•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ഏറ്റവും വലിയ ദൗര്‍ഭാഗ്യം!

രിചിതമായ ഏതാനും പദങ്ങള്‍. അവ സ്ഥാനത്തുമസ്ഥാനത്തും എടുത്തു നിരത്തുക. ഗാനരചന എന്ന ധര്‍മാനുഷ്ഠാനത്തെ ഇത്തരത്തില്‍ തരംതാഴ്ത്തുന്നവരാണ് ഇന്ന് അധികംപേരും. അക്കൂട്ടരുടെ തലതൊട്ടപ്പനാകാന്‍ ''യോഗ്യത''യുണ്ട് ഗാനരചയിതാവായ അനൂപ് മേനോന്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ''കിങ് ഫിഷ്'' എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹമെഴുതിയ ഗാനത്തിന്റെ തുടക്കം ഇങ്ങനെ:
''എന്‍ രാമഴയില്‍ ഇതള്‍ നനയും പനിമലരേ
നിന്‍ ഓര്‍മകളാല്‍ മയ്യെഴുതും നഗരമിതില്‍
കാണാമറയത്തുനിന്നും  ഏതോ മയൂരങ്ങളാടി
ആരോരുമറിയാതെ നിന്‍ പൊന്‍പിറാവുകള്‍
ഇളവെയിലായ് ഇണ തിരിയുകയോ?'' (സംഗീതം - രതീഷ് വേഗ; ആലാപനം-വിജയ് യേശുദാസ്)
മഴ അതിന്റെ പല ഭാവങ്ങളില്‍ ഈ രചയിതാവിന്റെ ഗാനങ്ങളെ നനയ്ക്കാറുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കുക.
1. ''മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍
   തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും'' (ചിത്രം     - ബ്യൂട്ടിഫുള്‍)
2. ''കാണാതെ കണ്ണിനുള്ളില്‍ തോരാതെ പെയ്യുമ്പോലെ
   ഉള്ളാകെ കുളിരുന്ന മാരി നീ'' (ചിത്രം - പദ്മ)
3. ''കനല്‍ക്കാറ്റിലെങ്ങോ മറഞ്ഞൊരു മൈനേ
   മഴക്കാലമായി പറന്നിങ്ങുവാ നീ'' (ചിത്രം - പദ്മ)
4. ''കണ്‍മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
   വിണ്ണിലെ താരകം കണ്ണുചിമ്മുന്നു
   ഒരു വേനല്‍മഴയായ് നീ
   മുകില്‍ താഴും കൂടൊന്നില്‍'' (ചിത്രം - നമുക്കു പാര്‍ക്കാന്‍)
ആരും തെറ്റിദ്ധരിക്കരുത്, അദ്ദേഹം എണ്ണമറ്റ പാട്ടുകളൊന്നും എഴുതിയിട്ടില്ല. ആകെ എഴുതിയത് പത്തിരുപതു ഗാനങ്ങള്‍ മാത്രം. അവ അപഗ്രഥിച്ചാല്‍ നാം നിശ്ചയമായും മഴ നനഞ്ഞതുപോലെ തന്നെ. പോരെങ്കില്‍ പകല്‍, സന്ധ്യ, രാത്രി, വെയില്‍, നിലാവ്, മഞ്ഞ് തുടങ്ങിയ പ്രകൃതിയുടെ പ്രതിഭാസങ്ങളെ നിരന്തരം കൂട്ടുപിടിച്ചിട്ടുണ്ടെന്നും കാണാം. ഇത്തരം വാക്കുകള്‍കൊണ്ടു വാര്‍ത്തെടുത്താലേ ഗാനമാകൂ എന്നോ മറ്റോ അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നു. കഷ്ടം!
