•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

അറുതിയില്ലാത്ത സങ്കടം

ജീവിതത്തിലെ സുപ്രധാനവഴിത്തിരിവാണു വിവാഹം. അതിനാല്‍, ആ പേരില്‍ അറിയപ്പെടുന്ന ധാരാളം ചലച്ചിത്രങ്ങള്‍ നമ്മുടെ വെള്ളിത്തിരയില്‍ വെളിച്ചം കണ്ടിട്ടുണ്ട്. വിവാഹസമ്മാനം, വിവാഹം സ്വര്‍ഗത്തില്‍, വിവാഹിത, വിവാഹിതരേ ഇതിലേ, നാളെ ഞങ്ങളുടെ വിവാഹം എന്നീ ചിത്രങ്ങള്‍ പെട്ടെന്ന് ഓര്‍മവന്നതു കുറിക്കുകയാണ്. എന്നാല്‍, വിവാഹത്തിന്റെ (വി+വാഹം = വിവാഹം. ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്ത വഹനം - ചുമക്കല്‍ എന്നര്‍ഥം) പര്യായപദമായ കല്യാണം കടന്നുവരുന്ന ശീര്‍ഷകങ്ങളാണ് ഏറെയുള്ളത്. കല്യാണക്കച്ചേരി, കല്യാണരാമന്‍, കല്യാണപ്പന്തല്‍, കല്യാണസൗഗന്ധികം, കല്യാണഫോട്ടോ, കല്യാണക്കുറിമാനം, കല്യാണരാത്രിയില്‍, കല്യാണ ഉണ്ണികള്‍, കളിയല്ല കല്യാണം, കുറുക്കന്റെ കല്യാണം, മിണ്ടാപ്പൂച്ചയ്ക്കു കല്യാണം, കടിഞ്ഞൂല്‍കല്യാണം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കല്യാണപ്പിറ്റേന്ന്, അഞ്ചരക്കല്യാണം, കളിയല്ല കല്യാണം, കളമശ്ശേരിയില്‍ കല്യാണയോഗം, സുന്ദരകല്യാണം, പുലിവാല്‍കല്യാണം, ഇന്നാണ് ആ കല്യാണം, മീനാക്ഷിക്കല്യാണം, കാഞ്ചീപുരത്തെ കല്യാണം, ആനന്ദക്കല്യാണം എന്നിങ്ങനെ പോകുന്നു ആ പേരുകള്‍.
ഇക്കാലത്ത് ഇത്തരത്തില്‍ മനസ്സിലാകുന്ന പേരിട്ടാല്‍ കുറച്ചിലല്ലേ? അതുകൊണ്ട് സംവിധായകനായ സാജന്‍ ആലുംമൂട്ടില്‍ (സാജന്‍ കെ. മാത്യു) വളരെ കഷ്ടപ്പെട്ട് സ്വന്തം ചിത്രത്തിനു പുതിയ ഒരു പേരു കണ്ടുപിടിച്ചു. 'വിവാഹ ആവാഹനം' എന്താണ് ഈ ആവാഹനം? ശബ്ദതാരാവലി പറയുന്നു ആവാഹിക്കല്‍ (മന്ത്രം ജപിച്ചു വിളിക്കുക, ക്ഷണിക്കുക, സമീപത്തു വരുത്തുക എന്നൊക്കെയാണ് ആവാഹിക്കുക എന്നതിനര്‍ഥം), ഹോമം എന്നിവയാണ് അതിന്റെ അര്‍ഥമെന്ന്. അപ്പോള്‍ 'വിവാഹ' ആവാഹനത്തെ ഏതു കുറ്റിയില്‍ കെട്ടും? വിവാഹം ക്ഷണിക്കല്‍ എന്നു കഷ്ടിച്ച് അര്‍ഥം പറയാം. സാധാരണക്കാര്‍ക്ക് ഇതു വല്ലതും മനസ്സിലാകുമോ?
