കന്മദഗിരിത്താഴ്‌വരയില്‍ കന്മദം പിന്നെയും പൂത്തു. അതിന്റെ മാസ്മരസൗരഭം വഹിച്ച് കാറ്റ് കന്മദഗിരിയാകെ അലഞ്ഞുനടന്നു.
കന്മദഗിരിപ്പുഴയില്‍ പിന്നെയും വെള്ളമൊഴുക്കുണ്ടായി.
ഇന്ന് കന്മദഗിരിയില്‍ പുതിയൊരു വഞ്ചിയും വഞ്ചിക്കാരനുമാണ്.
അനന്തുവോ, ചിദംബരമോ ഇല്ല.
കന്മദഗിരിക്കാരുടെ ഓര്‍മ്മയില്‍ വിഹ്വലതകള്‍ സൃഷ്ടിച്ച ആ സംഭവത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.
ഇന്നാണ് അനന്തുവിന്റെ കേസു വിസ്താരം.
'രണ്ടു മനുഷ്യനെ നിര്‍ദ്ദയം തലയ്ക്കടിച്ചുകൊന്നു' എന്ന കുറ്റം കോടതിക്കു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു.
അതിനാല്‍ അനന്തുവിന് ഇന്ന് വിധി പ്രസ്താവിക്കും.
കോടതിപരിസരത്ത് ഒരു വന്‍ ജനസമുദ്രംതന്നെ തടിച്ചുകൂടിയിരുന്നു.
അനന്തു എന്ന ഇരുപത്തിരണ്ടുകാരന് കോടതി എന്തു ശിക്ഷ നല്‍കുമെന്നറിയാന്‍ കാത്തുനില്പാണ് അവര്‍.
അവസാനം വിധി വന്നു.
ആജീവനാന്തം സാധാരണതടവ്.
മരണശിക്ഷയോ, കഠിനതടവോ ആണ് ഇത്തരം കേസുകള്‍ക്കു ശിക്ഷയെങ്കിലും പ്രായം കണക്കിലെടുത്തും, തന്റെ ആശ്രിതരെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ചെയ്ത കുറ്റമെന്ന നിലയ്ക്കുമാണ് ആജീവനാന്ത സാധാരണതടവായി ചുരുങ്ങിയത്.
'അനന്തു എന്ന കൊലയാളി'യെ കാണാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി.
പോലീസ്‌വാനില്‍ പ്രസന്നവദനനായി കയറുന്ന ആ 'പയ്യനെ' കണ്ടപ്പോള്‍ ആള്‍ക്കാര്‍ മൂക്കത്തുവിരല്‍ വച്ചുപോയി.
വാന്‍ ജയിലിലേക്കു നീങ്ങുന്നതിനു മുന്‍പ്, മറ്റൊരുവഴിക്കാണു പോയത്.
കന്മദഗിരിയിലേക്ക്...
അനന്തു, കോടതില്‍നിന്ന് സമ്മതം വാങ്ങിയിരുന്നു, ജയിലിലേക്കു പോകുന്നതിനുമുമ്പ് തനിക്കു കന്മദഗിരിയില്‍ പോകണമെന്ന്.
കോടതി അതിനനുവാദവും നല്‍കി.
അനന്തുവിന്റെ മനസ്സ് യാത്രാവേളയില്‍ ഒരു കുറ്റബോധത്തിനും അടിമപ്പെട്ടില്ല.
അവന്‍ തികച്ചും സന്തോഷവാനായിരുന്നു.
ഒപ്പമുണ്ടായിരുന്ന പോലീസുകാരോടൊപ്പം അനന്തു കുശലാന്വേഷണങ്ങള്‍ നടത്തി. പോലീസുകാര്‍ അവനെ മിഴിച്ചുനോക്കി.
''ഹായ്, പുഴയോരമെത്തി!''
പുഴക്കരയില്‍ വാന്‍ നിന്നപ്പോള്‍ അനന്തു തുള്ളിച്ചാടി.
