•  9 May 2024
  •  ദീപം 57
  •  നാളം 9
കാഴ്ചയ്ക്കപ്പുറം

ബൈബിളിലെ ഈശോയും സിനിമയിലില്ലാത്ത ഈശോയും

നോട്ട് ഫ്രം ദ ബൈബിള്‍. നാദിര്‍ഷാ - ജയസൂര്യ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഈശോസിനിമയുടെ ടാഗ് ലൈന്‍ അതായിരുന്നു. സിനിമ പുറത്തിറങ്ങുംമുമ്പുതന്നെ ചിത്രം വിവാദമായതും  ഇതിന്റെ പേരിലായിരുന്നു.
ഈശോ എന്ന ടൈറ്റിലിനെക്കാളും ടാഗ്‌ലൈനാണ് പ്രശ്നമായത്. ബൈബിള്‍ എന്നത് ക്രിസ്തുകേന്ദ്രീകൃതമായ കാര്യമാണെന്ന് അക്രൈസ്തവര്‍ക്കുപോലും അറിയാം, അതിന്റെ ആഴവും പരപ്പും മനസ്സിലായില്ലെങ്കിലും. അങ്ങനെയിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഏത് ഈശോയുടെ കഥയാണു സിനിമ പറയാന്‍ പോകുന്നതെന്നും സിനിമയ്ക്ക് അങ്ങനെയൊരു ടൈറ്റില്‍ കൊടുത്തതിന്റെ സാംഗത്യം എന്താണെന്നുമാണ് ക്രൈസ്തവവിശ്വാസത്തില്‍ മായം കലര്‍ത്താത്തവരെന്നഭിമാനിക്കുന്നവരും ക്രൈസ്തവവിശ്വാസത്തിന്റെ ഒറ്റയാള്‍പോരാളികളെന്ന് അവകാശപ്പെടുന്നവരുമായ ഒരു സംഘം ചര്‍ച്ച ചെയ്തത്. കാള പെറ്റുവെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്നത് എന്തിനാണെന്നായിരുന്നു മിതവാദികളായ ക്രൈസ്തവരുടെ അന്നത്തെ പ്രതികരണവും.
ഇപ്പോഴിതാ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഈശോ എന്ന സിനിമ ഒടിടിയിലൂടെ പുറത്തിറങ്ങിയിരിക്കുന്നു, സിനിമയെ എതിര്‍ത്തവര്‍ക്കും അനുകൂലിച്ചവര്‍ക്കും കൃത്യമായ മറുപടി നല്കാന്‍ കഴിയുന്ന വിധത്തില്‍. അതെന്തായാലും, ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ ഈശോ ക്രൈസ്തവവിരുദ്ധമല്ല. എന്നാല്‍, ആലോചിക്കുമ്പോള്‍ ഈശോ എന്ന പേരു നല്കിയതില്‍ സദുദ്ദേശ്യമില്ലെന്നു മനസ്സിലാവുകയും ചെയ്യും. കാരണം, ഇതിവൃത്തവുമായി യോജിക്കുന്ന ഒരു ശീര്‍ഷകമല്ല സിനിമയ്ക്കുളളത്. അങ്ങനെവരുമ്പോള്‍ ഈശോയെന്ന പേരല്ല, ഈശോയെന്ന പേരിലൂടെ അവതരിപ്പിക്കപ്പെടുന്ന ആശയമാണ് ക്രൈസ്തവവിരുദ്ധവും അപലപനീയവുമെന്നു പറയേണ്ടതായിവരും.
