•  28 Mar 2024
  •  ദീപം 57
  •  നാളം 4
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

മനം പെയ്ത മനസ്സ്

ഗാനരചനാരംഗത്തേക്ക് അക്ഷരവൈരികള്‍ തള്ളിക്കയറാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്നും അത് അഭംഗുരം തുടരുകയാണ്. വന്നുവന്ന് ഏറ്റവും അവഗണിക്കപ്പെട്ട വര്‍ഗമായി അവര്‍ മാറിയിരിക്കുന്നു. എന്നിട്ടും അവര്‍ക്കു യാതൊരു കുലുക്കവുമില്ല എന്നതത്രേ ഏറെ വിചിത്രമായ വസ്തുത. ഗാനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ശില്പികള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ഇന്ന് അവര്‍ ആ പേരിനുപോലും അര്‍ഹതയില്ലാത്തവരായി മാറിയിരിക്കുന്നു. ഗാനങ്ങള്‍ പടച്ചുവിടാന്‍ പരിശ്രമിക്കുന്നവര്‍ക്ക് സാഹിത്യമോ സംഗീതമോ അറിയണമെന്നില്ല. എന്തുമെഴുതാം, എങ്ങനെയും ചിട്ടപ്പെടുത്താം. എല്ലാം നേര്‍ച്ച മാത്രമായി അധഃപതിച്ചിരിക്കുന്നു. ഇപ്പറഞ്ഞതെല്ലാം വെളിപ്പെടുത്തുന്ന ഒരു ഗാനം. ചിത്രം - സാറ്റര്‍ഡേ നൈറ്റ്; ഗാനരചന - ജോപോള്‍; സംഗീതം - ജോക്‌സ് ബിജോയ്; ആലാപനം - വിജയ് യേശുദാസ്.
ആദ്യമേ പറയട്ടെ, ഈ ഗാനത്തിന് നാം ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന ചിഹ്നങ്ങളൊന്നും ബാധകമല്ല. അതായത്, അല്പവിരാമം, അര്‍ദ്ധവിരാമം, അപൂര്‍ണവിരാമം, പൂര്‍ണവിരാമം ഇവയൊന്നും പാട്ടെഴുത്തുകാരന്റെ തൂലികത്തുമ്പില്‍ മാത്രമല്ല മനസ്സിലും കടന്നുവന്നിട്ടില്ല. അതിന്റെ ഫലമാകട്ടെ ഗാനം കാളമൂത്രംപോലെ നീണ്ടുനീണ്ടു പോകുന്നു. വരികള്‍ക്കു തമ്മില്‍ ബന്ധമുണ്ടോ, അതുമില്ല.
''നിലാത്തുമ്പി നീ
നിഴല്‍പ്പൂവിനെ 
തൊടാന്‍ വൈകിയോ
അറിയുകില്ലയോ
ഒരേ ചില്ലയില്‍
ഇടം തന്നതോ
മറന്നതെന്തിനായ്
അകലെ നിന്നുവോ'' 
നെയ്‌തെടുത്ത കല്പനകള്‍ പുതുമയുള്ളവയല്ല എന്നതോ പോകട്ടെ അനൗചിത്യത്തിന്റെ സന്തതികളുമായിപ്പോയി. നിഴല്‍പ്പൂവിന് എന്താണു പ്രസക്തി? എന്തോ  ഗഹനമായ ആശയം അവതരിപ്പിക്കുന്ന മട്ടില്‍ പാട്ടെഴുത്തുകാരന്‍ തികച്ചും ബാലിശമായ ചിലതൊക്കെ വിളമ്പുന്നു. ഇത്തരം വരികള്‍ ഒരിക്കലും ഉത്തമഗാനത്തിന് അനുയോജ്യമല്ല എന്ന് അദ്ദേഹം തിരിച്ചറിയാത്തതാണു കഷ്ടം!
''കനവായ് ഉരുകും
പറയാവാക്കും
പകലായ് തെളിയും
ഏതോ നിമിഷം
വെയില്‍ വീണവഴി നിറഞ്ഞ
കഥയിലിതുവരെ
കടംതന്ന തണലകന്ന
അറിയുമാദ്യമായ്
 മനം പെയ്ത് മനസ്സറിഞ്ഞ
മധുരമിനിയിതാ.''
ഗാനരചയിതാവ് ഇപ്രകാരം കാടുകയറിപ്പോകുകയാണ്. അദ്ദേഹത്തിന് ഒരു ലക്ഷ്യവുമില്ല. ഒരിടത്തും ചുവടുറപ്പിക്കുന്നതുമില്ല. പദങ്ങള്‍ ചേര്‍ന്നു വരുമ്പോഴാണ് വരിക്ക് അര്‍ത്ഥം വരുന്നത്. ഏതെങ്കിലുമൊക്കെ വാക്കുകള്‍ തോന്നിയതുപോലെ ചേര്‍ത്താല്‍ ഉളവാകുന്നത് വ്യക്തമായ ആശയമായിരിക്കണമെന്നില്ല. കഴിവുള്ള കവികള്‍ എഴുതുന്നതു പലപ്പോഴും കാവ്യാത്മകമായിരിക്കും. മുകളില്‍ എടുത്തെഴുതിയ ഗാനഭാഗം ശ്രദ്ധിക്കുക. അതു വായിക്കുമ്പോള്‍ (ഗാനം കേള്‍ക്കുമ്പോഴും) ആസ്വാദകനു തോന്നുന്നതെന്താണ്? ശൂന്യതമാത്രം. ഇത്തരം ശൂന്യതയാണ് ഇന്നത്തെ പാട്ടുകളുടെ പരാജയകാരണം. എത്രയൊക്കെ എഴുതിയിട്ടും എന്നെപ്പോലുള്ളവര്‍ വായിട്ടലച്ചിട്ടും നവീന പാട്ടെഴുത്തുകാര്‍ ആരുംതന്നെ അതു മനസ്സിലാക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. 
കനവും പകലും വെയിലും തണലും ഒന്നും നമുക്കന്യമായ പദങ്ങളല്ല. എന്നിട്ടും അവ ചേര്‍ന്നു വന്ന ഈ ഗാനം പൂര്‍ണമായും നമുക്ക് അന്യമായിപ്പോകുന്നു. മനവും മനസ്സും ഒന്നാണെന്നിരിക്കെ 'മനംപെയ്ത് മനസ്സറിഞ്ഞ' എന്നെഴുതാന്‍ ജോ പോളിന് എങ്ങനെ മനസ്സുവന്നു എന്നാലോചിക്കുകയാണു ഞാന്‍. ശ്രദ്ധയില്ലായ്മ രചയിതാവിന്റെ  മുഖമുദ്രയാണെന്നതിനു വേറേ തെളിവെന്തിന്? ഭാഷയും സാഹിത്യവും വേണ്ടതുപോലെ പഠിച്ചതിനുശേഷം ഇക്കൂട്ടര്‍ തൂലികയെടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്. ആസ്വാദകരുടെ ആ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് ഗാനങ്ങളിലൂടെ വീണ്ടും വീണ്ടും ഉദ്‌ഘോഷിക്കുകയാണു പാട്ടെഴുത്തുകാര്‍. ഈശ്വരോ രക്ഷതു!

 

Login log record inserted successfully!