•  21 Nov 2024
  •  ദീപം 57
  •  നാളം 37
ഹരിതപാഠം

കുടിയേറ്റക്കര്‍ഷകരും പരിസ്ഥിതിസംരക്ഷണവും

കുടിയേറ്റം എല്ലാക്കാലത്തും മനുഷ്യരുടെയിടയില്‍ നിലനില്‍ക്കുന്ന പ്രതിഭാസമാണ്. കേരളത്തിലെ പ്രധാന കുടിയേറ്റങ്ങള്‍ മലബാര്‍ കുടിയേറ്റവും ഹൈറേഞ്ച് കുടിയേറ്റവുമാണ്. കുടിയേറ്റങ്ങള്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് ഗള്‍ഫ്‌മേഖലയിലേക്കും അമേരിക്കന്‍ വന്‍കരകളിലേക്കും ഓസ്‌ട്രേലിയയിലേക്കുമെല്ലാം വ്യാപകമായിരിക്കുന്നു. ഇന്നത്തെ കുടിയേറ്റങ്ങള്‍ സാമ്പത്തികമെച്ചം ലക്ഷ്യമാക്കിയുള്ളതാണെങ്കില്‍ മലബാര്‍-ഹൈറേഞ്ച് കുടിയേറ്റങ്ങള്‍ അതിജീവനത്തിനുള്ളതായിരുന്നു. കാര്‍ഷികവൃത്തി ലക്ഷ്യമാക്കിയുള്ളതായിരുന്നു ഈ കുടിയേറ്റങ്ങള്‍. ഈ കുടിയേറ്റക്കാരില്‍ മഹാഭൂരിപക്ഷവും നസ്രാണികളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതിജീവനത്തിനുവേണ്ടിയുള്ള സാഹസികമായ ഈ കുടിയേറ്റങ്ങളില്‍ അനേകര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധികളും കാട്ടുമൃഗങ്ങളുടെ ആക്രമണവുമെല്ലാം നേരിട്ട് മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകചരിത്രമാണ് മലബാര്‍ - ഹൈറേഞ്ച് കുടിയേറ്റങ്ങള്‍ക്കുള്ളത്.
കര്‍ഷകരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ജീവാത്മകവും ഒപ്പം വൈകാരികവുമാണ്. കര്‍ഷകരാണ് യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിയുടെ സംരക്ഷകര്‍. മണ്ണിനെ ഫലപുഷ്ടമാക്കുന്നതിലും മണ്ണിന്റെ ഘടന സംരക്ഷിക്കുന്നതിലും കര്‍ഷകര്‍ ബദ്ധശ്രദ്ധരാണ്. ഒപ്പം, മണ്ണില്‍ കൃഷി ചെയ്തു വിളവുകള്‍ ഉത്പാദിപ്പിച്ചു മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ഭക്ഷ്യാവശ്യം നിറവേറ്റുന്നതില്‍ കര്‍ഷകര്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. കര്‍ഷകരെ പരിസ്ഥിതിവിരുദ്ധരായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷം പല രംഗങ്ങളിലും കാണാറുണ്ട്. എന്നാല്‍, അവരാണ് യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിയുടെ കാവലാളായി പരിണമിക്കുന്നത്.
1920 നും 1970 നും ഇടയ്ക്കുള്ള 50 വര്‍ഷം ഏകദേശം അഞ്ചു ലക്ഷത്തിനും ഏഴു ലക്ഷത്തിനുമിടയ്ക്കു ജനങ്ങള്‍ മലബാറിലേക്കു കുടിയേറിയെന്നു കരുതപ്പെടുന്നു. തിരുവിതാംകൂറില്‍നിന്നുള്ളവരായിരുന്നു മഹാഭൂരിപക്ഷവും. അക്കാലത്ത് തിരുവിതാംകൂറില്‍ ഒരേക്കര്‍ സ്ഥലത്തിന് 700-800 രൂപ വിലയായിരുന്നു. എന്നാല്‍, മലബാറില്‍ ഒരു ഏക്കറിന് അഞ്ചു രൂപ മുതല്‍ എട്ടു രൂപാവരെ മാത്രമേയുണ്ടായിരുന്നുള്ളൂ. അതായത്, തിരുവിതാംകൂറിലെ ഒരു ഏക്കര്‍ സ്ഥലത്തിന്റെ വില മലബാറിലെ 100 ഏക്കര്‍ സ്ഥലത്തിന്റെ വിലയ്ക്കു തുല്യമായിരുന്നു. അതുകൊണ്ടാണ് തിരുവിതാംകൂറില്‍ കുറച്ചു സ്ഥലം മാത്രമുണ്ടായിരുന്നവര്‍ അതു വിറ്റ് മലബാറിലേക്കു കുടിയേറിയത്. പക്ഷേ, മലബാറിലെ സ്ഥലം കാടുതെളിച്ച് കൃഷി ചെയ്യേണ്ടതായിരുന്നു. മുള്‍ച്ചെടികള്‍ പറിച്ചുകളഞ്ഞ് പൂച്ചെടികളും ഫലവൃക്ഷങ്ങളും ധാന്യവിളകളും നാണ്യവിളകളുമെല്ലാമായി തേനും പാലുമൊഴുകുന്ന പ്രദേശമായി മലബാര്‍ മാറി. അഭിവന്ദ്യ മാര്‍ വള്ളോപ്പിള്ളിപ്പിതാവിന്റെ നേതൃത്വത്തില്‍ സഭാസമൂഹത്തിന്റെ ശക്തമായ പിന്തുണ കര്‍ഷകര്‍ക്കൊപ്പമുണ്ടായിരുന്നു.
ഹൈറേഞ്ചിലേക്കു കര്‍ഷകരെ കുടിയേറ്റത്തിനു പ്രോത്സാഹിപ്പിച്ചത് 1823 ല്‍ മഹാരാജാക്കന്മാരുടെ ഭരണകാലത്തുതന്നെയാണ്. ലോകവ്യാപകമായി സുഗന്ധദ്രവ്യങ്ങള്‍ക്കു വലിയ വിപണി ഉണ്ടായപ്പോള്‍ സുഗന്ധവ്യഞ്ജനക്കൃഷിക്കായി രാജാവുതന്നെ കര്‍ഷകരെ മലമ്പ്രദേശങ്ങളില്‍ താമസിപ്പിച്ചു. പിന്നീട് പട്ടം താണുപിള്ളയുടെ കാലത്ത് ഇക്കണ്ടവാര്യര്‍ കൃഷിമന്ത്രിയായിരുന്നപ്പോഴാണ് രണ്ടാമത്തെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത്.
കര്‍ഷകരുടെ അദ്ധ്വാനം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനു കാരണമാകുന്നു. ഒരു ടണ്‍ പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിക്കുമ്പോള്‍ റബര്‍മരങ്ങള്‍ നാല്പതു ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നു. ഒരു ടണ്‍ സുഗന്ധദ്രവ്യങ്ങള്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഈ ചെടികള്‍ അറുപത് ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍നിന്ന് ആഗിരണം ചെയ്യുന്നു. ആഗോളതാപനം തടയുന്നതില്‍ കര്‍ഷകര്‍ വഹിക്കുന്ന പങ്ക് ഇതില്‍നിന്നു മനസ്സിലാക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)