ഓലേഞ്ഞാലിപ്പക്ഷിയുടെ കൗതുകങ്ങള്‍ കാണാത്തവരില്ല. തെങ്ങോലയുടെ തുമ്പത്തോ മരച്ചില്ലയുടെ അറ്റത്തോ ഞാന്നുകിടന്നു ജാഗ്രതയോടെ നോക്കുന്ന ഓലേഞ്ഞാലിയെ കാണാത്തവരുണ്ടോ? തീറ്റ തേടിയുള്ള കിടപ്പാണത്. വായുവിലൂടെയോ മരത്തിലൂടെയോ എങ്ങാനുമൊരു ഇര വന്നാലുടന്‍ വായിലായതുതന്നെ. നല്ല ശാപ്പാട്ടുവീരന്മാരാണ് ഓലേഞ്ഞാലികള്‍.
പുല്‍ച്ചാടിയും പച്ചക്കുതിരയും തുമ്പികളും പൂമ്പാറ്റകളുമൊക്കെയാണ് പ്രധാന ആഹാരം. ഇരയെ കൃത്യമായി കാണാനും പിടികൂടാനും മുകളില്‍നിന്നുള്ള നോട്ടമാണ് ഏറ്റവും പറ്റിയതെന്ന് ഇവയ്ക്കറിയാം. ഓലേഞ്ഞാലികള്‍ കാക്കയുടെ കുടുംബക്കാരാണെന്ന് അവയുടെ ചുണ്ടും നെറ്റിയും കണ്ണുകളും കണ്ടാല്‍ മനസ്സിലാകും. എന്നാല്‍, കാക്കകളെപ്പോലെ മനുഷ്യരുമായി ഇടപഴകാനോ കിട്ടുന്നതെന്തും തിന്നാനോ ഇവ താത്പര്യം കാട്ടാറില്ല. നിറമുള്ള കാക്കകള്‍ എന്നാണ് ഓലേഞ്ഞാലികളെപ്പറ്റി പറയുക. ഭാരതത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ പക്ഷികളെ കാണാം; കേരളത്തില്‍ ഏതാണ്ട് എല്ലായിടത്തുംതന്നെയും. ഓലമുറിയന്‍ എന്നൊരു വിളിപ്പേരുകൂടി ഇവയ്ക്കുണ്ട്.
ചെറുചുള്ളികളും നാരും വേരുകളും ചേര്‍ത്തുനിര്‍മിക്കുന്ന കൂട് ഏതാണ്ടു കപ്പുപോലെയിരിക്കും. മരക്കൊമ്പുകള്‍ക്കിടയില്‍ തിരുകിയതുപോലെ സുരക്ഷിതമായേ കൂടുകൂട്ടാറുള്ളൂ. ഒന്നോ രണ്ടോ കുഞ്ഞുങ്ങളുമായി ഇവ ഇതില്‍ കഴിഞ്ഞുകൂടും.
ഓലേഞ്ഞാലികള്‍ പ്രധാനമായും രണ്ടോ മൂന്നോ കൂട്ടരുണ്ട്. കഴുത്തുവരെ കറുത്ത നിറവും ചിറകിനു ചെങ്കല്‍നിറവും ബാക്കി വെളുപ്പും കലര്‍ന്ന നാടന്‍ ഓലേഞ്ഞാലികള്‍തന്നെ ഇവരില്‍ പ്രധാനികള്‍. കാക്കയുടേതുപോലെ തടിച്ച ചുണ്ടും തലയിലും പിന്‍കഴുത്തിലും അടിവയറിലും ചാരനിറമുള്ളതുമാണ് ചാര ഓലേഞ്ഞാലികള്‍. വനമേഖലയിലെ ഓലേഞ്ഞാലികള്‍ക്കു വാലിനു നീളമേറും. ചാരവാലിന്റെ അറ്റത്തു മൂന്നിലൊന്നു ഭാഗം കറുത്തിരിക്കും. ചുണ്ട് ഏതാണ്ട് വെളുത്തും. കാക്കകളെപ്പോലെ ഇണങ്ങില്ലെങ്കിലും മലയാളിയുടെ മനസ്സിന്റെ ഓലത്തുമ്പത്തിരുന്ന് ഇവ ഊയലാടുന്നു.