പക്ഷിവംശത്തിലെ ഏറ്റവും പഴയ വര്‍ഗങ്ങളിലൊന്നാണ് നീര്‍ക്കാക്ക. ഇവയില്‍ നീര്‍ക്കാക്ക, ചെറിയ നീര്‍ക്കാക്ക, കിന്നരി നീര്‍ക്കാക്ക എന്നിങ്ങനെ മൂന്നു കൂട്ടര്‍ കേരളത്തില്‍ കാണപ്പെടുന്നു. വലിയ മത്സ്യങ്ങളെപ്പോലും ഇവയ്ക്കു വിഴുങ്ങാന്‍ കഴിയുന്നു. അതിനു പറ്റിയ പാകത്തില്‍ കണ്ണിനു പിന്‍ഭാഗം വരെയും ഇവയ്ക്കു വാകീറല്‍ കാണാം. ചുണ്ടിന്റെ ഘടന താറാവിന്റേതുപോലെയാണെങ്കിലും അഗ്രം കഴുകന്റെ കൊക്കുപോലെ വളഞ്ഞിരിക്കുന്നു. നീര്‍ത്തടങ്ങളുടെ സമ്പുഷ്ടതയുടെയും മത്സ്യസമ്പത്തിന്റെയും നല്ല സൂചകരാണ് നീര്‍ക്കാക്കകള്‍. നീര്‍ക്കാക്കളുടെ സാന്നിധ്യം കണ്ടാല്‍ തടാകങ്ങള്‍ ജലജീവികള്‍കൊണ്ട് വിശിഷ്യാമത്സ്യങ്ങളെക്കൊണ്ട് സമ്പന്നമായിരിക്കുമെന്നൂഹിക്കാം. ഏറ്റവുമധികം ആഹാരം അകത്താക്കുന്ന പക്ഷികളുടെ കൂട്ടത്തില്‍ മുമ്പന്മാരാണ് നീര്‍ക്കാക്കകള്‍. ഇവയുടെ മുഖ്യഭക്ഷണം മീന്‍തന്നെ.
അസാധാരണത്വംകൊണ്ട് ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന പക്ഷികളാണ് നീര്‍ക്കാക്കകള്‍. ഒട്ടുമിക്ക ജലപ്പക്ഷികളില്‍ നിന്നും വ്യത്യസ്തമായി തലയൊഴികെ ബാക്കി ശരീരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ജലം പിടിക്കുന്ന തൂവലുകള്‍ കുതിര്‍ത്ത് ആഴങ്ങളിലേക്കു താഴ്ന്നുപോകാന്‍ സഹായിക്കുന്നു. അങ്ങനെ ദീര്‍ഘനേരം വെള്ളത്തിനടിയില്‍ തങ്ങി ഇര തേടാന്‍ ഇവയ്ക്കു സാധിക്കുന്നു. കൊക്കുകള്‍ക്കും കൊറ്റികള്‍ക്കുമൊപ്പമാണ് നീര്‍ക്കാക്കകളും കൂടുകൂട്ടുക. പലപ്പോഴും കൂടുകള്‍ ഇവ പൊതുവായി ഉപയോഗിക്കാറുമുണ്ട്. മുട്ടയ്ക്ക് ഇളംനീലനിറമാണ്. കുഞ്ഞുങ്ങള്‍ക്കു തള്ളപ്പക്ഷി തന്റെ ആമാശയത്തിലെ പകുതി ദഹിച്ച ഭക്ഷണമാണു നല്‍കുക. സാധാരണമായി മൂന്നോ നാലോ കുഞ്ഞുങ്ങള്‍ കാണും.
ചെറിയ നീര്‍ക്കാക്കയെ കാക്കത്താറാവ് എന്നു വിളിക്കാറുണ്ട്. ചേരക്കോഴിയും ചെറിയ നീര്‍ക്കാക്കയും ഒറ്റ നോട്ടത്തില്‍ വളരെ സാമ്യമുള്ളതായി കാണാം. ഇവ രണ്ടും ഒന്നിച്ച് ഇര തേടി കാണാറുണ്ട്. ചെറിയ നീര്‍ക്കാക്ക നീന്തുകയും മുങ്ങാംകുഴിയിടുകയും ചെയ്യുന്നു. നീന്തുമ്പോള്‍ തലയും കഴുത്തും മാത്രമേ പുറമേ കാണാറുള്ളൂ. മരങ്ങളില്‍ കാക്കയുടേതിനു സമാനമായി കൂടൊരുക്കി കാണുന്നു.
കേരളത്തിലെ മിക്കവാറും പ്രദേശങ്ങളില്‍ കണ്ടുവരുന്ന പക്ഷി തന്നെ ചെറിയ നീര്‍ക്കാക്ക. ജലപ്പരപ്പിലെ മരക്കുറ്റികളിലും മറ്റും കയറിയിരുന്നു വിശ്രമിക്കുന്ന ഈ പക്ഷിയുടെ ശരീരമാകെ തിളക്കമാര്‍ന്ന കറുപ്പുനിറം. തടിച്ചുകുറുകിയ കഴുത്ത്. താടിയില്‍ അല്പം വെളുത്ത തൂവലുകള്‍ കാണാം. കൊക്കിനു നല്ല മൂര്‍ച്ചയുണ്ടാകും. ജലാശയത്തിലൂടെ വേഗത്തില്‍ നീന്താനും ഊളിയിടാനും ഇവയ്ക്കു കഴിയുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പക്ഷിയിനമാണിത്. ഒരുകാലത്തു ധാരാളമായി കാണപ്പെട്ടിരുന്ന ചെറിയ നീര്‍ക്കാക്കകളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്.