•  9 Feb 2023
  •  ദീപം 55
  •  നാളം 48
വചനനാളം

ഭയപ്പെടേണ്ട, കൂടെയുണ്ട് ദൈവം

ഡിസംബര്‍ 4 മംഗളവാര്‍ത്തക്കാലം  രണ്ടാം ഞായര്‍

സംഖ്യ 22 : 20-35   ഏശ 43 : 25 - 44 : 5
കൊളോ  4 : 2-6   ലൂക്കാ 1 : 26-38

ശോയുടെ ജനനത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ് മംഗളവാര്‍ത്തക്കാലം രണ്ടാമത്തെ ഞായറാഴ്ച പ്രഘോഷിക്കപ്പെടുന്നത് (ലൂക്കാ 1:26-38). ഇസ്രായേല്‍ജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പരിപൂര്‍ണമനുഷ്യനായി ലോകത്തിനു നല്കാന്‍ ദൈവം തിരഞ്ഞെടുത്തത് നസറത്തിലെ മറിയത്തെയാണ്.
ഗബ്രിയേല്‍ദൂതന്റെ സാന്നിധ്യം ദൈവികമഹത്ത്വത്തെ സൂചിപ്പിക്കുന്ന അടയാളമാണ്; അതിനൊപ്പം, സകലത്തിന്റെയും നാഥനും നിത്യനുമായ ദൈവം ഭൂമിയിലേക്ക്, സൃഷ്ടിയിലേക്കു വരുന്നതിന്റെ ഏറ്റവുമടുത്ത ലക്ഷണംകൂടിയാണ്. മനുഷ്യന്‍ ദൈവത്തിങ്കലേക്ക് ഉയരണമെങ്കില്‍ ദൈവം സ്വയം സൃഷ്ടിയിലേക്കിറങ്ങാന്‍ തയ്യാറാകണം. സൃഷ്ടിയിലേക്കിറങ്ങുക എന്നുവച്ചാല്‍ സൃഷ്ടിയാവുക എന്നുതന്നെയാണ്. ദൈവം തന്നെത്തന്നെ എളിമപ്പെടുത്തി നമ്മെപ്പോലെയാകാന്‍, തന്റെ സൃഷ്ടിയുടെ രൂപം സ്വീകരിക്കാന്‍, സന്നദ്ധനായി. അതു സൃഷ്ടികളും ബലഹീനരും പരിമിതരുമായ മനുഷ്യവര്‍ഗത്തിന് ദൈവം നല്കുന്ന പരിഗണനയും വിലയും സ്‌നേഹവും സൂചിപ്പിക്കുന്നു.
ദൈവമായ കര്‍ത്താവിന്റെ മനുഷ്യാവതാരം ഒരു ചരിത്രസംഭവംതന്നെയാണ്. അതു സൂചിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്നത്തെ സുവിശേഷവായനയില്‍ വ്യക്തമായിക്കാണാം.
ചരിത്രത്തിന്റെ ഉള്ളടക്കം സമയവും കാലവും സ്ഥലവും ഇവയില്‍ ജീവിക്കുന്നവരുടെ പ്രവൃത്തികളും അവസ്ഥകളുമാണ്. അങ്ങനെയെങ്കില്‍, ഇതാ ഇവിടെ സമയമുണ്ട്, 'ആറാം മാസം'; കാലമുണ്ട്, 'മറിയം ജോസഫിനെ വിവാഹനിശ്ചയം ചെയ്തിരുന്ന കാലം'; സ്ഥലമുണ്ട്, 'ഗലീലിയിലെ നസറത്ത്'; കുറച്ചു മനുഷ്യരുണ്ട്, 'ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫും മറിയവും.' തികച്ചും ലൗകികവും ചരിത്രപരവുമായ ഈ സാഹചര്യത്തിലേക്ക് അലൗകികവും ചരിത്രാതീതവുമായ ദൈവശക്തി വന്ന് ചരിത്രത്തെ ഉന്നതവും വ്യത്യസ്തവുമാക്കുന്നു.
രക്ഷകന്റെ മനുഷ്യാവതാരം ചരിത്രയാഥാര്‍ഥ്യമാകുന്നതിന്റെ പിന്നില്‍ ദൈവത്തിന്റെ വാഗ്ദാനത്തിന്റെയും അതിന്റെ വളര്‍ച്ചയുടെയും പശ്ചാത്തലമുണ്ട്. ഇന്നത്തെ രണ്ടു പഴയനിയമവായനകളെയും സുവിശേഷവുമായി ബന്ധിപ്പിക്കുമ്പോള്‍ നമുക്കതു വ്യക്തമാകും.