തൊണ്ണൂറുകളിലെന്നോ ഇറങ്ങിയ ക്രൈം ഫയല്‍ എന്ന സിനിമയില്‍ പോലീസുദ്യോഗസ്ഥനായ സുരേഷ്ഗോപിയുടെ കഥാപാത്രത്തിന്റെ പേര് ഈശോ പണിക്കര്‍ എന്നായിരുന്നു. എന്നാല്‍, അന്ന് ആ പേര്  ആരും വിമര്‍ശനവിധേയമാക്കിയില്ല, മറിച്ച്, കേരളസഭയിലുണ്ടായ പ്രമാദമായ ഒരു മരണത്തെ അവലംബമാക്കി നിര്‍മിച്ച സിനിമയായതുകൊണ്ട് ആ സിനിമ, ആ മരണത്തെ ഏതു രീതിയില്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്നു എന്ന പേരിലായിരുന്നു അന്ന് ക്രൈംഫയലിനെ ക്രൈസ്തവവിശ്വാസി നോക്കിക്കണ്ടിരുന്നത്. പേരല്ല, പേരു കൈകാര്യം ചെയ്യുന്ന വിഷയമാണു പ്രധാനം എന്നു ചുരുക്കം. ഈശോയെന്ന പേരിട്ട് ഈശോയ്ക്കടുത്ത വ്യക്തിത്വമുള്ള കഥാപാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കില്‍ ചിത്രത്തിന്റെ ഗതിതന്നെ മറ്റൊന്നാവുമായിരുന്നു. പക്ഷേ, സംഭവിച്ചത് ഇതിനു വിരുദ്ധമാണ്.
സിനിമയുടെ പേരിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വിശദീകരിക്കുംമുമ്പ് പ്രമേയപരമായി ഒന്നു സഞ്ചരിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു. വര്‍ത്തമാനകാലത്തു പ്രസക്തമായ വിഷയമാണ് ഈശോ ചര്‍ച്ച ചെയ്യുന്നതെന്നു പറയാതിരിക്കാനാവില്ല. വാളയാര്‍ പീഡനക്കേസിനെ ഓര്‍മപ്പെടുത്തുന്ന വിധത്തിലുള്ള, സമാനമായ നിരവധി സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന സിനിമയാണിത്.
ഇതെഴുതുന്നതിനും അച്ചടിച്ചു വായനക്കാരുടെ കൈകളിലെത്തുന്നതിനും ഇടയില്‍പ്പോലും നമുക്കു ചുറ്റിനും എത്രയോ കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആണ്‍പെണ്‍വ്യത്യാസമില്ലാതെ ലൈംഗികമായി ദുരുപയോഗിക്കപ്പെടുന്നുണ്ടാവുമെന്ന അസ്വസ്ഥവും ഭീതിദവുമായ ചിന്തകൂടിയുണ്ട് പങ്കുവയ്ക്കേണ്ടതായിട്ട്. കുട്ടികള്‍ സ്വന്തം വീട്ടകങ്ങളിലോ അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്‌കൂളിലോപോലും സുരക്ഷിതരല്ലെന്നതാണു യാഥാര്‍ത്ഥ്യം.
ഇത്തരമൊരു യാഥാര്‍ത്ഥ്യത്തെ ആശങ്കയുണര്‍ത്തുന്ന വിധത്തില്‍ ചിത്രം അവതരിപ്പിക്കുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. അതുപോലെ സാക്ഷികളുടെ കൂറുമാറ്റങ്ങളും ഇന്ന് നടുക്കമില്ലാത്തതായി മാറുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളുടെ കൂറുമാറ്റങ്ങള്‍മുതല്‍ അട്ടപ്പാടി മധുക്കേസിലെ കൂറുമാറ്റങ്ങള്‍വരെ ഉദാഹരണം.
ചിത്രത്തിലെ നായകനായ ശിവന്‍ ഇല്ലാതാക്കുന്നത് വേട്ടക്കാരെക്കാള്‍ കൂടുതല്‍ കൂറുമാറുന്ന സാക്ഷികളെയാണ്. കോടതികളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിനു കാരണം പലപ്പോഴും സാക്ഷികളുടെ കൂറുമാറ്റങ്ങളാണല്ലോ. ഇങ്ങനെ കൂറുമാറ്റം എന്ന വിഷയത്തെ സജീവമായ ശ്രദ്ധയില്‍പ്പെടുത്താന്‍ ചിത്രത്തിനു കഴിയുന്നുണ്ട് എന്നതും ശ്രദ്ധേയമായിത്തോന്നി.
