ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും കാണപ്പെടുന്ന കുഞ്ഞിക്കിളികളാണ് വാനമ്പാടികള്‍. മധുരമനോഹരമായ ഗാനങ്ങളുടെ പേരിലാണ് വാനമ്പാടികള്‍ ലോകമെങ്ങും പ്രശസ്തരായത്. ഈ ചെറുപക്ഷികളില്‍ ചിലര്‍ അഭ്യാസവീരന്മാരുമാണ്. അഴകും സ്വരമാധുരിയും ഒന്നിച്ചുവേണ്ട എന്നു പ്രകൃതി കരുതിയിട്ടെന്നവണ്ണമാണ് ഇവയുടെ പ്രകൃതം. ചാരവും കറുപ്പും വെളുപ്പും ഇടകലര്‍ന്ന അനാകര്‍ഷകനിറമാണ് വാനമ്പാടികള്‍ക്കുള്ളത്. ചില ഇനങ്ങള്‍ക്കു തലയില്‍ തൊപ്പിപോലെയുള്ളതായി കാണാം. ഇവ കൊമ്പന്‍പാടികള്‍ എന്നറിയപ്പെടുന്നു. കരിവയറന്‍ വാനമ്പാടിയുടെ വയറിലും മുഖത്തും മഷിക്കറുപ്പാണ്. ചെമ്പന്‍പാടി, കൂട്ടപ്പാടി എന്നിവ മറ്റു രണ്ടിനങ്ങള്‍.
വ്യത്യസ്തമായ കാലാവസ്ഥയില്‍ കഴിഞ്ഞുകൂടാന്‍ വാനമ്പാടികള്‍ക്കു പ്രത്യേക കഴിവുണ്ട്. യൂറോപ്പിലെ കൊടുംചൂടിലും വാനമ്പാടികള്‍ യഥേഷ്ടം കഴിയുന്നു. ചൂടിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ചിലയിനം വാനമ്പാടികള്‍ക്കുണ്ട്. കൂടിന്റെ ചുവരില്‍ ഇതിനായി അവറ്റ ചില സൂത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. മനുഷ്യന്‍ പ്രകൃതിക്കും ചുറ്റുപാടിനും വരുത്തിയ വന്‍മാറ്റങ്ങളോട് ഏറ്റവും അനുകൂലമായി പ്രതികരിച്ച പക്ഷിവര്‍ഗമാണിത്. ഒരു വീടായാല്‍ ഒരു കിളി വേണമെന്നും ഒരു കിളിയായാല്‍ അതു വാനമ്പാടിയാകണമെന്നും ആഗ്രഹിക്കുന്ന ചൈനക്കാരുടെ നാട്ടിലും ഇവ സ്വീകാര്യമാകുന്നത് ഇമ്മാതിരി പൊരുത്തപ്പെടല്‍കൊണ്ടുതന്നെ.
വാനമ്പാടിയുടെ നിറം ആവാസമേഖലയ്ക്കിണങ്ങിയവയായിരിക്കും. എന്തും ഭക്ഷിക്കുന്ന കൂട്ടരാണീ പക്ഷികള്‍. ഇലയും ഈച്ചയും പഴങ്ങളും പൊടിമീനുമൊക്കെ ഇവ ഭക്ഷിക്കുന്നു. ഏതു സാഹചര്യത്തിലും ഏതിടങ്ങളിലും വാനമ്പാടികളെ കാണാറുണ്ട്. മുള്‍ക്കാട്ടിലും പുല്‍മേട്ടിലും പുഴയോരത്തും താഴ്‌വരകളിലുമൊക്കെ വാനമ്പാടികളെ കാണാം. എവിടെയായാലും മനോഹരമായ ചിലമ്പലും ചിലയ്ക്കലും ചൂളല്‍പാട്ടുമൊക്കെ വാനമ്പാടികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കും. വാനമ്പാടികളുടെ ഗാനത്തിന്റെ ഈണവും താളവുമൊക്കെ നമ്മുടെ ഭാവനയുടെ സ്വപ്നലോകം കവരുമെന്നു നിശ്ചയം.