ഒന്നാം വായന (സംഖ്യ 22:20-35) ഒരു പ്രവാചകന്റെ തിരിച്ചറിവുകളെക്കുറിച്ചുള്ള വിലയിരുത്തലാണ്. സാപ്പോറിന്റെ മകന്‍ ബാലാക്ക് ഇസ്രായേല്‍ജനത്തെ ശപിക്കാന്‍ പ്രവാചകനായ ബാലാമിനെ ക്ഷണിക്കുന്നു. പോകരുത് എന്ന ദൈവത്തിന്റെ കര്‍ശനനിര്‍ദേശമുണ്ടായിട്ടും വാഗ്ദാനങ്ങളുടെ പ്രലോഭനത്തില്‍ വീഴുന്ന ബാലാം  അവരോടൊത്തു പോകാനുള്ള അവസരത്തിനായി ദൈവത്തിന്റെ അരുളപ്പാടിനായി കാത്തിരിക്കുന്നു (22:19). അവനെ പോകാനനുവദിക്കുമ്പോഴും 'താന്‍ ആജ്ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ' എന്നു ദൈവം കല്പിക്കുന്നുണ്ട്.
പോകേണ്ടിയിരുന്നില്ല എന്നതിന്റെ കര്‍ശനമായ സന്ദേശം ദൈവം ബാലാമിനു പോകുന്ന വഴിയില്‍ വീണ്ടും നല്കുന്നു. (22:22-28). പ്രലോഭനങ്ങളുടെ വശീകരണത്തെ ദൈവശക്തിയാല്‍ അതിജീവിച്ച ബാലാം ദൈവത്തിന്റെ ഹിതം മൂന്നു പ്രാവശ്യം പ്രവചിക്കുന്നു (23:7-10; 23, 18-24; 24, 3-9). ആ മൂന്നു പ്രവചനങ്ങളുമാകട്ടെ, ബാലാക്ക് പ്രതീക്ഷിച്ചതുപോലെ ഇസ്രായേല്‍ജനത്തിനുമേലുള്ള ശാപവാക്കുകളായിരുന്നില്ല. മറിച്ച്, ദൈവം ഇസ്രായേലിനെ സംരക്ഷിക്കുമെന്നുള്ള പ്രഖ്യാപനമായിരുന്നു. ആ പ്രവചനത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്: ''അവരുടെ ദൈവമായ കര്‍ത്താവ് അവരോടുകൂടെയുണ്ട്'' (23:21). അതിനാല്‍ ഇസ്രായേല്യരുമായി യുദ്ധം ചെയ്തതുകൊണ്ട് ബാലാക്കിനു നഷ്ടംമാത്രമേ ഉണ്ടാകൂ.
''ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവു നിന്നോടുകൂടെ'' (ലൂക്കാ 1:28). ഗബ്രിയേല്‍ദൂതന്റെ  ഈ വചനം മറിയത്തെ ഓര്‍മിപ്പിക്കുന്നതും ഇസ്രായേല്‍ജനത്തിന്റെ കൂടെയുള്ള ദൈവത്തിന്റെ ശക്തമായ സാന്നിധ്യമാണ്. രക്ഷയുടെ വഴിയിലൂടെ നടക്കുന്നവര്‍ക്കു രക്ഷയുടെ രചയിതാവായ ദൈവത്തിന്റെ സംരക്ഷണവും സാന്നിധ്യവുമുണ്ട്. തന്റെ ജനത്തെ രക്ഷയിലേക്ക് എങ്ങനെ നയിക്കണമെന്നു വ്യക്തമായി  പദ്ധതിയിടുന്ന ദൈവം പഴയനിയമത്തില്‍ ബാലാമിനെ തിരഞ്ഞെടുത്തതുപോലെ ഇതാ, മറിയത്തെ തിരഞ്ഞെടുക്കുന്നു. 'ഇസ്രായേലിനെ അനുഗ്രഹിക്കുന്നതാണ് കര്‍ത്താവിനു പ്രീതികരമെന്നു മനസ്സിലാക്കിയപ്പോള്‍' (സംഖ്യ 24:1) ബാലാം മറ്റൊന്നും ആലോചിക്കാതെ, അനുഗ്രഹത്തിന്റെ വചനങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. മറിയത്തിനാകട്ടെ ദൈവഹിതം സ്വീകരിക്കുന്നതിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. മറിയം പറഞ്ഞു: ''ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ'' (ലൂക്കാ 1:38).
ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയ ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേലിന് ഭയപ്പെടേണ്ട കാര്യമില്ല എന്നതാണ് രണ്ടാം വായന (ഏശ 43:25-44:5) യുടെ സന്ദേശം. ഇസ്രായേലിലെ ജനം കര്‍ത്താവിന്റേതു മാത്രമാണ്, കര്‍ത്താവിനുള്ളതാണ് (44:5). ഇസ്രായേല്‍ എന്നുള്ളത്  യാക്കോബിന്റെ മറ്റൊരു  പേരാണല്ലോ. യാക്കോബിന്റെ മക്കളുടെ പേരിലുള്ള ഗോത്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രായേല്‍ രാജ്യം. ഇസ്രായേല്‍ ഭയപ്പെടേണ്ട എന്നു ദൈവം പറയുമ്പോള്‍ അത് ആ നാമം പേറുന്ന യാക്കോബിനും അവനില്‍നിന്നു രൂപംകൊണ്ട വലിയ ജനതയ്ക്കുമുള്ള സമാശ്വാസന്ദേശമാണ്.
ഇതേ ആശ്വാസസന്ദേശമാണ് കര്‍ത്താവ് മറിയത്തിനു  നല്‍കുന്നതും. ''ദൂതന്‍ അവളോടു പറഞ്ഞു: ''മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു'' (ലൂക്കാ 1:30). ദൈവത്തിന്റെ ആശ്വാസത്തിന്റെ സന്ദേശം ഒരു വ്യക്തിയോടെന്നപോലെ ഇസ്രായേലിനു പ്രവാചകന്‍ കൈമാറിയെങ്കില്‍, ഇതാ മറിയത്തിന് അതേ സന്ദേശം ദൈവം കൈമാറുന്നു. ഇസ്രായേലിന്റെ രക്ഷാചരിത്രം വളരുന്നത് യാക്കോബിന്റെ മക്കളിലൂടെയെങ്കില്‍, മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷയുടെ ആരംഭം മറിയത്തില്‍നിന്നാണ്. അവളില്‍നിന്നു ജനിക്കുന്നവന്‍ (1:33) അവസാനമില്ലാത്ത പുതിയ ഇസ്രായേലായ ദൈവരാജ്യത്തിനു രൂപം നല്കും.
മറിയത്തിന്റെ എളിമയുടെ മനോഭാവവും സംസാരത്തിലെ ഹൃദ്യതയും എല്ലാ ക്രിസ്ത്യാനികളും സ്വന്തമാക്കണമെന്നതാണ് പൗലോസ് ശ്ലീഹായുടെ ആഗ്രഹം (കൊളോ. 4:2-6). ''നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തനോടും എങ്ങനെ മറുപടി പറയണമെന്ന് നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം'' (4:6). ക്രിസ്ത്യാനികളുടെ മുഖമുദ്രയായ സ്‌നേഹവും എളിമയും ഹൃദ്യതയും കൃത്രിമമായി നിര്‍മിക്കപ്പെട്ടതോ അടിച്ചേല്പിക്കപ്പെട്ടതോ അല്ല. തങ്ങളുടെ പിതാവിന്റെ  മനോഭാവമായ സ്‌നേഹം അവര്‍ക്കു പൈതൃകമായി ലഭിക്കുന്നതാണ്. ചരിത്രത്തില്‍ വ്യാപരിക്കുന്ന ലൗകികതയിലേക്ക് ദൈവത്തിന്റെ അലൗകികമായ ശക്തി വ്യാപരിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ മറിയത്തെപ്പോലെ കര്‍ത്താവിനെ ഉള്ളില്‍ സ്വീകരിക്കണം. പൂര്‍വപിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷയുടെ പ്രത്യക്ഷമായ ഫലം ഇന്നു നാമനുഭവിക്കുന്നു. ഭയമേതുമില്ലാതെ, ദൈവകൃപയില്‍ ആശ്രയിച്ച്, കൂടെയുള്ള ദൈവത്തെ അനുഭവിച്ചു നമുക്കു മുന്നോട്ടുപോകാം.