കാര്‍ഷികമേഖലയുടെ ശക്തിയായിരുന്നു കേരളത്തിന്റെ കരുത്ത്. പക്ഷേ, ഇത് ഒരു ഭൂതകാലയാഥാര്‍ത്ഥ്യമായി മാത്രമേ നമുക്കു സ്മരിക്കാനാവൂ. ഇന്ന് കാര്‍ഷികമേഖല വന്‍തളര്‍ച്ചയാണു നേരിടുന്നത്. പരമ്പരാഗതകാര്‍ഷികവിളകളുടെ ഉത്പാദനത്തില്‍ വലിയ കുറവു സംഭവിച്ചിരിക്കുന്നു. കേരളത്തിന്റെ നെല്ലറകളായിരുന്ന കുട്ടനാടും പാലക്കാടുമെല്ലാം വന്‍തിരിച്ചടികളെ നേരിടുകയാണ്. കഴിഞ്ഞ കുറേ ദശകങ്ങളായി നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ, നെല്ലിന്റെ ഉത്പാദനക്ഷമതയും കുറവാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ നെല്ലുത്പാദിപ്പിക്കുന്ന രാജ്യമായ ചൈനയില്‍ ഉത്പാദനക്ഷമത 67.44 കി.ഗ്രാം/ഹെക്ടറാണ്. ഇത് കേരളത്തിന്റെ ഉത്പാദനക്ഷമതയെക്കാള്‍ മൂന്നു മടങ്ങു കൂടുതലാണ്. നെല്‍കൃഷിവിസ്തൃതിയിലുണ്ടായ കുറവു സൂചിപ്പിക്കുന്നത് നെല്‍പ്പാടങ്ങള്‍ മറ്റു വിളകള്‍ക്കും കാര്‍ഷികേതരപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതലായി ഉപയോഗിക്കപ്പെടുന്നുവെന്നതാണ്. നെല്‍കൃഷിയുടെ ചെലവു കൂടുന്നതും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നമാണ്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തരനടപടികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുകയും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും വേണം.
തെങ്ങ് കേരളത്തിന്റെ കല്പവൃക്ഷമാണ്. നാളികേരകൃഷിയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും കേരളത്തിന്റെ പങ്ക് ക്രമേണ കുറഞ്ഞുവരുന്നതായി കാണുന്നു. നാളികേരകര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം കേടുകളുടെ വന്‍വര്‍ദ്ധനയാണ്. കാറ്റുവീഴ്ചപ്രശ്‌നം, പലതരം ചെല്ലികളുടെ ആക്രമണം, മണ്ഡരിരോഗം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നു. നാളികേരകൃഷി പ്രോത്സാഹനത്തില്‍ മൂല്യവര്‍ദ്ധിതോത്പന്നങ്ങളുടെ സ്ഥാനം പ്രധാനമാണ്. കൊപ്രാ, പാനീയങ്ങള്‍, ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങള്‍, കോക്കനട്ട് ക്രീം, നീര തുടങ്ങിയവയുടെ പ്രചാരം വര്‍ദ്ധിപ്പിക്കണം.
കുരുമുളക് - കശുവണ്ടി മേഖലകളിലും കര്‍ഷകര്‍ വന്‍പ്രതിസന്ധി നേരിടുന്നു. കുരുമുളകുത്പാദനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ വളരെ കുറയുന്നു. സംസ്ഥാനത്തെ കുരുമുളകുകൃഷിയുടെ സമുദ്ധാരണത്തിനു നടീല്‍ചെടികളുടെ ലഭ്യത, ഗ്രാഫ്റ്റിംഗ് വിപുലീകരണം, രോഗപരിചരണം, കര്‍ഷകകൂട്ടായ്മകള്‍ എന്നിവ കൂടുതല്‍ സജീവമാകണം. കശുവണ്ടിയുടെ കാര്യത്തിലും ഉത്പാദനത്തില്‍ കേരളത്തില്‍ കുറവാണു സംഭവിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ വര്‍ദ്ധന പ്രകടമാക്കുമ്പോഴും കേരളത്തില്‍ കുറവു സംഭവിക്കുന്നു.
തോട്ടവിളകളില്‍ പ്രധാനമായ റബര്‍, തേയില, കാപ്പി, ഏലം എന്നിവയില്‍ കേരളത്തിനുള്ള സ്ഥാനം സുപ്രധാനമാണ്. ഏകദേശം 14 ലക്ഷം കുടുംബങ്ങള്‍ തോട്ടവിളയെ ആശ്രയിച്ചുകഴിയുന്നു. റബര്‍കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിലയിടിവാണ്. കേരളത്തിലെ കര്‍ഷകരുടെ താത്പര്യങ്ങള്‍ ഹനിച്ചുകൊണ്ടുള്ള ഇറക്കുമതി നയങ്ങളും കാര്‍ഷികമേഖലയുടെ സുസ്ഥിരതയ്ക്കാവശ്യമായ ഭാവനത്മകമായ ആസൂത്രണത്തിന്റെ അഭാവവും കര്‍ഷകരെ ഗുരുതരപ്രതിസന്ധിയിലാഴ്ത്തുന്നു.
കിഴങ്ങുവര്‍ഗ്ഗങ്ങളായ മരച്ചീനി, ചേന, മധുരക്കിഴങ്ങ്, ചേമ്പ്, കൂവ എന്നിവയും വാണിജ്യവിളകളായ പപ്പായ, വാഴ, പേരയ്ക്ക, കൈതച്ചക്ക, പ്ലാവ്, മാമ്പഴം, സപ്പോട്ട, ഞാവല്‍പ്പഴം എന്നിവയും സുഗന്ധവ്യഞ്ജനങ്ങളില്‍പ്പെടുന്ന ഗ്രാമ്പൂ, കറുവ, ജാതി, ഇഞ്ചി, മഞ്ഞള്‍, വാനില, വാളന്‍പുളി, പാനീയവിളയായ കൊക്കോ, പച്ചക്കറികളായ ചീര, വെണ്ട, പാവയ്ക്ക, പടവലം, വഴുതന, തക്കാളി, കാബേജ്, മുളക്, വെളുത്തുള്ളി, കാരറ്റ്, കോളിഫ്‌ളവര്‍, വെള്ളരി, തണ്ണിമത്തന്‍ എന്നിവയും കൂടുതല്‍ പ്രോത്സാഹനം അര്‍ഹിക്കുന്നു.