•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ഗാനസാഹിത്യം എങ്ങോട്ട്?

രോ വര്‍ഷം കഴിയുമ്പോഴും മുമ്പ് ഈ ലേഖകന്‍ ഒരുവര്‍ഷത്തെ ചലച്ചിത്രഗാനങ്ങളുടെ വിളവെടുപ്പു നടത്തുമായിരുന്നു. പതിരല്ലാതെ കതിരൊന്നും ലഭിക്കായതോടെ ആ പണി ഞാനങ്ങു നിറുത്തി. പ്രമുഖ പത്രങ്ങളും ചലച്ചിത്രപ്രസിദ്ധീകരണങ്ങളും നിജസ്ഥിതി മനസ്സിലാക്കി അത്തരം ലേഖനങ്ങള്‍ വേണ്ടെന്നുവച്ചു. അദ്ഭുതമെന്താണെന്നുവച്ചാല്‍ ചില സൈറ്റുകള്‍ യാതൊരു ഉളുപ്പുമില്ലാതെ 2022 ലെ മികച്ച (?) ഗാനങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തിയിരിക്കുന്നു. പീറപ്പാട്ടുകളില്‍നിന്ന് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് മനഃസാക്ഷിക്കുത്തില്ലാതെ എങ്ങനെ സാധ്യമായി?
ഇതാ 2022 ന്റെ ഒടുവിലിറങ്ങിയ ഒരു ഗാനം. ഇത്തരം വികലമായ സൃഷ്ടികളാണ് പോയവര്‍ഷം നമ്മുടെ കാതുകളിലെത്തിയത്.
''വാനിലെ താരകേ തേടുന്നിതാ
കാറ്റിന്‍തീരങ്ങളില്‍ ഭൂവില്‍
തിങ്കളിന്‍ തേരിലായ് വന്നിടൂ
വാതില്‍ ചാരി നീ വരൂ സഖീ വരൂ'' (ചിത്രം - 4 ഇയേഴ്‌സ്; രചന - ആരതി മോഹന്‍; സംഗീതം - ശങ്കര്‍ ശര്‍മ്മ; ആലാപനം - അയിരാന്‍, ശ്രുതി ശിവദാസ്)
പതിവുപോലെ ആകാശവും താരകവും കാറ്റും തിങ്കളും എല്ലാം ഇവിടെയും സ്ഥാനം പിടിച്ചിട്ടുണ്ട്. വാനിലെ താരകയെ തേടുന്നത് വാനിലല്ല, കാറ്റിന്റെ തീരങ്ങളിലും ഭൂമിയിലുമാണ്. തിങ്കളിന്റെ തേരില്‍ വേണം താരകം വരേണ്ടതെന്ന നിര്‍ദേശവുമുണ്ട്. അങ്ങനെ വരേണ്ടത് വാതില്‍ ചാരിയിട്ടാവണം എന്ന പ്രസ്താവത്തിന്റെ യുക്തി വ്യക്തമല്ല. സാധാരണഗതിയില്‍ വാതില്‍ തുറന്നുവേണം വരേണ്ടത്. ഇവിടെ വാതില്‍ ചാരിയിട്ട് വരാനാണ് ആഹ്വാനം.
''കനിമൊഴി നീയെന്‍ കനവിലെ കൂട്ടില്‍
അണയുവാനായ് പൂനിലാരാവില്‍
മന്ദം മന്ദം വിരിയുമീ പൂവില്‍
അരികിലായ് പായും തേന്‍കിളീ വാ''
