•  2 May 2024
  •  ദീപം 57
  •  നാളം 8
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

കാഞ്ഞിരത്തെക്കാള്‍ കയ്പ്

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ അന്തരിച്ചിട്ട് നാല്പത്തേഴു വര്‍ഷമായി. അദ്ദേഹം ഈ ഭൂമിയില്‍ ആകെ ജീവിച്ചതും അത്രയും കാലയളവുമാത്രമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ഇപ്പോഴും ആളുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആസ്വദിക്കുന്നു. എന്താണ് അതിനു പിന്നിലെ രഹസ്യം? രഹസ്യമൊന്നുമില്ല; അദ്ദേഹത്തിന്റെ സൃഷ്ടികള്‍ അത്രത്തോളം ഉന്നതനിലവാരം പുലര്‍ത്തുന്നു എന്നതാണു കാരണം.
ഒന്നാലോചിച്ചു നോക്കൂ, ഇപ്പോഴത്തെ ഏതെങ്കിലും ഒരു പാട്ടെഴുത്തുകാരന്റെ ഏതെങ്കിലും ഒരു ഗാനം ഇത്രയും  വര്‍ഷങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനംപിടിക്കുമോ?  എന്തിനു വര്‍ഷങ്ങളെക്കുറിച്ചുപറയുന്നു, നാല്പത്തേഴു ദിവസങ്ങളോ അത്രയും മണിക്കൂറുകളോ തികയ്ക്കുമോ? 'ഇല്ല' എന്ന് ഉറക്കെപ്പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇതേ പംക്തിയില്‍ ഈ ലേഖകന്‍ എഴുതിക്കൊണ്ടിരിക്കുന്നത് വായിക്കുന്നവരോട് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ലതന്നെ. ഇതാ ഈ ഗാനം ശ്രദ്ധിക്കുക.
''നിന്‍ നോക്ക് മിന്നാമിന്നിത്തെല്ലിന്നു
തൂമിന്നലെക്കാളുണ്ടോ തിളക്കം
നിന്‍ കണ്ണു ചാറും സ്‌നേഹത്തുള്ളിക്കു
തോരാത്ത മഴയെക്കാളുണ്ടോ തിടുക്കം
ഞാനെത്ര ദൂരം താണ്ടി
നിന്‍ ചക്രവാളം തേടി
ഇന്നീ മേഘവാതില്ക്കല്‍ നീ താരകേ
ഉള്ളെന്ന നോവിന്‍
പക്ഷിക്കെത്തിടാനാമോ
നീയാം കാട്ടിലെ കൊമ്പത്തെ
ആശ്വാസമേഘത്തില്‍'' (ചിത്രം - പടവെട്ട്; ഗാനരചന: അന്‍വര്‍ അലി; സംഗീതം & ആലാപനം - ഗോവിന്ദ് വസന്ത)
നമ്മുടെ മാതൃഭാഷയിലെ അക്ഷരങ്ങള്‍കൊണ്ടാണ് ഈ ഗാനം ചമച്ചിരിക്കുന്നത്. എഴുത്തച്ഛന്‍മുതല്‍ ഇങ്ങോട്ട് പേരെടുത്ത കവികളെല്ലാം ഉപയോഗിച്ചത് ഇതേ അക്ഷരങ്ങളാണ്. കഴിവുള്ളവര്‍ അവ ഉപയോഗിച്ചപ്പോള്‍ എഴുതിയത്രയും പഞ്ചാമൃതമായി മാറി. എന്നാല്‍, അന്‍വര്‍ അലിയെപ്പോലുള്ളവര്‍ മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന തരത്തില്‍ എഴുതുമ്പോള്‍ അതു കാഞ്ഞിരത്തെക്കാള്‍ കയ്പുള്ളതായി മാറുന്നു. നമുക്കു പരിചിതമായ, നാം ഇഷ്ടപ്പെടുന്ന പല പദങ്ങളും ഈ ഗാനത്തില്‍ കടന്നുവന്നിട്ടുണ്ട്. എങ്കിലും  അവ മൊത്തത്തില്‍ പാടിക്കേള്‍ക്കുമ്പോള്‍ അരോചകമായിത്തീരുന്നു. എന്തുകൊണ്ട്? ഏതാണ്ടു മിക്ക  പച്ചക്കറിയും ചേരുന്ന കൂട്ടാനാണ് അവിയല്‍. എന്നുകരുതി പച്ചക്കറി മാത്രം അരിഞ്ഞുകൂട്ടിയതുകൊണ്ട് അതു രുചികരമായ അവിയലാകുമോ? അതുപോലെയാണ് ഇന്നിറങ്ങുന്ന പാട്ടിന്റെയും സ്ഥിതി. പദങ്ങളാകുന്ന കഷണങ്ങള്‍  വേണ്ടുവോളമുണ്ട്. എന്നാല്‍, അവിയലായില്ലെന്നു മാത്രം.
ഈ ഗാനം ഒന്നു കേള്‍ക്കുകയോ എടുത്തെഴുതിയ വരികള്‍ ഒന്നു വായിക്കുകയോ ചെയ്യുക. അപ്പോള്‍ ഞാന്‍ പറഞ്ഞ യാഥാര്‍ഥ്യം ആര്‍ക്കും തിരിച്ചറിയാനാവും. പദങ്ങളുടെയും വരികളുടെയും ചേര്‍ച്ചയില്ലായ്മയാണ് ഈ പാട്ടിന്റെ പ്രധാന ന്യൂനത. 'കണ്ണു ചാറും' പോലെയുള്ള അസഹനീയമായ പ്രയോഗങ്ങളുമുണ്ട്. കണ്ണു ചാറുന്നതു സ്‌നേഹത്തുള്ളിയാണെന്നത് അതിനെക്കാള്‍ കുഴപ്പംപിടിച്ച അറിവാണ്. എന്തൊക്കെയോ പറയാനുള്ള വെമ്പലുണ്ട് വരികളില്‍. പക്ഷേ, പറഞ്ഞുവന്നപ്പോള്‍ മല എലിയെ പ്രസവിച്ചതുപോലെയായി.
ഉള്ളെന്ന നോവ്, നീയാം കാട്, കാട്ടിലെ കൊമ്പ് തുടങ്ങിയ പ്രയോഗവൈകല്യങ്ങള്‍ താണ്ടിവേണം നാം ഗാനമാസ്വദിക്കാന്‍. ഒന്നു രണ്ടു കല്ലുകടിയാണെങ്കില്‍ സഹിക്കാം. നിറയെ കല്ലുകടിയായാലോ? സ്ഥാനത്തുമസ്ഥാനത്തും  ചില വാക്കുകള്‍ പടച്ചുവിട്ട് ഗാനമൊപ്പിച്ചിരിക്കുകയാണ് രചയിതാവ്. വയലാര്‍ രാമവര്‍മയുടെയും പി. ഭാസ്‌കരന്റെയും മറ്റും ഗാനങ്ങള്‍ അദ്ദേഹം കേള്‍ക്കേണ്ട സമയം (കേള്‍ക്കുകയല്ല ശരിക്കും മനനം ചെയ്യുകയാണു വേണ്ടത്) അതിക്രമിച്ചിരിക്കുന്നു. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. ഇപ്പറഞ്ഞവരുടെ ഗാനങ്ങള്‍ മനസ്സിരുത്തി പഠിച്ചാല്‍ അന്ന് അദ്ദേഹം തൂലിക ഉപേക്ഷിക്കും; തീര്‍ച്ച.

 

Login log record inserted successfully!