ഏപ്രില്‍ 9
ഉയിര്‍പ്പുകാലം ഒന്നാം ഞായര്‍
ഏശ 60:1-7 1 സാമു 2:1-10
റോമ 6:1-14 മത്താ 28:1-6
യോഹ 20:1-18
സത്യദൈവവും ലോകത്തിന്റെ പ്രകാശവും മഹത്ത്വത്തിലേക്കുള്ള വഴിയുമായ ഈശോമിശിഹാ, മരണത്തിന്റെ അന്ധകാരത്തെ, ജീവന്റെ പ്രകാശത്താല്‍ നിറയ്ക്കുന്ന സുദിനമാണ് ഈസ്റ്റര്‍. അതേ, ഉയിര്‍പ്പുതിരുനാളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഹല്ലേലുയ്യാഗീതം ദൈവത്തിന്റെ വാഗ്ദാനപൂര്‍ത്തീകരണത്തിന്റെയും മനുഷ്യന്റെ പ്രത്യാശയുടെയും സന്തോഷഗീതമാണ്. ഓശാനയുടെ ആര്‍പ്പുവിളികളെയും കുരിശിന്റെ നൊമ്പരത്തെയും പൂര്‍ണമാക്കുന്ന ദൈവാനുഭവത്തിന്റെ തിരുനാള്‍!
ജറുസലേമിന്റെ മഹത്ത്വത്തെ വീണ്ടുമുയര്‍ത്തുമെന്ന ദൈവത്തിന്റെ വാക്കുകളാണ് ഒന്നാം വായന (ഏശയ്യാ 60:1-7). ''ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്ത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു'' (60:1) എന്ന ആശ്വാസവാക്കുകളിലൂടെയാണ് വചനഭാഗം ആരംഭിക്കുന്നത്. ഈശോയുടെ ജനനത്തെ സംബന്ധിച്ച അറിയിപ്പിന്റെ പ്രധാനഭാഗം, ''കര്‍ത്താവിന്റെ മഹത്ത്വം അവരുടെമേല്‍ പ്രകാശിച്ചു'' (ലൂക്കാ 2:9). ഇതിനോടു ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ ജനതകളുടെമേല്‍ ഉദിച്ചിരിക്കുന്ന കര്‍ത്താവിന്റെ മഹത്ത്വം ഈശോമിശിഹായാണ് എന്നു മനസ്സിലാക്കാം.
വീണ്ടും ഏശയ്യാപ്രവാചകന്റെ വാക്കുകളില്‍ ''എന്റെ ശ്രേഷ്ഠമായ ആലയത്തെ ഞാന്‍ മഹത്ത്വപ്പെടുത്തും'' (60:7) എന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ആലയം ഈശോമിശിഹാതന്നെ (യോഹ 2:19-21). തന്റെ മഹത്ത്വത്തെ ജനത്തിന്റെ രക്ഷയ്ക്കായി മാറ്റിവയ്ക്കുന്ന ഈശോയും അവന്റെ മഹത്ത്വത്തെ കണ്ട്, തൊട്ടറിഞ്ഞു വിശ്വസിക്കുന്ന ശിഷ്യന്മാരും തമ്മിലുള്ള കണ്ടുമുട്ടലാണ് ഉയിര്‍പ്പു തിരുനാള്‍.
''വീരന്മാരുടെ വില്ലുകള്‍ തകര്‍ക്കുകയും ബലഹീനര്‍ക്കു ശക്തി നല്‍കുകയും ചെയ്യുന്ന കര്‍ത്താവ് തന്റെ അഭിഷിക്തന്റെ ശിരസ്സുയരുമാറാക്കും'' എന്നുള്ള ഹന്നയുടെ കീര്‍ത്തനമാണ് രണ്ടാം വായന (1 സാമു. 2:1-10). കര്‍ത്താവിന്റെ അഭിഷിക്തന്‍ എന്നതു വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനമാണ് (ലൂക്കാ 4:18; അപ്പ.പ്രവ. 4:27. 10:38). ആ അഭിഷിക്തന്‍ ഈശോമിശിഹായാണ്. അവന്‍ അഭിഷിക്തനാക്കപ്പെടുന്നത് ലോകത്തിന്റെ രക്ഷയ്ക്കായാണ്. ലോകത്തിന്റെ രക്ഷ ഈശോമിശിഹാ സാധിക്കുന്നതാകട്ടെ തന്റെ പീഡാനുഭവമരണങ്ങളിലൂടെയാണ്. പിശാചിനെയും അവന്റെ ആധിപത്യത്തിന്റെ ഫലമായ മരണത്തെയും ദൈവം എന്നേക്കുമായി പരാജയപ്പെടുത്തിയെന്ന പ്രഖ്യാപനമാണ് ഉയിര്‍പ്പുതിരുനാള്‍. ഇപ്രകാരം തിരുവചനത്തില്‍ പ്രവചിക്കപ്പെടുന്നതുപോലെ ബലഹീനരായ നമുക്ക് ദൈവം ഈശോയിലൂടെ ശക്തി നല്‍കുകയും, ഈശോയെ മരണത്തിന്റെ ആധിപത്യത്തില്‍നിന്നു മോചിപ്പിച്ച് അവന്റെ ശിരസ്സ് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ചരിത്രപരത നമ്മുടെതന്നെ ദൈവാന്വേഷണവുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. ഈശോ എങ്ങനെ, എപ്പോള്‍ ഉയിര്‍പ്പിക്കപ്പെട്ടുവെന്നത് ചരിത്രപരമായി അന്വേഷിക്കാമെങ്കിലും മനുഷ്യന്റെ ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന ഒരുത്തരം അത്തരമൊരു അന്വേഷണം നല്‍കുകയില്ല. കാരണം, ഈശോയുടെ മരണവും സംസ്‌കാരവുംവരെയുള്ള ചരിത്രസംഭവങ്ങളെപ്പോലെ എളുപ്പത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒന്നല്ല ഈശോയുടെ ഉത്ഥാനം. മനുഷ്യന്റെ മരണാനന്തരജീവിതസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പുതിയ മനുഷ്യന്റെ സൃഷ്ടിയാണ് (ിലം രൃലമശേീി) ഈശോയുടെ ഉത്ഥാനത്തില്‍ നടക്കുന്നത്. മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ്, വീണ്ടും മരിക്കാതെ ദൈവമഹത്ത്വത്തിലേക്കു പ്രവേശിക്കുക തുടങ്ങിയ ആശയങ്ങളൊക്കെ, മനുഷ്യന്റെ ചിന്തയ്ക്ക് അതീതമായിരുന്ന കാലത്തു നടന്ന ദൈവത്തിന്റെ അദ്ഭുതകരമായ ഈ പ്രവൃത്തിയെ, തങ്ങളുടെ മിശിഹാനുഭവത്തിന്റെ പൂര്‍ണതയായി വിശ്വസിച്ച്, പ്രഘോഷിച്ച ശിഷ്യന്മാരുടെ മനസ്സിലാക്കല്‍രീതിയാണ് നാം പിന്തുടരേണ്ടത്.
