•  9 May 2024
  •  ദീപം 57
  •  നാളം 9
ബാലനോവല്‍

സ്വര്‍ണക്കുരിശ്

സ്‌നേഹം. കരുണ. മതസൗഹാര്‍ദം അതൊന്നും ഇന്നത്തെക്കാലത്തു കാണാന്‍ സാധ്യതയില്ല. പക്ഷേ, ഈ കുടുംബങ്ങളിലും ഇവിടത്തെ മനുഷ്യരിലും മേല്പറഞ്ഞകാര്യങ്ങള്‍ ധാരാളമുണ്ട്. സ്‌നേഹമുള്ളവരാണു കുന്നത്തുവീട്ടുകാര്‍. കരുണയുള്ളവരാണു ജോസഫിന്റെ വീട്ടുകാര്‍. സ്‌നേഹവും കരുണയുമെല്ലാം മനസ്സിലുള്ളവരാണു മിഖായേലിന്റെ വീട്ടുകാര്‍. കരുണയുള്ളവരാണു ജോസഫിന്റെ വീട്ടുകാര്‍. സ്‌നേഹവും കരുണയുമെല്ലാം മനസ്സിലുള്ളവരാണു മിഖായേലിന്റെ വീട്ടുകാര്‍. ദൈവത്തിനു നല്‍കാനിരുന്ന സ്വന്തം ജീവിതം ഒരു കുഞ്ഞിനെ സ്‌നേഹിച്ചു പരിപാലിക്കാന്‍ റാണി നല്‍കിയിരിക്കുന്നു. റാണി ഒരു മാലാഖയാണ്.
കര്‍ത്താവിന്റെ മണവാട്ടിയാകാനിരുന്നവള്‍... ആ ദൗത്യം മാറ്റിവച്ചിട്ട് അതിലും മഹത്തായ കാര്യം ഏറ്റെടുത്തിരിക്കുന്നു. അമ്മയില്ലാത്തൊരു കുഞ്ഞിനു സ്വയം അമ്മയാവുക. ആ കുഞ്ഞിനെ നോക്കി പരിപാലിച്ചു വളര്‍ത്തുക. റാണി ഏറ്റെടുത്തിരിക്കുന്ന ദൗത്യം വളരെ വിലപ്പെട്ടതാണ്. നല്ലൊരു കാര്യം. നല്ല മനസ്സുള്ളവര്‍ക്കും കാരുണ്യവാന്മാര്‍ക്കും മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ. റാണിയെ സംബന്ധിച്ചു പറഞ്ഞാല്‍ അവളൊരു സ്ത്രീരത്‌നമാണ്. ദൈവവിളി കിട്ടിയവളാണ്. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ നോമ്പുനോറ്റിരുന്നവളാണ്. പക്ഷേ, ദൈവം തീരുമാനിച്ചു. മകളേ നീ എന്റെ മണവാട്ടി ആകണ്ടാ എന്ന്. പകരം ഒരു കുഞ്ഞിനമ്മയാകൂ... നീ പ്രസവിക്കാത്തൊരു കുഞ്ഞിന്റെ മാതാവാകൂ... നിന്റെ ചേച്ചിയുടെ കുഞ്ഞിനെ സ്വന്തംപോലെ നോക്കൂ. അകാലത്തില്‍ മരണമടഞ്ഞ നിന്റെ ചേച്ചി നിന്റെ സ്വന്തം ചേച്ചിയല്ല. എങ്കിലും രക്തബന്ധമുള്ള ബന്ധുവാണ്. അപ്പോള്‍ ചേച്ചി തന്നെ. കര്‍ത്താവു നിശ്ചയിച്ചത് ആ കുഞ്ഞു നിന്റെ മകളാകുവാനാണ്. കര്‍ത്താവിന്റെ തിരുവിഷ്ടം നിറവേറട്ടെ.
  *     *   *
കാറില്‍നിന്നിറങ്ങിയ ശേഖരന്‍ തമ്പിയെ വരവേറ്റത് ഒരുപാടു ചോദ്യങ്ങളാണ്.
''എന്തായി ജോസഫിന്റെ വീട്ടിലെ കാര്യങ്ങള്‍?'' ലക്ഷ്മിമുത്തശ്ശി ചോദിച്ചു.
''പറയൂ ജോസഫ് കുഞ്ഞിനെ എന്തു ചെയ്യാനാണു ഭാവം. ഓര്‍ഫനേജിലാക്കുമോ?'' സുഭദ്ര ചോദിച്ചു.
''എനിക്കതിനെ കാണാന്‍ കൊതിയാകുന്നുണ്ട്. അച്ഛാ എന്നെ ഒന്നു ഷിബിന്റെ വീട്ടില്‍ കൊണ്ടുപോകുമോ...'' ശുഭയാണു ചോദിക്കുന്നത്.
''ഷിബിന്‍ എന്തെടുക്കുന്നു അച്ഛാ. അവന്റെ സങ്കടമൊക്കെ മാറിയോ?'' രതീഷാണ്.
''എല്ലാവരുടെയും ചോദ്യങ്ങള്‍ക്കു ഞാനുത്തരം പറയാമമ്മേ.'' ശേഖരന്‍ തമ്പി പറഞ്ഞു.
