പ്രപഞ്ചഘടനയില്‍ സുപ്രധാനസ്ഥാനമാണ് സൗരയൂഥത്തിനുള്ളത്. സൂര്യനും സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എട്ടു ഗ്രഹങ്ങളും ഗ്രഹങ്ങളെ ചുറ്റുന്ന ഉപഗ്രഹങ്ങളും കുള്ളന്‍ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് സൗരയൂഥം. ലക്ഷം മുതല്‍ ദശലക്ഷം കോടി വരെ നക്ഷത്രങ്ങളുള്ള ഗാലക്‌സികള്‍ പ്രപഞ്ചത്തിലുണ്ട്. സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്‌സി 'ആകാശഗംഗ' യാണ്. 1977 ല്‍ നാസ വിക്ഷേപിച്ച വോയേജര്‍-1 എന്ന പര്യവേക്ഷണപേടകം 2013 ല്‍ സൗരയൂഥം കടന്നു. സൗരയൂഥം പിന്നിടുന്ന ആദ്യമനുഷ്യനിര്‍മ്മിതവസ്തുവാണ് വോയേജര്‍-1. പ്രകൃതിയും സൗരയൂഥവും സവിശേഷമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാലക്‌സിയുടെ മധ്യത്തില്‍നിന്ന് ഏതാണ്ട് 27000 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന സൂര്യന്‍ പ്രകൃതിയില്‍ ജീവന്‍ സംരക്ഷിക്കുന്നതില്‍ അനന്യമായ സ്ഥാനം അലങ്കരിക്കുന്നു. മനുഷ്യന്‍ ബഹിരാകാശത്തു നടത്തുന്ന പരീക്ഷണങ്ങളിലൂടെ വിപ്ലവാത്മകമായ കണെ്ടത്തലുകളും അദ്ഭുതരഹസ്യങ്ങളുടെ കലവറയും അനാവരണം ചെയ്യപ്പെടുന്നു. വിവിധ രാജ്യങ്ങള്‍ തങ്ങളുടേതായ വിക്ഷേപണങ്ങളിലൂടെ നിരവധി പര്യവേക്ഷണങ്ങള്‍ നടത്തുന്നു. ഈ പരീക്ഷണങ്ങള്‍ മനുഷ്യരാശിയുടെ വികസനത്തിനു സഹായിക്കുമെന്നത് അംഗീകരിക്കുന്നു. അതുകൊണ്ട് പരീക്ഷണങ്ങള്‍ ആവശ്യമാണ്. പക്ഷേ, അവയിലൂടെ ബഹിരാകാശത്തു സൃഷ്ടിക്കപ്പെടുന്ന പരിണതഫലങ്ങള്‍ പഠനവിഷയമാക്കേണ്ടതുണ്ട്. ഭൂമിയില്‍നിന്ന് 36000 കി.മീറ്ററിനു മുകളില്‍ ഒരു മാലിന്യക്കൂമ്പാരം സൃഷ്ടിക്കപ്പെടുന്നു. കാലാവധി തീര്‍ന്ന ഉപഗ്രഹങ്ങളുടെ ഭാഗങ്ങളും റോക്കറ്റുകളുടെ അവസാനഘട്ടത്തിന്റെ അവശിഷ്ടങ്ങളും ബഹിരാകാശത്തെ അനാവശ്യവസ്തുക്കളാണ്. ഇവയാണ് ബഹിരാകാശമാലിന്യങ്ങള്‍ എന്നറിയപ്പെടുന്നത്. ഒരു ഗോലിയുടെ വലിപ്പമുള്ള 5 ലക്ഷം കഷണങ്ങള്‍ ബഹിരാകാശവിദഗ്ധരുടെ നിരീക്ഷണത്തിലാണ്. അവ ഭൂമിയെ ചുറ്റുന്നതാകട്ടെ മണിക്കൂറില്‍ 27000 കി.മീ. വേഗത്തിലും. ഈ വേഗത്തില്‍ അവ പ്രവര്‍ത്തനക്ഷമമായ ഒരു ഉപഗ്രഹത്തില്‍ ചെന്നിടിച്ചാല്‍ രണ്ടും തവിടുപൊടിയാകും. ബഹിരാകാശം വളരെ വിശാലമായതുകൊണ്ട് കൂട്ടിമുട്ടു സാധ്യതകള്‍ കുറവാണെന്നതാണ് വാസ്തവമെങ്കിലും അപ്രകാരമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഭൂമിയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് ബഹിരാകാശമാലിന്യങ്ങള്‍ സംസ്‌കരിക്കുവാന്‍ എന്നതാണ് പ്രധാന പ്രശ്‌നം. ഓരോന്നിനെയും അവയുടെ ഭ്രമണപഥത്തില്‍നിന്നു വ്യതിചലിപ്പിച്ച് ഭൂമിയിലേക്കു തള്ളിവിടുകയാണ് ഒരു സംസ്‌കരണമാര്‍ഗ്ഗം. ഭൂമിയില്‍ എത്തുന്നതിനുമുമ്പ് അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ അവ കത്തിനശിക്കും. പക്ഷേ, ഇപ്രകാരം അവയെ ഭൂമിയിലേക്കു തള്ളിവിടാന്‍ വലിയ ഊര്‍ജ്ജം ആവശ്യമാണ്. അതുകൊണ്ടാണ് അവയെ ബഹിരാകാശത്തുതന്നെ തള്ളിവിടാന്‍ കാരണം. പക്ഷേ ഇവ ബഹിരാകാശത്തെ മാലിന്യങ്ങളുടെ ഒരു ശവപ്പറമ്പായി മാറ്റുകയും അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായി ഭവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. സമീപഭാവിയില്‍ വലിയ അപകടം കാണുന്നില്ലെന്നു പറയുമ്പോഴും വിദൂരഭാവിയില്‍ ബഹിരാകാശത്തു സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍വഴി രൂപപ്പെടുന്ന ഭവിഷ്യത്തുകള്‍ നിസ്സാരമാക്കി കാണാനാവില്ല.