•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ പക്ഷികള്‍

ഉപ്പൂപ്പന്‍പക്ഷി

ന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന അപൂര്‍വയിനംപക്ഷിയാണ് ഉപ്പൂപ്പന്‍. കേരളത്തിലും ചിലയിടങ്ങളില്‍ ഈ പക്ഷിയെ കാണാം. ഇതിന്റെ ഇംഗ്ലീഷ് പേര് ഹൂപ്പൂ (ഒീീുീല) എന്നാണ്. ശാസ്ത്രനാമം (Hoopoe) 
ഇതിന്റെ ശരീരത്തിനു മങ്ങിയ നിറമാണ്. മുതുകിലും ചിറകിലും വെളുത്തതും കറുത്തതുമായ വലയങ്ങള്‍ കാണാം.  തലയിലൊരു ശിഖയുണ്ട്. തലയില്‍ കുറുകേ കാണാവുന്ന ഭംഗിയാര്‍ന്ന ഈ തലപ്പൂവ് കറുപ്പും വെളുപ്പും വരകളുള്ളതാണ്. വിശറിയുടെ ആകൃതിയിലുള്ള ഈ ശിഖ സൗകര്യാര്‍ഥം മടക്കാനും നിവര്‍ത്തിപ്പിടിക്കാനും സാധിക്കും. ഈ പക്ഷിയുടെ കണ്ണുകള്‍ നല്ല തിളക്കമാര്‍ന്നതാണ്.
നിലത്തു നടന്ന് ഇര തേടുന്ന ഹൂപ്പൂ പക്ഷിയുടെ കൊക്കിനു തവിട്ടുനിറമാണ്. ഇര തേടുന്ന സമയത്ത് തലയിലെ ശിഖ മടക്കിവച്ചിരിക്കും. ഇവയുടെ ഭക്ഷണം മണ്ണിരകളും പുഴുക്കളും കൃമികീടങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ പക്ഷികള്‍ കര്‍ഷകരുടെ മിത്രങ്ങളാണെന്നു പറയാം. തുറസ്സായ സ്ഥലങ്ങളിലും പുല്‍പ്രദേശത്തുമാകും ഇര തേടുക. ഫെബ്രുവരിമുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് ഈ പക്ഷികള്‍ മുട്ടയിടുന്നത്. പാറകളുടെ വിള്ളലുകളിലോ മരപ്പൊത്തുകളിലോ ആവാം കൂടുണ്ടാക്കുക. ഒരു തവണ അഞ്ചോ ആറോ മുട്ടകളിടുന്നു. പിടയും പൂവനും ചേര്‍ന്നാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. മറ്റു പല പക്ഷികളില്‍നിന്നും വ്യത്യസ്തമായി ഉപ്പൂപ്പന്റെ കൂട് വൃത്തികേടു നിറഞ്ഞതാണ്. കൂട്ടില്‍നിന്നുണ്ടാകുന്ന ദുര്‍ഗന്ധം  ഒരുപക്ഷേ, ശത്രുക്കളെ അകറ്റിനിര്‍ത്തുന്നുണ്ടാവാം.
ഉപ്പൂപ്പന്റെ തലയിലെ ശിഖയെപ്പറ്റി രസകരമായൊരു കഥയുണ്ട്. ഒരിക്കല്‍ സോളമന്‍ രാജാവ് ആകാശയാത്ര ചെയ്യുകയായിരുന്നു. സൂര്യന്റെ ചൂട് അസഹ്യമായപ്പോള്‍ ആ വഴി വന്ന കഴുകന്മാരോട് ചിറകുവിരിച്ചു തനിക്കു തണലേകാന്‍ രാജാവു കല്പിച്ചു. സോളമന്‍ രാജാവ് പക്ഷിമൃഗാദികളുടെയൊക്കെ ഭാഷാജ്ഞാനമുള്ള ആളായിരുന്നല്ലോ. കഴുകന്മാര്‍ ആ ഉപകാരം രാജാവിനു ചെയ്തുകൊടുത്തില്ല. രാജാവിന്റെ ശാപമേറ്റാണത്രേ കഴുകന്മാര്‍ക്ക് കഴുത്തിലും മറ്റും തൂവലുകളില്ലാതെ പോയത്. സാന്ദര്‍ഭികമായി ഹൂപ്പുപക്ഷികള്‍ അദ്ദേഹത്തെ സഹായിക്കാന്‍ സന്നദ്ധത കാട്ടുകയും തണലേകി യാത്ര സുഖകരമാക്കുകയും ചെയ്തു. പ്രതിഫലമായി അദ്ദേഹം ഹൂപ്പുപക്ഷികളോട് ഇഷ്ടമുള്ള അനുഗ്രഹവരം ചോദിച്ചുകൊള്ളാന്‍ കല്പിച്ചു. തദനുസൃതമായി പക്ഷികള്‍ തലയില്‍ സ്വര്‍ണശിഖ നല്‍കി അനുഗ്രഹിക്കണമെന്നറിയിച്ചു. സ്വര്‍ണശിഖ തലയില്‍ അനുഗ്രഹിച്ചുകിട്ടിയ പക്ഷികള്‍ക്ക് അതൊരു ശാപമായിത്തീര്‍ന്നു. സ്വര്‍ണശിഖ തട്ടിയെടുക്കാന്‍ മനുഷ്യര്‍ ഇവറ്റകളെ കൊന്നൊടുക്കാന്‍ തുടങ്ങി. ഹൂപ്പുപ്പക്ഷികള്‍ വീണ്ടും സോളമന്‍ രാജാവിനെ കാണുകയും തങ്ങളുടെ തലയിലെ സ്വര്‍ണശിഖ മാറ്റി വര്‍ണത്തൂവല്‍ ശിഖ മാത്രമായി നല്‍കണമെന്നും അപേക്ഷിച്ചു. ആ അപേക്ഷ അദ്ദേഹം സ്വീകരിക്കുകയും ഹൂപ്പുപ്പക്ഷികള്‍ക്ക് ഇന്നത്തെ മാതിരിയുള്ള തലപ്പൂ അനുഗ്രഹിച്ചു നല്‍കുകയുമാണുണ്ടായതെന്ന് ഐതിഹ്യം.
ഇന്നിപ്പോള്‍ ഹൂപ്പുപ്പക്ഷി ഇസ്രായേലിന്റെ ദേശീയപക്ഷിയാണ്. ഉപ്പൂപ്പനു പല ഉപവിഭാഗങ്ങളുണ്ട്. ഈ പക്ഷികള്‍ ഇടയ്ക്കിടെ 'ഉപ്പൂപ്പ്' എന്നു തുടരേ മൂന്നു തവണ പ്രത്യേക രീതിയില്‍ സ്വരമുണ്ടാക്കാറുണ്ട്. അതുകൊണ്ടാണ് മലയാളികള്‍ ഈ പക്ഷിക്ക് 'ഉപ്പൂപ്പന്‍' എന്നു വിളിപ്പേരിട്ടത്.

 

Login log record inserted successfully!