വിലങ്ങുവച്ച അവന്റെ ചുറ്റും പോലീസുകാരുണ്ടായിരുന്നു.
അതു കാണാനാണെങ്കില്‍ ജനസഹസ്രവും!
''ആ കള്ളുഷാപ്പില്ലേ, അവിടുന്നാ ഞാന്‍ ആദ്യമായി ചിദംബരത്തെ കാണുന്നത്. ചിദംബരം എന്നാല്‍ ഞങ്ങളുടെ അച്ഛന്‍!''
തണ്ണിക്കുടില്‍ ചൂണ്ടിക്കാണിച്ച് അനന്തു പറഞ്ഞപ്പോഴും പോലീസുകാര്‍ ഒരക്ഷരം മിണ്ടിയില്ല.
പുഴയോരത്ത് ചിദംബരത്തിന്റെ തന്നെ വഞ്ചി കാത്തിരിപ്പുണ്ടായിരുന്നു.
''ഞാന്‍ തുഴയാം..''
പങ്കായമെടുത്ത് അനന്തുതന്നെ തുഴഞ്ഞു.
കൈവിലങ്ങുകാരണം അവന്‍ ഏറെ വിഷമിക്കുന്നുണ്ടായിരുന്നു തുഴച്ചിലിന്.
ഒരു ബാല്യക്കാരന്റെ കൗതുകമായിരുന്നു അവന്. കന്മദഗിരിയിലേക്കും പുഴയുടെ അറ്റങ്ങളിലേക്കുമെല്ലാം അവന്‍ ദൃഷ്ടികള്‍ പായിച്ചുകൊണ്ടിരുന്നു.
അക്കരയിലെ ത്തിയപ്പോള്‍ അനന്തുവും പോലീസുകാരും ഇറങ്ങി.
അനന്തു നടന്നു.
അവന്‍ കുറേയേറെ നടന്ന വഴിയിലൂടെത്തന്നെ...
അന്ന് ചിദംബരം എന്ന വൃദ്ധന്റെ കൂടെ ഒരു ത്രിസന്ധ്യയ്ക്കു നടന്ന വഴികള്‍. അനന്തു അതോര്‍ത്തു.
''അതാണെന്റെ വീട്...!''
അനന്തുവിന് ആഹ്ലാദം അടക്കാനായില്ല.
വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ അവനെക്കാത്ത് ചിദംബരവും മൈഥിലിയും നില്പുണ്ടായിരുന്നു.
ചിദംബരത്തിന്റെ ശരീരത്തില്‍ ഒരു വെളുത്ത കെട്ടുണ്ട്.
രണ്ടുമാസത്തെ വിശ്രമം ആവശ്യമാണെന്നു വൈദ്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുറത്തിറങ്ങിനടക്കാനൊന്നും പാടില്ല. ആവശ്യമായാല്‍ ഒരാളുടെ സഹായത്തോടെ മാത്രം.
അനന്തു ഉദ്യാനത്തിലെത്തി.
ചിദംബരം അവനെ നിര്‍ന്നിമേഷനായി നോക്കിനിന്നു.
അനന്തു പുഞ്ചിരിച്ചു.
അവന്റെ സ്വതഃസിദ്ധമായ പുഞ്ചിരി.
ചിദംബരത്തിന്റെ കണ്ണില്‍ നിന്ന് നീര്‍ പ്രവഹിച്ചു.
മൈഥിലി ചിദംബരത്തെ പിടിച്ചിട്ടുണ്ടായിരുന്നു അപ്പോഴും.
''അനന്തു... മോനേ... നീ..... നീ......''
ചിദംബരം കണ്ഠമിടറിക്കൊണ്ട് തുടര്‍ന്നു.
''മോനേ.... എന്തിനാടാ... ഇങ്ങിനെ വേദന തന്ന് നീ.....''
അനന്തു മൗനിയായി നിന്നു.
അവന്‍ ഒന്നു പുഞ്ചിരിച്ചു. പിന്നെ തുടര്‍ന്നു.
