•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

കൈവിട്ട ഗാനരചന

''മനുസ്മൃതി''യിലെ പ്രശസ്തമായ ശ്ലോകത്തിന്റെ രണ്ടു വരികള്‍ ചൊല്ലിക്കൊണ്ട് ആരംഭിക്കുന്ന ഒരു ഗാനം ഈയിടെ പ്രദര്‍ശനത്തിനു വന്ന ''അവള്‍ക്കൊപ്പം'' എന്ന ചിത്രത്തില്‍ കേള്‍ക്കാം. ആ ശ്ലോകമിതാണ്:
''യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ''
തുടര്‍ന്നുള്ള ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ എ.യു. ശ്രീജിത്ത് കൃഷ്ണയാണ്. ജയേഷ് സ്റ്റീഫന്റെ സംഗീതത്തില്‍ ലേഖ ആര്‍. നായര്‍ പാടിയിരിക്കുന്നു. ഈ ഗാനം ലിറിക്കല്‍ വീഡിയോ എന്ന നിലയില്‍ യൂട്യൂബിലും  മറ്റും ലഭ്യമാണ്. സംസ്‌കൃതത്തില്‍ വിരചിതമായ 'മനുസ്മൃതി'യിലെ ശ്ലോകം അതില്‍ എടുത്തെഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:
''എത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതഃ''
നാരിമാരെ പൂജിക്കുന്നിടത്ത് ദേവതമാര്‍ പ്രസാദിക്കും എന്നര്‍ഥം. പക്ഷേ, 'എത്ര' , 'ദേവതഃ' എന്നിങ്ങനെ മാറ്റിയെഴുതിയാല്‍ ഇപ്പറഞ്ഞ അര്‍ഥം ലഭിക്കുമോ? മൂലകൃതിയോടു നീതി പുലര്‍ത്തേണ്ട ബാധ്യത ആര്‍ക്കുമുണ്ടെന്ന കാര്യം വിസ്മരിക്കാതിരിക്കുക. അവ തോന്നിയതുപോലെ എടുത്തെഴുതാന്‍ പാടില്ലതന്നെ. ഇവിടെ എടുത്തെഴുതിയ ശ്ലോകത്തെത്തുടര്‍ന്നു കേള്‍ക്കുന്ന ഗാനത്തിന്റെ വരികള്‍ ഇങ്ങനെയാണ്:
''നിഴലായ് നിന്റെ മിഴിയില്‍
സൂര്യനണയും കാലമിനി നിന്റെയരികെ
കഥയോ കനവോ അവളിനി യൊരു പഴമൊഴിയോ
അവളറിയാതെയിനി നാമെന്നും
അവള്‍ക്കൊപ്പം - അവള്‍ക്കൊപ്പം - അവള്‍ക്കൊപ്പം.''
ഈ ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലും സ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ്. അപ്പോള്‍ വിഷയാധിഷ്ഠിതമായ ഒരു ഗാനത്തിന് ചിത്രത്തില്‍ സാധ്യതയേറെയുണ്ട്. അങ്ങനെ കുറിച്ചതാണ് മുകളില്‍ക്കാണുന്ന ഗാനം. 'അവളുടെ' മിഴിയില്‍ സൂര്യനണയും എന്ന പ്രസ്താവം കുറച്ചു കടുത്തുപോയി. അതു നിഴലായിട്ടാണെന്നു പറഞ്ഞത് അതിനേക്കാള്‍ കടുപ്പം. ഗാനം കലാസൃഷ്ടിയാകുമ്പോള്‍ പ്രയോഗിക്കുന്ന വാക്കുകളുടെ അര്‍ഥവും ഔചിത്യവും രചയിതാവ് ചിന്തിച്ചേ മതിയാകൂ. കാലം ഇനി അവളുടെ അരികെയെത്തും എന്ന സങ്കല്പം കൊള്ളാം. കഥയോ കനവോ അവളിനിയൊരു പഴമൊഴിയോ എന്ന ചോദ്യങ്ങള്‍ക്കൊന്നും വലിയ പ്രസക്തിയില്ല. പാട്ടെഴുത്തുകാരന്റെ ഉള്ളില്‍ മുളപൊട്ടിയ ആശയം പൂര്‍ണരൂപത്തില്‍ ഗാനത്തിന്റെ വരികളില്‍ പ്രതിഫലിക്കുന്നില്ല. അതുകൊണ്ട് ഗാനം കേള്‍ക്കുമ്പോള്‍ അര്‍ഥവത്തായില്ല എന്ന തോന്നല്‍ നമുക്കുളവാകുന്നു. ഇത്തരം ഗാനങ്ങള്‍ ആദ്യശ്രവണമാത്രയില്‍ത്തന്നെ നമ്മെ പിടിച്ചുലയ്ക്കണം. ഒരു ഉദാഹരണം  മാത്രം പറയാം. 'പണിതീരാത്ത വീട്' എന്ന ചിത്രത്തിലെ ''കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ'' എന്ന ഗാനം കേള്‍ക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ നാം പ്രകമ്പനംകൊള്ളും. കലാസൃഷ്ടി ആസ്വാദകരില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലമാണത്.
