•  9 May 2024
  •  ദീപം 57
  •  നാളം 9
ശ്രേഷ്ഠമലയാളം

കാരി മലയാളത്തിലും സംസ്‌കൃതത്തിലും

പാല്‍ക്കാരി, വേലക്കാരി മുതലായ പദങ്ങളില്‍ കാണുന്ന ''കാരി'' മലയാളത്തിലെ   സ്ത്രീലിംഗപ്രത്യയമാണ്. ''കാരി''ക്കു പകരം ''ത്തി'' ചേര്‍ത്തും സ്ത്രീലിംഗരൂപങ്ങളെ സൃഷ്ടിക്കാം; പാല്‍ക്കാരത്തി, വേലക്കാരത്തി എന്നിങ്ങനെ. ഇതല്ലാതെ ചില സംസ്‌കൃതപദങ്ങളോടു ചേരുന്ന ഒരു ''കാരി'' ഉണ്ട്. അതിന് മലയാളത്തിലെ 'കാരി'യുമായി ബന്ധമില്ല. അത് സംസ്‌കൃതത്തിലെ ഒരു പ്രത്യയമാണ്. സ്ത്രീലിംഗവിവക്ഷയില്ലാത്ത പുല്ലിംഗനാമം എന്നു പറയാം.
പൂജാകാരിയിലെ 'കാരി' എടുക്കാം. പൂജാദികര്‍മങ്ങള്‍ ചെയ്യുന്ന പുരോഹിതനെ സൂചിപ്പിക്കുന്ന പദമാണ് പൂജാകാരി. അവിടെ കാരി (കാരിന്‍ - ചെയ്യുന്നവന്‍) പുല്ലിംഗരൂപമാണ്. വിശേഷിച്ചും പദാന്ത്യത്തില്‍ നില്‍ക്കുമ്പോള്‍. പൂജാകാരി എന്നതിലെ കകാരം ലോപിച്ചാണ് പൂജാരി എന്ന പദം നിഷ്പന്നമായത്. പദങ്ങളുടെ മധ്യത്തില്‍ വരുന്ന കകാരം ലോപിക്കുന്ന പ്രവണത മലയാളത്തിലുണ്ട്. മകന്‍ - മോന്‍; മകള്‍ - മോള്‍; പകുതി - പാതി എന്നെല്ലാമാകുന്നത് മധ്യസ്ഥമായ കകാരലോപംമൂലമാണല്ലോ. അതുപോലെ പൂജാകാരി, പൂജാരിയായി ചുരുങ്ങി എന്നു കരുതാം. സംസ്‌കൃതത്തിലാകുമ്പോള്‍ സ്ത്രീലിംഗരൂപത്തിനും മാറ്റമുണ്ട്. അങ്ങനെയെങ്കില്‍ പൂജാരി പുല്ലിംഗവും പൂജാരിണി സ്ത്രീലിംഗവും ആകുന്നു.
ഇവിടെ ഇതൊരു വിഷയമായി പരിഗണിച്ചത്, പാല്‍ക്കാരി, വേലക്കാരി എന്നിവയിലെ കാരിയും സഹകാരി, അഹങ്കാരി എന്നിവയിലെ കാരിയും ഭിന്നങ്ങള്‍ ആണെന്നു കാണിക്കാനാണ്. പാല്‍ക്കാരി, വേലക്കാരി എന്നീ ശബ്ദങ്ങളില്‍ 'ഇ' ആണ് സ്ത്രീലിംഗമെന്നു മനസ്സിലാക്കണം.* ജോലിക്കാരി, പോലീസുകാരി, ജീവനക്കാരി, പാലാക്കാരി മുതലായവയെ ഇ ചേര്‍ന്ന സ്ത്രീലിംഗപദങ്ങളായി പരിഗണിക്കാം. എന്നാല്‍, ഉപദ്രവകാരി, പരോപകാരി തുടങ്ങിയ സംസ്‌കൃതശബ്ദങ്ങളിലെ കാരി 'കാരിന്‍' എന്ന ധാതുവില്‍നിന്ന് ഉണ്ടായതാണെന്നു ധരിക്കണം. അതായത്, സംസ്‌കൃതത്തിലെ കാരി പുല്ലിംഗവും മലയാളത്തിലെ കാരി സ്ത്രീലിംഗവുമാണെന്നു മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് തയ്യാറാക്കിയത്. 
*ഗോപി, ആദിനാട്, മലയാളം: ഭാഷ, വ്യാകരണം, പ്രയോഗം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 198.

 

Login log record inserted successfully!