കാഴ്ചപ്പാടുകളും അനുഭവതലങ്ങളും വ്യത്യസ്തമാണെങ്കിലും എല്ലാ മനുഷ്യരുടെയുള്ളിലും ആത്മീയതയുണ്ട്. എല്ലാവരും ആത്മീയരുമാണ്. പക്ഷേ, വിലയിരുത്തലുകള്‍ക്കനുസരിച്ച് അവയില്‍ ഏറ്റക്കുറച്ചിലോ അളവുഭേദങ്ങളോ ആഴവ്യത്യാസങ്ങളോ കണ്ടേക്കാമെന്നു മാത്രം.
ആത്മീയതയുടെ ബാഹ്യരൂപവും അടയാളവുമാണ് ഭക്തകൃത്യാനുഷ്ഠാനങ്ങള്‍. പ്രകടനപരതയും ആചാരാനുഷ്ഠാനങ്ങളും അവയുടെ ഭാഗമാണ്. എന്നാല്‍, അവയുണ്ടെങ്കില്‍മാത്രമേ മനുഷ്യര്‍ ആത്മീയരാകൂ എന്നു ശഠിക്കരുത്. വിവിധ മാനങ്ങളും അടരുകളുമുള്ള ആത്മീയതയുടെ ഒരു ഭാഗം മാത്രമേ അതാകുന്നുള്ളൂ.
മലയാളസിനിമയില്‍ പല കാലങ്ങളിലായി പരന്നൊഴുകിയിരുന്ന ആത്മീയസാന്നിധ്യങ്ങളിലേക്കു കടന്നുചെല്ലുന്നതിനു മുന്നോടിയായി ഇത്രയും കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ.
മലയാളസിനിമയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതിലൊരു ഘട്ടം പുരാണസിനിമകളെന്നോ ആത്മീയസിനിമകളെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന സിനിമകളുടേതായിരുന്നുവെന്നു മനസ്സിലാവും. മലയാളത്തിലെ ആദ്യത്തെ പുരാണസിനിമ 1941 ല്‍ പുറത്തിറങ്ങിയ പ്രഹ്ലാദയായിരുന്നു. മലയാളത്തില്‍ ഒരുകാലത്ത് താരശോഭയോടെ വിരാജിച്ചിരുന്ന നിര്‍മാണക്കമ്പനിയായ മെരിലാന്റിന്റെ കാര്യം ഇവിടെ പ്രത്യേകം പറയണം. ഹൈന്ദവപുരാണസിനിമകള്‍ എത്രയോ എണ്ണമാണ് മെരിലാന്റില്‍നിന്നു പുറത്തിറങ്ങിയിട്ടുളളത്! പക്ഷേ, അപ്പുറത്ത് ഉദയ ഉണ്ടായിട്ടും അവിടെനിന്ന് അത്തരം ശ്രമങ്ങള്‍ അധികമൊന്നും ഉണ്ടായതുമില്ല.
മലയാളസിനിമയില്‍ ആദ്യമായി ബൈബിള്‍കഥ സിനിമയായത് 1961 ല്‍ ആയിരുന്നു. പേര് സ്‌നാപകയോഹന്നാന്‍. തുടര്‍ന്ന്, 1973 ല്‍ ജീസസ്. 1975 ല്‍ തോമാശ്ലീഹ, കരുണാമയുഡു എന്ന തെലുങ്കുചിത്രത്തിന്റെ റീമേക്ക് എന്ന രീതിയില്‍ 1978 ല്‍ മിശിഹാചരിത്രം. ഇങ്ങനെ ധാരാളം സിനിമകള്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ ഇടവേളകളായിട്ടാണെങ്കിലും ക്രൈസ്തവ പശ്ചാത്തലത്തില്‍നിന്നു പുറത്തിറങ്ങിയിട്ടുണ്ട്.
പിന്നീട് ഇത്തരം പ്രവണതകള്‍ നേര്‍ത്തുനേര്‍ത്തില്ലാതാവുകയും പുരാണേതിവൃത്തങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാല്‍, ഇതിനു മാറ്റം വന്നത് മെല്‍ഗിബ്‌സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന ചിത്രത്തോടെയായിരുന്നു. മലയാളത്തിലും ഈ സിനിമ ഉണര്‍ത്തിവിട്ട തരംഗങ്ങള്‍ പെട്ടെന്നൊന്നും അവസാനിക്കുന്നവയായിരുന്നില്ല. ഇന്നും പുതുതലമുറയ്ക്ക് ക്രിസ്തുവും പീഡാസഹനവുമെന്നാല്‍ മെല്‍ഗിബ്‌സണ്‍ന്റെ പ്രസ്തുത ചിത്രത്തിലേതുതന്നെ.
