ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നൊരു വാക്കുപോലും അടുത്തകാലംവരെ പലര്‍ക്കും പരിചയമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട വാക്കായും ദഹിക്കാന്‍ കഴിയാത്ത ഒന്നായിട്ടുമാണ് അതിനെ ഭൂരിപക്ഷവും കണ്ടിരുന്നത് പക്ഷേ, ഇന്നു സമൂഹം മാറി, കാഴ്ചപ്പാടുകളിലും മാറ്റംവന്നു. ലൈംഗികന്യൂനപക്ഷങ്ങളെ അംഗീകരിച്ചേ മതിയാവൂ എന്ന രീതിയിലേക്കു സ്ഥിതിഗതികള്‍ വളര്‍ന്നു.
സമൂഹത്തിന്റെ ഈ മാറ്റം സിനിമയെന്ന കലാരൂപവും ഇക്കാലയളവില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇത്തരമൊരു മാറ്റത്തിന്റെ കഥ പറയുമ്പോള്‍ അതിനുംമുമ്പുള്ള ഒരു സിനിമാക്കാലത്തിന്റെ മനോഭാവംകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ലാല്‍ജോസ് - ദിലീപ് ടീമിന്റെ ഏറെ പ്രദര്‍ശനവിജയം നേടിയ ചാന്തുപൊട്ട് എന്ന സിനിമതന്നെ ഉദാഹരണം. സാധാരണ നായകസങ്കല്പത്തില്‍നിന്ന് അമ്പേ വ്യത്യസ്തനായിരുന്നു ചിത്രത്തിലെ നായകനായ രാധാകൃഷ്ണന്‍. രൂപംകൊണ്ട്പുരുഷനെങ്കിലും ഭാവംകൊണ്ട് സ്‌ത്രൈണമായ വ്യക്തിത്വമായിരുന്നു രാധാകൃഷ്ണന്റേത്. അതുകൊണ്ടുതന്നെ, അയാള്‍ ചുറ്റുവട്ടത്തുള്ള പുരുഷകേസരികളാല്‍ പരിഹസിക്കപ്പെടുന്നുണ്ട്. നീ ആണാണോ അതോ പെണ്ണാണോയെന്നാണ് അവരുടെയെല്ലാം സംശയം.
ചെറുപ്പംമുതലേ മുത്തശ്ശി വളര്‍ത്തിക്കൊണ്ടുവന്ന രീതിയിലെ പിശകാണ് രാധാകൃഷ്ണനിലെ സ്ത്രൈണതയ്ക്ക് ആക്കംകൂട്ടിയതെന്നും അയാള്‍ ജനിതകപരമായി പുരുഷനായിരുന്നുവെന്നുമാണ് ചിത്രം വ്യക്തമാക്കുന്നത്. അല്ലെങ്കിലും ഏതൊരു വ്യക്തിയിലും അനിമയും അനിമസും ഉണ്ടല്ലോ. അതിനു ചില പ്രകടമായ ഏറ്റക്കുറച്ചിലുകളോ കൂടുതലുകളോ ഉണ്ടെന്നുമാത്രം.
എന്തായാലും, രാധാകൃഷ്ണന്‍ തന്റെ കുഞ്ഞിനെ തന്നില്‍ ആരോപിച്ചിരുന്ന സ്‌ത്രൈണതയില്‍നിന്നു മോചിപ്പിക്കാന്‍ തയ്യാറാവുന്നിടത്താണ് ചിത്രം പൂര്‍ണമാകുന്നത്. ഈ ചിത്രം ലൈംഗികന്യൂനപക്ഷങ്ങളുടെ ശക്തമായ വിയോജിപ്പും എതിര്‍പ്പുമാണു ക്ഷണിച്ചുവരുത്തിയത്. തങ്ങളുടെ തനിമയും വ്യക്തിത്വവും തെറ്റിദ്ധരിക്കപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചുവെന്നായിരുന്നു പരക്കെയുള്ള ആക്ഷേപം.
അതെന്തായാലും, പരമ്പരാഗതമായപുരുഷസങ്കല്പങ്ങളില്‍നിന്ന് അല്‌മെങ്കിലും മാറ്റംവന്നവരെല്ലാം ചാന്തുപൊട്ട് എന്ന് അധിക്ഷേപിക്കപ്പെട്ടുതുടങ്ങിയത് ഈ ചിത്രത്തോടെയാണ്.