പക്ഷേ, നാദിര്‍ഷാ എന്ന സംവിധായകനോടു ചോദിക്കാനുളള ചോദ്യം മറ്റൊന്നാണ്: താങ്കളുടെ അമര്‍ അക്ബര്‍ അന്തോണി എന്ന ആദ്യചിത്രത്തിലും കൈകാര്യം ചെയ്തിരുന്നത് ബാലലൈംഗികപീഡനം തന്നെയായിരുന്നില്ലേ? പ്രസ്തുത ചിത്രത്തിലെ 'ഇന്ന് ഞാനെന്റെ മുറ്റത്തൊരു പുന്നാരിച്ചൊരു മുല്ല നട്ടു' എന്ന ഗാനത്തെയും ഈണത്തെയും കഥാപാത്രത്തെയും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പുതിയ സിനിമയും ബാലതാരത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മാറ്റം വരുത്താമായിരുന്നില്ലേ? വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്നതിലൂടെയാണല്ലോ സംവിധായകന്‍ ശ്രദ്ധേയനാകുന്നത്. ആദ്യ രണ്ടു സിനിമകളിലും കണ്ട വിജയഘടകങ്ങള്‍ ഒന്നും നാദിര്‍ഷായുടെ മറ്റ് മൂന്നുസിനിമകളില്‍ - മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍, ഈശോ - ആവര്‍ത്തിക്കുന്നില്ലെന്നും പറയേണ്ടിയിരിക്കുന്നു. സംവിധായകന്‍ എന്ന നിലയിലുള്ള ഗ്രാഫിനു കയറ്റമല്ല ഇറക്കമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയാല്‍ നന്നായിരുന്നു.
മലയാളസിനിമ ഇതിനകം ആയിരംവട്ടം കണ്ട പ്രതികാരകഥതന്നെയാണ് ഈശോസിനിമയും പറയുന്നത്. ഒരൊറ്റരാത്രികൊണ്ടും ഒരൊറ്റ ലൊക്കേഷന്‍ കൊണ്ടും പ്രധാനമായും രണ്ടു കഥാപാത്രങ്ങളിലൂടെയും കഥ പറഞ്ഞു എന്നതുമാത്രമാണ് ഈ ചിത്രത്തിന്റെ സവിശേഷത.
ഇനി എങ്ങനെയാണ് ഈശോസിനിമ ഈശോയെ അപമാനിക്കുന്ന വിധത്തിലാകുന്നത്? പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രം ശിവന്‍ എന്ന കഥാപാത്രത്തോടു പേരു ചോദിക്കുന്ന രംഗമുണ്ട്. സ്വന്തം പേരായി ശിവന്‍ പറയുന്നത് ഈശോ എന്നാണ്. ചിത്രം അവസാനിക്കുമ്പോള്‍ ഇതിനെ സാധൂകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വരികള്‍ ഇങ്ങനെയാണ്:
നന്മയുള്ള മനസ്സുകള്‍ക്കു കാവലായി എന്നും അവനുണ്ടാകും. രക്ഷകനായ ഈശോ.
പിള്ളേച്ചന് ശിവന്‍ എങ്ങനെയാണ്  രക്ഷകനായി മാറുന്നത് എന്നതാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. വിവാദമായ ബാലലൈംഗികപീഡനക്കേസിലെ സാക്ഷിയാണ് എടിഎം സെക്യൂരിറ്റിക്കാരനായ പിള്ള. പ്രതിഭാഗത്തുനിന്നു സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും ഏറെ ഉണ്ടാകുമ്പോഴും തന്റെ പെണ്‍മക്കളെയോര്‍ത്ത് കൂറുമാറ്റത്തിനുള്ള സാധ്യതകളെ തള്ളിപ്പറഞ്ഞ് മജിസ്‌ട്രേറ്റിനുമുമ്പില്‍ രഹസ്യമൊഴി നല്കാന്‍ തയ്യാറാകുന്ന ധാര്‍മികബോധമുള്ള വ്യക്തിയാണ് അദ്ദേഹം. ഇയാളെ കൊലപ്പെടുത്താന്‍ പ്രതിഭാഗം തീരുമാനിക്കുമ്പോള്‍ അതിനായി നിശ്ചയിച്ച വ്യക്തിയെ കൊലപ്പെടുത്തി പിള്ളേച്ചനെ രക്ഷിക്കുകയാണ് ശിവന്‍. (അതിന് അയാളെ പ്രേരിപ്പിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണ്.)
