത്.
 ഇടുക്കിപോലെയുള്ള ഒരു അവികസിതപ്രദേശത്ത്, കഥ നടക്കുന്ന 1986 ല്‍, അന്ന് പത്തുമുപ്പതുവയസ്സുളള ഒരു ചെറുപ്പക്കാരന്‍, ആബേല്‍ ജോഷ്വാ മാത്തന്‍ എന്നൊക്കെയുള്ള കിടുക്കാച്ചിപേരുണ്ടാവുമെന്നു സാമാന്യബുദ്ധിക്കുപോലും നിരക്കുന്ന കാര്യമാണെന്നു തോന്നുന്നില്ല. വല്ല ജോണിയെന്നോ റോയിയെന്നോ മാത്തുക്കുട്ടിയെന്നോ ഒക്കെ പേരുവരാനാണു സാധ്യത. പക്ഷേ, അവിടെയാണു തിരക്കഥാകൃത്തും സംവിധായകനുമായ രതീഷ്, നായകന് ഈ പേരു നല്കിയിരിക്കുന്നത്. കഥാപാത്രത്തിന്റെ ഈ പേരില്‍ തുടങ്ങുന്നു ഈ സിനിമയുടെ കൃത്രിമത്വവും അവാസ്തവികതയും.
ഒരു സാദാ ക്ലീഷേ പ്രതികാരകഥ പറയാന്‍ ഒരു ജനതയുടെ വൈകാരികതയും ദുരന്തവും മറയാക്കുകയും അതിന്റെ പേരില്‍ കച്ചവടം നടത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് തങ്കമണിസിനിമയുടെ അണിയറക്കാര്‍ ചെയ്ത തെറ്റ്. ഇതു തങ്കമണിയുടെ കഥയല്ല, ദിലീപിനെ മാസ് നായകനാക്കാന്‍  ശ്രമിക്കുന്ന ഒരു മസാലക്കൂട്ടുസിനിമയാണ് എന്നതാണ് രണ്ടാമതായി പറയാനുള്ളത്.  പക്ഷേ, എന്തുചെയ്യാം  ചീറ്റിപ്പോയി! ഡോണ്‍ കളിക്കുന്ന പല ദിലീപ്‌സിനിമകളുമുണ്ട്. ഡോണ്‍ എന്ന പേരില്‍ത്തന്നെയുള്ള സിനിമയുള്‍പ്പടെ. പക്ഷേ, അവിടെയൊന്നും ദിലീപ് ശോഭിച്ചിട്ടില്ല, പ്രസ്തുത സിനിമകളും. എന്നിട്ടും വീണ്ടും വീണ്ടും തന്നിലുള്ള ഡോണ്‍ഭാവത്തെ സംതൃപ്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് തുടര്‍ച്ചയായ ഇത്തരം വേഷങ്ങള്‍.
ഇതിനുമുമ്പു പുറത്തിറങ്ങിയ ദിലീപ്ചിത്രമായ ബാന്ദ്രയും തങ്കമണിയും ഒരേ അച്ചില്‍ വാര്‍ത്ത സിനിമകളാണ്. ബാന്ദ്രയും യഥാര്‍ഥസംഭവത്തോടു സാമ്യമുള്ള സിനിമയാണെന്നായിരുന്നു പബ്ലിസിറ്റി. തങ്കമണിയുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. പക്ഷേ, രണ്ടിടത്തുമുള്ളത് എന്താണെന്നു രണ്ടു സിനിമയും കണ്ടവര്‍ക്കറിയാം. പണ്ടുമുതല്‍ക്കേയുള്ള ദിലീപ്ചിത്രങ്ങളിലെ പ്രതികാരം. ആ കഥാപാത്രങ്ങളുടെ വീരരക്ഷകപരിവേഷം. ബാന്ദ്രയുടെ അവസാനഭാഗത്ത് അധോലോകനായകനായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തിന്റെ അതേ കോസ്റ്റ്യൂമും മേക്കോവറുംതന്നെയാണ് തങ്കമണിയിലും ദിലീപിന്റെ മുഴുവന്‍ കോസ്റ്റ്യൂമും മേക്കോവറുമെന്നു നിരീക്ഷിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ. ബാന്ദ്രയിലേത് യഥാര്‍ഥസംഭവമെന്ന് അവകാശപ്പെടുന്നത് ഒറ്റപ്പെട്ട ഒരു സംഭവമായതുകൊണ്ടും അതേക്കുറിച്ചു ഭൂരിപക്ഷം മലയാളികളും വേണ്ടത്ര ബോധവാന്മാരല്ലാത്തതുകൊണ്ടും സിനിമയുടെ ആനുകൂല്യമെന്ന നിലയില്‍ അതിലെ വീഴ്ചകളോട് നമുക്ക് ഉദാരരാവാം. പക്ഷേ, തങ്കമണി അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഈ സിനിമയോടു തങ്കമണിക്കാര്‍ ക്ഷമിക്കുമോയെന്നു കണ്ടറിയണം.
