•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ പക്ഷികള്‍

തൂക്കണാംകുരുവി

കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു കുഞ്ഞിപ്പക്ഷിതന്നെ തൂക്കണാംകുരുവി. ആറ്റക്കുരുവി, കൂരിയാറ്റ എന്നീ പേരുകളിലും അറിയപ്പെടുന്നു. അങ്ങാടിക്കുരുവിയോട് ഏറെ സാമ്യമുള്ള പക്ഷിയാണിത്. പൊതുവെ വയലുകള്‍ക്കു സമീപമാണ് തൂക്കണാംകുരുവികള്‍ കാണപ്പെടുക. ആണുംപെണ്ണും തമ്മില്‍ നിറവ്യത്യാസങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. കൊച്ചുമരക്കൊമ്പുകളില്‍ നെല്ലിന്റെ ഇലകൊണ്ട് നെയ്‌തെടുക്കുന്ന ഉറപ്പുള്ള കൂടുകളിലാണു മുട്ടയിടുക. വീട്ടുകുരുവികളുടെ തായ്‌വഴിയിലുള്ളവരാണ്  തൂക്കണാംകുരുവികള്‍. ഇണചേരുംകാലംവരെ  ഇവ കുരുവികളെപ്പോലെ കൊത്തിയും പെറുക്കിയും നടക്കുന്നു. ഇണചേരുംകാലത്ത് തൂക്കണാംകുരുവിയുടെ  ആണ്‍പക്ഷിയുടെ തലയിലെ തൂവലുകള്‍ വര്‍ണപ്പൊലിമയുള്ളതാകും. അടിവയറില്‍ കുങ്കുമനിറമാകുന്നു.
പനയുടെയും തെങ്ങിന്റെയുംപോലുള്ള ബലമാര്‍ന്ന ഓലത്തുമ്പിലാകും തൂക്കണാംകുരുവികള്‍ കൂടുപണിയുക. ആനപ്പുല്ലിന്റെയും തെങ്ങോലയുടെയും വീതികുറഞ്ഞ നീളന്‍ ചീന്തുകള്‍കൊണ്ടാണ് കൂടിന്റെ നെയ്ത്തു നടത്തുക. പനയോലയുടെയായാലും തെങ്ങോലയുടെയായാലും വലിയ ഓലച്ചീന്തുകള്‍ കൂടിനു പറ്റുംവിധം ഇണക്കത്തിനു കീറുന്നതില്‍ത്തന്നെ ഇവ നല്ല കരവിരുതു പ്രകടിപ്പിക്കുന്നു. ശേഖരിച്ച നാരുകളെല്ലാം പരസ്പരം മെനഞ്ഞ് കൂടൊരുക്കാന്‍ ഇവ പകലന്തിയോളം അധ്വാനിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതുതന്നെ. തലകീഴായി തൂക്കിയ ശരറാന്തലുകള്‍ പോലുണ്ട് ഇവയുടെ കൂടുകള്‍. അനവധി കൂടുകളൊരുക്കി പറ്റമായാണ് തൂക്കണാംകുരുവികള്‍ കഴിയുക.
ആണ്‍തൂക്കണാംകുരുവിക്കാണ് കൂടൊരുക്കല്‍ ജോലി.  കൂടുപണി കഴിഞ്ഞാല്‍ പെണ്‍പക്ഷി കൂടിന്റെ പണി തൃപ്തികരമാണോയെന്നു നിരീക്ഷിക്കും. കൂടിഷ്ടപ്പെട്ടാല്‍ അവള്‍ ആ കൂടിനകത്ത് അകത്തമ്മയായി വാഴാന്‍ തുടങ്ങും. അവള്‍ ആ കൂട്ടില്‍ മുട്ടയിട്ട് അടയിരിക്കും. തൂക്കണാംകുരുവികള്‍ ബഹുഭാര്യാത്വം ഇഷ്ടപ്പെടുന്നവരാണ്. ആണ്‍കുരുവി പിന്നെയും പിന്നെയും കൂടൊരുക്കുന്നു. അവിടെയും മറ്റു പെണ്‍കിളികള്‍ താമസിക്കാനും മുട്ടയിടാനും തയ്യാറാകുന്നു.
കൂടിനുള്ളില്‍ വെളിച്ചംകിട്ടാന്‍ മിന്നാമിന്നികളെ ആണ്‍കിളിയോ പെണ്‍കിളിയോ സംഘടിപ്പിക്കുമത്രേ. പെണ്‍കിളി മിന്നാമിന്നിയെ കൊത്തിയെടുത്തു കൂട്ടില്‍കൊണ്ടുവന്നു വയ്ക്കുന്ന കാഴ്ച കാണാം. കാറ്റത്തു കൂടു വല്ലാതെ ആടിയുലയാതിരിക്കാന്‍ തൂക്കണാംകുരുവികള്‍ കൂടു നെയ്‌തൊരുക്കുന്നതിനിടയില്‍ മണ്‍കട്ടകള്‍ കരുതിവയ്ക്കുന്നു.
തൂക്കണാംകുരുവികള്‍ ധാന്യംതീനികളാണ്. ഇന്ത്യയില്‍ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. ചില നാടോടികളും തെരുവുമാന്ത്രികരും ഇതേ കുരുവികളെ അവരുടെ കൂട്ടിലാക്കി കുരുട്ടുവിദ്യകള്‍ പഠിപ്പിച്ചുകാണുന്നു. തൂക്കണാംകുരുവികളുടെ മനോഹരമാര്‍ന്ന കൂടുകളും ഇവയുടെ ചിലപ്പും ജീവിതരീതികളും മനുഷ്യരെ ആകര്‍ഷിക്കാന്‍ പോരുന്നവതന്നെ. ഇവ പ്രകൃതിയുടെ വരദാനങ്ങള്‍തന്നെ.

 

Login log record inserted successfully!