•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ പക്ഷികള്‍

പുള്ള്

ക്ഷികള്‍ക്കിടയില്‍ വിദഗ്ധരായ വേട്ടക്കാരുടെ വലിയ നിര തന്നെയുണ്ട്. അറപ്പും ഭയവും തോന്നുന്ന ഭീകരന്മാരായ കഴുകന്മാരും, ശക്തിയും സൗന്ദര്യവും ഗാംഭീര്യവും ഒത്തിണങ്ങിയ രാജകീയവേട്ടപ്പക്ഷികളായ പരുന്തുകളും, പ്രാപ്പിടിയന്മാരും, പുള്ളുകളുമൊക്കെ ആ നിരയില്‍ മുമ്പന്മാരാണ്. സൂക്ഷ്മമായ നിരീക്ഷണവും ചടുലമായ ചലനങ്ങളും ശക്തിയേറിയ ആക്രമണസ്വഭാവവുമെല്ലാം വേട്ടപ്പക്ഷികളുടെ കൈമുതലാണ്. അതുകൊണ്ടുതന്നെ അത്തരം പക്ഷികള്‍ മനുഷ്യരുടെ ശത്രുക്കളാണ്. പുള്ളും അക്കൂട്ടത്തില്‍പ്പെടുന്നു. ഏതോ അജ്ഞാത ഇടത്തുനിന്ന് ഓര്‍ക്കാപ്പുറത്ത് ചാട്ടുളിപോലെ പറന്നെത്തി കോഴിക്കുഞ്ഞിനെ റാഞ്ചിപ്പറന്നകലുന്ന പുള്ള്! എലികള്‍, അണ്ണാന്‍, ചെറിയ പക്ഷികള്‍, പ്രാണികള്‍, കീടങ്ങള്‍, പാമ്പുകള്‍, എന്തിന് മീനുകള്‍വരെയും പരുന്തുകളെപ്പോലെ പുള്ളുകളും ഇരകളാക്കുന്നു. പോരാത്തതിനു  ചത്ത ജീവികളുടെ മാംസവും ചിലപ്പോള്‍ ആഹരിച്ചെന്നുവരും.
രൂപത്തിലും ഭാവത്തിലും പരുന്തുകളുമായി ഏറെ സാമ്യമുള്ള പക്ഷികളാണ് പുള്ളുകള്‍. ഇംഗ്ലീഷില്‍ ഫാല്‍ക്കണ്‍ എന്നു വിളിപ്പേര്. ഇര പിടിക്കുന്നതിനു പ്രകൃതി നല്‍കിയ ആനുകൂല്യങ്ങളില്‍ മുഖ്യം വേഗമാണ്. 180 കി.മീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് ലോകത്തെ ഏറ്റവും വേഗമേറിയ വേട്ടപ്പക്ഷിയായി പുള്ള് മാറുന്നു. ഇരയെ റാഞ്ചാനുള്ള കൂപ്പുകുത്തലിലാണ് പുള്ളിന് ഈ ശരവേഗം  കൂട്ടിനുണ്ടാവുക. തറയിലിരിക്കുന്ന ഇരയെ കൊത്തിപ്പറക്കാനും ആകാശത്തുവച്ചുതന്നെ അതിനെ അമര്‍ച്ച ചെയ്യാനും പുള്ളിനാകും. കാഴ്ചശക്തിയില്‍ പുള്ളിന്റെ മികവ് വേറേതന്നെ. ആയുസ്സിന്റെ കാര്യത്തിലും അദ്വിതീയനാണ് ഫാല്‍ക്കണ്‍. പത്തുവര്‍ഷമാണ് ആയുസ്.
മരപ്പൊത്തുകളിലോ മണ്‍തിട്ടകളിലോ പുള്ള് കൂടൊരുക്കി മുട്ടയിടുന്നു. വീവര്‍ ബേര്‍ഡിന്റെയോ ടെയിലര്‍ ബേര്‍ഡിന്റെയോ കൂട്ടില്‍ കേറിക്കൂടുന്നവരാണ്  കുഞ്ഞന്‍പുള്ളുകള്‍. പ്രാവുകളെയും മറ്റു ചില പക്ഷികളെയുമൊക്കെ ഇവ വേട്ടയാടാറുണ്ട്.
ഏറ്റവുമേറെ അവാന്തരവിഭാഗങ്ങളുള്ള പക്ഷികളിലൊന്നാണിത്. ഈ കൂട്ടത്തില്‍ അറുപതോളം ഇനങ്ങളുണ്ട്. ഇന്ത്യയില്‍ കണ്ടുവരാറുള്ള പുള്ളുകളിവയാണ്: വിറയന്‍പുള്ള്, ചെന്തലയന്‍ പുള്ള്, ചെമ്പുള്ള്, കായല്‍പ്പുള്ള്. ഒരു പ്രാവിനോളം വലിപ്പമുള്ളതാണ് വിറയന്‍പുള്ള്, ചിറകുകള്‍ക്കു നീളമേറും. പൊതുവെ ചാരനിറമാണ്. ഓന്ത്, അരണ, വെട്ടുക്കിളി, കുഞ്ഞുപക്ഷികള്‍ മുതലായവ ആഹാരം. ഇരയെ അതിശീഘ്രം റാഞ്ചിയെടുക്കും. കേരളത്തില്‍ മൂന്നിനം പുള്ളുകളെയേ കണ്ടെത്തിയിട്ടുള്ളൂ.
 
Login log record inserted successfully!