ലോകാരോഗ്യസംഘടന 2018 ഫെബ്രുവരിയില്‍ മരുന്നോ വാക്‌സിനോ കണെ്ടത്തിയിട്ടില്ലാത്ത, അതിജാഗ്രത പുലര്‍ത്തേണ്ട എട്ടു രോഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ എട്ടു രോഗങ്ങളില്‍ ഏഴും ജന്തുജന്യരോഗങ്ങളാണെന്നത് ഏറെ ഗൗരവമായി കാണേണ്ടതാണ്. കേരളത്തില്‍ സമീപഭാവിയില്‍ ഏറ്റവും കൂടുതല്‍ വ്യാപകമാകാന്‍ സാധ്യതയുള്ളത് നട്ടെല്ലുള്ള ജീവികളില്‍നിന്നു മനുഷ്യനിലേക്കു പകരുന്ന രോഗങ്ങളായിരിക്കും. മനുഷ്യരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഔഷധപ്രയോഗംകൊണ്ടും നിയന്ത്രണനടപടികള്‍കൊണ്ടും ജന്തുജന്യരോഗങ്ങളെ ഇല്ലാതാക്കാന്‍ സാധ്യമല്ല. അതിന് ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും വനം-പരിസ്ഥിതിവകുപ്പിന്റെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ഇതിനെയാണ് രോഗനിയന്ത്രണത്തിനായുള്ള 'വണ്‍ ഹെല്‍ത്ത്' അഥവാ 'ഏകാരോഗ്യസമീപനം' എന്നു പറയുന്നത്. നമ്മുടെ നാടിനെ രോഗവിമുക്തമാക്കാന്‍ മണ്ണിന്റെയും മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും ആരോഗ്യം ഒരുപോലെ ഉറപ്പിക്കുന്ന 'വണ്‍ ഹെല്‍ത്ത്' എന്ന സമഗ്രസമീപനം അത്യാവശ്യമാണ്.
1998 ല്‍ മലേഷ്യയില്‍ നിപ്പാ വൈറസ് രോഗബാധ ആദ്യമായി ഉണ്ടായപ്പോള്‍ മലേഷ്യന്‍ കാടുകളില്‍ സര്‍വ്വസാധാരണമായ പഴംതീനി വവ്വാലുകളാണ് ഉറവിടമെന്നു കണെ്ടത്തിയിരുന്നു. എല്‍നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് മലേഷ്യന്‍ കാടുകള്‍ കരിഞ്ഞുണങ്ങിയപ്പോള്‍ ഫലവൃക്ഷങ്ങളും നശിക്കുകയുണ്ടായി. കാടുകള്‍ നശിച്ചപ്പോള്‍ നാട്ടിലുള്ള പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഇടതൂര്‍ന്നു വളര്‍ന്ന ഫലവൃക്ഷങ്ങളിലേക്കാണ് പഴംതീനിവവ്വാലുകള്‍ ചേക്കേറിയത്. മാരകവൈറസായ നിപ്പായുടെ വാഹകരായിരുന്നു ഈ വവ്വാല്‍ക്കൂട്ടം. വവ്വാലുകളില്‍നിന്നു പന്നികളിലേക്കും തുടര്‍ന്ന് പന്നിക്കര്‍ഷകരിലേക്കും ഈ രോഗം പകരുകയായിരുന്നു. വനനശീകരണംമൂലവും വന്യജീവികളുടെ സ്വാഭാവികാവാസകേന്ദ്രങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റംകൊണ്ടും രോഗാണുക്കള്‍ക്കു വളര്‍ത്തുമൃഗങ്ങളിലേക്കു പ്രവേശിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. രോഗത്തിന്റെ ഉറവിടം കണെ്ടത്തുവാനായി വനമേഖലകളിലും പഠനവും നിരീക്ഷണവും ആവശ്യമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണകാരിയാകുന്ന ഒരു ജന്തുജന്യപകര്‍ച്ചവ്യാധിയാണ് എലിപ്പനി. പ്രത്യേകിച്ചു സുരക്ഷാനടപടികള്‍ ഒന്നും മുന്‍കൂട്ടി നടത്താത്ത സാധാരണ കര്‍ഷകത്തൊഴിലാളികളാണ് പെട്ടെന്ന് ഈ രോഗത്തിന് അടിമപ്പെടുന്നത്. രോഗലക്ഷണങ്ങളെക്കുറിച്ചും തുടക്കത്തില്‍ത്തന്നെയുള്ള ചികിത്സയെ സംബന്ധിച്ചും ആരോഗ്യവകുപ്പുദ്യോഗസ്ഥരും കൃഷിയിടങ്ങളിലെ മുന്‍കരുതലിനെക്കുറിച്ച് കൃഷിവകുപ്പുദ്യോഗസ്ഥരും ജനങ്ങള്‍ക്കു വിശദീകരണം നല്‍കുന്നതു ഫലപ്രദമാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും മൃഗസ്‌നേഹികള്‍ക്കും വളര്‍ത്തുമൃഗപരിപാലകര്‍ക്കുമെല്ലാം കൈകോര്‍ത്തു പങ്കുചേരാം. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നാം വസിക്കുന്ന പ്രകൃതിയുടെയും സംരക്ഷണം ഉറപ്പിക്കപ്പെടണം.