•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

പ്രേമവും വിവാഹവും

     
വിവാഹപൂര്‍വ്വപ്രണയങ്ങളില്‍ ദാമ്പത്യത്തില്‍ കലാശിക്കുന്ന ഇനങ്ങളെക്കുറിച്ചും, അതുണ്ടാക്കാവുന്ന സ്വാധീനങ്ങളെക്കുറിച്ചും കണ്ടു. ഇനിയുള്ളത് വിവാഹപര്യവസായിയായ പ്രണയങ്ങളാണ്. പ്രണയവിവാഹങ്ങള്‍ കുടുംബജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ എത്രകണ്ട് പങ്കുവഹിക്കുന്നുണ്ടാകും?
പ്രണയവിവാഹങ്ങളെക്കുറിച്ച് പ്രതിലോമമായ കാഴ്ചപ്പാടാണ് പണ്ടുതൊട്ടേ നിലനിന്നുപോരുന്നത്. അതിന് ദീര്‍ഘായുസുണ്ടാകില്ല അല്ലെങ്കില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയും കലഹവുംകൊണ്ട് പൊറുതിമുട്ടിയ ജീവിതമായിരിക്കും എന്നൊക്കെ. ഈ ദുര്‍വിധിക്ക് എന്തെങ്കിലും അടിസ്ഥാനം കാണുമോ?
പ്രണയം അതിന്റെ വസ്തുനിഷ്ഠാര്‍ത്ഥത്തില്‍ ഇരുവരെയും കൂട്ടിയിണക്കിയാല്‍, അതലസിപ്പിരിയുക സാധ്യമല്ല. അവിടെ ഭിന്നിപ്പും കലഹവും അന്യമായിരിക്കും.
ഓര്‍ക്കണം, പ്രണയം കരുണയും കരുതലും അംഗീകാരവും സാമീപ്യവും വിശ്വസ്തതയുമാണ്. കേവലവ്യവഹാരത്തിലെ പ്രേമമല്ലത്. അതൊരു സൗരഭ്യാനുഭവമാണ്.
ഇത്തരം പ്രണയങ്ങളില്‍ വിവേകത്തിനും ഗൗരവബുദ്ധിക്കുമാണ് മുന്‍തൂക്കം. പ്രണയിക്കുന്നവന്‍ സ്വയം തന്റെ കുറവുകളും മികവുകളും തിരിച്ചറിയുന്നു. അതുപോലെ രണ്ടാം കക്ഷിയെയും അവന്‍ കുറവുകളുടെയും മികവുകളുടെയും മാനദണ്ഡം വച്ച് വിസ്തരിച്ചുപഠിക്കുന്നു. അവിടെ പൂരകത്വം ഉണേ്ടായെന്ന് അന്വേഷിക്കുകയും ഫലപ്രദമായി വിനിയോഗിക്കാനുള്ള സാധ്യതകള്‍ കണെ്ടത്തുകയും ചെയ്യുന്നു. ശരിതെറ്റുകളെക്കുറിച്ചുള്ള തന്റെ വീക്ഷണം രണ്ടാം കക്ഷിയുടെതില്‍നിന്ന് എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണുകയും ആ ഭിന്നതയെ സര്‍ഗ്ഗാത്മകമായി ഉള്‍ക്കൊള്ളുകയോ ഉഭയസമ്മതത്തോടെ പരസ്പരം ഭേദഗതി ചെയ്ത് പരസ്പരാഭിമുഖ്യത്തില്‍ ഉത്തരോത്തരം മുന്നേറുകയും ചെയ്യും. നേട്ടങ്ങളില്‍ 'എന്റെ' എന്നോ വീഴ്ചകളില്‍ 'നിന്റെ' എന്നോ പ്രത്യേക ഊന്നലുകള്‍ കൊടുക്കുന്നില്ല. പ്രകീര്‍ത്തനങ്ങള്‍ക്കും പ്രകമ്പനങ്ങള്‍ക്കുംമുമ്പില്‍ 'നമ്മള്‍' ആയിത്തന്നെ നില്‍ക്കുമോ എന്നവര്‍ പരിശോധിച്ചറിയുന്നു. താത്ത്വികമായി ഒരു നല്ല കുടുംബത്തിലേക്കുള്ള വഴിതുറക്കുകയാണിവിടെ.