''അങ്ങയുടെ മകനെ ഞാന്‍ അങ്ങേക്കു തന്നെ കൊണ്ടു വന്നു തന്നു. പക്ഷേ, സംരക്ഷിക്കാന്‍ എനിക്കായില്ല. മകനെ കണ്‍കുളിര്‍ക്കെ ഒന്നു കാണാന്‍ കൂടി അങ്ങേക്കായില്ല........''
ചിദംബരം അവനെ തുടരാനനുവദിച്ചില്ല.
''അനന്തൂ... നീ, നിന്നെ ഞാനെങ്ങിനെയാടാ വിളിക്കേണ്ടത്..? എനിക്കു നീ ചെയ്തുതന്ന ത്യാഗങ്ങളെ ഏതു തുലാസിലാടാ ഞാന്‍ തൂക്കിനോക്കേണ്ടത്...? ഇവിടുത്തെ ഏതു കോടതിക്കും കഴിയും നിന്റെ നീതി കണക്കാക്കാന്‍...? പക്ഷേ, മോനേ... നീ.... നീ എന്തിനാണിതു വലിച്ചു വച്ചത്...?''
''പിന്നെ എന്റെ ഇന്ദ്രേട്ടനെ അവസാനിപ്പിച്ചവരെ ഞാന്‍ പൂവിട്ടുതൊഴണമായിരുന്നോ അച്ഛാ...? ഞാനങ്ങിനെത്തന്നെ വിളിക്കട്ടെ..?''
ചിദംബരത്തിന്റെ വൃദ്ധനേത്രങ്ങളില്‍ നിന്നുതിര്‍ന്നു വീണ നീര്‍ അനന്തുവിന്റെ നെറ്റിത്തടത്തിലേക്കൊഴുകി.
അനന്തു അപ്പോള്‍ പിതൃവാത്സല്യത്തിന്റെ സാഫല്യമനുഭവിക്കുകയായിരുന്നു.
മൈഥിലി.
''ചേച്ചീ... എന്റെ ചേച്ചി എന്നെ ശപിക്കുമെന്നെനിക്കറിയാം. ഇത്രയും കാലം ഇന്ദ്രേട്ടന്‍ മരിച്ചുവെന്നുറച്ചുവിശ്വസിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ അടക്കം ചെയ്ത ചേച്ചിയുടെ മനസ്സില്‍ വീണ്ടും സ്വപ്നസൂചകങ്ങള്‍ നിറഞ്ഞത് ഞാന്‍ മൂലമായിരുന്നു. ഇല്ലേ..? കാണാപ്പൊന്ന് ഏഴുകടലും ഏഴുപര്‍വ്വതവും താണ്ടി കൊണ്ടുവന്നു തന്ന് അത് കണ്‍നിറയെ കാണുന്നതിനുമുന്‍പ് തട്ടിപ്പറിച്ച് തകര്‍ത്തെറിഞ്ഞവനല്ലേ ഞാന്‍...?''
അനന്തു വിലപിച്ചു.
''എന്നും ഞാനങ്ങിനെയായിരുന്നു ചേച്ചി... എല്ലാവരേയും സ്‌നേഹിക്കും. സ്‌നേഹം അവരില്‍നിന്നും വാരിക്കോരിവാങ്ങും. അവര്‍ക്കു പുതുപുതുസ്വപ്നങ്ങള്‍ നല്കും. പിന്നെ തീരാദുഃഖത്തിലാഴ്ത്തി ഞാന്‍ അവരെ വേദനിപ്പിച്ച്, അവരില്‍ നിന്നും ശാപം ഏറ്റുവാങ്ങും......''
അനന്തു തുടര്‍ന്നു.
