•  28 Mar 2024
  •  ദീപം 57
  •  നാളം 4
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

വിനാശകരമായ ന്യൂനതകള്‍

ടെലിവിഷന്‍ ചാനലുകളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യത്തില്‍ മുട്ടുവേദനയ്ക്കുള്ള ആയുര്‍വേദഗുളികകള്‍ കഴിച്ചതിന്റെ ഫലമായി ചൈനയിലെ വന്മതില്‍വരെ അനായാസേന ചാടിക്കടക്കാന്‍ കഴിഞ്ഞുവെന്നോ മറ്റോ പറയുന്നുണ്ട്. ഇക്കാലത്തിറങ്ങുന്ന പാട്ടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവയുടെ ഗുണമഹിമയെക്കുറിച്ച് അവകാശപ്പെടുന്നതുകേള്‍ക്കുമ്പോള്‍ ഈ പരസ്യമാണ് എനിക്കോര്‍മവരുക. പുതിയ പിള്ളേരുടെ ഭാഷ കടമെടുത്താണെങ്കില്‍ അസഹനീയമായ തള്ള് എന്നു പറയേണ്ടിവരും. ഇത്തരം അവകാശവാദമൊന്നും ഉന്നയിച്ചു കണ്ടില്ലെങ്കിലും ഈ അടുത്തകാലത്തു പ്രദര്‍ശനത്തിനുവന്ന 'വരാല്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ജോസഫ് മുണ്ടശേരി പറഞ്ഞതുപോലെ അമ്പേ പരാജയമാണ്. ഇക്കാര്യം വ്യക്തമാക്കാന്‍ ഒരു ഗാനം ചൂണ്ടിക്കാണിക്കാം.
''രാവിരുള്‍ക്കൂട്ടില്‍ മധുതേടും ശലഭമേ
അതിമൃദുശരമെന്‍ നെഞ്ചില്‍ പെയ്യവെ
മിഴിമുനയില്‍ തുടുത്ത നിന്‍ നാണം
കനവലയില്‍ തളിര്‍ത്ത നിന്‍ രാഗം
മോഹിനീ നിന്‍ ശ്വാസമിതൊന്നറിയാന്‍
കാമിനീ നിന്‍ കാമനയൊന്നറിയാന്‍'' (രചന - അനൂപ് മേനോന്‍; സംഗീതം - നിനോയ് വര്‍ഗീസ്; ആലാപനം - രാജ്കുമാര്‍ രാധാകൃഷ്ണന്‍).
ശലഭം മധു തേടുന്നതെവിടെയാണ്? ഈ ചോദ്യത്തിനു കൊച്ചുകുട്ടികള്‍പോലും ഉത്തരംപറയും പൂക്കളിലാണെന്ന്. എന്നാല്‍, ഈ പാട്ടെഴുത്തുകാരന്റെ ഭാവിയില്‍ ശലഭം മധു തേടുന്നതു രാവിരുരുള്‍ക്കൂട്ടിലാണ്. ശലഭം മധു തേടുക മാത്രമല്ല, അതിമൃദുശരം നായകന്റെ നെഞ്ചിലേക്കു തൊടുക്കുന്നുമുണ്ട്. പാവം ശലഭത്തോടാണ് ഈ പാട്ടു കേള്‍ക്കുമ്പോള്‍ നമുക്കു സഹതാപം തോന്നുന്നത്. നോക്കൂ, ശലഭത്തിന്റെ മിഴി മാത്രമല്ല, മിഴിമുനപോലും സൂക്ഷ്മദര്‍ശിനിയുടെ സഹായത്താല്‍ നായകനുവേണ്ടി തൂലികയെടുത്ത പാട്ടെഴുത്തുകാരന്‍ കണ്ടു. നാണം അതിന്റെ (ശലഭത്തിന്റെ) മിഴിമുനയില്‍ തുടുത്തത്രേ. മോഹിനിയെന്നും കാമിനിയെന്നും സംബോധന ചെയ്യുന്നതും ഇതേ ശലഭത്തെത്തന്നെയാണ്. ചുരുക്കത്തില്‍ ശലഭമേ എന്നു സംബുദ്ധി ചെയ്‌തെങ്കിലും പിന്നീടുള്ള വരികളത്രയും ശലഭത്തിന് ഇണങ്ങുന്നതല്ലെന്നു സാരം.