ആ ചിത്രത്തിലെ ഒരു പാട്ടുകേട്ടാല്‍ ചിത്രനാമം എത്ര ഭേദമെന്ന് ആരും പറഞ്ഞുപോകും. രചന: സാം മാത്യു, സംഗീതം - രാഹുല്‍ ആര്‍ ഗോവിന്ദ; ആലാപനം - അരവിന്ദ് ദിലീപ് നായര്‍.
'നീഹാരംപോല്‍ വന്നുയിരില്‍ ഒരാള്‍
നിലാമയൂഖമായ് നീരൂറുന്നു 
മെയ്യിലാകവേ
വിരല്‍ത്തുമ്പു ചേരുമ്പോഴോ
കുളിര്‍നിലാ കടല്‍പോലെയാളുന്നു
നിന്‍ മൗനം നെഞ്ചിലായ്
തോരാതെ പെയ്യുന്നു
ആര്‍ദ്രമായ് ഹേമന്തം
ആകാശമേ നിന്‍ മൗനമാം
ആഴങ്ങളില്‍ നീങ്ങും മിന്നാരങ്ങള്‍''
ഇത് ലിറിക്കല്‍ വീഡിയോ ആയിട്ടാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും എഴുതിക്കാണിക്കുന്നതല്ല പാടുന്നത്. ആ ഗാനത്തിന്റെ കാര്യത്തില്‍ അശ്രദ്ധ എത്രത്തോളമുണ്ടെന്നതിനു തെളിവാണിത്. ആദ്യത്തെ ഈരടി നോക്കുക. മിക്കതും അനാവശ്യമായ പ്രയോഗങ്ങള്‍. ചുരുക്കത്തില്‍, ഗാനത്തിന്റെ ആശയം കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ മരീചികയില്‍ ജലം നിറയുംപോലെ വ്യര്‍ഥപ്രവൃത്തിയാകുമത്.
മെയ്യിതള്‍പോലെയുള്ള ഒരു പ്രയോഗം അസഹനീയമാണ്. ഭാഷയോ കാവ്യസംസ്‌കൃതിയോ വശമില്ലാത്ത ഗാനരചയിതാവ് തൂലികയെടുത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കുന്നു. അവ അക്ഷരങ്ങളായി രൂപംകൊണ്ടു എന്നതു ശരിതന്നെ. പക്ഷേ, ആ അക്ഷരങ്ങള്‍ വാക്കുകളായി മാറിയപ്പോള്‍ അവ അര്‍ഥമില്ലാത്തതും പരസ്പരം വിഘടിച്ചു നില്ക്കുന്നവയുമായിപ്പോയി. ഇത്തരം പാട്ടുകളാണ് ഇന്നത്തെ ഏതു ചിത്രത്തിലുമുള്ളത്. അതുകൊണ്ടാണ് ആസ്വാദകര്‍ അവയെ പൂര്‍ണമായും അവഗണിക്കുന്നത്.
''മേഘമേ വെണ്‍മേഘമേ
തൊടാതെ നീ നനഞ്ഞോ
കനല്‍ച്ചൂടുരുമ്മും
മനസ്സില്‍ കരള്‍ക്കൂടിതില്‍ വരൂ...''
പാടിയിരിക്കുന്നതു പലതും വ്യക്തമല്ല. ചില അക്ഷരങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. ചിലതു മാറി ഉച്ചരിക്കുന്നു. നോക്കൂ, മനസ്സിന്‍ കരള്‍ക്കൂട് എന്നെഴുതാന്‍ സാം മാത്യുവിനു തെല്ലും മടി തോന്നിയില്ല കവിതയിലും ഗാനത്തിലും. അവ രണ്ടും ഒന്നാണെന്ന പ്രാഥമിക അറിവുപോലും തൂലികയുന്തിയയാള്‍ക്ക് ഇല്ലാതെപോയി. എന്നിട്ടും ഗാനരചയിതാക്കളുടെ പട്ടികയില്‍ അദ്ദേഹവും സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്തരക്കാര്‍ മതി എന്ന അവസ്ഥ സംജാതമായതാണ് ഇന്നത്തെ ഏറ്റവും വലിയ സങ്കടം. നാം സങ്കടപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരിക്കലും അതിന് അറുതി വരുന്നതുമില്ല. 
Login log record inserted successfully!