•  28 Nov 2024
  •  ദീപം 57
  •  നാളം 38
കാഴ്ചയ്ക്കപ്പുറം

അക്ഷരത്തെറ്റ് പാടില്ലാത്ത കാവ്യം

ലേഖനങ്ങളിലും പുസ്തകങ്ങളിലും കല്ലുകടിയുണ്ടാക്കുന്ന ഒന്നാണ് അക്ഷരത്തെറ്റ്. ചിലപ്പോള്‍ ആസ്വാദനത്തെപ്പോലും വഴിതെറ്റിക്കാന്‍ ഇടയാക്കുന്ന പിഴവാണ് അത്. കേവലം ഒരു പുസ്തകത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ പുസ്തകത്തെക്കാള്‍ വിലയും അര്‍ഥവുമുളള ദാമ്പത്യത്തില്‍ തെറ്റുകള്‍ സംഭവിച്ചാലോ?
അതുകൊണ്ടാണ് പ്രതിഭാധനനായ ശ്രീകുമാരന്‍തമ്പി അക്ഷരത്തെറ്റ് എന്ന സിനിമയില്‍ ഇങ്ങനെയെഴുതിയിരിക്കുന്നത്:
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം എന്ന്.
എന്നാല്‍, എന്തു ചെയ്യാം, കവിയുടെതന്നെ വാക്കുകള്‍ കടമെടുത്താല്‍
പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെയാടിയ പാദങ്ങളുണ്ടോ?
അതേ, അറിഞ്ഞും അറിയാതെയും ദാമ്പത്യമാകുന്ന ജീവിതവേദിയില്‍ ചുവടുകള്‍ തെറ്റിയവരും നാവുകള്‍ ഇടറിയവരുമാണേറെയും. മലയാളത്തിലെ എണ്ണമറ്റ സിനിമകളില്‍ ദാമ്പത്യത്തിലെ വഴിതെറ്റല്‍  പ്രമേയമായി കടന്നുവരുന്നുണ്ട്.
അക്ഷരത്തെറ്റ് എന്ന സിനിമയുടെ കാര്യംതന്നെയെടുക്കാം.
ബാങ്കുമാനേജരായ പ്രകാശിന്റെ ജീവിതത്തില്‍ സംഭവിച്ചത് ഇത്തരത്തിലുള്ള ഒരു വഴിതെറ്റലാണ്. സുന്ദരിയായ ഭാര്യയും മകനും അടങ്ങുന്ന സന്തോഷപൂര്‍വമായ കുടുംബജീവിതമാണ് അയാളുടേത്. എന്നാല്‍, ഭാര്യയുടെ അസാന്നിധ്യത്തില്‍ അയാള്‍ക്കു ബോധപൂര്‍വമല്ലെങ്കിലും ഒരു തെറ്റു സംഭവിക്കുന്നു. അതിനു വഴിയൊരുക്കിയതാകട്ടെ, വിധവയായ രേണുകയും. സത്യത്തില്‍ അവള്‍ അയാളെ കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നുതന്നെ പറയാം.  ഒരിക്കല്‍മാത്രം സംഭവിച്ച ആ തെറ്റിന്റെ ഭാരം അയാള്‍ പിന്നീട് ജീവിതം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നു. ഭര്‍ത്താവിന്റെ വഴിതെറ്റലിനോടു ക്ഷമിക്കാന്‍ കഴിയാതെപോയ സുമതി സ്വന്തം വീട്ടിലേക്കു പോകുന്നു. ഭര്‍ത്താവിന്റെ അക്ഷന്തവ്യമായ തെറ്റിനെക്കുറിച്ചു പറയുന്ന സുമതിക്ക് അമ്മ നല്കുന്ന മറുപടി പ്രകാശിനോടു ക്ഷമിക്കണമെന്നുതന്നെയാണ്. കാരണം, ജീവിതത്തില്‍ ഒരിക്കല്‍മാത്രം തെറ്റു സംഭവിച്ചവനാണ് അയാള്‍. മാത്രവുമല്ല, അയാള്‍ ആ തെറ്റ് ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്.  എന്നാല്‍,  മകള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അവള്‍ ഇപ്പോള്‍ ഏറെ ബഹുമാനത്തോടെ കാണുന്ന അവളുടെ അച്ഛന് താനല്ലാതെ മറ്റു പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. യൗവനത്തിലെ അയാളുടെ ഒന്നിലധികം തെറ്റുകളോടു ക്ഷമിക്കാന്‍ തനിക്കു കഴിഞ്ഞുവെങ്കില്‍ നിനക്ക് എന്തുകൊണ്ട് പ്രകാശിനോടു ക്ഷമിച്ചുകൂടാ? ഇതാണ് അമ്മയുടെ ന്യായം.