2004 ലാണ് പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് പുറത്തിറങ്ങിയത്. പക്ഷേ, അതിന് രണ്ടു വര്‍ഷം മുമ്പ് മലയാളത്തില്‍ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു രഞ്ജിത്തിന്റെ നന്ദനം. വര്‍ത്തമാനകാലത്തിലെ ദൈവസാന്നിധ്യാവബോധത്തിന്റെ സൗമ്യദീപ്തമായ ഓര്‍മപ്പെടുത്തലായിരുന്നു നന്ദനം.
നിസ്സഹായരുടെയും ദുര്‍ബലരുടെയും അരികുജീവിതങ്ങളുടെയും ദുഃഖങ്ങളില്‍ ഇടപെടുന്ന ഭഗവല്‍സാന്നിധ്യത്തെയായിരുന്നു പ്രേക്ഷകര്‍ ഈ സിനിമയിലൂടെ തിരിച്ചറിഞ്ഞത്. മലയാളസിനിമ അതുവരെ പരിചയിച്ച ആത്മീയപാഠങ്ങളില്‍നിന്ന് അമ്പേ വ്യത്യസ്തമായിരുന്നു ഇതിന്റെ അവതരണം.
ഏതൊരു വിശ്വാസിയുടെയും കണ്ണീരിനുമുമ്പില്‍ ദൈവത്തിന് ഇടപെടാതിരിക്കാനാവില്ലെന്ന ഉറച്ച ബോധ്യമാണ് നന്ദനം നല്കിയതെങ്കില്‍ കരയുന്നവന്റെ കണ്ണീരൊപ്പുന്ന മനുഷ്യനു വിശുദ്ധസാന്നിധ്യമാകാന്‍ കഴിയും എന്നായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് പറഞ്ഞുതന്നത്. ദൈവസാന്നിധ്യങ്ങളെ, ദൈവിക ഇടപെടലുകളെ അങ്ങേയറ്റം വ്യത്യസ്തമായ രീതിയിലാണ് ഈ രണ്ടുചിത്രങ്ങളും അവതരിപ്പിച്ചത്. രണ്ടും രഞ്ജിത്ത് എന്ന പ്രതിഭയുടെ സൃഷ്ടിയായിരുന്നു.
പേരും പ്രശസ്തിയും നേടാന്‍ പരക്കംപാഞ്ഞുനടക്കുന്ന അരിപ്രാഞ്ചിയുടെ ജീവിതത്തില്‍ പുണ്യാളന്റെ ഇടപെടല്‍ വരുത്തിയ മാറ്റങ്ങള്‍ എത്രയോ വിസ്മയകരമായിരുന്നു, സത്യത്തില്‍ ദൈവാനുഭവങ്ങള്‍ വ്യക്തികളുടെ ഉദ്ദിഷ്ടകാര്യസിദ്ധിക്കുവേണ്ടിമാത്രമുള്ളതാകണം. അവ വ്യക്തിയുടെ ജീവിതത്തില്‍ നവീകരണവും മാറ്റവും വരുത്താന്‍വേണ്ടിയുള്ളതാകണം. ക്രൈസ്തവ ആത്മീയതയുടെ കാതല്‍ ഇത്രത്തോളം ഫലപ്രദമായും ലളിതമായും പറഞ്ഞുതന്നിട്ടുള്ള മറ്റൊരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല എന്നു നിസ്സംശയം പറയാം.
ബൈബിള്‍ റീലോഡഡ് എന്ന രീതിയില്‍ പുറത്തിറക്കിയ ലിയോ തദേവൂസിന്റെ പന്ത്രണ്ട് എന്ന സിനിമയും പരാമര്‍ശവിധേയമാകേണ്ടതുണ്ട്. ക്രിസ്തുവും മഗ്ദലനമറിയവും സ്‌നാപകയോഹന്നാനും പത്രോസും അന്ത്രയോസും ലാസറുമൊക്കെ വര്‍ത്തമാനകാലത്തില്‍ പുനരവതരിപ്പിക്കപ്പെടുകയാണു പന്ത്രണ്ടില്‍ ചെയ്തതെങ്കിലും അക്കാര്യങ്ങള്‍ ചേരുംപടി ചേര്‍ക്കുന്നതിനും ആസ്വാദ്യമായവിധം പാകം ചെയ്യുന്നതിനും വിളമ്പി നല്കുന്നതിനും എത്രത്തോളം ലിയോയ്ക്കു സാധിച്ചിട്ടുണ്ടെന്നത് ഒരു ചോദ്യമാണ്.
സമീപകാലചിത്രങ്ങളായ കള്ളനും ഭഗവതിയും, എന്താടാ സജീ എന്നീ സിനിമകളാണ് നന്ദനവും പ്രാഞ്ചിയേട്ടനുംപോലെ വ്യക്തികളുടെ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്ന ദൈവികാനുഭവങ്ങളുടെ പുതിയ ഉദാഹരണങ്ങള്‍. ഒരു കള്ളന്റെ ജീവിതത്തില്‍ ഭഗവതി നടത്തുന്ന ഇടപെടലുകളാണ് പേരു സൂചിപ്പിക്കുന്നതുപോലെ കള്ളനും ഭഗവതിയും അവതരിപ്പിക്കുന്നത്.
