കുടുംബജീവിതം പ്രഭാപൂരമണിയുന്നത് പുതിയ ചുവടു വയ്പുകളിലൂടെയാണല്ലോ. സ്വപ്നങ്ങളുടെ ഒരു നീണ്ട നിരതന്നെ ദമ്പതിമാര്‍ക്കു മുമ്പിലുണ്ടാകും. തനിച്ചായിരുന്നപ്പോള്‍ സഫലീകരിക്കാത്ത മോഹങ്ങളും അതില്‍പ്പെടാം. എന്തുതന്നെയായാലും ഒരുവന്റെ സ്വപ്നസാക്ഷാത്കാരത്തിന് പങ്കാളിയുടെ സന്നദ്ധതയും സഹകരണവും കൂടിയേ തീരൂ. ഓരോരുത്തരും അതു പ്രതീക്ഷിക്കുന്നു.
ചില വിഷയങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. പുതിയ വീട്, വാഹനം, സൗഹൃദങ്ങള്‍, വിനോദയാത്ര, ബന്ധുവീട് സന്ദര്‍ശനം, വീട്ടുസാമാനങ്ങള്‍ വാങ്ങല്‍, പാചകം, ആഹാരരീതികള്‍, കുടുംബത്തിലെ മറ്റംഗങ്ങളുമായുള്ള ബന്ധം, ഫാമിലി പ്ലാനിംഗ്, കുട്ടികളുടെ ജനനം, അവരുടെ വിദ്യാഭ്യാസം, ബിസിനസ്, ജോലി, ആദ്ധ്യാത്മികത - തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഇടപെടേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും അഭിപ്രായസാരൂപ്യം ഉണ്ടാകണമെന്നില്ല. ചിലതിലെല്ലാം അഭിപ്രായഭിന്നതകളും ഉണ്ടാകും. പരിഹരിക്കപ്പെടാത്ത ഭിന്നതകള്‍ കലഹത്തിനു വഴിമരുന്നിടുന്നു.
കുട്ടികളെ വളര്‍ത്തിയെടുക്കുന്ന കാര്യം തന്നെയെടുക്കാം. കുഞ്ഞുങ്ങള്‍ തെ റ്റുചെയ്യുമ്പോള്‍ ശകാരിക്കാന്‍ പോകാതെ, ലാളിക്കുകയും സ്‌നേഹം വാരിക്കോരി നല്‍കുകയും ചെയ്യുന്നതാണ് ഭര്‍ത്താവിന്റെയിഷ്ടം. ഭാര്യയുടെ നിലപാട് നേരേ മറിച്ചാണ്. തല്ലും പിച്ചുമൊഴിഞ്ഞൊരു നേരമില്ല, ആക്രോശവും വിരട്ടലുമൊക്കെയാണ് അനുബന്ധസ്ട്രാറ്റെജികള്‍. മക്കളെ ലാളിച്ചു വഷളാക്കുന്നതില്‍ ഭാര്യയും ദണ്ഡിക്കുന്നതില്‍ ഭര്‍ത്താവും അങ്ങേയറ്റം ദുഃഖിതരാണ്. ക്രമേണ അവര്‍ തമ്മില്‍ വഴക്കായി വക്കാണമായി.
ഓരോ വ്യക്തിയിലും പച്ചപിടിച്ചു നില്‍ക്കുന്ന ശരിതെറ്റ് സങ്കല്പമാണ് ഇത്തരം ഭിന്നിപ്പുകളുടെ മുഖ്യകാരണം. തികച്ചും വ്യക്തിനിഷ്ഠമാണത്. ജീവിതാനുഭവങ്ങള്‍, വളര്‍ന്നു വന്ന സാഹചര്യങ്ങള്‍, റോള്‍ മോഡലുകള്‍ - ഇവയുടെയൊക്കെ സംഭാവന, ശരിതെറ്റ് സങ്കല്പത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ടാകും. കുട്ടിയെ നിഷ്‌കരുണം ശിക്ഷിക്കണമെന്ന ശരിയും ലാളനയെന്ന തെറ്റും - അമ്മയില്‍ മുദ്രണം ചെയ്യുന്നതിന്റെ രീതിശാസ്ത്രമിതാണ്. അച്ഛനില്‍ സംഭവിച്ചിട്ടുള്ളതും മറ്റൊന്നല്ല. ഇരുസങ്കല്പങ്ങളും അനിതരസാധാരണമായ പരാക്രമത്തോടെ പരസ്പരം ഏറ്റുമുട്ടുന്നു.