തികച്ചും പരിഹാസ്യമായ വിധത്തിലും ചിരിദ്യോതകലക്ഷ്യത്തോടെയുമാണ് മലയാളസിനിമയില്‍ ഇത്തരക്കാരെ അടുത്തകാലംവരെ ചിത്രീകരിച്ചിരുന്നത്. സൂത്രധാരന്‍, തുറുപ്പുഗുലാന്‍ തുടങ്ങിയ സിനിമകളില്‍ സലിംകുമാര്‍ അഭിനയിച്ച സ്ത്രീവേഷങ്ങള്‍ ഇതിന്റെ സാധൂകരണമാണ്. മറ്റു പല സിനിമകളിലും ഇത്തരക്കാര്‍ മിന്നിമറയുന്നുമുണ്ട്.
എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്തസമീപനമായിരുന്നു പൃഥിരാജ്-റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ മുംബൈ പോലീസും പത്മകുമാര്‍-സുദേവ് നായര്‍ ടീമിന്റെ മൈ ലൈഫ് പാര്‍ട്ണറും. മലയാളസിനിമ അതുവരെ പറഞ്ഞിട്ടില്ലാത്ത പുരുഷ സ്വവര്‍ഗലൈംഗികതയുടെ സംഘര്‍ഷങ്ങളും ആകുലതകളുമാണ് ഈ രണ്ടു ചിത്രങ്ങളും രണ്ടു രീതിയില്‍ വ്യക്തമാക്കിയത്.
തന്റെ പാര്‍ട്ണറായ റിച്ചാര്‍ഡുമൊത്ത് തനിക്കൊരു ജീവിതമില്ലെന്നു മനസ്സിലാക്കി അവനെ ഭാര്യയ്ക്കു വിട്ടുകൊടുത്ത് അവരുടെ ജീവിതത്തില്‍നിന്ന് ആത്മഹത്യയിലൂടെ കടന്നുപോകുകയാണ് ലൈഫ് പാര്‍ട്ണറിലെ കിരണ്‍. പൊലിസുദ്യോഗസ്ഥനായ തന്റെ സ്വവര്‍ഗബന്ധം സമൂഹം അറിയുമെന്ന ഭീതിയില്‍ സുഹൃത്തായ പോലിസുദ്യോഗസ്ഥനെ കൊലപ്പെടുത്തുകയാണ് മുംബൈ പോലീസിലെ നായകനായ ആന്റണി മോസസ്. ഒരു ഗേയാണ് താനെന്നു മറ്റുള്ളവര്‍ അറിയുന്നത് വലിയൊരു അപമാനമായിട്ടാണ് ആന്റണി മോസസ് കരുതുന്നത്. തികഞ്ഞ പൗരുഷപ്രകൃതിയായിരുന്നിട്ടും ഒരാളില്‍ സ്വവര്‍ഗപ്രവണതകള്‍ രൂഢമൂലമാണ് എന്നാണ് ഈ കഥാപാത്രം വ്യക്തമാക്കുന്നത്.
ഹോമോഫോബിയായുടെ ഇരകളാണ് ആന്റണി മോസസും കിരണും. സമൂഹം തങ്ങളെ അംഗീകരിക്കില്ലെന്നും തങ്ങള്‍ക്കിവിടെ മാന്യമായും സന്തോഷത്തോടും ജീവിക്കാനാവില്ലെന്നുമുള്ള തിരിച്ചറിവാണ് രണ്ടു ദുരന്തങ്ങളിലേക്ക് ഈ കഥാപാത്രങ്ങളെ എത്തിച്ചത്. 2013, 2014 കാലത്താണ് ഈ സിനിമകള്‍ പുറത്തിറങ്ങിയത്. സമൂഹം ഇത്തരം ബന്ധങ്ങളോടു പുലര്‍ത്തിവന്നിരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനംതന്നെയായിരുന്നു ഈ ചിത്രങ്ങള്‍ പറഞ്ഞുവച്ചത്. ഇന്നായിരുന്നു ഈ സിനിമകളെങ്കില്‍ മറ്റൊരു സമീപനമായിരുന്നേനെ സ്വീകരിച്ചേക്കാവുന്നത്.