മക്കള്‍ക്കു മുമ്പില്‍ അച്ഛനമ്മമാര്‍ നല്ലവരായി പ്രത്യക്ഷപ്പെടുമ്പോഴും ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയില്‍ അവര്‍ക്കു സംഭവിച്ച ഇടര്‍ച്ചകള്‍ അവര്‍ മാത്രമേ അറിയുന്നുള്ളൂവെന്ന സത്യംകൂടിയാണ് ഇവിടെ അനാവൃതമാകുന്നത്. നല്ലവരായി മക്കള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന മാതാപിതാക്കള്‍ ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയില്‍ ദാമ്പത്യത്തിലും വ്യക്തികളെന്ന നിലയിലും സംഭവിച്ച തെറ്റുകള്‍ എത്ര മക്കള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷേ, പല മാതാപിതാക്കളും ഇടറിയവരും പതറിയവരുമല്ലേ.. മക്കള്‍ അറിയാതെപോകുന്ന മാതാപിതാക്കന്മാരുടെ എത്രയെത്ര മുഖങ്ങള്‍!
കാഴ്ചപോലെയോ തന്മാത്രപോലെയോ പ്രേക്ഷക - നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെപോയ ഒരു ബ്ലെസിച്ചിത്രമുണ്ട് - പളുങ്ക്. നാട്ടിന്‍പുറത്തുനിന്നു നഗരത്തിലേക്കു പറിച്ചുനടപ്പെടുന്ന മോനിച്ചന്റെ, പളുങ്കുപോലെ തകരുന്ന ഒരു കുടുംബത്തിന്റെ കഥയാണത്. പണം ജീവിതത്തിലേക്കു കടന്നുവന്നപ്പോള്‍, ചില തെറ്റായ സൗഹൃദങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയപ്പോള്‍ ഭാര്യയെയും കുട്ടികളെയും വിസ്മരിച്ച് അന്യസ്‌നേഹങ്ങളിലേക്കു വഴിതെറ്റിപ്പോകുകയാണ് മോനിച്ചന്‍. പിന്നീട് സ്വന്തം കുടുംബത്തില്‍ ഒരു ദുരന്തം സംഭവിക്കുമ്പോള്‍ അത് തന്റെ തെറ്റിനുള്ള ശിക്ഷയായി അയാള്‍ തിരിച്ചറിയുന്നു.
കുടുംബനാഥന്മാരുടെ ഇത്തരത്തിലുള്ള വഴിതെറ്റലുകളെ ഉദാഹരിക്കാന്‍ ഒരുപാടു സിനിമകള്‍ വേറേയുമുണ്ട്.  പുരുഷനു സംഭവിക്കുന്ന ഇടര്‍ച്ചകളാണ് ഇതിലേറെയും പ്രധാന വിഷയമാകുന്നത്. പുരുഷന്റെ വീഴ്ചകളെയാണ് അതേറെയും പര്‍വതീകരിക്കുന്നത്. എന്നാല്‍, അതില്‍നിന്നു വ്യത്യസ്തമായി സ്ത്രീജീവിതത്തിന്റെ പതര്‍ച്ചകളിലേക്കും ചില സിനിമകള്‍ ക്യാമറ തിരിച്ചുവച്ചിട്ടുണ്ട്.
