•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ പക്ഷികള്‍

കുളക്കോഴി

കുളക്കോഴിയെ കാണാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ലെന്നുതന്നെ പറയാം. കുളക്കരയിലും പാടങ്ങളിലും ജലാശയപ്പൊന്തകളിലും മറ്റും നാണംകുണുങ്ങി നടക്കുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. മിക്കവാറും താവളങ്ങളിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി നടക്കാനാണിഷ്ടം. കുളക്കോഴിക്കു ദേഹമാകെ മങ്ങിയ കറുപ്പുനിറമായിരിക്കും. മുഖം, താടി, തൊണ്ട, മാറിടം എന്നിവ തൂവെള്ള നിറത്തിലാണ്. കുറുകിയ വാലിനടിയില്‍ തവിട്ടുകലര്‍ന്ന ചുവപ്പുനിറമാണുള്ളത്. കൊക്ക് പച്ചനിറത്തിലാണ്. കുളക്കോഴികളുടെ കാലുകള്‍ നീളംകൂടിയതാണ്. അതിനും പച്ചനിറമാണ്. കാലിലെ വിരലുകള്‍ക്കും നല്ല നീളമുണ്ടായിരിക്കും. പൊന്തകളിലോ മരക്കൊമ്പുകളിലോ ആവും കുളക്കോഴി കൂടൊരുക്കുക. ആഴം കുറഞ്ഞതും പരന്നതുമായ കൂടാവുമത്.
ചന്തമാര്‍ന്ന ഈ പക്ഷിയെ വാലുകുലുക്കിപ്പക്ഷിയെന്നു കേരളീയര്‍ വിളിക്കാറുണ്ട്. നീളന്‍കാലുകള്‍ കുളക്കോഴിയെ  ചതുപ്പിലിറങ്ങാന്‍ സഹായിക്കും. ആഫ്രിക്കന്‍പായലിലൂടെയൊക്കെ ശീഘ്രം നടക്കാന്‍ ഈ പക്ഷിക്കു കഴിയുന്നു. നീളന്‍വിരലുകള്‍ ചെളിയില്‍ പൂണ്ടുപോകാതിരിക്കാനും പ്രയോജനം ചെയ്യുന്നു. പൊന്തക്കാടുകളുടെ ചുറ്റുവട്ടത്തുനിന്നു കുളക്കോഴികള്‍ മാറാറില്ല. പുല്ലും കരയിലയും ചപ്പും ചവറുമൊക്കെക്കൊണ്ടുണ്ടാക്കുന്ന കൂടിന് ഒന്നൊന്നര ആള്‍ പൊക്കമേ കാണൂ. അഞ്ചോ ആറോ മുട്ടകളിടും. മഴക്കാലമാകുന്നതോടെ അതുവരെ പതുങ്ങിക്കഴിഞ്ഞിരുന്ന ഈ പക്ഷികള്‍ പ്രത്യേകശബ്ദം പുറപ്പെടുവിച്ചു കൂടുതല്‍ ഉഷാറായ ജീവിതം നയിക്കുന്നതായി കണ്ടുവരുന്നു. പ്രാണികള്‍, തവളക്കുഞ്ഞുങ്ങള്‍, ഞണ്ടിന്‍കുഞ്ഞുങ്ങള്‍, ഒച്ചുകള്‍ ഒക്കെയാണ് ആഹാരം. ധാന്യങ്ങളും തിന്നാറുണ്ട്.
കുളക്കോഴികളുടെ കുടുംബത്തില്‍ ശ്രദ്ധിക്കേണ്ട പല പക്ഷികളുമുണ്ട്. വലിയ കോഴിയോളം വലിപ്പമുള്ള നീലക്കോഴിയാണ് അക്കൂട്ടത്തില്‍ പ്രധാനം. പച്ച കലര്‍ന്ന നീല നിറമുള്ള ചിറകും കടുംനീലശരീരവുമുള്ള പക്ഷികളാണവ. നീര്‍ക്കോഴി, നെല്ലിക്കോഴി, തീപ്പൊരിക്കണ്ണന്‍, പട്ടക്കോഴി എന്നിവയാണ് ഇതര കുളക്കോഴി വംശജര്‍. ആരോഗ്യകരമായ തണ്ണീര്‍ത്തടവ്യവസ്ഥയുടെ പ്രതീകമായ കുളക്കോഴികള്‍ പൊതുവെ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.  വയലുകളിലെ വ്യാപകമായ കീടനാശിനി ഉപയോഗം ഇവയെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ദേശാടനക്കിളികള്‍ക്കു വലിയ പ്രാധാന്യംകൊടുക്കുന്ന നമ്മള്‍ ഇമ്മാതിരി പക്ഷികളെ വില കുറച്ചു കാണാനും  അവഗണിക്കാനും മുതിരുന്നതു  ശരിയല്ല.

 

Login log record inserted successfully!