ഈ ശിവന്‍ എങ്ങനെയാണ് ഈശോയായി മാറുന്നത് എന്ന് എത്രവട്ടം ആലോചിച്ചിട്ടും മനസ്സിലാകുന്നതേയില്ല, ആത്യന്തികമായി ശിവന്‍ ഒരു കൊലപാതകിതന്നെയാണ്. ആ കൊലപാതകത്തിനുപിന്നില്‍ സിനിമക്കാരുടേതായ ന്യായീകരണങ്ങള്‍ ചാര്‍ത്തി അയാളെ നല്ലവനാക്കാമെങ്കിലും ഇങ്ങനെയുള്ള കൊലപാതകിക്കു തന്റെ കൃത്യങ്ങള്‍ക്കു ന്യായീകരണമായും തന്റെ പ്രവൃത്തിയെ മഹത്ത്വീകരിച്ചുകൊണ്ടും ഈശോ എന്ന് പേരു നല്കിയതിലൂടെയാണ് ഈ സിനിമ ക്രൈസ്തവവിരുദ്ധവും ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതുമായി മാറുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍ എന്നിങ്ങനെ സ്വന്തം സിനിമകള്‍ക്ക് കേന്ദ്രകഥാപാത്രത്തിന്റെ പേരു നല്കുന്ന നാദിര്‍ഷായ്ക്ക് ആ വഴിയേ സഞ്ചരിച്ച് പ്രസ്തുത സിനിമയ്ക്ക് ശിവനെന്നോ  ചാണ്ടിയെന്നോ അക്ബറെന്നോ പേരു നല്കാമായിരുന്നില്ലേ? പകരം ചിത്രത്തിലെ ഏതെങ്കിലും ഒരു കഥാപാത്രമോ കഥയോ ആയി യാതൊരുവിധ സാമ്യവുമില്ലാത്ത വിധത്തില്‍ ഈശോ എന്നു പേരു നല്കിയത് എന്തുകൊണ്ട്?
ഒന്നുകില്‍ ബോധപൂര്‍വ്വമായ ശ്രമം. അല്ലെങ്കില്‍ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമം. മൂന്നാമതൊരു സാധ്യത അറിവില്ലായ്മ. എന്നാല്‍, മൂന്നാമതൊരു സാധ്യതയെ നിസ്സാരമായി തള്ളിക്കളയാവുന്നതേയുള്ളൂ. കാരണം, സിനിമപോലെയുളള ഒരു ബിസിനസില്‍ പേരു മുതല്‍  സാങ്കേതികതവരെ എത്രയോ ചര്‍ച്ചകള്‍ക്കുശേഷമാണ് അന്തിമതീരുമാനത്തിലെത്തുന്നത്. അങ്ങനെയെങ്കില്‍ യാതൊരു ചര്‍ച്ചകളെയും മുഖവിലയ്‌ക്കെടുക്കാതെ ഏകപക്ഷീയമായി ഇങ്ങനെയൊരു പേരു നല്കുമോ? ഒരിക്കലുമില്ല.
ചിത്രത്തില്‍ മറ്റൊരു രീതിയില്‍ക്കൂടി ക്രൈസ്തവരെ അപമാനിക്കുന്നുണ്ട്. പിള്ളേച്ചനെ കൊല ചെയ്യാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സംഘത്തിന്റെ മൊബൈലിലെ റിങ് ടോണ്‍ വളരെ പോപ്പുലറായ ഒരു ക്രൈസ്തവ ഭക്തിഗാനമാണ്. ആളാവട്ടെ തൃശൂര്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന അസല്‍ കത്തോലിക്കനും. അതായത് ഈശോ എന്നു സ്വയം വിശേഷിപ്പിക്കുന്ന കൊലപാതകിയായ ശിവനും ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ക്രൈസ്തവനും എന്നീ ദ്വന്ദ്വങ്ങളിലൂടെ ഒളിപ്പിച്ചുവച്ച ക്രൈസ്തവവിരുദ്ധതതന്നെയാണ് വെളിച്ചത്തുവരുന്നത്. ക്രൈസ്തവര്‍ ഇങ്ങനെയൊക്കെയാണെന്ന മട്ടില്‍..