കെ.ജി. ജോര്‍ജിന്റെ ഇരകള്‍, അദ്ദേഹത്തിന്റെ തന്നെ മറ്റൊരാള്‍, ഉടല്‍, ചതുരം തുടങ്ങി ഏറ്റവും ഒടുവില്‍ ഗണേഷ് രാജിന്റെ പൂക്കാലം വരെ ഇത്തരം ചില യാഥാര്‍ഥ്യങ്ങളാണ് അനാവരണം ചെയ്തത്. സമ്പന്നകത്തോലിക്കാക്കുടുംബത്തിലെ ആനി എന്ന ഭര്‍ത്തൃമതിയുടെ വഴിതെറ്റലുകളാണ് ഇരകള്‍ പറഞ്ഞത്. ഭര്‍ത്താവും കുടുംബവും ഉള്ളപ്പോഴും പരപുരുഷന്മാരെ തേടിപ്പോകുകയാണ് മദ്യാസക്തകൂടിയായ ആനി.  കുടുംബത്തിനുള്ളില്‍നിന്നുകൊണ്ടുതന്നെ രഹസ്യമായ പരപുരുഷബന്ധങ്ങളാണ് ആനി നടത്തുന്നത്.
എന്നാല്‍, 'മറ്റൊരാ'ളില്‍ എത്തുമ്പോള്‍ ഭര്‍ത്താവ് കൈമളിനെ ഉപേക്ഷിച്ച് അയാളുടെ ശമ്പളക്കാരനും യുവാവുമായ മറ്റൊരുവനൊപ്പം ഇറങ്ങിപ്പോവുകയാണ് സുന്ദരിയും യൗവനയുക്തയുമായ സുശീല. ഭര്‍ത്തൃമതികള്‍ പുലര്‍ത്തുന്ന വിവാഹേതരബന്ധങ്ങളും ഒളിച്ചോട്ടങ്ങളും ഇന്ന് ഏറെക്കുറെ സാധാരണസംഭവമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ വ്യാപകസത്യത്തിനും എത്രയോ മുമ്പായിരുന്നു സുശീലയുടെ ഇറങ്ങിപ്പോക്കു നടന്നത്. ഒരുപക്ഷേ, അന്നത്തെ സാമൂഹികമനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതുകൊണ്ടാവാം അര്‍ഹിക്കുന്ന ശ്രദ്ധ ഈ ചിത്രത്തിനു ലഭിക്കാതിരുന്നത്.
മധ്യവയസ് പിന്നിട്ട സമ്പന്നനായ അച്ചായന്റെ രണ്ടാം ഭാര്യയായി എത്തുന്ന സെലേനയുടെ അവിഹിതങ്ങളാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ ചതുരം പറഞ്ഞത്. ഒരു അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ അച്ചായന്റെ ശുശ്രൂഷ നിര്‍വഹിക്കാന്‍ വരുന്ന ബല്‍ത്താസര്‍ എന്ന മെയില്‍ നേഴ്സുമായുള്ള അടുപ്പവും തുടര്‍ന്നുണ്ടാകുന്ന സംഭവഗതികളും ചിത്രത്തെ സംഘര്‍ഷഭരിതമായി മുന്നോട്ടുകൊണ്ടുപോകുന്നു.
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടലിലെ ഷൈനിയും വഴിവിട്ട ജീവിതം നയിക്കുന്ന വീട്ടമ്മമാര്‍ക്കും കുടുംബജീവിതത്തിന്റെ വിശുദ്ധി തകര്‍ക്കുന്ന ഭാര്യമാര്‍ക്കുമുള്ള തെളിവാണ്.
എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് പൂക്കാലത്തിലെ കൊച്ചുത്രേസ്യയുടെ വഴിതെറ്റല്‍. പത്തന്‍പതുവര്‍ഷം പിന്നിട്ട ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവ് ഇട്ടൂപ്പിനും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഇടയില്‍ സന്തോഷത്തോടെ ജീവിച്ചുവരുമ്പോഴും കൊച്ചുത്രേസ്യയ്ക്കുമാത്രമറിയാവുന്ന ഒരു രഹസ്യം അവരുടെയുളളില്‍ ജീവിക്കുന്നുണ്ടായിരുന്നു. തീര്‍ത്തും അവിചാരിതമായ ആ രഹസ്യത്തെക്കുറിച്ചുള്ള ചില സൂചനകള്‍ ഇട്ടൂപ്പിനു ലഭിക്കുന്നതോടെ ഇരുവര്‍ക്കുമിടയിലെ ബന്ധം ഉലയുന്നു. ഭര്‍ത്താവിന്റെ അമിതമദ്യപാനവും ഉത്തരവാദിത്വമില്ലായ്മയും സൃഷ്ടിക്കുന്ന പ്രാതികൂല്യങ്ങള്‍ക്കുമുമ്പില്‍ നാലു മക്കളുമൊത്ത് ദുരിതംപിടിച്ച ജീവിതം നയിച്ചുവരുമ്പോഴാണ് തീര്‍ത്തും അവിചാരിതമായി അയാള്‍ കൊച്ചുത്രേസ്യയുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്. മനസ്സുകള്‍ തമ്മിലും ശരീരങ്ങള്‍ തമ്മിലും എവിടെ വച്ചോ സന്ധിക്കുന്നു.
എന്നാല്‍, പെട്ടെന്നുതന്നെ അതില്‍നിന്നു പുറത്തുകടക്കാന്‍ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു; ഭര്‍ത്താവിനെ ധ്യാനത്തില്‍ പങ്കെടുപ്പിച്ചു നല്ലവനാക്കാനും അങ്ങനെ പാളിപ്പോകുമായിരുന്ന കുടുംബജീവിതം നേര്‍വഴിക്കു നയിക്കാനും. കാലം കഴിഞ്ഞുപോയപ്പോഴും ആ പഴയ ബന്ധം ഇതുവരെയും ഭര്‍ത്താവറിയാതെ അവര്‍ നിധിപോലെ സൂക്ഷിക്കുന്നുണ്ടായിരുന്നു. കാമുകനെഴുതിയ കത്ത് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അവര്‍ സൂക്ഷിച്ചുവച്ചിരുന്നതുപോലും അതിന്റെ തെളിവായിരുന്നു. എന്നിട്ടും ഒരുനാള്‍ ഭര്‍ത്താവ് ആ രഹസ്യം കണ്ടുപിടിക്കുമ്പോള്‍ ന്യായീകരിക്കാന്‍ തയ്യാറാവാതെ ഉള്ളിലെ കുറ്റബോധവും പാപബോധവും കലര്‍ന്ന് അവര്‍ ആരും കാണാതെ പൊട്ടിക്കരയുകയാണ്. (അമ്മയുടെ ഈ വഴിതെറ്റലിനെ പെണ്‍മക്കള്‍പോലും ന്യായീകരിക്കുന്നുണ്ട് എന്നതാണു വാസ്തവം.)
മനസ്സിനെ പലരും ഒരു കുരങ്ങിനോടു സാമ്യപ്പെടുത്താറുണ്ട്. ഒരിടത്തും ഇരിക്കാതെ ചാടിച്ചാടി നടക്കുന്നുവെന്നതാണ് കുരങ്ങിന്റെ പ്രത്യേകത. വിവാഹിതരാകുന്ന ദമ്പതികള്‍ക്കും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഈ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്. മറ്റൊരാളെ കാണുമ്പോള്‍ തനിക്കുള്ള ആളില്‍ ഉള്ളതിലേറെ എന്തോ ആകര്‍ഷണം തോന്നി അവര്‍ക്കൊത്തു ജീവിക്കാന്‍ അവരില്‍ ചിലര്‍ തയ്യാറാകുന്നു. നിലവിലുളള കുടുംബബന്ധങ്ങളെത്തന്നെ തകര്‍ത്തുകൊണ്ടായിരിക്കും അവര്‍ ഇറങ്ങിപ്പോകുന്നത്.
വേറേ ചിലര്‍ക്ക് ഇടര്‍ച്ചകള്‍ ഒരിക്കല്‍ മാത്രം - പൂക്കാലത്തിലെ കൊച്ചുത്രേസ്യയെ പ്പോലെ - സംഭവിക്കുന്നു. എന്നാല്‍, അവരതിനെ മറികടക്കുകയും നേരായ വഴിയിലേക്കു മാറിനടക്കുകയും ചെയ്യുന്നു.