''അങ്ങിനെ ഒരു തുരുത്ത് കഴിഞ്ഞാല്‍ മറ്റൊരു തുരുത്ത്. അതിനുശേഷം മറ്റൊരുതുരുത്ത്. ശാപങ്ങളും പ്‌രാക്കുകളും ഏറ്റുവാങ്ങി എന്റെ ഈ ജീവിതം അങ്ങിനെ നീണ്ടുപോകും... ശാപങ്ങളേറ്റുവാങ്ങാന്‍ മാത്രം ഒരു പടുമുളയായി ഞാനെന്ന പൊങ്ങുതടി... അവസാനം... ശാപങ്ങളുടെ മഹാപര്‍വ്വതങ്ങള്‍ക്കടിയില്‍ പെട്ട് ഞെരുങ്ങിഞെരുങ്ങി....''
''ഇല്ലാ...! ഇല്ലാ....! ഇല്ലനന്തൂ....! ഇല്ലാ...!''
മൈഥിലി അനന്തുവിനെ തുടരാനനുവദിച്ചില്ല.
''എന്താ നീ പറഞ്ഞേ..? ശാപമോ? ആര്‍, ആര്‍ക്ക്? ആര്‍ക്കാ നീ വേദന സമ്മാനിച്ചത്..? എന്റെ അനന്തുവിനോളം പുണ്യം ചെയ്തവര്‍ ആരുണ്ട് വേറെ..? എന്റെ ഇന്ദ്രേട്ടനെ കുറച്ചുനേരത്തേക്കെങ്കിലും കാണാന്‍, അനുഭവിക്കാന്‍ എനിക്കായില്ലേ... ഇന്ദ്രേട്ടന്റെ മനസ്സിലെ സമുദ്രത്തോളം പോന്ന സ്‌നേഹം എനിക്കു കിട്ടാന്‍ വഴിയൊരുക്കിയത് എന്റെ അനന്തുവല്ലേ? സ്വന്തം ജീവിതം തന്നെ മറന്ന് മറ്റുള്ളവര്‍ക്കുവേണ്ടി നന്മചെയ്യാനുള്ള ഈ മനസ്സ് കാണാന്‍ ആര്‍ക്കാ കഴിയാത്തത്..? എന്റെ അനന്തുവാണ് മഹാന്‍... അനന്തുമാത്രം!''
മൈഥിലി, അനന്തുവിന്റെ കണ്ണുകളിലേക്കുനോക്കി.
''അനന്തു തിരിച്ചുവരുന്നതും കാത്ത് ഇവിടെയുണ്ടാകും എന്നും, അച്ഛനും ഞാനും. വരണം... വരും... വരണം.. എന്റനന്തുവിന് നന്മയേ വരൂ...''
തന്റെ മൂര്‍ദ്ധാവിലെ ആര്‍ദ്രസ്പര്‍ശനം അനന്തു അറിഞ്ഞു.
''സമയമായി...!''
പോലീസുകാര്‍ അറിയിച്ചു.
അനന്തു യാന്ത്രികമായി പിന്തിരിഞ്ഞു.
ചിദംബരവും മൈഥിലിയും അനന്തുവിനു പിറകേയുണ്ടായിരുന്നു.
''അനന്തൂ... ഞാനായിരുന്നു ഈ സ്ഥാനത്തുവേണ്ടിയിരുന്നത്. പക്ഷേ എന്നെ അവന്‍ അതിനുമുമ്പ് വീഴ്ത്തി. മരിച്ചാലും എനിക്കിത്ര മനസ്സുമുട്ടില്ലനന്തു. അനന്തു പോകുന്നതു കാണുമ്പോള്‍, അനന്തു എന്ന നാടോടിച്ചെക്കാ, നീ പോകുകയാണോ മോനേ....?''
ഒരു കുഞ്ഞിനെപ്പോലെ ചിദംബരം കണ്ണീര്‍വാര്‍ത്തു.
''ഏയ്, അങ്ങിനെയല്ലച്ഛാ...''
അനന്തു തിരുത്തി.