തങ്കമണിസംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ത്തന്നെ ഇതേ വിഷയവും സാങ്കല്പികകഥയും ചേര്‍ത്ത് ഒരു സിനിമ ഇറങ്ങിയിരുന്നു: കച്ചവടസിനിമക്കാരന്‍ എന്ന് അറിയപ്പെടുന്നതില്‍ യാതൊരു മാനക്കേടും ഇല്ലാത്ത പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതാ സമയമായി'. ഈ സിനിമ രതീഷും ദിലീപും റഫര്‍ ചെയ്തിട്ടുണ്ടാവും. 'ഇതാ സമയമായി' എന്നതില്‍നിന്ന് 'തങ്കമണി'യിലെത്തുമ്പോള്‍ 'ഇതാ സമയമായി' എത്രയോ ഭേദപ്പെട്ട ശ്രമമായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഫ്‌ളാഷ്ബായ്ക്ക് ഗിമ്മിക്കുകളും വീരേതിഹാസങ്ങളും ഇല്ലാതെ മനുഷ്യരുടെ വേദനകളും നിസ്സഹായതകളും അന്നത്തെ കാലഘട്ടത്തിനനുസൃതമായി ആ സിനിമ പറഞ്ഞിരുന്നു.  യഥാര്‍ഥ സംഭവത്തിലെ ഫാ. ജോസ് കോട്ടൂര്‍പോലെയുളള പല കഥാപാത്രങ്ങളെയും ഇതാ സമയമായിയില്‍ അവതരിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയും. പക്ഷേ, ആ സിനിമ സാമ്പത്തികവിജയം കൈവരിച്ചിരുന്നില്ല.
രണ്ടു സിനിമയിലും ഒരു ബസും നാട്ടുകാരും ചേര്‍ന്നുള്ള സംഘര്‍ഷങ്ങളും പോലീസ് ഇടപെടലും തുടര്‍ന്ന് പോലീസ് തേര്‍വാഴ്ചയും അവതരിപ്പിച്ചിട്ടുണ്ട്. ഈ ബാഹ്യചട്ടക്കുട്ടിലേക്കു വിശ്വംഭരനും രതീഷും തങ്ങളുടേതായ കഥാപാത്രങ്ങളെ തിരുകിക്കയറ്റി ഓരോ സിനിമകള്‍ പടച്ചുവിട്ടിരിക്കുന്നു. അവിടെ തങ്കമണി എന്ന ഗ്രാമം പശ്ചാത്തലമായി നില്ക്കുന്നുവെന്നല്ലാതെ തങ്കമണിക്കാരുടെ ജീവിതം കാണാന്‍ കഴിയുന്നതേയില്ല.
