ഇലകള്‍ ചേര്‍ത്തുവച്ചു കൂടു തുന്നുന്നതില്‍ വിരുതു കാണിക്കുന്നവരാണ് പൊതുവേ തുന്നാരന്‍ പക്ഷികള്‍. ഒലിവിന്റെ പച്ചനിറമാര്‍ന്നവരാണീ കൂട്ടര്‍. എന്നാല്‍, ഇവയുടെ നെറ്റിത്തടത്തിലും തലയിലും മുന്‍ഭാഗത്തായി ചെമ്പന്‍നിറമാണ്. മങ്ങിയ മഞ്ഞനിറം കലര്‍ന്ന വെള്ളനിറമാണ് ശരീരത്തിന്റെ അടിഭാഗത്തിന്. പാടുമ്പോള്‍ തൊണ്ടയുടെ വശങ്ങളില്‍ ഇരുണ്ട പുള്ളികള്‍ കാണാനാവും. വെള്ളനിറമുള്ള കണ്‍പുരികവും തുന്നാരന്റെ ഭംഗി കൂട്ടുന്നു. നമ്മുടെ കൃഷിയിടങ്ങളിലും വനാതിര്‍ത്തികളിലും തുന്നാരനെ കാണാം. ചെറുകിളികളിലെ ഇന്ദ്രജാലക്കാരാണ് തുന്നാരന്‍പക്ഷികള്‍. വലുപ്പം പത്തു സെന്റീമീറ്ററോളമേയുള്ളൂവെങ്കിലും കൈവിരുത് മലയോളംവരും. യഥാര്‍ഥത്തില്‍ പുല്‍ക്കുരുവികളുടെ ഒരു ബന്ധുവാണ്. ആണും പെണ്ണും ഒരുപോലെയിരിക്കും. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ശത്രുക്കളില്‍നിന്നു രക്ഷനേടാനുതകുംവിധമാണല്ലോ പച്ചനിറമുള്ള ശരീരം. ഗ്രാമമെന്നോ നഗരമെന്നോ നോക്കാതെ തുന്നാരന്‍ ഇപ്പോള്‍ കടന്നുവരുന്നതാണു കാഴ്ച. ചെറുചില്ലയില്‍ തല ശരീരത്തിനു തിരശ്ചീനമായും വാല്‍ വില്ലുപോലെ മുകളിലേക്കു വളച്ചുപിടിച്ചുമാണ് ഇരിപ്പ്.
തുന്നാരന്റെ കൂടൊരുക്കലാണ് ഇന്ദ്രജാലം സൃഷ്ടിക്കുക. രണ്ടോ മൂന്നോ ഇലകള്‍ തുന്നിച്ചേര്‍ത്താണ് തുന്നാരന്‍ കൂടൊരുക്കുക. ഇലകളുടെ വക്കുകള്‍ അഥവാ അഗ്രങ്ങള്‍ ചേര്‍ത്തുവച്ചു അദ്ഭുതകരമാംവിധം തുന്നിച്ചേര്‍ത്തു കൂടൊരുക്കുന്നു. ഏതൊരു തുന്നല്‍ക്കാരനെയും വെല്ലുന്നതാണിത്. നാരും നൂലുമൊക്കെ തുന്നാന്‍ ഉപയോഗിക്കുന്നു. സൂചിക്കൊക്ക് ഉപയോഗിച്ച് ഇലയുടെ അരികുകള്‍ പരസ്പരം ചേര്‍ത്തുകവര്‍ന്നിരിക്കുന്ന വശങ്ങളിലൂടെ നൂല്‍ കയറ്റിയിറക്കിയാണ് തുന്നല്‍പ്പണി ചെയ്യുക. തുന്നിയ നൂല്‍ ഊരിപ്പോകാതിരിക്കാന്‍ നൂലിന്റെ രണ്ടറ്റത്തും മറ്റിടങ്ങളിലും കുടുക്കിട്ടു ഭദ്രമാക്കാനും ടെയ്‌ലര്‍ ബേഡ് മറക്കില്ല. നെയ്‌തെടുത്ത ഇലകള്‍ എയര്‍ടൈറ്റായി സൂക്ഷിക്കാനും തുന്നാരനറിയാം. പഞ്ഞിയും തൂവലും പോലെയുള്ള നൈസായ സാധനങ്ങള്‍ വിരിച്ച് ഇലക്കൂടിന്റെ ഉള്‍വശമൊരുക്കുന്നു. ഇലക്കൂട്ടില്‍ തുന്നല്‍ക്കാരി മുട്ടയിടുന്നു. അടുത്ത തലമുറയെ വരവേല്‍ക്കാന്‍ ഇത്രയേറെ കരുതലുകള്‍ കാണിക്കുന്ന ഒരു കുഞ്ഞന്‍പക്ഷി വേറേയില്ല.