•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

ചെണ്ട

സുമംഗല എഡിറ്റു ചെയ്ത പച്ചമലയാളം നിഘണ്ടുവില്‍ ദ്രാവിഡപദമായി ചെണ്ടയെ കണക്കാക്കിയിരിക്കുന്നു.* പ്രശസ്തമായ ഒരു ചര്‍മവാദ്യമാണ് ചെണ്ട. പതിനെട്ടുവാദ്യവും ചെണ്ടയ്ക്കുതാഴെ എന്നാണല്ലോ പഴമൊഴി. പ്ലാവിന്റെ തടി ചെത്തി ഉരുട്ടി, തുരന്നുപൊള്ളയാക്കി കാളത്തോല്‍ വലിച്ചു മുറുക്കിയാണ് ചെണ്ട ഉണ്ടാക്കുന്നത്. ചെണ്ട എന്ന പദത്തിന്റെ നിരുക്തി മലയാളനിഘണ്ടുകാരന്മാര്‍ തൃപ്തികരമായി രേഖപ്പെടുത്തിയിട്ടില്ല. പല വാദ്യസംജ്ഞകളുടെയും കാര്യത്തിലെന്നപോലെ ആര്യഭാഷാപ്രഭവമാണ് ചെണ്ട എന്ന തദ്ഭവം. ''സംസ്‌കൃതത്തില്‍ ദണ്ഡഡക്ക് (വീക്കുചെണ്ട) എന്നൊരു വാക്കുണ്ട്. ഈ ദണ്ഡയുടെ രൂപഭേദമാണ് ചെണ്ട.''*
''ദണ്ഡ''യുടെ രൂപാന്തരപ്രാപ്തി അന്വേഷിക്കാം. ഉച്ചാരണപരമായി രണ്ടു മാറ്റം ഇവിടെ നടന്നിട്ടുണ്ട്. ഒന്ന്: പദാദിയിലെ ദകാരം ചകാര(ചെ)മായി മാറി. രണ്ട്: ണ്ഡ എന്ന വ്യഞ്ജനസംയുക്തത്തിന് 'ണ്ട' എന്നു പരിണാമം സംഭവിച്ചു (ദണ്ഡ - ചണ്ട). ദ കാരം ഉച്ചാരണത്തില്‍ ദെ എന്നാകാറുണ്ടല്ലോ (ദയ - ദെയ). അങ്ങനെ ചണ്ട-ചെണ്ട എന്നായിത്തീര്‍ന്നു. കൂടാതെ, മൃദുവിന്റെ സ്ഥാനത്ത് ഖരം വരുക തദ്ഭവങ്ങളില്‍ അസാധാരണമല്ല. അതിന്‍പ്രകാരം ദണ്ഡയ്ക്കു സംഭവിച്ച ആദ്യത്തെ മാറ്റം തെണ്ട എന്നു കരുതണം. അങ്ങനെയെങ്കില്‍ തെണ്ടയുടെ രൂപഭേദമാണ് ചെണ്ട. ത-ച വിനിമയം ഭാഷാപദങ്ങളില്‍ പതിവാണ്. തേര് - ചേര്, തെള്ള് - ചെള്ള് എന്നിങ്ങനെയുള്ള പദജോടികള്‍ ശ്രദ്ധിക്കുക. ഈ പ്രവണതകൊണ്ട് തെണ്ട-ചെണ്ടയായി എന്നു കരുതാം. മേല്‍ ചൂണ്ടിക്കാണിച്ച പരിണതിയെ ഇങ്ങനെ രേഖപ്പെടുത്താം: ദണ്ഡ - ദെണ്ഡ - തെണ്ട ചെണ്ട. അങ്ങനെ സംസ്‌കൃതത്തിലെ ദണ്ഡ, മലയാളത്തില്‍ ചെണ്ടയായി. അതോടെ, പച്ചമലയാളം നിഘണ്ടുവില്‍ ചെണ്ടയ്ക്ക് ഇടം ലഭിച്ചു. പഞ്ചാരി, പാണ്ടി എന്നീ മേളങ്ങളാണ് ചെണ്ടയില്‍ പ്രധാനം.
* സുമംഗല, പച്ചമലയാളം നിഘണ്ടു, ഗ്രീന്‍ബുക്‌സ്, തൃശൂര്‍, 2016, പുറം - 533.
* ലത, വി.  നായര്‍,  പ്രൊഫ., സമ്പാദനം, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 471. 

 

Login log record inserted successfully!