ആദ്യവിവാഹം മുടങ്ങിപ്പോയ, പുരനിറഞ്ഞുനില്ക്കുന്ന സജിമോളുടെ ജീവിതത്തില്‍ റോക്കിപ്പുണ്യവാന്റെ കടന്നുവരവോടെ ഉണ്ടാകുന്ന ക്രിയാത്മകമായ മാറ്റങ്ങളാണ് എന്താടാ സജിയിലുള്ളത്. പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനകളൊന്നും വെറുതെയാവുന്നില്ലെന്നും എന്നാല്‍, എല്ലാ പ്രാര്‍ഥനകളും ദൈവം കേള്‍ക്കേണ്ടവയോ നിവര്‍ത്തിച്ചുകൊടുക്കേണ്ടവയോ അല്ലെന്നുമാണ് റോക്കിപ്പുണ്യവാളന്‍ സിനിമയില്‍ പറയുന്നത്. പ്രാര്‍ഥിച്ചിട്ടും കിട്ടാതെപോകുന്ന അനേകം കാര്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടികൂടിയാണ് ഈ ചിത്രം.
സിനിമയുടെ തുടക്കത്തില്‍ പറയുന്നതുപോലെ സെബസ്ത്യാനോസിനെയോ ഗീവര്‍ഗീസിനെയോ അന്തോണീസിനെയോപോലെ പരിചിതനല്ലാത്ത റോക്കിപ്പുണ്യവാളനെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയം.
പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് - സീക്വല്‍, പാദ്രെ പിയോ തുടങ്ങിയ വരാനിരിക്കുന്ന ഹോളിവുഡ് സിനിമകളെല്ലാം ക്രൈസ്തവ ആത്മീയതയുടെ മുഖം തന്നെയാണു പ്രകാശിപ്പിക്കുന്നത്. ലോകവ്യാപകമായിത്തന്നെ അവയെല്ലാം ശ്രദ്ധിക്കപ്പെടാനുള്ള സാധ്യതകളുമുണ്ട്.
മനുഷ്യമനസ്സിന്റെ അസ്വസ്ഥതകള്‍ക്കുള്ള പരിഹാരമാണ് ആത്മീയത. ദൈവമേ, നിന്നില്‍ അലിയുവോളം എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും എന്ന് സെന്റ് ആഗസ്തീനോസ് നെടുവീര്‍പ്പിടുന്നതുപോലെയാണ് അത്. ആത്മാവിന്റെ ഇത്തരത്തിലുള്ള അസ്വസ്ഥകള്‍ക്ക് ഉത്തരം കണ്ടെത്താനായിരിക്കാം ഓരോരോ കാലങ്ങളിലായി ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ സിനിമകളില്‍ ആവര്‍ത്തിക്കുന്നത്.
മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്നതാണ് ആത്മീയതയെന്നു പറയാം. 'ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രമേ കണ്ടുള്ളൂ' എന്ന നന്ദനത്തിലെ ബാലാമണിയുടെ ഡയലോഗ് ഏറെ പ്രസിദ്ധമാണല്ലോ. സത്യത്തില്‍ വ്യക്തിയും ദൈവവും തമ്മിലുളള ബന്ധത്തെ നിര്‍വചിക്കാന്‍ അതിലും വലിയ വിശേഷണം മറ്റൊന്നില്ല തന്നെ. കാരണം, വ്യക്തിപരമായി ദൈവവുമായി ഉണ്ടായിരിക്കേണ്ട ബന്ധമാണ് ആത്മീയത.
ദൈവവും വിശുദ്ധരുമൊക്കെ ഇന്നും നമ്മുടെ ജീവിതത്തില്‍ ഏതൊക്കെയോ തരത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നുവെന്നതിന്റെ ചെറിയ ചെറിയ മിന്നല്‍വെളിച്ചങ്ങളാണ് മേല്പറഞ്ഞ സിനിമകളെല്ലാം. മനുഷ്യനെ ആത്മീയതയിലേക്കു നയിക്കാനുളള ചില ശ്രമങ്ങള്‍. എന്നാല്‍, ആ ശ്രമങ്ങള്‍ പൂര്‍ണതോതില്‍ ചിലയിടത്തെങ്കിലും വിജയിച്ചുവെന്ന് അവകാശപ്പെടാനാവില്ല. പക്ഷേ, അങ്ങനെയൊരു ശ്രമം നടന്നുവെന്നതാണ് പ്രധാനം. അതിനു നമുക്കു കൈയടിക്കാതെയും കൈകൊടുക്കാതെയുമിരിക്കാനാവില്ല.