''ഓളങ്ങളാം ഭാവങ്ങളില്‍
അവളെന്നും തീരാസ്വപ്നക്കട ലായി
കനലെരിയും നാളെത്തി കഥ പറയും
കാലം പോയി ഓരോ നോവും മണ്ണില്‍ മഴയായി
അവള്‍ക്കൊപ്പം-അവള്‍ക്കൊ പ്പം-അവള്‍ക്കൊപ്പം''
വാക്കുകള്‍കൊണ്ടുള്ള ഗിമിക്കു കാട്ടാന്‍ മടിയില്ലാത്തവരാണ് പുത്തന്‍കൂറ്റുകാരായ പാട്ടെഴുത്തുകാര്‍. അടിസ്ഥാനപരമായി ഗാനരചയിതാവല്ലെങ്കിലും  ശ്രീജിത്ത് കൃഷ്ണയും ആ കുറുക്കുവഴിതന്നെ തിരഞ്ഞെടുത്തിരിക്കുന്നു. പരസ്പരം  വിഘടിച്ചുനില്ക്കുന്ന ആശയങ്ങളാണ് ഇവിടെ ഓരോ വരിയിലും അദ്ദേഹം കൊണ്ടുവന്നിട്ടുള്ളത്. അവ ഗാനത്തിന് ഗുണത്തേക്കാളേറെ ദോഷമായിത്തീരുന്നു.
'അവളുടെ' യഥാര്‍ഥ വേദന, അവള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അവളിലെ അവളെ കണ്ടെത്തല്‍ ഇവയൊന്നും ഗാനത്തിന്റെ വിഷയങ്ങളായി മാറിയിട്ടില്ല. 'അവള്‍ക്കൊപ്പം' എന്നു കൂടക്കൂടെ ആണയിട്ടതുകൊണ്ടെന്തു കാര്യം? ജയേഷ് സ്റ്റീഫന്റെ സംഗീതം ശരാശരിക്കും താഴെയായിപ്പോയി. ലേഖ ആര്‍. നായര്‍ മികച്ച ഗായികയാണ്. പക്ഷേ, ഈ ഗാനം പാടിയിരിക്കുന്നത് ഒട്ടും മെച്ചമായിട്ടല്ല. അതിന്റെ ഉത്തരവാദിത്വവും സംഗീതസംവിധായകനാണ്. ഒന്നാന്തരം ഗാനം പിറക്കേണ്ട സന്ദര്‍ഭത്തെ മൂവരും (ഗാനരചയിതാവ്, സംഗീതസംവിധായകന്‍, ഗായിക) ചേര്‍ന്ന് നശിപ്പിച്ചിരിക്കുന്നു. ഇത്തരം പ്രവൃത്തികൊണ്ടാണ് ഇന്നത്തെ ഗാനങ്ങള്‍ക്കൊന്നും ദീര്‍ഘായുസ് ലഭിക്കാതെ പോകുന്നത്. ശാന്തം പാപം!
Login log record inserted successfully!