പുതിയ പാട്ടെഴുത്തുകാര്‍ക്ക് പല്ലവി, അനുപല്ലവി, ചരണം ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയ ഗ്രാഹ്യമൊന്നുമില്ല. അതുകൊണ്ട് ആദ്യം പറയുന്നതുമായി പിന്നീടുള്ള വരി യോജിക്കാതെ വരും. പല്ലവികള്‍ താരകത്തെ സംബോധന ചെയ്തതും പലയിടത്തും അന്വേഷിച്ചതും തിങ്കളിന്റെ തേരില്‍ വരാന്‍ പറഞ്ഞതുമൊക്കെ അപ്പോള്‍ത്തന്നെ എഴുത്തുകാരന്‍ മറന്നു. അനുപല്ലവിയില്‍ കനിമൊഴിയോടും തേന്‍കിളിയോടുമാണ് രചയിതാവ് സംവദിക്കുന്നത്. എന്തൊക്കെയോ എഴുതി എന്നല്ലാതെ ഒന്നും ലക്ഷ്യത്തോടെയല്ല. പരസ്പരം പൂരകങ്ങളായി വര്‍ത്തിക്കേണ്ട വരികള്‍  വിഘടിച്ചുനില്ക്കുന്നു. ഗാനരചനയുടെ പ്രാഥമികപാഠമെങ്കിലും വശമില്ലാത്തവര്‍ തൂലികയെടുക്കരുത് എന്നാണ് എന്റെ എളിയ അപേക്ഷ. നമുക്കു മാതൃകയായി സമ്പന്നമായ ഗാനചരിത്രമുണ്ട്. എന്നിട്ടും അതൊന്നും കാണാതെ വായില്‍ വരുന്നതു കോതയ്ക്കു പാട്ട് എന്ന മട്ടില്‍ അര്‍ഥശൂന്യമായ പലതും എഴുതിവിടുന്നു. കാവ്യവാസന തൊട്ടുതെറിച്ചിട്ടില്ലെങ്കിലും കുറഞ്ഞപക്ഷം ഭാഷയെങ്കിലും കുറ്റമറ്റതായിരിക്കേണ്ടതല്ലേ?
''കൂട്ടിനായ് വരാനെന്തിനീ നാണം
വാനവും ഭൂമിയും ചേരുമീ വേളയില്‍
നിനവുകള്‍ ഇതാ പൂക്കാലങ്ങളായ്
കനവുകള്‍ സാഗരംപോലെയെന്‍ മാനസം
നീയതില്‍ നീരാടീടും'' എന്നിങ്ങനെ ശുഷ്‌കമായ ഏതാനും വരികള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് രചയിത്രി ഗാനസാഹസം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ പാട്ടിനിടയ്ക്ക്  അതിനെ അലോസരപ്പെടുത്തുന്ന വിധത്തില്‍ സംഭാഷണം കേള്‍ക്കാം. സംവിധായകന്‍ പാട്ടിന് അത്ര പ്രാധാന്യമേ കല്പിച്ചിട്ടുള്ളൂ എന്നു സാരം. ഇതു യുഗ്മഗാനമാണ്, ഇതില്‍ കാതലായ വിഷയം പ്രണയവുമാണ്. പക്ഷേ, വരികള്‍ പാടിക്കേള്‍ക്കുമ്പോള്‍ നമുക്ക് അങ്ങനെ തോന്നുകയില്ല. മലയാളത്തിലെ ഓമനത്തം തുളുമ്പുന്ന പദങ്ങളൊക്കെയാണ് ഗാനത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. അതുകൊണ്ടെന്തുകാര്യം? വാക്കുകള്‍ തമ്മില്‍ ചേര്‍ന്ന് അര്‍ഥം ധ്വനിപ്പിക്കണമല്ലോ. ആദ്യന്തം സുദൃഢമായ ഒരാശയം ഗാനത്തിലുണ്ടായിരിക്കുകയുംവേണം. ഈ ഗാനം പതിനായിരം തവണ കേട്ടാലും നമുക്കൊന്നും തോന്നുകയില്ല. മടുപ്പുളവാക്കുകയും ചെയ്യും. ഗാനം കലാസൃഷ്ടിയാണെങ്കില്‍ വെറുപ്പിക്കുകയല്ല രസിപ്പിക്കുകയാണു വേണ്ടത്. ഈ സാരസ്വതരഹസ്യമെങ്കിലും കുറഞ്ഞപക്ഷം രചയിതാക്കള്‍ അറിഞ്ഞാല്‍ നന്ന്.

 

Login log record inserted successfully!