'കിംഗ്ഫിഷി'ലെ ഗാനം ശ്രദ്ധിക്കൂ. രാമഴയെ അദ്ദേഹം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ സ്വന്തമാക്കിയിരിക്കുന്നു എന്നു കാണാം. അതുകൊണ്ടാണല്ലോ 'എന്‍' എന്ന വിശേഷണം അദ്ദേഹം ബോധപൂര്‍വം ഗാനത്തില്‍ ചേര്‍ത്തത്. എന്തായാലും ഒരദ്ഭുതം നടക്കുന്നതെന്തെന്നാല്‍, രാമഴയില്‍ പനിമലരിന്റെ ഇതളേ നനയുന്നുള്ളൂ. അതിന്റെ ബാക്കിഭാഗങ്ങളെല്ലാം 'വാട്ടര്‍പ്രൂഫ്' ആക്കിയിരിക്കുന്നു പാട്ടെഴുത്തുകാരന്‍. ഈ പനിമലരിന്റെ ഓര്‍മകളാല്‍ മയ്യെഴുതുന്നത് (മയ്യ് = മഷി) നഗരത്തിലാണ് എന്ന വിചിത്രമായ ഭാവനയും ഗാനത്തില്‍ കേള്‍ക്കാം. ഏതോ മയൂരങ്ങള്‍ കാണാമറയത്തു നിന്നാടി. (കാണാമറയത്താണെങ്കില്‍ അവ ആടിയത് ഗാനരചയിതാവ് എങ്ങനെ കണ്ടു എന്ന ചോദ്യം അവശേഷിക്കുന്നു.) പനിമലരിന്റെ സ്വന്തമെന്നു പറയാവുന്ന പൊന്‍പിറാവുകളും ആരോരുമറിയാതെ ഇളവെയിലായി ഇണയെ തിരഞ്ഞത്രേ. വാലും തുമ്പുമില്ലാതെ പടച്ചുവിടുന്ന ഇത്തരം വരികളെ ഗാനമെന്നു വിളിക്കാന്‍ നാം നിര്‍ബദ്ധരാവുന്നു. എന്തൊരു ഗതികേട്!
''വേനല്‍മഴക്കൂടിനാഴങ്ങളില്‍ വിരിയും കിനാപ്പക്ഷി മൂളുന്നുവോ
അനുരാഗിയാമെന്റെ ഉള്ളില്‍ ഈറന്‍മുടിച്ചാര്‍ത്തുലഞ്ഞു
ഋതുരേഖപോലെ അറിയാതെയിന്നും
കവിളിണയില്‍ ഒരു തണുവായ് വാ.''
പല്ലവിയില്‍ രാമഴയായിരുന്നുവെങ്കില്‍ ഈ അനുപല്ലവിയില്‍ വേനല്‍മഴയാണുള്ളത്. ആരും ഒന്നും അറിയരുത്, കാണരുത് എന്ന നിര്‍ബന്ധമുണ്ട് ഈ പാട്ടെഴുത്തുകാരന്. മയൂരങ്ങള്‍ കാണാമറയത്തുനിന്നാടി, പൊന്‍പിറാവുകള്‍ ആരോരുമറിയാതെ ഇളവെയിലായ് ഇണയെ തിരഞ്ഞു, ഇപ്പോള്‍ ഇതാ അറിയാതെ ഇന്നും കവിളണയില്‍ ഒരു തണുവായ് വരാന്‍ നിര്‍ദേശിക്കുന്നു. തണു എന്ന വാക്ക്  ധാതുവായി വരുമ്പോള്‍ ചൂടുനശിക്കുക; ചൂടാറുക എന്നൊക്കെ അര്‍ത്ഥം. അതേസമയം അതു വിശേഷണമാകുമ്പോള്‍ തണുപ്പുള്ള എന്നര്‍ത്ഥം വരും. ഉദാ: തണുവെള്ളം. ഇവിടെ 'തണുവായ് വാ' എന്നെഴുതിയതു പോരാതെ ഒരു എന്ന അനൗചിത്യപരമായ വിശേഷണംകൂടി കെട്ടിവച്ചിരിക്കുന്നു. തണു എന്ന വാക്കിനോട് ഈ രചയിതാവിനു പണ്ടേ പ്രതിപത്തിയുണ്ടെന്നു തെളിയിക്കുന്നതാണല്ലോ 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ ഗാനം.
'കിംഗ്ഫിഷി'ലെ ഗാനത്തിന് ഒരു ചരണം കൂടിയുണ്ട്. അതിലുമുണ്ട് മഴ. അകമഴയാണെന്ന വ്യത്യാസമേയുള്ളൂ. ഇത്രയൊക്കെ മഴ പെയ്യിച്ചിട്ടും ആസ്വാദകരുടെ മനം കുളിര്‍പ്പിക്കാന്‍ ഈ പാട്ടെഴുത്തുകാരനു കഴിയുന്നില്ല. അതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം!

 

Login log record inserted successfully!