ഈ ചിത്രങ്ങള്‍ കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം - 2018 - പുറത്തിറങ്ങിയ രഞ്ജിത് ശങ്കര്‍ - ജയസൂര്യ ടീമിന്റെ ഞാന്‍ മേരിക്കുട്ടിയിലെത്തുമ്പോള്‍ വിഷമത്തോടെയാണെങ്കിലും സമൂഹം ലൈംഗികന്യൂനപക്ഷത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ലൈംഗികന്യൂനപക്ഷത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തിലേക്കാണ് പ്രസ്തുതചിത്രം ശ്രദ്ധ പതിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരിചരണമാണ് സിനിമയ്ക്കുണ്ടായിരുന്നത്.
ആന്തരികമായി സ്ത്രീയും ബാഹ്യമായി പുരുഷനുമായിരുന്ന മാത്തുക്കുട്ടിയില്‍നിന്നു മേരിക്കുട്ടിയിലേക്കുള്ള പരിണാമമാണ് ഞാന്‍ മേരിക്കുട്ടിയുടെ ഇതിവൃത്തം. അപ്പോഴേക്കും സമൂഹത്തിന്റെ മുഖ്യധാരാചര്‍ച്ചകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം ഇടംപിടിച്ചുകഴിഞ്ഞിരുന്നു. നാനാതുറകളില്‍ അവര്‍ തങ്ങളുടേതായ അടയാളങ്ങളും പതിപ്പിച്ചിരുന്നു. അതുകൊണ്ടാണ്, ട്രാന്‍സ്ജെന്‍ഡര്‍ വിഷയം ഞാന്‍ മേരിക്കുട്ടിയില്‍ സ്വാഭാവികമായി അവതരിപ്പിച്ചതും അതു ശ്രദ്ധേയമായതും.
2022 ല്‍ മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍-വൈശാഖ് സിനിമയിലെത്തുമ്പോള്‍ സ്വവര്‍ഗവിഷയം മറ്റൊരു രീതിയില്‍ അഭിസംബോധന ചെയ്യപ്പെടുന്നതായിട്ടാണ് നാം കാണുന്നത്. മലയാളസിനിമയുടെ ചരിത്രത്തില്‍ത്തന്നെ വ്യത്യസ്തമായിരുന്ന പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രം അതിഗാഢസൗഹൃദം പുലര്‍ത്തിയിരുന്ന രണ്ടുപെണ്‍കുട്ടികളുടെ ആത്മഹത്യയിലാണ് അവസാനിക്കുന്നത്. അതായത്, തങ്ങള്‍ക്കൊരുമിച്ചു ജീവിക്കാന്‍ ഇവിടെ കഴിയില്ലെന്ന ബോധ്യമാണ് അവരെ സ്വയം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. 1986 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. അന്നത്തെ സാമൂഹികചുറ്റുപാട് അത്തരത്തിലു ള്ളതായിരുന്നു. പക്ഷേ, ഇതേവിഷയം മോണ്‍സ്റ്ററിലെത്തുമ്പോള്‍ സമീപനം ഉദാരമാകുന്നു, സഹിഷ്ണുതാപരമാകുന്നു, അത്തരം ബന്ധങ്ങള്‍ അംഗീകരിക്കപ്പെടുന്നവിധത്തിലാകുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടാകുന്ന മാറ്റങ്ങള്‍ സിനിമയെയും സ്വാധീനിക്കുന്നുവെന്നാണ് മേല്പറഞ്ഞ വിവിധ കാലഘട്ടങ്ങളിലെ വിവിധ സിനിമകളിലൂടെ ചെറുതായിട്ടെങ്കിലും കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്നത്. ഇത്തരം പ്രവണതകള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടംകൂടിയാണ് ഇത്. ഇന്നു പലരും തങ്ങളുടെ ലൈംഗികവ്യക്തിത്വം തുറന്നുപറഞ്ഞുകൊണ്ട് രംഗത്തു വരാറുണ്ട്. അതില്‍ പലതും നാം വിചാരിക്കുന്നതുപോലെ എതിര്‍വര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ടവയുമല്ല. സമീപകാലത്ത് രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയവും മറ്റും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നല്ലോ. മാധ്യമങ്ങള്‍ സെന്‍സേഷനലായിട്ടാണ് ഇത്തരം വിഷയങ്ങളെ അവതരിപ്പിക്കുന്നതും. വ്യത്യസ്തമായ ലൈംഗികതാത്പര്യങ്ങള്‍ക്കു ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും പല വിശദീകരണങ്ങളും ന്യായീകരണങ്ങളും ഉണ്ടെങ്കിലും കത്തോലിക്കാസഭയുടെ വീക്ഷണം തികച്ചും വ്യത്യസ്തമാണ്.