തങ്കമണി എന്ന സിനിമയെ അംഗീകരിക്കാന്‍ കഴിയുന്ന ഒരേയൊരു പോയിന്റുകൂടി പരാമര്‍ശിച്ചുകൊണ്ട് ഈ കുറിപ്പ് പൂര്‍ത്തിയാക്കാം. അപമാനംകൊണ്ടു തലകുനിക്കേണ്ടിവന്നിട്ടുള്ളവരാണു തങ്കമണിക്കാര്‍. തങ്കമണിയിലെ പെണ്‍കുട്ടികള്‍ക്കു ജീവിതം നഷ്ടപ്പെട്ടതിന്റെയും  ആണുങ്ങള്‍ക്കു പെണ്ണു കിട്ടാനില്ലാതായതിന്റെയും നോവുന്ന കഥകള്‍ ഇന്നും തങ്കമണിക്കാര്‍ക്കു പറയാനുണ്ട്. തങ്കമണിയില്‍ നടന്ന ബലാത്സംഗങ്ങള്‍ സാമാന്യവത്കരിക്കപ്പെട്ടത് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും ഒന്നോ രണ്ടോ സംഭവങ്ങള്‍മാത്രമേ അത്തരത്തില്‍ നടന്നിട്ടുള്ളൂവെന്നും അവയെ കാടടച്ചു വെടിവച്ചത് പ്രതിപക്ഷത്തിന്റെ വോട്ടുബാങ്കിന്റെ ഭാഗമായിരുന്നുവെന്നുമാണു ചിത്രം പറയുന്നത്. അങ്ങനെയാണെങ്കില്‍ ഈ വെളിപ്പെടുത്തല്‍ തങ്കമണിക്കു നല്കുന്ന സമാധാനം എത്രയോ അധികമാണ്. വര്‍ഷങ്ങളായി തങ്ങളുടെമേല്‍ കളങ്കപ്പെട്ടുകിടന്നിരുന്ന ആ ആരോപണങ്ങളില്‍ നിന്ന് അവര്‍ക്കു മോചനം കിട്ടുമെങ്കില്‍, വേണ്ട ആശ്വാസമെങ്കിലും കിട്ടുമെങ്കില്‍ അതു നിസാരകാര്യവുമല്ല.
ഇന്നും ജീവിച്ചിരിക്കുന്ന അത്തരക്കാരുടെ  കാഴ്ചയിലേക്കാണു തങ്കമണിയെ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, അതെത്രത്തോളം ജീവിതത്തോടു ചേര്‍ന്നുനില്ക്കുന്നുണ്ടെന്നു സാക്ഷ്യപ്പെടുത്താന്‍ യോഗ്യര്‍ അവര്‍ മാത്രമാണ്. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ഏതെങ്കിലും ഒരു കഥാപാത്രം മനസ്സില്‍ നിറഞ്ഞുനില്ക്കുമോ? അവരുടെ വേദന നമ്മുടെ വേദനയായി തോന്നുമോ? ഒരിക്കലുമില്ല. അതുതന്നെയാണു ചിത്രത്തിന്റെ പരാജയം.
സിനിമയുടെ അവസാനഭാഗത്ത് അവകാശപ്പെടുന്നതു നീതി നിഷേധിക്കപ്പെടുന്ന ഇരകള്‍ക്കുവേണ്ടിയുള്ള സമര്‍പ്പണചിത്രമാണ് ഇതെന്നാണ്.
ശരിയാണ്, ഈ ലോകാരംഭംമുതല്‍ പലരീതിയിലും പലയിടങ്ങളിലും ആളുകള്‍ക്കു നീതി ലഭിക്കാതെ പോകുന്നുണ്ട്. അത്തരം നീതിനിഷേധങ്ങളെ ഉദാഹരിക്കാന്‍ യഥാര്‍ഥമായ സംഭവങ്ങളെ അവലംബമാക്കി കഥ പറയുമ്പോള്‍ കാലഘട്ടത്തോടും അതിന്റെ ഇരകളായവരോടും ഒരു പരിധിവരെ നീതി പുലര്‍ത്തേണ്ടേ? പക്ഷേ, അങ്ങനെയൊന്ന് ഇവിടെ സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതു മുറിവുണക്കുന്ന സിനിമയല്ല ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന ഒരു ജനതയുടെ മുറിവ് മാന്തിക്കീറുന്ന സിനിമയാണ്.  വീണ്ടും പൊതുസമൂഹത്തിനുമുമ്പില്‍ മാന്തിക്കീറാനായി ഒരു ചരിത്രത്തെ വലിച്ചെറിഞ്ഞിട്ടുകൊടുക്കുകയാണ്. നിരപരാധികളും നിസ്സഹായരുമായ ഒരു സമൂഹത്തെ കല്ലെറിയാനായി വീണ്ടും വിട്ടുകൊടുക്കുകയാണ്.

 

Login log record inserted successfully!