•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ പക്ഷികള്‍

കടല്‍ക്കാക്കള്‍

ടലിനെ പൂര്‍ണമായോ ഭാഗികമായോ  ആശ്രയിച്ചു ജീവിക്കുന്ന പക്ഷികളെയാണ് കടല്‍പ്പക്ഷികള്‍ എന്നു പറയുക. കരയിലെ പക്ഷികളെക്കാള്‍  കൂടുതല്‍ കാലം കടല്‍പ്പക്ഷികള്‍ക്ക് ആയുസുണ്ട്. കടല്‍പ്പക്ഷികളില്‍ പ്രധാന ഇനമാണ് കടല്‍ക്കാക്കകള്‍. ലാറസ് കാനസ് എന്നാണ് കടല്‍ക്കാക്കകളുടെ ശാസ്ത്രനാമം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ കടല്‍ക്കാക്കളെ ധാരാളമായി കാണുന്നു. കടല്‍ക്കാക്കയുടെ സാധാരണ നിറം ചാരമോ, വെളുപ്പോ ആകും. ഇത്തരം നിറങ്ങള്‍ ഇടകലര്‍ന്നും കാണാം. ചര്‍മത്തില്‍ ആവരണം ചെയ്യപ്പെട്ട പാദങ്ങളാണുള്ളത്. പാദങ്ങള്‍ക്ക് മഞ്ഞ, പച്ചകലര്‍ന്ന നിറമാവും. ചുണ്ടുകള്‍ക്കും ഏതാണ്ട് ഇതേ നിറം.
കടല്‍ക്കാക്കകളിലെ ചിലയിനങ്ങള്‍ കൃഷിയിടങ്ങളിലേക്കു വന്ന് ആ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിച്ചുകാണുന്നുണ്ട്. തടിച്ചുകൊഴുത്ത ശരീരപ്രകൃതമാണ് കടല്‍ക്കാക്കയുടേത്. നീണ്ട വീതിയുള്ള ചിറകുകളുടെ അറ്റം കറുപ്പായിരിക്കും. ചിറകു വിടര്‍ത്തിപ്പിടിച്ച് അനായാസേന ഒഴുകിപ്പറക്കും. ഇടയ്ക്കിടെ വെള്ളത്തില്‍ നില്‍ക്കുന്ന മരക്കുറ്റികളാണ് ഇഷ്ടപ്പെട്ട ഇരിപ്പിടങ്ങള്‍. മീന്‍പിടുത്തക്കാരുടെ തോണികളെ അനുഗമിക്കുക ഇവയുടെ പതിവാണ്. ചത്തതും ചീഞ്ഞതും തിന്നു കടലോരം ശുചിയാക്കുന്ന പക്ഷികളാണിവ. ഏറ്റവും വലിയ കടല്‍ക്കാക്കയ്ക്കു ചിറകറ്റംമുതല്‍ ചിറകറ്റം വരെ 1.6 മീറ്റര്‍ നീളവും ചെറുതിനു 60 സെ. മീറ്റര്‍ നീളവുമാണുള്ളത്. തറയിലുണ്ടാക്കുന്ന കൂടുകളില്‍ പെണ്‍കടല്‍ക്കാക്ക രണ്ടോ മൂന്നോ മുട്ടയിടുന്നു. മൂന്നോ നാലോ ആഴ്ച ആണും പെണ്ണും മാറി മാറി  അടയിരിക്കും. പ്രജനനക്കാലമായാല്‍  ഇണയെ കണ്ടെത്താന്‍ മുന്‍കൈയെടുക്കുക പെണ്‍കടല്‍ക്കാക്കള്‍തന്നെ. ആകര്‍ഷകമായി നൃത്തമിട്ടും ആഹാരസാധനങ്ങള്‍ പങ്കിട്ടും ഇണകള്‍ മാനസികമായി അടുക്കും. പിന്നീടാണ് രണ്ടുപേരും ചേര്‍ന്ന് കൂടൊരുക്കുക. ആണ്‍കടല്‍ക്കാക്കകള്‍ കൂടു കെട്ടാനുള്ള സാമഗ്രികള്‍ കൊണ്ടുവരികയും അതുപയോഗപ്പെടുത്തി പെണ്‍കടല്‍ക്കാക്കള്‍ സമര്‍ഥമായി കൂടൊരുക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ പരിപാലിക്കല്‍ രണ്ടുപേരും ചേര്‍ന്നാണ്. രണ്ടു മാസക്കാലത്തോളം കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.
കടല്‍ക്കാക്കകള്‍ നാല്പതോളം ഇനങ്ങളുണ്ട്. ലോകത്ത് ഒട്ടുമിക്ക സമുദ്രമേഖലകളിലും ഇവയെ കണ്ടുവരുന്നു. മുള്‍വാലന്‍, സൂചിച്ചുണ്ടന്‍, മീന്‍കോരി, വലിയ  കടല്‍ക്കാക്ക, ചെറിയ കടല്‍ക്കാക്ക എന്നിങ്ങനെ പല ഇനങ്ങള്‍ കേരളത്തിന്റെ തീരങ്ങളില്‍  കാണാം. തവിട്ടും കറുപ്പും പുള്ളികളുള്ള വെളുത്ത പക്ഷികളാണ് ഒട്ടു മിക്ക കടല്‍ക്കാക്കളും. പരുന്തിന്റേതുപോലുള്ള വീതിയേറിയ ചിറകുകളും താറാവിന്റേതുപോലെ ചര്‍മാവൃതമായ പാദവും കടല്‍ക്കാക്കയ്ക്കുണ്ട്. കൊക്ക് കൂര്‍ത്ത് അല്പം വളഞ്ഞതാണ്. ചിലയിനങ്ങളാകട്ടെ, പുഴകളിലെയും കായലുകളിലെയും താമസക്കാരാണ്.

 

Login log record inserted successfully!