മുമ്പ് ഡോ. അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ ഒരു കവിതയെഴുതി:
''കം
തകം
പാതകം
കൊലപാതകം
വാഴക്കൊലപാതകം
നേന്ത്രവാഴക്കൊലപാതകം''
ഇതിന് അക്കാലത്ത് താമസിയാതെ 'സാഹിത്യവാരഫല'ത്തില്‍ ഇപ്രകാരം ആക്ഷേപിച്ചുകൊണ്ട് ഹാസ്യാനുകരണം (പാരഡി) വന്നു.
''ര്‍
കര്‍
നിക്കര്‍
പണിക്കര്‍
അയ്യപ്പപ്പണിക്കര്‍''
ഇപ്പോള്‍ പ്രദര്‍ശനത്തിനുവന്ന 'സിദ്ദി' എന്ന ചിത്രത്തിലെ ഒരു പാട്ടു കേട്ടപ്പോള്‍ ഞാനോര്‍മ്മിച്ചത് അയ്യപ്പപ്പണിക്കരുടെ കവിതയും അതിന്റെ ഹാസ്യാനുകരണവുമാണ്. ഗാനം ഇങ്ങനെ:
''ഒരു മാത്രയില്‍
ചിരിനാളമെന്‍
അഴലാഴിയില്‍
വെയിലാകവേ
ഇതു പ്രണയമോ
കളവാണോ
പറയൂ
മിഴി തേടുന്നു ഞാന്‍''
(ഗാനരചന-വിനായക് ശശികുമാര്‍; സംഗീതം-രമേഷ് നാരായണന്‍; ആലാപനം-
മധുശ്രീ നാരായണന്‍)
നാളുകള്‍ കഴിയുന്തോറും വരികളുടെ ദൈര്‍ഘ്യം കുറഞ്ഞുകുറഞ്ഞ് ഏതാനും മില്ലീമീറ്റര്‍ മാത്രമായിരിക്കുന്നു. അതുകൊണ്ട്, ഒരു ഗുണമുണ്ട്. വായില്‍ തോന്നിയതെന്തും എഴുതാം.
''അരികില്‍ നീയുണ്ടായിരു ന്നെങ്കിലെന്നു ഞാന്‍
ഒരുമാത്ര വെറുതെ നിനച്ചു പോയി''
(ചിത്രം - നീയെത്ര ധന്യ) എന്ന് ഒ.എന്‍.വി. കുറുപ്പ് എഴുതി. ഈ ഗാനത്തിലെ മാത്രയും 'സിദ്ദി' യിലെ പാട്ടില്‍ കടന്നുവന്നിരിക്കുന്ന മാത്രയും തമ്മിലുള്ള അന്തരം ആര്‍ക്കാണു മനസ്സിലാകാത്തത്? ആ ചിരിനാളം (വെയിലായി മാറിയ ചിരിനാളം എന്നു തിരുത്തിപ്പറയട്ടെ) പ്രണയമാണെന്നുപോലും പാടുന്ന നായികയ്ക്ക് ഉറപ്പില്ല. അതുകൊണ്ടാണല്ലോ കളവാണോ എന്ന് ആരായുന്നത്. 'മിഴി തേടുന്നു ഞാന്‍' എന്നു വരിക്കു ഗാനത്തില്‍ നിരര്‍ത്ഥകമായ വിധത്തില്‍ പദപൂരണം എന്ന ലക്ഷ്യം സാധിക്കാമെന്നല്ലാതെ ഗാനത്തില്‍ വലിയ സ്ഥാനമൊന്നുമില്ല.
''മുറിവാകും കിനാവോ
പേറുന്നൊരെന്നില്‍
നിലാക്കൈ വീണു
തുടുതെന്നല്‍ പൊതിഞ്ഞും
വിങ്ങല്‍ മറഞ്ഞും
മനം ചേലാര്‍ന്നു
വര്‍ണ്ണക്കാലമെന്നാണോ
മധുവാം തലോടല്‍പോലെ നീ
ഇനി ജാലമെന്നാണോ
ഇതൊരുദയമോ
ഇരുളാണോ
പറയൂ
മിഴി തേടുന്നു ഞാന്‍''
അക്ഷരങ്ങള്‍ക്ക് ഇത്രമാത്രം മുറിവേറ്റ മറ്റൊരു കാലമുണ്ടായിട്ടില്ല. വാക്കുകള്‍ പാട്ടില്‍ വന്നു നിരക്കുന്നു എന്നല്ലാതെ അവയുടെ അര്‍ത്ഥംപോലും രചയിതാവ് പരിഗണിക്കുന്നില്ല. വെയില്‍, നിലാവ്, കാറ്റ്, ഇരുള്‍ തുടങ്ങിയ സ്ഥിരംപദങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥകൂടിയായപ്പോള്‍ അധഃപതനം പൂര്‍ത്തിയായി. 'തുടുതെന്നല്‍' പോലെയുള്ള പ്രയോഗങ്ങളൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ പ്രയാസംതന്നെ. ഇത്രയും വരികള്‍ (ഒരു ചരണംകൂടി ബാക്കിയുണ്ടുതാനും) എഴുതിയല്ലോ, ഇവയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയം പാട്ടെഴുത്തുകാരന്‍ ഒന്നു ചിന്തിച്ചിട്ടുണ്ടോ? എന്തിനേറെപ്പറയുന്നൂ, അദ്ദേഹം ഇന്നോളം എഴുതിയ ഗാനങ്ങളില്‍ ഏതെങ്കിലുമൊരെണ്ണം കാലാതിവര്‍ത്തിയായി മാറിയിട്ടുണ്ടോ? പുട്ടുകുറ്റിയില്‍ മാവു നിറയ്ക്കുമ്പോലെ ഈണത്തിനൊപ്പിച്ച് പദങ്ങള്‍ തിരുകിക്കയറ്റുന്നു. പുട്ടു വെന്തുകഴിഞ്ഞാല്‍ ഭക്ഷണയോഗ്യമാണ്. പക്ഷേ, പദങ്ങള്‍കൊണ്ടു പാകം ചെയ്തുവിളമ്പുന്ന ഗാനമെന്ന ആഹാരം ഒരു രുചിയും പ്രദാനം ചെയ്യുന്നില്ല. ആസ്വാദകരില്‍ ദഹനക്കേടുണ്ടാക്കുകയും ചെയ്യുന്നു. ചലച്ചിത്രരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഈ ദുരവസ്ഥ ഇനിയും ഗ്രഹിക്കാത്തതാണു കഷ്ടം!