''ജോസഫിന്റെ വീട്ടിലെ കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമായമ്മേ.''
''ആ കുഞ്ഞിനെ അവര്‍ ഓര്‍ഫനേജിലാക്കുന്നില്ല. പകരം റാണി അവളെ വളര്‍ത്തും സുഭദ്രേ.''
''നിന്നെ ഞാന്‍ നാളെ ഷിബിന്റെ വീട്ടില്‍ കൊണ്ടുപോകാം. കുഞ്ഞിനെ കാണിക്കാം ശുഭേ.''
''ഷിബിന്റെ സങ്കടമൊക്കെ മാറി വരുന്നതേയുള്ളൂ രതീഷെ.''
ശേഖരന്‍ തമ്പിയുടെ ഉത്തരങ്ങള്‍ അവരെ തൃപ്തരാക്കി. 
''ആ ഗ്രേസീടെ ഓര്‍മ മനസ്സീന്നങ്ങട്ടു മാറണില്ല ശേഖരാ...'' ലക്ഷ്മിമുത്തശ്ശി പറഞ്ഞു.
''അതെളുപ്പം മാറില്ല അമ്മേ. അവളിവിടുത്തെ ഒരംഗമായിരുന്നില്ലേ.''
''അതെയതെ... എത്ര പെട്ടെന്നാണ് ദൈവം അവളെ അങ്ങേ ലോകത്തേക്കു വിളിച്ചത്...'' മുത്തശ്ശി ദുഃഖിച്ചു.
ശുഭ താടിക്കു കൈകൊടുത്ത് എന്തോ ഓര്‍ത്തിരുന്നു. 
''എല്ലാം വിധിയാണെന്നു സമാധാനിക്കുക. ദൈവം തീരുമാനിക്കുന്നതിനപ്പുറത്തേക്കുനമ്മള്‍ക്കു വല്ലതും ചെയ്യാന്‍ പറ്റ്വോ...''
സുഭദ്ര ദീര്‍ഘമായി നിശ്വസിച്ചു. 
''എന്റെ ഷിബിന് അമ്മയില്ലാണ്ടായല്ലോ.'' രതീഷ് അങ്ങനെ പറഞ്ഞ് സങ്കടപ്പെട്ടു.
''മോനെ ഇപ്പോള്‍ അവനൊരമ്മ വന്നിട്ടുണ്ട് റാണി.''
''എന്നാലും പ്രസവിച്ച അമ്മയെപ്പോലാകുമോ?''
''ശരിയാണു പക്ഷേ...'' ശുഭ അര്‍ദ്ധോക്തിയില്‍ വിരമിച്ചു.
''രതീഷേ, നീ ഇടയ്‌ക്കൊക്കെ അതിലേ പോയി ഷിബിനെ സമാധാനിപ്പിക്കണം. ആ റാണിച്ചേച്ചിയുമായി പരിചയപ്പെടണം. കുഞ്ഞിനെ കൊഞ്ചിക്കണം. ജോസഫ് ചേട്ടനോടു തമാശകള്‍ പറയണം...''
''ശരി ചേച്ചീ നാളെയാകട്ടെ. ചേച്ചീം എന്റെ കൂടെ വരണം.''
''വരാം.'' ശുഭ സമ്മതിച്ചു.
''എല്ലാവരും വരൂ ഊണു കഴിക്കാം.'' സുഭദ്ര വിളിച്ചു.
ഡൈനിംഗ് ടേബിളിനു ചുറ്റും അവര്‍ ഇരുന്നു. 
''അമ്മ ഇരിക്കുന്നില്ലേ...?'' സുഭദ്ര ലക്ഷ്മിമുത്തശ്ശിയോടു ചോദിച്ചു.
''ബാത്ത് റൂമിലൊന്നു പോയിട്ടു വരാം മോളെ.''
''ആയിക്കോട്ടെ.''
സുഭദ്ര ഊണു വിളമ്പി.
''ഇന്നു ഞാന്‍ അവിയല്‍ വെച്ചു, ഗ്രേസിയുണ്ടാക്കുന്നത്രയും ടേസ്റ്റു കാണില്ല. അവള്‍ക്കൊരു പ്രത്യേക കൈപ്പുണ്യമല്ലായിരുന്നോ.''
ശേഖരന്‍തമ്പി അല്പം അവിയലെടുത്തു കഴിച്ചു നോക്കി.
''കൊള്ളാം. വലിയ തെറ്റില്ലെന്നു തോന്ന്ണു.''
''ഇനീപ്പോ ഒന്നു പഠിച്ചു വരണം ശേഖരേട്ടാ.''
തോരനും അച്ചാറും പപ്പടവുമൊക്കെ ശുഭയാണു വിളമ്പിയത്. അപ്പഴേക്കും മുത്തശ്ശി ബാത്ത്‌റൂമില്‍നിന്നു വന്നു.
''എനിക്കൂടി വെളുമ്പിക്കോ സുഭദ്രേ.''
''അമ്മയിരുന്നോളൂ.''
മുത്തശ്ശി ശേഖരന്റെ അടുത്തിരുന്നു.
''ന്താ ശേഖരാ ഒരാലോചന. ഉണ്ണണില്ലേ...''
ശേഖരന്‍ തമ്പി ചോറില്‍ സാമ്പാറൊഴിച്ച് ഉണ്ണാന്‍ തുടങ്ങി.
 
(തുടരും)
Login log record inserted successfully!