ചതുപ്പുനിലങ്ങളിലും തടാകങ്ങളിലും വയലുകളിലുമൊക്കെ കാണുന്ന ഇടത്തരം വലുപ്പമുള്ള പക്ഷിയാണ് പവിഴക്കാലി. ശരീരവലുപ്പം ഏതാണ്ടൊരു കുളക്കോഴിയുടേതിനു തുല്യം. ശരീരത്തിന്റെ മുകള്‍ഭാഗം കറുപ്പും കഴുത്തും തലയും അടിഭാഗവും വെളുപ്പും നിറമാണ്. തലയ്ക്കുമുകളിലും കഴുത്തിനു പിന്‍ഭാഗത്തുമായി കറുപ്പും ചാരനിറവുമുള്ള പാടുകള്‍ കാണാം. പറക്കുമ്പോള്‍ തെളിഞ്ഞുകാണുന്ന വെളുത്ത അരപ്പട്ടയും വാലും, പിങ്കുനിറത്തില്‍ നീണ്ട പവിഴക്കാലുകള്‍, നേര്‍ത്ത് വളവില്ലാത്ത കൊക്ക് തുടങ്ങിയവയൊക്കെ ഈ പക്ഷിയുടെ എടുത്തുപറയേണ്ട ലക്ഷണങ്ങളാണ്.
കേരളത്തിലേക്കു വിരുന്നുവരാറുള്ള ദേശാടനക്കിളികളില്‍ ഒരിനമാണീ പവിഴക്കാലി. ആഴംകുറഞ്ഞ ചതുപ്പുകളിലും പുഴയോരങ്ങളിലും ഇവയെ കാണാം. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ കാല്‍നീളം ഏറ്റവും കൂടിയ പക്ഷിയാണിത്. മറ്റു പക്ഷികള്‍ക്കു നില്‍ക്കാനാകാത്ത ആഴങ്ങളില്‍ നിന്നുകൊണ്ട് ഇരതേടാന്‍ ഇതു പവിഴക്കാലിയെ സഹായിക്കുന്നു. ചെറുജലജീവികളും ഒച്ചുകളും ജലസസ്യങ്ങളുമൊക്കെയാണ് പവിഴക്കാലിയുടെ ആഹാരം. കരയില്‍ ഇരതേടേണ്ടിവരുമ്പോഴാണ് പവിഴക്കാലി മുട്ടു മടക്കിപ്പോവുക. ചുണ്ട് തറയില്‍ തൊടണമെങ്കില്‍ മുട്ടുമടക്കുകയല്ലാതെ മറ്റു വഴിയില്ല. ശരീരനീളത്തിന്റെ 60 ശതമാനം കാല്‍നീളമാണ്. പറക്കുമ്പോള്‍ കാലുകള്‍ പിറകിലേക്കു നീണ്ടു നില്ക്കും. മറ്റു ദേശാടനപ്പക്ഷികളെപ്പോലെ പവിഴക്കാലിയും കൂട്ടമായാണു പാര്‍ക്കുക. കൂടുണ്ടാക്കി അതിലാണു മുട്ടയിടുക. കുഞ്ഞുങ്ങളുടെ കറുപ്പുചിറകില്‍ വെളുത്ത പുള്ളികള്‍ കാണും. വലിയ പക്ഷിയുടെ തലയിലും കഴുത്തിലും കാണുന്ന കറുത്ത അടയാളം കുഞ്ഞുങ്ങളില്‍ മങ്ങിക്കാണാം. കടല്‍മണ്ണാത്തിക്കിളിയുംമറ്റും പവിഴക്കാലിയുടെ കുടുംബക്കാരാണ്. കീടനാശിനികളുടെ അമിതോപയോഗവും കുളങ്ങള്‍ നികത്തുന്നതുമൊക്കെ സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഈ മനോഹരപക്ഷികളുടെ എണ്ണത്തില്‍ വ്യതിയാനം വരുത്തുന്നുണ്ട്. അനുകൂലകാലാവസ്ഥയില്‍ പവിഴക്കാലികളെ പറ്റംപറ്റമായി കേരളത്തിന്റെ പല പ്രദേശങ്ങളിലും കാണാം.