ഭര്‍ത്താവും ഭാര്യയും രൂപപ്പെടുത്തുന്ന ശരിതെറ്റ് സങ്കല്പം ഒരു വൃത്തത്തിനു സമാനമാണ്. അതാണ് അവരുടെ 'ഞാന്‍ ലോകം'. പരിധിയും പരിമിതിയും ഉള്ളതും സങ്കുചിതവുമാണ് ഈ വൃത്തം. അതില്‍ മിന്നിമറയുന്നവര്‍ക്ക്, സാര്‍വ്വത്രികത്വം കല്പിച്ചു കൊടുക്കുന്നു എന്നതാണ് വിരോധാഭാസം. ഫലമോ! ഞാന്‍ ശരി, നീ തെറ്റ് എന്നു വിളിച്ചു പറഞ്ഞ് പരിഹാസ്യനാകുക.
'ഞാന്‍ ലോക'ത്തിന് പുറത്ത് യഥാര്‍ത്ഥലോകം വളരെ വിസ്തൃതിയില്‍ നിലനില്ക്കുന്നുണ്ട്. അവിടെ സമസ്തവിഷയങ്ങള്‍ക്കുമുള്ള വിജ്ഞാനകോശങ്ങള്‍ അടുക്കിവച്ചിരിക്കുന്നു. എന്നാല്‍, 'ഞാന്‍ ലോകം' ഭേദിച്ച് അവിടേക്കു പ്രവേശിക്കാനും, അറിവിന്റെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങളെ സ്വാംശീകരിക്കാനും സാധിക്കുന്നില്ല. പുതിയ അറിവുകളെ അഹം ഭയപ്പെടുന്നു.
മറ്റൊന്ന് പരസ്പരം ശ്രദ്ധിക്കലും പഠനവുമാണ്. പങ്കാളിയുടെ സ്വരത്തിലെ ഭിന്നതയില്‍ എന്തെങ്കിലും പൊരുളടങ്ങിയിരിക്കുമോ? ഈയൊരു ജിജ്ഞാസ ഓരോ പങ്കാളിയും വച്ചുപുലര്‍ത്തേണ്ടതുണ്ട്! പക്ഷേ, അവിടെയും തടസ്സം അഹം ഉയര്‍ത്തുന്ന പ്രതിരോധമാണ്. മറ്റൊരാളുടെ ശരി, തന്റെ തെറ്റിലേക്കു തുറിച്ചു നോക്കുന്ന അനുഭവം, അഹത്തിന് അത്യന്തം വ്യാകുലകാരണമായി മാറും. അതിനെ പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തിരിക്കും.
ന്യൂനതകളെ തിരിച്ചറിയുകയും അപരന്റെ ശരിയെ സ്വാഗതം ചെയ്യുകയും ചെയ്യുമ്പോഴാണല്ലോ വിരുദ്ധധ്രുവങ്ങളില്‍ നിന്നു സമവായത്തിന്റെ മധ്യസ്ഥലികളിലേക്കടുക്കുക. ഇടങ്ങളുള്ളതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ അഹംബോധം ഇതിനാവശ്യമാകുന്നു. (അതൊരു രഹസ്യമായിരുന്നുകൊള്ളട്ടെ!)
ഇടങ്ങള്‍ പുതിയ അറിവുകളാല്‍ നിറയപ്പെടാനുള്ളതാണ്. അറിവ് വിജയവും ആത്മവിശ്വാസവും ഉറപ്പാക്കുകയും പൂര്‍ണ്ണതയിലേക്കു നയിക്കുകയും ചെയ്യുന്നു. അതിനെ നിരാകരിക്കുന്നത് (പൊള്ളയായ അഹത്തെ പ്രതി) സ്വയം കുഴിതോണ്ടലാണ്; ശുദ്ധ വങ്കത്തരമാണ്. പിടിവാശിയും മര്‍ക്കടമുഷ്ടിയുമൊക്കെ ഇടങ്ങളില്ലാതെ വാര്‍ത്തെടുക്കപ്പെട്ട അഹത്തിന്റെ പേടിച്ചരണ്ട നിലവിളികളാണ്. അല്ലെങ്കില്‍ വളര്‍ച്ചമുരടിപ്പിന്റെ നേര്‍ക്കാഴ്ചയാണ്.
സ്വന്തം നിലപാടില്‍നിന്ന് തിരിച്ചടി കിട്ടിയാലും അത്, തിരുത്താന്‍ മിനക്കെടാതെ പഴയതില്‍ കടിച്ചുതൂങ്ങുന്ന പ്രകൃതത്തിനു കാരണവും മറ്റൊന്നല്ല.
അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 'അഹം' ബഹുസ്വരതയെ മാനിക്കുന്നു. സമവായത്തിന് മുന്നിട്ടിറങ്ങുന്നു. കുടുംബജീവിതം ഭദ്രമാക്കുന്നു. പ്രണയം നൂറുമേനി വിളയുകയും ചെയ്യുന്നു.