2015 ജൂണ്‍ 18-ാം തീയതി ഫ്രാന്‍സീസ് മാര്‍പാപ്പാ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് ലൗദാത്തോ സീ. 'നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നന്മയ്ക്ക്' എന്നാണ് ഈ ചാക്രികലേഖനത്തിന്റെ ഉപശീര്‍ഷകം. നാം വരുംതലമുറയ്ക്കു കൈമാറാന്‍ പോകുന്നത് ഏതു തരത്തിലുള്ള ലോകമാണെന്ന ചോദ്യമാണ് ഈ ചാക്രികലേഖനത്തിന്റെ കേന്ദ്രബിന്ദു. പരിസ്ഥിതിയുമായി നേരിട്ടു ബന്ധപ്പെട്ട ആദ്യ ചാക്രികലേഖനമാണിത്. ആമുഖവും ആറ് അധ്യായങ്ങളും 246 ഖണ്ഡികകളും 172 അടിക്കുറിപ്പുകളും ഈ പ്രബോധനത്തിലുണ്ട്. വത്തിക്കാന്‍ കാര്യാലയത്തില്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സന്റെ നേതൃത്വത്തിലുള്ള, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ഈ ചാക്രികലേഖനം പുറപ്പെടുവിക്കുന്നതില്‍ പരി. പിതാവിനെ സഹായിച്ചത്. ഫ്രാന്‍സീസ് പാപ്പായുടെ മുന്‍ഗാമികളും ഇതേ ദിശയില്‍ കാര്യമായി ചിന്തിച്ചവരായിരുന്നു. പ്രത്യേകിച്ച്, ജോണ്‍ പോള്‍ രണ്ടാമന്‍ പ്രകൃതിസംരക്ഷണത്തെക്കുറിച്ചു തന്റെ പ്രബോധനങ്ങളിലൂടെ നിരന്തരം പഠിപ്പിച്ചിരുന്നു. പരി. ബനഡിക്ട് പതിനാറാമന്‍ പാപ്പാ അറിയപ്പെട്ടിരുന്നത് 'ഗ്രീന്‍ പോപ്പ്' എന്ന പേരിലാണ്.
ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍ കാലാവസ്ഥാവ്യതിയാനം, ജലദൗര്‍ലഭ്യം, വംശനാശം, മനുഷ്യജീവന്റെ ഗുണനിലവാരത്തകര്‍ച്ച, സാര്‍വ്വത്രികമാകുന്ന അസമത്വം, പരിസ്ഥിതിസംരക്ഷണത്തിലുള്ള മനുഷ്യരുടെ കടമയും ഉത്തരവാദിത്വവും, പാരിസ്ഥിതികപ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍, സമഗ്രജീവിതപരിസരം, പരിസ്ഥിതിയോടുള്ള സമീപനം, പരിസ്ഥിതിസംരക്ഷണത്തിലെ ആദ്ധ്യാത്മികതയും വിദ്യാഭ്യാസവും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്ളടക്കമായി ക്രമീകരിച്ചിരിക്കുന്നു.
പ്രകൃതിസ്‌നേഹത്തിന്റെ ആത്മാര്‍ത്ഥത തെളിയിക്കേണ്ടത് മനുഷ്യസ്‌നേഹത്തിലാണ്. പ്രകൃതിയോടൊപ്പം മനുഷ്യനെയും ചേര്‍ത്തുവയ്ക്കുന്നതാണ് 'ലൗ ദാത്തോ സീ.' പ്രകൃതിക്കുനേരേയുള്ള കൈയേറ്റം ജീവന്റെനേരേയുള്ളതാണ്. പ്രകൃതിയുടെ സ്രഷ്ടാവായ ദൈവവും സൃഷ്ടികളായ എല്ലാ ജീവജാലങ്ങളും ചേര്‍ന്ന് ഐക്യത്തില്‍ വര്‍ത്തിക്കുമ്പോഴാണ് പ്രകൃതി സമാധാനപരമാകുന്നത്. ഈ ഐക്യത്തിന്റെ നേതൃത്വം ഭൂമിയില്‍ നിര്‍വ്വഹിക്കുന്നതു മനുഷ്യനാണ്. ഈ ദിശയില്‍ മനുഷ്യനുണ്ടാകുന്ന പരാജയം പ്രകൃതിയില്‍ ജീവന്റെ നിലനില്പിനുതന്നെ ഭീഷണിയാകുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലൊന്നായ അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്മാരുടെ പഠനത്തില്‍ കാലാവസ്ഥാവ്യതിയാനംമൂലം ഭാവികാലം അസഹ്യമായ ചൂടിന്റെയും ഭക്ഷ്യപ്രതിസന്ധിയുടെയും നാളുകളായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ 150 കോടി ജനങ്ങള്‍ ഈ ദുരിതം കഠിനമായി അനുഭവിക്കേണ്ടിവരും. ചൂടുകാറ്റായിരിക്കും ഈ ഉപഭൂഖണ്ഡം നേരിടാന്‍ പോകുന്ന വന്‍പ്രതിസന്ധി. കാര്‍ബണ്‍പുറംതള്ളല്‍ കുറച്ചുകൊണ്ടുമാത്രമേ ചൂടുകാറ്റിനെ പ്രതിരോധിക്കാനാവൂ. സിന്ധു, ഗംഗ നദീതടങ്ങളിലെ ഫലപുഷ്ടിയുള്ള മേഖലകളായിരിക്കും ചൂടുകാറ്റിന്റെ ആഘാതം രൂക്ഷമായി നേരിടേണ്ടിവരുന്നത്. ആഗോളതാപനം ദുരന്തം വിതയ്ക്കുന്ന മേഖലകളില്‍ ഒന്നാംസ്ഥാനം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയ്ക്കും രണ്ടാംസ്ഥാനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും മൂന്നാംസ്ഥാനം ചൈനയുടെ കിഴക്കന്‍ മേഖലയ്ക്കും ആയിരിക്കും.