ക്രിസ്തുവിനെ ദൈവപുത്രനായോ രക്ഷകനായോ അവിടുത്തെ കുരിശുമരണത്തെ മാനവരക്ഷയ്ക്കായുളള ആത്മബലിയായോ കാണാത്ത, വിശ്വസിക്കാത്ത അനേകം അന്യമതവിശ്വാസികളുണ്ട്. അവര്‍ക്ക് ക്രിസ്തുവിന്റെ ക്രൂശുമരണം റോമാഭരണത്തിനെതിരേ വിപ്ലവം നടത്തിയതിന്റെ പേരിലുള്ള ശിക്ഷയായോ നല്ലവനായ ഒരുവന്റെ നീതിരഹിതമായിട്ടുളള മരണമായോ ഒക്കെയാണു കാണാന്‍ കഴിയുന്നത്. അത്തരമൊരു അബദ്ധവിലയിരുത്തല്‍കൂടിയാണ് നാദിര്‍ഷ തന്റെ പുതിയ സിനിമയ്ക്ക് ഈശോ എന്ന പേരു നല്കിയതിലൂടെ സംഭവിച്ചിരിക്കുന്നത്.
മാത്രവുമല്ല, ക്രൈസ്തവരുടെ ആത്മീയജീവിതത്തിന്റെ കേന്ദ്രഭാഗമായ ക്രിസ്തു ഒരിക്കലും പ്രതികാരദാഹിയല്ല, അവന്‍ സ്വയം രക്തം ചൊരിഞ്ഞതല്ലാതെ മറ്റാരുടെയും രക്തം ചൊരിഞ്ഞിട്ടില്ല. അവന്‍ സ്വന്തം ജീവന്‍ ഹോമിച്ചതല്ലാതെ മറ്റാരുടെയും ജീവന്‍ കവര്‍ന്നിട്ടില്ല. അങ്ങനെയുള്ള ഒരു വ്യക്തിയെയാണ് പ്രതികാരനിര്‍വഹണത്തിലൂടെ നീതി നടപ്പിലാക്കുന്ന ഒരു കുറ്റവാളിയെന്ന മട്ടില്‍ ഈശോ എന്ന പേരു നല്കി അപമാനിച്ചിരിക്കുന്നത്.
ധാര്‍മികമായുംകൂടി ചിത്രം അപലപനീയയമാണ്. കാരണം തെറ്റുകള്‍ക്കുള്ള, കുറ്റകൃത്യങ്ങള്‍ക്കുള്ള ന്യായീകരണവും ഓശാനപാടലുംകൂടിയാണ് ഇത്തരം വിശേഷണങ്ങളിലൂടെ സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ച്, വരുംതലമുറയ്ക്ക് തെറ്റായ ഒരു ധാര്‍മികബോധം രൂപപ്പെടാനേ ഇതുപകരിക്കൂ.
കലാപരമായ കാര്യങ്ങള്‍ക്കുവേണ്ടി മതവിശ്വാസത്തെ മുറിപ്പെടുത്താനോ മതബിംബങ്ങളെ തച്ചുടയ്ക്കാനോ കലാകാരന്മാര്‍ ശ്രമിക്കരുത്. ഓരോരുത്തര്‍ക്കും അവനവരുടെ മതവും വിശ്വാസവും ദൈവവും പ്രധാനപ്പെട്ടതാണ്. അതിനെ ആദരിക്കുകയും അവയോട് ആദരപൂര്‍വമായ അകലം പാലിച്ചുകൊണ്ട് സ്വന്തം മതവിശ്വാസത്തിന്റെ പ്രമാണങ്ങളനുസരിച്ചു ജീവിക്കുകയുമാണ് മാന്യതയുള്ള ഒരു മതവിശ്വാസി ചെയ്യേണ്ടത്.

 

Login log record inserted successfully!