സ്വവര്‍ഗബന്ധങ്ങള്‍ പുരാതനകാലം മുതലേ ഉള്ളവയാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ മതിയാവൂ. വിശുദ്ധഗ്രന്ഥത്തില്‍ത്തന്നെ അത്തരം ചില സൂചനകളുണ്ട്. പക്ഷേ, സ്വവര്‍ഗബന്ധത്തെ മാരകമായ പാപമായിട്ടാണ് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്.
രൂഢമൂലമായ സ്വവര്‍ഗപ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല എന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നിരീക്ഷിക്കുന്നുണ്ട്. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണംതന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരേ അന്യായമായ വിവേചനത്തിന്റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍ തങ്ങളുടെ അവസ്ഥയില്‍നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്റെ കുരിശിലെ ബലിയോടു ചേര്‍ക്കാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നാണ് സഭയുടെ വീക്ഷണം. ഇത്തരമൊരു നിലപാടില്‍ നിന്നുകൊണ്ടാണ് ദൈവാന്വേഷിയായ ഒരു വ്യക്തിയെ അയാളുടെ സ്വവര്‍ഗപ്രവണതയുടെ പേരില്‍ വിധിക്കാന്‍ താനാര് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ അഭിപ്രായപ്പെട്ടത്. ഇത്തരക്കാരോട് അനുകമ്പ കാണിക്കുക എന്നാണ് പാപ്പാ ആവര്‍ത്തിച്ചുപറയുന്ന കാര്യവും.
എങ്കിലും, നമ്മുടെ ചില അബോധപ്രവണതകള്‍ ഇത്തരക്കാരെ ഇനിയും ഒരു കൈയകലത്തിലാണു നിറുത്തിയിരിക്കുന്നത്. അടുത്തകാലംവരെ മാനസികവൈകല്യം നേരിടുന്ന കുട്ടികളെ ബുദ്ധിമാന്ദ്യം നേരിടുന്ന കുട്ടികള്‍ എന്ന രീതിയിലാണ് നാം വര്‍ഗീകരിച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ അത്തരം പ്രയോഗങ്ങള്‍പോലും പരിഹാസ്യമാണ്.
ഗിഫ്റ്റഡ് ചൈല്‍ഡ് എന്ന രീതിയിലേക്ക് അവ മാറിയിട്ടുണ്ട്. അന്ധ - ബധിര - മൂക വിദ്യാലയങ്ങള്‍ എന്ന് അറിയപ്പെട്ടിരുന്ന സ്ഥാപനങ്ങള്‍ ഇന്ന് സ്‌പെഷല്‍ സ്‌കൂള്‍ എന്ന വിശേഷണത്തിലേക്കു വളര്‍ന്നു. അതായത്, മറ്റുള്ളവരില്‍നിന്നു വ്യത്യസ്തര്‍, പ്രത്യേകതകളുള്ളവര്‍ എന്നൊരു തിരിച്ചറിവിലേക്ക് സമൂഹം പതുക്കെപ്പതുക്കെ മാറിത്തുടങ്ങിയിട്ടുണ്ട്. ഇത്തരമൊരു മാറ്റത്തിന്റെ വികസിതരൂപമാണ് ലൈംഗികന്യൂനപക്ഷങ്ങളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ലൈംഗികന്യൂനപക്ഷങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ സമൂഹം ശ്രമിച്ചുതുടങ്ങിയിരിക്കുന്നു. ലൈംഗികന്യൂനപക്ഷങ്ങളൊരിക്കലും അപഹസിക്കപ്പെടേണ്ടവരല്ല, അംഗീകരിക്കപ്പെടേണ്ടവര്‍തന്നെയാണ്.