•  2 May 2024
  •  ദീപം 57
  •  നാളം 8
ഹരിതപാഠം

പ്രകൃതിസൗഹൃദ ജീവിതസംസ്‌കാരം


നുഷ്യജീവിതം പ്രകൃതിയുമായി അഭേദ്യമായി ചേര്‍ന്നിരിക്കുന്നതാണ്. പ്രകൃതിയില്‍നിന്ന് അകലുന്തോറും മനുഷ്യജീവിതം രോഗഗ്രസ്തമാകുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടംമറിയുകയും ചെയ്യുന്നു. അതിന്റെ പരിണതഫലമായി പ്രകൃതിയെ മനുഷ്യന്‍ നശിപ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ നാം നേരിടുന്ന കൊറോണവൈറസ് രോഗവ്യാപനം പ്രകൃതിയില്‍നിന്നുള്ള മനുഷ്യന്റെ അകല്‍ച്ചയുടെ ഒരു അനന്തരഫലമാണ്. അതുകൊണ്ട് പ്രകൃതിസൗഹൃദജീവിതശൈലി പ്രായോഗികമാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. കേരളസംസ്ഥാന ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിരിക്കുന്ന ഹരിതകേരള മിഷന്‍ ഈ ദിശയില്‍ സവിശേഷപ്രാധാന്യമര്‍ഹിക്കുന്നു. ഈവിധമുള്ള പദ്ധതികളുടെ വിജയം എല്ലാവരുടെയും കൂട്ടായ സഹകരണത്തിലാണു നിലകൊള്ളുന്നത്. മാലിന്യസംസ്‌കരണം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മാലിന്യത്തിന്റെ അളവു കുറയ്ക്കുക, മാലിന്യം ഉറവിടത്തില്‍ തരംതിരിക്കുക, പുനഃചംക്രമണം സാധ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക, പുനരുപയോഗം സാധ്യമായ വസ്തുക്കള്‍ പരമാവധി ഉപയോഗിക്കുക, സാധാരണജീവിതത്തില്‍ സ്ഥിരംകാഴ്ചയായ ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ക്കുപകരം കഴുകിയുപയോഗിക്കാവുന്ന പ്രകൃതിദത്ത വസ്തുക്കള്‍ പ്രചരിപ്പിക്കുക - ഈ ദിശയില്‍ സ്റ്റീല്‍, ചില്ല്, സെറാമിക് പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ തുണിസഞ്ചികള്‍, എന്നിവ പുനരുദ്ധരിക്കുക.
ജൈവ-അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് പുനഃചംക്രമണവും പുനരുപയോഗവും എല്ലാം സാധ്യമാക്കുന്ന ജീവിതക്രമത്തിലേക്കു കാര്യമായി നാം പ്രവേശിക്കണം. എല്ലാം വലിച്ചെറിയുക എന്നത് ഇനി മുന്നോട്ടു സാധ്യമല്ല. ജൈവമാലിന്യം വളമോ ബയോഗ്യാസോ ആക്കി മാറ്റണം. അജൈവ വസ്തുക്കള്‍ പുനഃചംക്രമണത്തിനായി തയാറാക്കി സൂക്ഷിക്കുന്ന സംസ്‌കാരവും വളര്‍ത്തിയെടുക്കണം. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് എല്ലാവരും പരിശ്രമിക്കണം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍വഴിയും പാഴ്‌വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍, കമ്പനികള്‍ എന്നിവവഴിയും പുനഃചംക്രമണം സാധ്യമാക്കണം. ഇ-മാലിന്യങ്ങളും പ്രത്യേകം സംഭരിച്ച് യഥാസമയം അതു നിശ്ചയിക്കപ്പെടുന്ന സംരംഭങ്ങള്‍ക്കു കൈമാറണം. പ്ലാസ്റ്റിക് പായകള്‍, ചവിട്ടികള്‍, വിരിപ്പുകള്‍ എന്നിവയ്ക്കുപകരം ഈറ്റ, മുള, കയര്‍ എന്നിവയില്‍ നിര്‍മ്മിതമായ വസ്തുക്കള്‍ ഉപയോഗിക്കണം. ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാനറുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവയ്ക്കുപകരം തുണിയും ഓലകളുംപോലുള്ള പ്രകൃതിദത്തരീതികള്‍ അവലംബിക്കണം. പ്ലാസ്റ്റിക് പൂക്കള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്ത പൂക്കളും ഇലകളും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കണം. മറ്റു സ്ഥലങ്ങളില്‍നിന്നു വന്‍തുക മുടക്കി പൂക്കള്‍ കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനുപകരം നാട്ടിലുള്ളവതന്നെ ഉപയോഗപ്പെടുത്തുക.

 

Login log record inserted successfully!