ചിലരെഴുതുമ്പോള്‍ എഴുതിവന്നതു ബാലിശമായിപ്പോകും. മറ്റു ചിലരുടെ രചനകളാകട്ടെ അപ്രഗല്ഭത പ്രകടിപ്പിക്കും. സാഹിത്യസൃഷ്ടിക്കു വിനാശകരമായിത്തീരുന്ന ഈ രണ്ടു ന്യൂനതകളും ഒരുമിച്ചുവന്നാലെങ്ങനെയിരിക്കും? അതറിയണമെങ്കില്‍ 'വരാലി'ലെ ഈ ഗാനം കേട്ടാല്‍ മതി.
ജലാശയങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരുതരം മത്സ്യമാണ് വരാല്‍ (ബ്രാല്‍, പ്രാല്‍, കണ്ണന്‍, കൈച്ചില്‍ എന്നിങ്ങനെ പ്രാദേശികമായി  പല പേരുകളുണ്ട്). ശരീരത്തില്‍ വഴുവഴുപ്പുള്ള ദ്രാവകം ഇതിന്റെ സവിശേഷതയാണ്. അതുകൊണ്ട് ഇവയ്ക്കു  നമ്മുടെ കൈയില്‍നിന്നു പെട്ടെന്നു വഴുതിമാറാനാവും. 'വരാല്‍ വഴുതുമ്പോലെ' എന്ന ശൈലിതന്നെ നിലവിലുണ്ട്. ആവശ്യമില്ലാത്ത പ്രയോഗങ്ങളുടെ വഴുവഴുപ്പുകാരണം ഈ ഗാനവും നമ്മുടെ മനസ്സില്‍നിന്നു പെട്ടെന്നു വഴുതിപ്പോകുന്നു.
''ഉന്മാദം പൂക്കുമീ ജ്വാലയില്‍
ഇന്നെന്‍ ആവേശം മിന്നലായ് പെയ്തുവോ
നാഗങ്ങള്‍ പുണരുമീ രാവിതില്‍
കാവില്‍മുകിലുകള്‍ മഴകളായ് വീഴവെ
ഉടയാടകളുലയും നേരമെന്‍
തനുവലിയും വിയര്‍പ്പില്‍ ചേരു നീ.''
ഓര്‍ക്കുക, ശലഭത്തെ സംബോധന ചെയ്തു സമാരംഭിച്ച ഗാനത്തിലാണ് ഇത്തരം വരികളെല്ലാം  കടന്നുവന്നിട്ടുള്ളത്. ഔചിത്യം പണയപ്പെടുത്തിയ ഒരാള്‍ക്കു മാത്രമേ ഇത്തരത്തില്‍ എഴുതാനാവുകയുള്ളൂ. മിന്നല്‍ പെയ്യുകയാണുപോലും! അപ്പോള്‍ മഴയോ? അന്തരീക്ഷത്തില്‍ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോര്‍ജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണു മിന്നല്‍. അതു പെയ്യുന്നതായുള്ള കണ്ടുപിടിത്തം ഈ പാട്ടെഴുത്തുകാരനെ ഒരുപക്ഷേ, നോബല്‍സമ്മാനത്തിന് അര്‍ഹനാക്കിയേക്കാം.
മുകളില്‍ എടുത്തെഴുതിയ ഏതെങ്കിലും ഒരു വരിക്ക് മറ്റു വരികളുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഗാനത്തെ മൊത്തത്തില്‍ വിലയിരുത്തിയാല്‍ വാലും തലയുമില്ലാതെ എന്തൊക്കെയോ എഴുന്നള്ളിച്ചിരിക്കുന്നു എന്നതിനപ്പുറം ഒന്നും പറയാനില്ല. കൂണുകള്‍പോലെ മുളച്ചുപൊന്തുകയാണ് ഇന്ന് ഇത്തരം ഗാനങ്ങള്‍. അവയെ അവഗണിക്കുകയല്ലാതെ മറ്റെന്താണു ചെയ്യാനാവുക?

 

Login log record inserted successfully!