ഈജിപ്ഷ്യന്‍ നാഗരികതയ്ക്കും ടൈഗ്രീസ് - യൂഫ്രട്ടീസ് നദികള്‍ മെസൊപ്പെട്ടോമിയയ്ക്കും മഞ്ഞനദി ചൈനീസ് സംസ്‌കാരത്തിനും കളമേകി. മനുഷ്യസംസ്‌കാരങ്ങള്‍ അവിടെ പുഷ്ടിപ്പെട്ടു വളര്‍ന്നു. മഹാനദികള്‍ക്കു പേരും പെരുമയുമായി. ആധുനികനഗരങ്ങളൊക്കെ ഉയര്‍ന്നുവളര്‍ന്നത് നദീതടങ്ങളിലാണല്ലോ. ലണ്ടനും പാരീസും ബെര്‍ലിനും റോമും ന്യൂയോര്‍ക്കും ടോക്കിയോയും കെയ്‌റോയും - അങ്ങനെ നീളുന്നു ആ പട്ടിക.
ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലുകള്‍തന്നെ. ശുദ്ധജലത്തിന്റെ ഏറിയഭാഗവും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളിലകപ്പെട്ടു കിടക്കുന്നു. ആകെയുള്ള ശുദ്ധജലത്തിന്റെ 0.3 ശതമാനം മാത്രമാണ് നദികളിലും തടാകങ്ങളിലും ഇതര ജലസ്രോതസ്സുകളിലുമൊക്കെ കാണുക. അവയില്‍ പ്രധാനം നദീജലമാണ്. മനുഷ്യാവശ്യത്തിന്റെ ഭൂരിഭാഗവും നിറവേറുന്നത് നദികളില്‍നിന്നാണ്. ഏതൊരു മഹാനദിക്കും അതുമായി ബന്ധപ്പെട്ട മനുഷ്യസമൂഹങ്ങളുടെ ചരിത്രമുണെ്ടന്നു കാണാം.
ലോകമഹാനദികളില്‍ എന്തുകൊണ്ടും പ്രമുഖസ്ഥാനമുള്ള നൈല്‍നദി, ഏറ്റവും നീളംകൂടിയതെന്ന അവകാശവാദമുണെ്ടങ്കിലും കണക്കുകള്‍ പ്രകാരം ആമസോണ്‍ നദി ആ മഹത്ത്വം കിരീടമാക്കുന്നുണ്ട്. ഗിന്നസ് ബുക്കുപ്രകാരം നൈല്‍തന്നെയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള നദി - 6625 കി.മീ. ആഫ്രിക്കയിലെ പതിനൊന്നു രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് നൈല്‍. ഈജിപ്തിന്റെ സ്വന്തം നദി. ഈജിപ്ഷ്യന്‍ മരുഭൂമികളിലൂടെ ഒഴുകുന്നു എന്ന പ്രത്യേകതകൂടിയുണ്ട് നൈലിന്. അയ്യായിരം വര്‍ഷത്തിലേറെയായി ഈജിപ്തിനു ശുദ്ധജലവും ഭക്ഷണവും കൃഷിഭൂമിയും ഗതാഗതമാര്‍ഗ്ഗവുമെല്ലാം ഒരുക്കിക്കൊണ്ടിരിക്കുന്ന പുണ്യമഹാനദിയാണിത്. ഇന്നിപ്പോള്‍ ഈജിപ്തിലെ 95 ശതമാനം ജനങ്ങളും കഴിയുന്നത് നൈല്‍നദിയുടെ തീരങ്ങളിലാണ്.
നൈലിന്റെ രണ്ടു പ്രധാന പോഷകനദികളാണ് വൈറ്റ് നൈല്‍, ബ്ലൂനൈല്‍ എന്നിവ. വൈറ്റ് നൈല്‍ ഉദ്ഭവിക്കുന്നത് ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളില്‍ എവിടെയോനിന്നാണ്. ബ്ലൂനൈലിന്റെ ഉദ്ഭവം എത്യോപ്യയിലെ താന തടാകത്തില്‍നിന്നാണ്. പിന്നീടത് സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വച്ച് വൈറ്റ് നൈലുമായി ചേര്‍ന്നൊഴുകുന്നു. ബൈബിളിലും ലോകചരിത്രത്തിലും സാഹിത്യത്തിലൂമെല്ലാം നൈല്‍നദിയെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്.