''അവന്‍ ഇവിടെയില്ല. താന്‍ അരുള്‍ചെയ്തതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു'' (മത്താ. 28:1-10); ''അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേ ണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല'' (യോഹ. 20:1-18) എന്നീ രണ്ടു സുവിശേഷപ്രസ്താവനകളിലും നിറഞ്ഞുനില്‍ക്കുന്നത് ദൈവശക്തിയുടെ ഈ പ്രവര്‍ത്തനത്തെ ആദ്യം മനസ്സിലാക്കാതിരുന്ന ശിഷ്യന്മാര്‍ പിന്നീട് ആ സംഭവം തങ്ങളുടെ അനുഭവമാക്കി മാറ്റി എന്ന യാഥാര്‍ഥ്യമാണ്. അതുവരെ ഒരു സാധാരണനേതാവായി ശിഷ്യന്മാരുടെകൂടെ നടന്നിരുന്ന ഈശോയ്ക്കുള്ള ദൈവികമായ ശക്തിയും മഹത്ത്വവും ഉയിര്‍പ്പോടെ ശിഷ്യന്മാര്‍ മനസ്സിലാക്കുകയും തങ്ങളുടെ ദൈവശാസ്ത്രത്തെ മുഴുവന്‍ മാറ്റിയെഴുതുകയും ചെയ്തു.
അതുകൊണ്ടാണ്, ആത്മാവിനാല്‍ നിറഞ്ഞുള്ള തന്റെ പന്തക്കുസ്താനാളിലെ പ്രസംഗത്തില്‍ പത്രോസ് ഇപ്രകാരം ആവര്‍ത്തിക്കുന്നത്: ''നിങ്ങള്‍ കുരിശില്‍ തറച്ച ഈശോയെ ദൈവം ഉയിര്‍പ്പിച്ച് കര്‍ത്താവും മിശിഹായുമാക്കി. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്'' (അപ്പ. പ്രവ. 2: 32.36). ഈ പ്രഘോഷണത്തിന്റെ (സലൃ്യഴാമ) തീക്ഷ്ണതയും ആധികാരികതയും സത്യസന്ധതയും ഉള്‍ക്കൊള്ളുന്ന ജനമാണ് അന്ന് മാനസാന്തരപ്പെടുന്നത്.
ഇതേ അനുഭവംതന്നെ നമുക്കും ഉണ്ടാകണമെന്നാണ് സഭാമാതാവ് നമ്മോട് ആവശ്യപ്പെടുന്നത്. ''അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോടൊത്ത് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും'' (റോമാ. 6:1-14). ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കൃത്യമായി നിര്‍വചിക്കുന്ന ദൈവികസംഭവമാണ് ഈശോയുടെ ഉയിര്‍പ്പ്. അവന്റെ മരണം നമ്മുടെ പാപം മോചിക്കുന്നു, അവന്റെ ഉത്ഥാനം നമ്മുടെ ഉയിര്‍പ്പിനെ ഉറപ്പിക്കുന്നു. ''ഈശോമിശിഹായില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണ്'' (6:11) നാം എന്ന വചനം നമ്മുടെ ഈ ലോകജീവിതത്തെ രക്ഷയുടെ പ്രതീക്ഷയാല്‍ നിറയ്ക്കുന്നു.
ഉത്ഥാനം ചെയ്ത ഈശോമിശിഹാ നമ്മുടെ ദൈവാനുഭവത്തിന്റെ അടിസ്ഥാനമാകട്ടെ. അവന്റെ മാര്‍വിടത്തിലെ സ്‌നേഹത്തിന്റെ നിറവ് നമ്മുടെ പ്രതീക്ഷയുടെ അടിസ്ഥാനവും വിശ്വാസത്തിന്റെ കരുത്തുമാകട്ടെ. ഉയിര്‍പ്പുതിരുനാള്‍ ആശംസകള്‍!