ഇനിയും ചിലര്‍ ഇരുതോണിയില്‍ കാലുകളിട്ടു മുന്നോട്ടുപോകുന്നു. എപ്പോഴെങ്കിലും കൈയോടെ പിടികൂടിയാലായി, ഇല്ലെങ്കിലായി.
മറ്റു ചിലരുണ്ട്, മനസ്സില്‍മാത്രം ഇടര്‍ച്ചയുണ്ടാകുന്നവര്‍ (മനമോടാത്ത കുമാര്‍ഗമില്ലെടോ എന്ന് കുമാരനാശാന്‍). തങ്ങളുടെ ധാര്‍മികചിന്തയും ആത്മീയതയും വഴിയായി അവര്‍ കുടുംബജീവിതത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നു.
വഴിപിഴയ്ക്കല്‍ പുരുഷനുമാത്രം സംഭവിക്കുന്ന ഒന്നല്ല സ്ത്രീയും വഴിപിഴയ്ക്കാറുണ്ട്. അതിനുളള തെളിവുകളാണ് മുകളില്‍ പരാമര്‍ശിച്ച സ്ത്രീകഥാപാത്രങ്ങള്‍. തെറ്റുപറ്റുന്നത് ആര്‍ക്കുമാകട്ടെ - ലിംഗഭേദങ്ങള്‍ അതിന് ബാധകവുമല്ല - സംഭവിക്കുന്നത് ഒന്നുമാത്രമാണ്.
ഏതൊരു തെറ്റിനും അതിന്റെ ശിക്ഷ നാം അനുഭവിക്കേണ്ടിവരും. അക്ഷരത്തെറ്റിലെ പ്രകാശന്റെ തെറ്റിന്റെ പേരില്‍ മകന്‍ കൊലപാതകിയാകുന്നു. പളുങ്കിലെ മോനിച്ചന്റെ പാപത്തിന്റെ ഫലമായി മകള്‍ കൊല്ലപ്പെടുന്നു. 'മറ്റൊരാ'ളിലെ സുശീല കാമുകന്റെ ചതി മനസ്സിലാക്കി കുറ്റബോധത്തോടെ തിരികെവരാന്‍ തയ്യാറാകുമ്പോഴും അവളെ സ്വീകരിക്കാന്‍ തയ്യാറാവാതെ സ്വന്തം നെഞ്ചില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്യുകയാണ് കൈമള്‍. വാര്‍ധക്യത്തില്‍ അവിഹിതം പുറത്തറിഞ്ഞതോടെ ബന്ധത്തകര്‍ച്ചയും മാനഹാനിയുമാണ് കൊച്ചുത്രേസ്യയ്ക്കു നേരിടേണ്ടിവന്നത്.
പാപത്തിന്റെ ശമ്പളം മരണമാണെന്ന ബൈബിള്‍ വചനത്തിന് എക്കാലവും പ്രസക്തിയുണ്ട്. പാപം മനുഷ്യന്റെ വിധിയാണെന്ന് ഒ.വി. വിജയന്റെ ഒരു നിരീക്ഷണമുണ്ട്. പക്ഷേ, ആ വിധിയെ മറികടക്കാന്‍ മനുഷ്യനു കഴിയും. അതിജീവിക്കാന്‍ കഴിയാത്തവിധത്തിലുള്ള ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിടേണ്ടിവരില്ലെന്നാണ് തിരുവചനത്തിന്റെ ഉറപ്പ്. എന്നിട്ടും നാം വീണുപോകുന്നത് നമുക്കു പാപത്തോട് അത്രയധികം ചായ്‌വുള്ളതുകൊണ്ടാണ്. നാം പാപം ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്.
എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും (ഹെബ്ര. 13:4)
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ ഉണരും പ്രവാഹം
ഈ ജീവഗാനപ്രവാഹം (ശ്രീകുമാരന്‍തമ്പി- അക്ഷരത്തെറ്റ്)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)