''ഞാന്‍ ഒരു പാഴ്ജന്മമാണ്.. പക്ഷേ, അച്ഛന്റെ നിഴല്‍പറ്റാന്‍ ഒരാള്‍ കൂടിയില്ലേ.... മൈഥിലിച്ചേച്ചി! പിന്നെ ഒരു കാര്യമുണ്ട്, എന്റെ അമ്മയെ ഒരിക്കലും ഈ വിവരമറിയിക്കരുത്. അതു താങ്ങാനുള്ള കരുത്ത് അമ്മയ്ക്കുണ്ടാവില്ല. തീര്‍ച്ച. അങ്ങകലെ കരുണാലയത്തിന്റെ ഭിത്തികള്‍ക്കുള്ളിലിരുന്ന് അമ്മ എനിക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ മുഴുകട്ടെ...''
അനന്തു നടന്നു.
വഞ്ചിയില്‍ കയറാന്‍ തുനിയുമ്പോഴായിരുന്നു അവന്‍ അതു കണ്ടത്.
ഒരു ശിലാവിഗ്രഹം പോലെ ശിവകാമിത്തമ്പുരാട്ടി!
തന്റെകൂടെയുള്ള ജീവിതം കൊതിച്ച പാവം പെണ്‍കുട്ടി.
അനന്തു യാന്ത്രികമായി അങ്ങോട്ടുനടന്നു.
ത്രിസന്ധ്യ കൂടുകൂട്ടിയതുപോലെയുള്ള മുഖം അനന്തു കണ്ടു.
അനന്തു ഒരു ചിരിവരുത്തി. ഒരു മഞ്ഞച്ചിരി!
''ഇളയച്ഛന്മാരെ തലയ്ക്കടിച്ചുകൊന്നവനാണ് ഞാന്‍. അറിയില്ലേ..? ഞാന്‍ പോവ്വാണ്. കുട്ടിക്കു തരാന്‍ എന്റെ കൈയില്‍ ഒന്നുമില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണേ എന്നു കുട്ടി.....''
ശിവകാമി കൈനീട്ടി 'അരുതേ'യെന്നപേക്ഷിച്ചു.
''എന്തു തോന്നുന്നു എന്നോട്..? കണ്ണകിയെപ്പോലെ ശപിക്കണമെന്ന്.....?''
ശിവകാമി വീണ്ടും 'അരുതെന്ന്' വിലക്കി.
പിന്നെ മുളചീന്തുന്നതുപോലെ അവള്‍ തേങ്ങി.
ശിവകാമിയുടെ പിറകില്‍ മറ്റൊരാള്‍ കൂടി, ശ്രീദേവി!
അനന്തു ശ്രീദേവിയുടെ മുമ്പില്‍ കുനിഞ്ഞിരുന്നു.
നിഷ്‌കളങ്കമായ അവളുടെ കവിളുകളില്‍ മുഖമമര്‍ത്തി, അനന്തു അവളുടെ കാതില്‍ മന്ത്രിച്ചു:
''മോളെ വഞ്ചിയില്‍ കൊണ്ടുപോകാന്‍ ഏട്ടന്‍ വരും... അതുവരെ ഇവിടുത്തെ അരളിപ്പൂക്കള്‍ പെറുക്കിശേഖരിച്ച് മോളെന്നും ഇവിടെയുണ്ടാവണം. ഉണ്ടാവില്ലേ...?''
അവള്‍ തേങ്ങിക്കരഞ്ഞു.
അവളുടെ കൊച്ചുശിരസ്സില്‍ ഒരുമ്മനല്കി അനന്തു പിന്തിരിഞ്ഞു.
''നമുക്കു പോകാം''
അനന്തു പറഞ്ഞു.
പോലീസുകാര്‍ അവനെ പിടിച്ച് വഞ്ചിയിലിരുത്തി.
വഞ്ചി കന്മദഗിരിപ്പുഴയുടെ മാറിലൂടെ മറുകര ലക്ഷ്യമാക്കി നീങ്ങി.
കന്മദഗിരിപ്പുഴയുടെ മാറില്‍, കന്മദഗിരിയുടെ രൂപം ചിതറിയ ചിത്രങ്ങളായി തീരത്തേക്കണഞ്ഞുകൊണ്ടിരുന്നു.
(അവസാനിച്ചു)