•  18 Apr 2024
  •  ദീപം 57
  •  നാളം 6
കേരളത്തിലെ പക്ഷികള്‍

അങ്ങാടിക്കുരുവി

ഫ്രിന്‍ജില്ലിഡെ കുലത്തില്‍പ്പെടുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. ഇതിനെ നാരായണപ്പക്ഷി എന്നും വിളിക്കാറുണ്ട്. ശാസ്ത്രനാമം പാസെര്‍ ഡൊമസ്റ്റിക്കസ്.
ധാന്യക്കടകള്‍ ഏറെയുള്ള തെരുവുകളാണ് ഇതിന്റെ വിഹാരകേന്ദ്രം. കൊക്കിന്റെ അറ്റംമുതല്‍ വാലറ്റംവരെ 15 സെന്റീമീറ്ററോളം നീളം കാണും. പെണ്‍പക്ഷിയുടെ ഉപരിഭാഗത്തിന് ഇളംതവിട്ടുനിറമാണ്. അടിഭാഗത്തിനു മങ്ങിയ വെളുപ്പും. ആണ്‍പക്ഷിക്കു രണ്ടു വെളുത്ത പക്ഷരേഖ കാണാം. അടിവശത്തിനു ചാരനിറം. തൊണ്ടയും മുഖവും മാറിടവും കറുപ്പ്. പെണ്‍പക്ഷിക്കു കറുപ്പുനിറം ഇല്ല. ധാന്യങ്ങളാണ് ആഹാരം. തള്ളപ്പക്ഷി, കുഞ്ഞുങ്ങള്‍ക്കു പുഴുക്കളും മറ്റും കൊണ്ടുകൊടുക്കാറുണ്ട്. പ്രജനനത്തിനു പ്രത്യേക കാലം ഇല്ല. ഒരു വര്‍ഷം ആറും ഏഴും തവണ മുട്ടയിടും. ചുമരുകളിലുള്ള മാളങ്ങളിലാണ് കൂടൊരുക്കുക. പഞ്ഞി, ചകിരി, വൈക്കോല്‍ തുടങ്ങിയവ കൂടുകൂട്ടാനുപയോഗിക്കുന്നു. ഒരു തവണ നാലോ അഞ്ചോ മുട്ടയിടുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവ സാധാരണഗതിയില്‍ ചത്തുപോകുന്നു.
അങ്ങാടിക്കുരുവി, ആറ്റക്കുരുവി, മരക്കുരുവി, വീട്ടുകുരുവി എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ് സ്പാരോ കുടുംബം. കുമ്പിള്‍പോലെ തടിച്ചു നീളം കുറഞ്ഞതാണു ചുണ്ടുകള്‍. ആറ്റക്കുരുവികള്‍ക്കു തലയില്‍ മഞ്ഞനിറമുണ്ടാകും. ഇവറ്റ കൃഷിസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും പറ്റമായി കൊത്തിപ്പെറുക്കി നടക്കുന്നു. വലുപ്പക്കുറവാണെങ്കിലും പല കാര്യങ്ങളിലും ഇവര്‍ മുമ്പന്മാരാണ്. ഇവറ്റ ഒരു സീസണില്‍ അന്‍പതിലധികം മുട്ടകള്‍  വരെ ഇടുന്നു. പന്ത്രണ്ടുവര്‍ഷം വരെ ആയുസ്സുള്ള കൂട്ടരുമുണ്ട്. മുട്ടയുടെ എണ്ണത്തിന്റെയും വ്യാപകമായ വിന്യാസത്തിന്റെയും ആയുസിന്റെയുമൊക്കെ ആനുകൂല്യം ഏതു സാഹചര്യത്തിലും എത്തിപ്പെടാന്‍ ഇവറ്റയെ പ്രാപ്തരാക്കുന്നു.
കുരുവികള്‍ എണ്ണത്തില്‍ കൂടുതലുള്ള പക്ഷിവര്‍ഗം തന്നെ. വില്ലോ കുരുവി എന്ന ഇനത്തില്‍ ലോകത്ത് 100 കോടി കുരുവികളുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ കാണുന്ന അങ്ങാടിക്കുരുവികളുടെ കാര്യത്തിലും എണ്ണത്തില്‍ മറ്റു പക്ഷികളെ അപേക്ഷിച്ചു വളരെ കൂടുതല്‍ തന്നെ.
ശബ്ദാനുകരണത്തിന്റെ കാര്യത്തില്‍ അങ്ങാടിക്കുരുവികളും മുമ്പന്മാരാണ്. ചിലയിനം കുരുവികള്‍ക്ക് അമ്പതിലേറെ പക്ഷികളുടെ സ്വരം അനുകരിക്കാനാവുമത്രേ.

 

Login log record inserted successfully!