•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ പക്ഷികള്‍

എരണ്ട

നെറ്റോപ്പസ് എന്ന ശാസ്ത്രനാമത്തിലാണ് എരണ്ട അറിയപ്പെടുക. കാലിലെ മൂന്നു മുന്‍വിരലുകള്‍ ചര്‍മപടലംകൊണ്ടു ബന്ധിക്കപ്പെട്ടിരിക്കുന്നു. വേഗത്തില്‍ പറക്കാന്‍ കഴിയുന്ന  ഈ പക്ഷി മുങ്ങല്‍വീരനുംകൂടിയാണ്. കടല്‍കടന്നു ദേശാടനം നടത്തുന്നവരുമുണ്ട്. നമ്മുടെ കുട്ടനാട്ടിലും മറ്റു ചിലയിടങ്ങളിലും എരണ്ടകളെ കാണാറുണ്ട്. കൂട്ടത്തോടെ ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നാണ് ആഹാരം തേടുക. ആണ്‍പക്ഷിക്കു ചാരനിറവും പെണ്ണിനു പൊട്ടുകളോടു കൂടിയ തവിട്ടുനിറവുമാണ്. ആണിന്റെ കണ്ണിനു ചുറ്റും കറുത്ത വര കാണാം. ആണ്‍പക്ഷിയുടെ ചിറകിന്റെ തൂവലുകള്‍ക്കു കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറമാണ്. എരണ്ടകളുടെ ഭക്ഷണം ആഴംകുറഞ്ഞ ശുദ്ധജലത്തടാകങ്ങളില്‍ വളരുന്ന ചെടികളും ചെറുമീനുകളുമാണ്. ചിറകുകള്‍ വിടര്‍ത്തി തല വെള്ളത്തിനടിയിലേക്കു മുക്കിക്കൊണ്ട് ആഹാരം തേടുന്ന കാഴ്ച മനോഹരം തന്നെ.
വാലന്‍ എരണ്ട, വരി എരണ്ട, വെള്ളക്കണ്ണി എരണ്ട, ചൂളന്‍ എരണ്ട, പച്ച എരണ്ട എന്നിങ്ങനെ പലതരം എരണ്ടകള്‍ കേരളത്തില്‍ കാണാം. ഇവയില്‍ പച്ച എരണ്ടയാണ് ഏറ്റവും ചെറുത്.
ടീല്‍ എന്ന് ഇംഗ്ലീഷില്‍  അറിയപ്പെടുന്ന എരണ്ടകള്‍ താറാവിന്റെ വര്‍ഗക്കാരാണ്. കൂട്ടമായി സഞ്ചരിക്കുന്നു. പകല്‍ വിശ്രമവും രാത്രി ഇര തേടലുമാണ്. സസ്യഭുക്കുകളെന്നു പറയാമെങ്കിലും  ചില ഷഡ്പദങ്ങളെയും കീടങ്ങളെയും മീനുകളെയും  ആഹരിക്കും. സാധാരണ എരണ്ടകളുടെ ചിറകുകള്‍ അഴകുള്ളതാണ്. തവിട്ടുനിറമുള്ള കഴുത്തും ചെറുവാലും നീണ്ട ചിറകുകളുമാണുള്ളത്. വാലന്‍ എരണ്ടകള്‍ ചിറകുകളില്‍ വെളുത്ത വരകളോടുകൂടിയവയാണ്. പുള്ളിക്കൊമ്പന്‍ എരണ്ടയാവട്ടെ തവിട്ടുനിറക്കാരാണ്. നെഞ്ചില്‍ പുള്ളികളുമുണ്ട്.
എരണ്ടകളുടെ കൂടുനിര്‍മാണം ജലസസ്യങ്ങളും പുല്ലും പായലുമൊക്കെ ഉപയോഗിച്ചാണ്. പെണ്‍പക്ഷികള്‍ മുട്ടയിട്ട് ഇരുപത്തിയൊന്നു ദിവസംകൊണ്ട് മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു.
വേട്ടയാടപ്പെടുന്ന പക്ഷികളുടെ കൂട്ടത്തില്‍ എരണ്ടയും കടല്‍പ്പുള്ളും കാവയും തിത്തിരിയുമൊക്കെപ്പെടുന്നു. നമുക്കു പ്രയോജനം മാത്രം ചെയ്യുന്ന ഇത്തരം കൊച്ചുപക്ഷികളോട് ക്രൂരത കാട്ടുന്നതാണ് അവരുടെ വിനോദം!

 

 

 

Login log record inserted successfully!