പ്രണയവിവാഹങ്ങള്‍ ദുരന്തപര്യവസായി ആയിത്തീരുന്ന പല സാഹചര്യങ്ങളുമുണ്ട്. പ്രണയസാക്ഷാത്കാരത്തിന്റെ ലക്ഷ്യങ്ങളായി വയ്ക്കപ്പെടുന്നത് അല്പായുസുകളായ ചില മോഹങ്ങളായിരിക്കാം.
സൗന്ദര്യം, സമ്പത്ത്, പ്രതാപം, ബുദ്ധിവൈഭവം, വ്യക്തിഗതസിദ്ധികള്‍ (കലാകായികസാംസ്‌കാരിക) തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നില്‍ ഒരാള്‍ ആകൃഷ്ടനാവുകയും അനുരാഗവഴികളില്‍ ആകസ്മികപ്രവേശം നടത്തിയെന്നുമിരിക്കട്ടെ. പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനുള്ള ആര്‍ജ്ജവവും തന്റേടവും ഒരാള്‍ കാണിക്കുന്നു. രണ്ടാംകക്ഷി ഓര്‍ക്കുന്നു: ''എന്നെപ്രതി, എന്നെ സ്വന്തമാക്കാനാണല്ലോ ഇതെല്ലാം!'' അവരതില്‍ ഭ്രമിച്ചുപോയാല്‍ അദ്ഭുതപ്പെടാനില്ല. ഈ ഘട്ടത്തില്‍ അവരെ തടയാന്‍ ആര്‍ക്കാണു സാധിക്കുക? അവര്‍ ഒരുമിക്കുകതന്നെ ചെയ്യും.
ബഹുസ്വരവ്യക്തിത്വത്തിലെ ഏകമാത്രഭാവത്തിലാണ് കക്ഷികളില്‍ ഒരാളുടെ കരളുടക്കിയിരിക്കുക. അതാണ് ഒന്നിച്ചുജീവിക്കാനുള്ള പ്രചോദനവും. ഇത് കാല്പനികബോധം സൃഷ്ടിക്കുന്ന ഒരു മായക്കാഴ്ചയാണ്. അസ്തിത്വശൂന്യതകളുടെ മൗനനൊമ്പരങ്ങളും ഈ മോഹിതവലയത്തിനു വര്‍ണ്ണപ്പകിട്ടേകാം.
വര്‍ഷത്തെത്തുടര്‍ന്ന് വരള്‍ച്ച വരവാകുന്നതുപോലെ യാഥാര്‍ത്ഥ്യത്തിന്റെ ഘട്ടം എത്തുകയായി. കാല്പനികതയുടെ ചാരുത നിറംമങ്ങുന്നു. അവരെ ഒന്നിപ്പിച്ച സിദ്ധികള്‍ക്ക് പ്രസക്തിയില്ലാതാകുന്നതോടെ പ്രതിസന്ധി രൂപപ്പെടും.
അഹം സര്‍പ്പത്തെപ്പോലെ ഫണം വിടര്‍ത്തുന്നു. ദംഷ്രടകള്‍ ഇരുപക്ഷത്തും മുറിവേല്‍പ്പിക്കുന്നു. അങ്ങനെ ഗോപ്യമായ ചിന്തക്ഷതങ്ങള്‍ മറനീക്കി പുറത്തുവരികയോ പുതിയവ ഉണ്ടാക്കുകയോ ചെയ്യുന്നു. ഇതാണ് പ്രേമവിവാഹങ്ങള്‍ പരാജയപ്പെടുന്നതിന്റെ നാള്‍വഴികള്‍.
പ്രണയം ഒരിക്കലും അസംതൃപ്തിക്കോ, അസമാധാനത്തിനോ ശിഥിലകള്‍ക്കോ കാരണമാകുന്നില്ല. വിവാഹത്തിനു മുമ്പായാലും വിവാഹാനന്തരമായാലും പ്രണയം ഏകമാണ്; ചിരഞ്ജീവിയാണ്. ഏകീഭാവത്തിനും അചലതയ്ക്കും അതിജീവനത്തിനും വേറൊരു ഒറ്റമൂലിയില്ല.

 

Login log record inserted successfully!